Image

ഭാര്യയെ മര്‍ദിച്ച ബിജെപി നേതാവിനെ പുറത്താക്കി, അന്വേഷണത്തിന് സമിതി

Published on 20 September, 2019
ഭാര്യയെ മര്‍ദിച്ച ബിജെപി നേതാവിനെ പുറത്താക്കി, അന്വേഷണത്തിന് സമിതി
ന്യൂഡല്‍ഹി: മുന്‍ മേയറും നേതാവുമായ ഭാര്യയെ പാര്‍ട്ടി ഓഫീസില്‍ വെച്ച് മര്‍ദ്ദിച്ച് ബിജെപി നേതാവ്. മെഹ്‌റൗലി ജില്ലാ അധ്യക്ഷന്‍ ആസാദ് സിങ് ആണ് മുന്‍മേയറും ഭാര്യയുമായ സരിത ചൗധരിയെ പാര്‍ട്ടിയുടെ ഡല്‍ഹി ഓഫീസില്‍ വെച്ച് മര്‍ദ്ദിച്ചത്.

മുതിര്‍ന്ന നേതാവ് പ്രകാശ് ജാവ്‌ദേക്കര്‍ പങ്കെടുത്ത പാര്‍ട്ടി യോഗത്തിന് പിന്നാലെയായിരുന്നു സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജാവ്‌ദേക്കര്‍ വിളിച്ചുചേര്‍ത്ത യോഗത്തിനു ശേഷം പുറത്തിറങ്ങുന്നതിനിടെയാണ് ആസാദ് സിങ്ങും ഭാര്യയും തമ്മില്‍ വഴക്കുണ്ടായത്. സംഭവം നടക്കുമ്പോള്‍ ജാവ്‌ദേക്കര്‍ ഓഫിസില്‍ ഉണ്ടായിരുന്നു.

ഭാര്യയാണ് തന്നെ ആദ്യം ആക്രമിക്കാന്‍ ശ്രമിച്ചതെന്നും സ്വയരക്ഷയ്ക്കായി അവരെ തള്ളിമാറ്റുക മാത്രമാണ് ചെയ്തതെന്നും ആസാദ് സിങ് പറഞ്ഞു. ഇരുവരും തമ്മിലുള്ള വിവാഹബന്ധം വേര്‍പെടുത്തുന്നതിന് നിയമനടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് സംഭവം. ഇരുവരും പാര്‍ട്ടിയുടെ നേതൃസ്ഥാനങ്ങളിലുള്ളവരാണ്.

മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ ആസാദ് സിങ്ങിനെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് ബിജെപി സംസ്ഥാന പ്രസിഡന്റ് മനോജ് തിവാരി പ്രത്യേക സമിതിയെ നിശ്ചയിച്ചിട്ടുമുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക