Image

ചെന്നിത്തല പയറ്റുന്നത് ഗീബല്‍സിയന്‍ തന്ത്രം: മുഖ്യമന്ത്രി

Published on 20 September, 2019
ചെന്നിത്തല പയറ്റുന്നത് ഗീബല്‍സിയന്‍ തന്ത്രം: മുഖ്യമന്ത്രി

പാലാ > ഒരു നുണ പല തവണ ആവര്‍ത്തിച്ചാല്‍ യാഥാര്‍ഥ്യമെന്ന് നാട്ടുകാര്‍ വിശ്വസിക്കുമെന്നാണ്ചിലര്‍ ധരിച്ചു വച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹിറ്റ്ലറുടെ ഉറ്റ ചങ്ങാതി ഗീബല്‍സിന്റെ അതേ തന്ത്രമാണ് 'കിഫ്ബി'യുടെ കാര്യത്തില്‍ പ്രതിപക്ഷനേതാവ് അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ പയറ്റുന്നത്. അത് എവിടെയും വിലപ്പോവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാലായിലെ വിവിധ കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് പ്രചാരണയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


നിരന്തരം ആരോപണം ഉന്നയിക്കുന്നവരുടെ സൂക്കേട് എന്താണെന്നറിയാം. കേരളത്തില്‍ വികസനം നടക്കാതിരിക്കണമെന്ന വിചാരമാണ് ഇക്കൂട്ടര്‍ക്ക്. ഇത് സാധ്യമാകണമെങ്കില്‍ 'കിഫ്ബി' തകരണം. സി ആന്‍ഡ് എജി യുടെ പരിശോധനയ്ക്ക് ഇവിടെ ആരും തടസം നില്‍ക്കുന്നില്ല. അവര്‍ക്ക് ഏതു രേഖകളും പരിശോധിക്കാം. അതിനൊരു തടസവുമില്ലെന്ന് സര്‍ക്കാര്‍ പലതവണ ആവര്‍ത്തിച്ചതാണ്. എന്നാല്‍, ഇക്കൂട്ടര്‍ ആരോപണം ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുകയാണ്.


കിഫ്ബിയിലൂടെ നിരവധി വികസനപദ്ധതികളാണ് കേരളം കണ്ടെത്തുന്നത്. തീരദേശഹൈവേ, ജലപാത, ദേശീയപാതയ്ക്ക് സ്ഥലമേറ്റെടുക്കാല്‍, സെമി ഹൈസ്പീഡ് റെയില്‍വെ എന്നിവയെല്ലാം കിഫ്ബി മുഖേന നടപ്പാക്കുന്ന പദ്ധതികളാണ്.
എങ്ങനെയൊക്കെ അഴിമതി നടത്താമെന്നതായിരുന്നു യുഡിഎഫ് ഭരണകാലത്തെ ഗവേഷണം.


പ്രധാനസ്ഥാനത്തിരിക്കുന്നവര്‍ക്ക് വഴിവിട്ട് എന്തും ചെയ്യാമെന്ന നിലപാട്. രക്ഷിക്കാന്‍ ഭരണസംവിധാനവും. ഇത് അഴിമതിക്കാര്‍ക്ക് തണലായി. ആ രീതി ഇപ്പോള്‍ മാറി. നല്ല നിലയില്‍ അഴിമതി കുറഞ്ഞു. മുന്‍പ് അഴിമതി കൊടികുത്തി വാണിരുന്ന ഉയര്‍ന്നതലങ്ങളില്‍ തീരെ അഴിമതിയില്ലാതായെന്നും പിണറായി പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക