Image

ഭക്ഷണം ലഭിക്കാതെ ചത്ത പട്ടിക്ക്‌ പേവിഷബാധ; ഉടമയെ പൊലീസ്‌ തിരയുന്നു

Published on 20 September, 2019
ഭക്ഷണം ലഭിക്കാതെ ചത്ത പട്ടിക്ക്‌ പേവിഷബാധ; ഉടമയെ പൊലീസ്‌ തിരയുന്നു
തൃശ്ശൂര്‍ : ഭക്ഷണവും വെള്ളവും നല്‍കാതെ വീട്ടില്‍ പൂട്ടിയിട്ട്‌ അവശനിലയില്‍ ചത്ത നായയ്‌ക്ക്‌ പേവിഷബാധയുണ്ടായിരുന്നുവെന്ന്‌ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌.

 കാര്യാട്ടുകര പ്രശാന്തി നഗറില്‍ വാടകയ്‌ക്ക്‌ താമസിച്ചിരുന്ന നെടുപുഴ തയ്യില്‍ വീട്ടില്‍ ബിസിലിയുടേതാണ്‌ നായ. ഷിറ്റ്‌സു എന്ന ജപ്പാന്‍ ഇനത്തില്‍പ്പെട്ടതാണ്‌ നായ.

ആളില്ലാത്ത വീടിനകത്ത്‌ നായയെ പൂട്ടിയിട്ടിരിക്കുന്ന കാര്യം നാട്ടുകാര്‍ വിളിച്ചറിയിച്ചതനുസരിച്ച്‌ 'പോസ്‌' എന്ന മൃഗസ്‌നേഹി സംഘടനാ പ്രവര്‍ത്തകരെത്തിയാണ്‌ രക്ഷിച്ച്‌ ആശുപത്രിയിലെത്തിച്ചത്‌.

 അവിടെയെത്തും മുമ്‌ബ്‌ നായ ചത്തു. സംഘടനാ പ്രവര്‍ത്തക പ്രീതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വെസ്റ്റ്‌ പൊലീസ്‌ കേസെടുക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌ കിട്ടിയശേഷം കൂടുതല്‍ അന്വേഷണം നടത്താമെന്ന നിലപാടിലായിരുന്നു പൊലീസ്‌. 

ഇന്നലെ മണ്ണുത്തി വെറ്ററിനറി കോളേജ്‌ ആശുപത്രിയില്‍ നായയുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി. നായയ്‌ക്ക്‌ പേവിഷബാധയുണ്ടായിരുന്നുവെന്നാണ്‌ കണ്ടെത്തല്‍. 

ഭക്ഷണവും വെള്ളവും നല്‍കാത്തതിനാല്‍ നായയുടെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്‌.

മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരമാണ്‌ ബിസിലിയുടെ പേരില്‍ പൊലീസ്‌ കേസെടുത്തിരിക്കുന്നത്‌. നായയെ കൊണ്ടുപോകാന്‍ ചെന്നപ്പോള്‍ വീട്ടിലുണ്ടായിരുന്ന ബിസിലി ഇതിന്‌ അനുവദിച്ചില്ല. 

തുടര്‍ന്ന്‌ പൊലീസെത്തിയാണ്‌ നായയെ പുറത്തെടുത്തത്‌. സംഭവശേഷം ബിസിലിയെ കാണാനില്ലെന്ന്‌ പൊലീസ്‌ പറയുന്നു. ഇവരെ കണ്ടെത്താനായി അന്വേഷണം തുടങ്ങിയെന്ന്‌ പൊലീസ്‌ അറിയിച്ചു



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക