Image

താടി വടി (കവിത: സിന്ധു. എം)

Published on 21 September, 2019
താടി വടി (കവിത: സിന്ധു. എം)
പണ്ട് നിലാ തുണ്ട് പോലൊരു
ചതുരകണ്ണാടി
ജനല്‍പടിയില്‍ വെച്ച്
പൌരുഷം പെരുപ്പിച്ച് പിരിച്ചു
വെച്ച മീശയും
അനുസരണയില്ലാത്ത കുറ്റിത്താടിയും
ഒരു മൂളിപ്പാട്ടും പാടിയാണ് അച്ഛന്‍ വടിച്ചിരുന്നത്

ഇന്ന് അനുജത്തിയാണ്
ഇടത്ത് വലത്ത് എന്ന്
അച്ഛനെക്കൊണ്ട്
സോപ്പ് പതപ്പിക്കുന്നത്.
അച്ഛന്‍ ഒരു പുല്‍മൈതാനം
സൂക്ഷിപ്പുകാരനെപോലെ
തന്റെതല്ലാത്ത ഒന്നിലെന്നപോല്‍
ബ്ലേഡ് ചലിപ്പിക്കുന്നു.
കാലമെന്ന പടുകിളവന്‍
ഓര്‍മ മങ്ങിയ
കണ്ണാടി നോക്കി
ഓരോ ഋതുക്കളും
തെറ്റി വരയ്ക്കുന്ന മാതിരി.

അച്ഛന്‍ അവള്‍ക്കു മുന്നില്‍ ഗൃഹപാഠം
ചെയ്യാന്‍ മറന്ന കുട്ടിയാകുന്നു.
ഒന്നില്‍ പഠിക്കുമ്പോള്‍
സ്കൂളിലേക്ക്
പോകാന്‍ മടിച്ചു ഇടവഴിയിലവള്‍
ചിണുങ്ങി നിന്ന മാതിരി
ഇടക്ക് എന്തു ചെയ്യണമെന്ന്
മറന്ന് അവളെ നോക്കുന്നു.
മടിക്കാതെ വേഗം വേഗമെന്ന്
മുരളുന്ന പുതിയ കാലത്തിന്റെ
ബ്ലേഡൊന്നു മിന്നുന്നുണ്ട്
അവളുടെ കൈയില്‍.

പണ്ടെപ്പോളും കുടയെടുക്കാന്‍
മറക്കുന്ന അവളുടെ
വാശിപ്പനിയിലേക്ക് ചുടുകാപ്പിയായ്
നിറഞ്ഞൊരോര്‍മതന്‍ ജരാനരകളെ
അച്ഛന്‍ വടിച്ചെടുക്കുന്നു.

നടക്കാന്‍ പഠിക്കുമ്പോള്‍
ഓരോ ചുവടിലും വീഴുന്നവളെ
തോളിലേറ്റി വാനോളമെടുത്തുയര്‍ത്തിയ
മറവികള്‍ ക്ഷൗരം ചെയ്‌തോരോര്‍മ്മയില്‍
അച്ഛന്‍ വീണ്ടും വീണ്ടും കിളിര്‍ക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക