Image

മണല്‍ മാഫിയയില്‍നിന്ന്‌ കൈക്കൂലി; രണ്ടു പോലിസുകാര്‍ക്ക്‌ സസ്‌പെന്‍ഷന്‍

Published on 19 September, 2019
മണല്‍ മാഫിയയില്‍നിന്ന്‌ കൈക്കൂലി; രണ്ടു പോലിസുകാര്‍ക്ക്‌ സസ്‌പെന്‍ഷന്‍
മലപ്പുറം: മണല്‍ മാഫിയയില്‍നിന്ന്‌ കൈക്കൂലി വാങ്ങിയ സംഭവവുമായി ബന്ധപ്പെട്ട്‌ എസ്‌പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡിലെ രണ്ടുപോലിസുകാരെ സസ്‌പെന്റ്‌ ചെയ്‌തു. 

മമ്‌ബാട്‌ എആര്‍ ക്യാംപിലെ ഹാരിസ്‌, മനുപ്രസാദ്‌ എന്നീ പോലിസുകാരെയാണ്‌ സസ്‌പെന്റ്‌ ചെയ്‌തത്‌. മലപ്പുറം ജില്ലാ പോലിസ്‌ മേധാവി അബ്ദുല്‍ കരീമിന്റെ നിര്‍ദേശപ്രകാരമാണ്‌ സസ്‌പെന്‍ഷന്‍. 

ബുധനാഴ്‌ച പുലര്‍ച്ചെ നിലമ്‌ബൂരിനടുത്ത്‌ മമ്‌ബാടുവച്ച്‌ പോലിസ്‌ വാഹനത്തെ ഇടിച്ചിട്ട മണല്‍ലോറി ഉടമയില്‍നിന്ന്‌ പോലിസ്‌ അരലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവം ഇന്ന്‌ രാവിലെയാണ്‌ പുറത്തുവന്നത്‌.

സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ റിപോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്‌പി സുരേഷ്‌ ബാബുവിനോട്‌ ആവശ്യപ്പെട്ടിരുന്നു. കൂടാതെ സ്‌പെഷ്യല്‍ ബ്രാഞ്ച്‌ അന്വേഷണം നടത്തുമെന്ന്‌ തൃശൂര്‍ റേഞ്ച്‌ ഐജിയും അറിയിച്ചു. 

പോലിസ്‌ വാഹനത്തെ ഇടിച്ചിട്ടും കേസെടുക്കാതെ മണല്‍ മാഫിയയുമായി ഒത്തുകളിച്ച്‌ പോലിസുകാര്‍ കൈക്കൂലി വാങ്ങുകയായിരുന്നു. ആദ്യം മണല്‍മാഫിയാസംഘം 40,000 രൂപയുമായെത്തി. ഈ തുക മതിയാവില്ലെന്ന്‌ പോലിസ്‌ പറഞ്ഞതോടെ ഇവര്‍ തുക 50,000 ആയി ഉറപ്പിച്ചു. 

ഇവര്‍ പോലിസിന്‌ പണം കൈമാറുന്ന ദൃശ്യങ്ങളടക്കം പുറത്തായതോടെ എസ്‌പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡിലെ മുഴുവന്‍ അംഗങ്ങളെയും തിരിച്ചുവിളിച്ചു. കേസില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നാണ്‌ വിവരം.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക