Image

ഫൊക്കാനാ ഹൂസ്റ്റണ്‍ കണ്‍വെന്‍ഷനില്‍ 3000 പേര്‍ പങ്കെടുക്കും

Published on 06 May, 2012
ഫൊക്കാനാ ഹൂസ്റ്റണ്‍ കണ്‍വെന്‍ഷനില്‍ 3000 പേര്‍ പങ്കെടുക്കും
ന്യൂയോര്‍ക്ക്‌: ജൂണ്‍ 30 മുതല്‍ ഹൂസ്റ്റണിലെ ക്രൗണ്‍ പ്ലാസയില്‍ അരങ്ങേറുന്ന ഫൊക്കാനാ കണ്‍വെന്‍ഷനില്‍ 3000 പേരെ പ്രതീക്ഷിക്കുന്നതായി ഫൊക്കാന പ്രസിഡന്റ്‌ ജി.കെ. പിള്ള, സെക്രട്ടറി ബോബി ജേക്കബ്‌, ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍ പോള്‍ കറുകപ്പള്ളി എന്നിവര്‍ പറഞ്ഞു. അയ്യായിരത്തില്‍ പരം പേരെ ഉള്‍ക്കൊള്ളാവുന്ന വേദിയാണിത്‌. ടെക്‌സസില്‍ നിന്നു മാത്രം മുന്നൂറില്‍പ്പരം കുടുംബങ്ങള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്‌തു കഴിഞ്ഞു.

ന്യൂയോര്‍ക്ക്‌, ന്യൂജേഴ്‌സി, കണക്‌ടിക്കട്ട്‌ സ്റ്റേറ്റുകളടങ്ങിയ ട്രൈസ്റ്റേറ്റിന്റെ കണ്‍വെന്‍ഷനു മുന്നോടിയായി ഇന്ത്യാ പ്രസ്‌ ക്ലബ്‌ അംഗങ്ങളുമായി നടത്തിയ പത്രസമ്മേളനത്തില്‍ അവര്‍ കണ്‍വെന്‍ഷന്റെ വിശദാംശങ്ങള്‍ അറിയിച്ചു. ഏഴു ലക്ഷം ഡോളര്‍ ചെലവ്‌ പ്രതീക്ഷിക്കുന്ന നാലു ദിവസത്തെ സമ്മേളനത്തില്‍ എല്ലാ ദിവസവും നാട്ടില്‍ നിന്നുള്ള കലാകാരന്മാര്‍ അവതരിപ്പിക്കുന്ന പ്രൊഫഷണല്‍ കലാപരിപാടികള്‍ ഉണ്ടാകും. `അനന്തപുരി' എന്നു പേരിട്ടിരിക്കുന്ന സമ്മേളന നഗറില്‍ തിരുവിതാംകൂര്‍ മഹാരാജാവ്‌ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്‌ഡവര്‍മ്മ മുഖ്യാതിഥിയായി എത്തുമെന്നു തന്നെയാണ്‌ ഇപ്പോഴും കരുതുന്നത്‌. ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ സഹായിക്കൊപ്പം അദ്ദേഹം വരും.

കേന്ദ്ര മന്ത്രിമാരായ വയലാര്‍ രവി, കെ.വി. തോമസ്‌ എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്‌. കേരളത്തിലെ ഒമ്പത്‌ മന്ത്രിമാര്‍ക്കും പിണറായി വിജയന്‍. എം.എയ ബേബി എന്നിവര്‍ക്കും ക്ഷണക്കത്ത്‌ നല്‍കിയിട്ടുണ്ട്‌ ആരൊക്കെ വരുമെന്ന്‌ തീര്‍ച്ചയായിട്ടില്ല.

പതിവ്‌ ചടങ്ങുകളായ മിസ്‌ ഫൊക്കാന, വനിതാ സെമിനാര്‍, ചിരിയരങ്ങ്‌ തുടങ്ങിയവയ്‌ക്കൊക്കെ പുറമെ ഒരു ദിനം യുവജനങ്ങള്‍ക്കായി മാറ്റിവെച്ചിരിക്കുന്നു. അയ്യായിരം ഡോളര്‍ സമ്മാനം നല്‍കുന്ന ബാസ്‌ക്കറ്റ്‌ ബോള്‍ മത്സരത്തിന്‌ 18 ടീമുകളിലായി ഇരുനൂറോളം പേര്‍ മത്സരിക്കും.

നാട്ടില്‍ നിന്നുള്ള കലാകാരന്മാരില്‍ മധു, ഷീല, മഞ്‌ജരി തുടങ്ങിയവരുമുണ്ട്‌.

കുട്ടികള്‍ക്കുള്ള മത്സരങ്ങള്‍ക്കു പുറമെ സ്‌പെല്ലിംഗ്‌ ബീ ജേതാക്കള്‍ക്ക്‌ അവാര്‍ഡും നല്‍കും.

കഴിഞ്ഞ രണ്ടുവര്‍ഷവും മറ്റു സംഘടനകളുമായി മത്സരമൊന്നുമില്ലാത്ത നല്ല ബന്ധമാണ്‌ പുലര്‍ത്തിയതെന്ന്‌ ജി.കെ. പിള്ള പറഞ്ഞു. അമേരിക്കയില്‍ നിന്ന്‌ രാജ്യസഭയിലേക്ക്‌ ഒരാളെ പരിഗണിച്ചപ്പോള്‍ ഫോമാ പ്രസിഡന്റുമായി ചേര്‍ന്ന്‌ പിന്തുണ പ്രഖ്യാപിച്ചിരുന്നു. പൊതുവായ കാര്യങ്ങള്‍ക്ക്‌ ഒരുമിച്ച്‌ പ്രവര്‍ത്തിക്കണമെന്ന നിലപാട്‌ മൂലമാണ്‌.

മത സംഘടനകളുടെ അതിപ്രസരം ദോഷം ചെയ്യുന്നുണ്ടെന്ന്‌ പോള്‍ കറുകപ്പള്ളി ചൂണ്ടിക്കാട്ടി. സെക്കുലര്‍ സംഘടനകള്‍ക്ക്‌ ആളെ കിട്ടാത്ത സ്ഥിതിയുണ്ട്‌. പള്ളിയില്‍ തന്നെ ഓണാഘോഷവും മറ്റും സംഘടിപ്പിച്ചാല്‍ എന്തു ചെയ്യും? ഇക്കാര്യത്തെപ്പറ്റി മതനേതാക്കളുമായി സംസാരിക്കണമെന്നാഗ്രഹിക്കുന്നു.

പഴയ തലമുറയുടെ പ്രതിനിധിയായ ജി.കെ. പിള്ള പുതിയ തലമുറയുടെ പ്രതിനിധിയായ താനും ഉറ്റ സ്‌നേഹത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ്‌ കാഴ്‌ചവെയ്‌ക്കുന്നതെന്ന്‌ സെക്രട്ടറി ബോബി ജേക്കബ്‌ പറഞ്ഞു. രണ്ട്‌ തലമുറകള്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കുന്നത്‌ അപൂര്‍വ്വമാണ്‌.

ഫൊക്കാന സജീവമായ സംഘടനയാണ്‌. പ്രസിഡന്റ്‌ സ്ഥാനം ഒഴിഞ്ഞാല്‍ താന്‍ പിന്മാറും. തുടര്‍ന്ന്‌ പുറത്തുനിന്നുള്ള സഹായം ചെയ്യും. ചാരിറ്റി പ്രവര്‍ത്തനങ്ങളിലും ശ്രദ്ധിക്കും- ജി.കെ. പിള്ള പറഞ്ഞു.

കണ്‍വെന്‍ഷന്‍ സ്‌പോണ്‍സറായ സൗത്ത്‌ ഇന്ത്യന്‍ ബാങ്കിന്റെ ബ്രാന്‍ഡ്‌ അംബാസിഡറായ മമ്മൂട്ടിയുടെ സാന്നിധ്യം ലഭിക്കാന്‍ ശ്രമിക്കുന്നുണ്ട്‌.

കണ്‍വെന്‍ഷന്‍ സുവനീര്‍ 3,500 കോപ്പി അടിക്കാനുള്ള എല്ലാ ചെലവും മെറ്റ്‌ ലൈഫ്‌ സ്‌പോണ്‍സര്‍ ചെയ്‌തിട്ടുണ്ട്‌. അമേരിക്കന്‍ കമ്പനി ഇത്തരമൊരു സ്‌പോണ്‍സര്‍ഷിപ്പ്‌ നല്‍കുന്നത്‌ ആദ്യമായാണ്‌.

ഫൊക്കാനയ്‌ക്ക്‌ ന്യൂയോര്‍ക്കില്‍ ഒരു ആസ്ഥാനം കണ്‍വെന്‍ഷന്‌ മുമ്പ്‌ വാങ്ങാന്‍ ശ്രമിക്കുന്നുണ്ടെന്ന്‌ പോള്‍ കറുകപ്പള്ളി പറഞ്ഞു.

ഫൊക്കാനയുടെ അടുത്ത കണ്‍വെന്‍ഷന്‍ ചിക്കാഗോയിലും, പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മറിയാമ്മ പിള്ളയേയും
പരിഗണിക്കുന്നുണ്ടെന്ന്‌   കറുകപ്പള്ളി പറഞ്ഞു. തീരുമാനമായിട്ടില്ല. സീനിയര്‍ നേതാവായ ലീല മാരേട്ടിനെ എന്തുകൊണ്ടാണ്‌ പരിഗണിക്കുന്നില്ല എന്ന ചോദ്യത്തിന്‌ ലീല തന്നെ മറുപടി പറഞ്ഞു.

ഫൊക്കാനയ്‌ക്കുവേണ്ടി താന്‍ ഏറെ വിയര്‍പ്പൊഴുക്കിയതാണ്‌. എങ്കിലും കണ്‍വെന്‍ഷന്‍ ന്യൂയോര്‍ക്കില്‍ വരുന്നതുവരെ താന്‍ കാത്തിരുന്നേ പറ്റൂ.

ട്രൈസ്റ്റേറ്റ്‌ കണ്‍വെന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ ജോയി ഇട്ടന്‍, റീജിയണല്‍ സെക്രട്ടറി കെ.കെ. ജോണ്‍സണ്‍, ടെറന്‍സണ്‍ തോമസ്‌, ഗണേഷ്‌ നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഫൊക്കാന സെക്രട്ടറി സ്ഥാനത്തേക്ക്‌ മത്സരിക്കുന്ന ടെറന്‍സണ്‌ വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ പിന്തുണ ജോയി ഇട്ടന്‍ അറിയിച്ചു. നേതൃത്വത്തോട്‌ അതിമോഹമൊന്നും തനിക്കില്ലെന്ന്‌ ടെറന്‍സണ്‍ പറഞ്ഞു. നേതൃമോഹമില്ലാതെ പ്രവര്‍ത്തിച്ച ടി.എസ്‌ ചാക്കോ, കൊച്ചുമ്മന്‍ ടി. ജേക്കബ്‌, കൊച്ചുമാത്തന്‍ ബാബു തുടങ്ങിയവരൊക്കെ തന്റെ മാതൃകകളാണ്‌.

ഹൂസ്റ്റണ്‍ കണ്‍വെന്‍ഷന്‍ ചെയര്‍ ഏബ്രഹാം ഈപ്പന്‍ കണ്‍വെന്‍ഷനിലേക്ക്‌ ഏവരേയും സ്വാഗതം ചെയ്‌തു. ടെക്‌സാസിലെ ജനത മാത്രം ഒത്തുചേര്‍ന്നാല്‍ ഫൊക്കാനാ കണ്‍വെന്‍ഷനാകില്ലെന്നും എല്ലാ ഭാഗത്തുനിന്നുമുള്ള മലയാളികള്‍ വന്നെത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഫിലിപ്പോസ് ഫിലിപ്പ്, ഗണേഷ് നായര്‍, ഷീല ചെറു, ലീല മാരേട്ട്, സുനില്‍ കോശി, ജോസഫ് കുരിയപ്പുറം, ഏബ്രഹാം ഈപ്പന്‍, ടി.എസ്. ചാക്കോ, ജോസ് കാനാട്ട്, ജോസഫ് പോത്തന്‍ (സാജന്‍) അഗസ്റ്റിന്‍ പോള്‍, ആനി പോള്‍, വര്‍ഗീസ് പോത്താനിക്കാട്, തുടങ്ങി ഒട്ടേറെ നേതാക്കള്‍ പങ്കെടുത്തു

സമ്മേളനത്തിനുശേഷം വിവിധ കലാപരിപാടികള്‍ അരങ്ങേറി.
പത്രസമ്മേളനത്തില്‍ പ്രസ്‌ ക്ലബ്‌ നാഷണല്‍ സെക്രട്ടറി മധു രാജന്‍, അഡൈ്വസറി ബോര്‍ഡ്‌ ചെയര്‍ റെജി ജോര്‍ജ്‌, നിയുക്ത പ്രസിഡന്റ്‌ ടാജ്‌ മാത്യു,
ന്യു യോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് ജോസ് കാടാപ്പുറം, ജോര്‍ജ് തുമ്പയില്‍, പ്രിന്‍സ് മര്‍ക്കോസ്, രാജു പള്ളം, ഫിലിപ്പ് മാരേട്ട്,  എന്നിവര്‍ പങ്കെടുത്തു.
ഫൊക്കാനാ ഹൂസ്റ്റണ്‍ കണ്‍വെന്‍ഷനില്‍ 3000 പേര്‍ പങ്കെടുക്കുംഫൊക്കാനാ ഹൂസ്റ്റണ്‍ കണ്‍വെന്‍ഷനില്‍ 3000 പേര്‍ പങ്കെടുക്കുംഫൊക്കാനാ ഹൂസ്റ്റണ്‍ കണ്‍വെന്‍ഷനില്‍ 3000 പേര്‍ പങ്കെടുക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക