Image

മാവോയിസ്റ്റ്‌ നേതാവ്‌ രൂപേഷിനു മേല്‍ യു.എ.പി.എ ചുമത്തിയത്‌ ഹൈക്കോടതി റദ്ദാക്കി

Published on 20 September, 2019
മാവോയിസ്റ്റ്‌ നേതാവ്‌ രൂപേഷിനു മേല്‍ യു.എ.പി.എ ചുമത്തിയത്‌ ഹൈക്കോടതി റദ്ദാക്കി

മാവോയിസ്റ്റ്‌ നേതാവ്‌ രൂപേഷിനു മേല്‍ യു.എ.പി.എ ചുമത്തിയ നടപടി ഹൈക്കോടതി റദ്ദാക്കി. മൂന്ന്‌ കേസുകളില്‍ രൂപേഷിനെതിരെ ചുമത്തിയ യു.എ.പി.എയാണ്‌ എടുത്തുമാറ്റിയത്‌. 

വളയം, കുറ്റിയാടി സ്റ്റേഷനുകളിലെ മൂന്ന്‌ കേസുകളാണ്‌ കോടതി റദ്ദാക്കിയത്‌. പ്രോസിക്യൂഷന്‍ അനുമതിക്ക്‌ സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്നും താമസമുണ്ടായെന്ന്‌ ഹൈക്കോടതി പറഞ്ഞു.

നിരോധിത സംഘടനകളില്‍ പ്രവര്‍ത്തിച്ചു, സംഘടനയുടെ ലഘുലേഖകള്‍ വിതരണം ചെയ്‌തു എന്നിവയാണ്‌ രൂപേഷിനെതിരായ കേസുകള്‍. ഇതില്‍ രണ്ട്‌ കേസുകള്‍ വളയം പൊലീസും ഒരു കേസ്‌ കുറ്റിയാടി പൊലീസും രജിസ്റ്റര്‍ ചെയ്‌തതാണ്‌.

2016 മുതല്‍ കസ്റ്റഡിയിലുള്ള പ്രതിയുടെ പ്രോസിക്യൂഷന്‍ അനുമതി സമയപരിധിക്കകം ലഭിച്ചില്ലെന്നാണ്‌ രൂപേഷ്‌ കോടതിയില്‍ വാദിച്ചത്‌. 

ഇതേതുടര്‍ന്ന്‌ സംസ്ഥാന ആഭ്യന്തര സെക്രട്ടറിയോടും ഡി.ജി.പിയോടും ജസ്റ്റിസ്‌ രാജ വിജയരാഘവന്‍ വിവരങ്ങള്‍ തേടിയിരുന്നു.

കുറ്റവിമുക്തനാക്കണമെന്ന്‌ ചൂണ്ടിക്കാട്ടി കോഴിക്കോട്‌ സെഷന്‍സ്‌ കോടതിയില്‍ രൂപേഷ്‌ നല്‍കി ഹര്‍ജി നേരത്തെ തള്ളിയിരുന്നു. തുടര്‍ന്ന്‌ രൂപേഷ്‌ നല്‍കിയ അപ്പീല്‍ ഹര്‍ജിയില്‍ വളയം, കുറ്റിയാടി പൊലീസ്‌ രാജ്യദ്രോഹം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയതായി കോടതി നിരീക്ഷിച്ചു. 

തന്റെ പേരില്‍ രാജ്യദ്രോഹം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയത്‌ സൂക്ഷ്‌മമായി പഠിക്കാതെയാണെന്ന്‌ രൂപേഷ്‌ വാദിച്ചു. കൂടാതെ, പ്രോസിക്യൂഷന്‍ അനുമതി വാങ്ങിയില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്‌ രൂപേഷുള്ളത്‌



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക