Image

സലാലക്കാഴ്ചകള്‍ 7 : വാക്കുകള്‍ക്കതീതമായ സൗന്ദര്യക്കാഴ്ചകള്‍ (മിനി വിശ്വനാഥന്‍)

മിനി വിശ്വനാഥന്‍ Published on 18 September, 2019
സലാലക്കാഴ്ചകള്‍ 7  : വാക്കുകള്‍ക്കതീതമായ സൗന്ദര്യക്കാഴ്ചകള്‍ (മിനി വിശ്വനാഥന്‍)
സലാലയിലെ മുഗ്‌സൈല്‍ ബീച്ച് പ്രകൃതി തന്നാലാവുന്ന എല്ലാ സൗന്ദര്യപ്പണികളും ചെയ്ത് മിനുക്കിയെടുത്ത ഒന്നാണ്. സൗന്ദര്യത്തോടൊപ്പം പ്രകൃതിയുടെ വികൃതികളും ഒത്തുചേര്‍ന്ന ഒരു ബീച്ച് എന്നു വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം. കഴിഞ്ഞ തവണ ആഞ്ഞടിച്ച മേകുനു ചുഴലിക്കാറ്റില്‍ കടല്‍ കരയിലേക്ക് വ്യാപിച്ച കാഴ്ചകള്‍ മനസ്സില്‍ ചെറിയൊരു ഭീതിയുമുണ്ടാക്കി എന്നത് നേരാണ്. കടലും കരയുമായി നിരന്തരമായ ഒളിച്ചു കളികള്‍ നടത്തുന്ന ഭൂവിഭാഗമാണ് അതെന്ന് അവിടെ നിരന്ന് കിടക്കുന്ന ചുണ്ണാമ്പുപാറകള്‍ സാക്ഷ്യം പറഞ്ഞു.

പ്രകൃതി തന്നെ  വെളുത്ത പഞ്ചാര മണല്‍ വിരിച്ച് മനോഹരമാക്കിയ  കടല്‍പ്പുറത്തേക്ക് തിരയടിച്ചുലഞ്ഞ് വരുന്ന  നീലക്കടല്‍ കാണാന്‍ എന്തൊരു ഭംഗിയാണെന്നറിയോ? വാക്കുകള്‍ക്കതീതമായ ഒരു സൗന്ദര്യക്കാഴ്ചയാണ് അത്.
വിശാലമായ ബീച്ച് അവസാനിക്കുന്നിടത്ത്  ചുണ്ണാമ്പുപാറകള്‍ കടലിന് അതിര്‍ത്തിയാവുന്നു. നൂറ്റാണ്ട്കള്‍ക്ക് മുന്നേ ഈ ഭൂവിഭാഗം കടലിനടിയിലായിരുന്നിരിക്കാന്‍ സാദ്ധ്യതയുണ്ട്. ജലമൊഴുകിയ അടയാളങ്ങള്‍ ഇപ്പോഴും ആ പാറക്കൂട്ടങ്ങളില്‍ കാണാം.

മുഗ്‌സൈല്‍ ബീച്ചില്‍  കടല്‍ക്കാഴ്ചകള്‍ ഒരുക്കിക്കൊണ്ട് ചെറിയ ഒരു കോഫീ ഷോപ്പ് ഉണ്ടായിരുന്നു. അവിടെ വിദേശികള്‍ക്കിടയില്‍ ഒരു ലോക്കല്‍ ഒമാന്‍ സ്വദേശിയെ പരിചയപ്പെട്ടു. അയാളുടെ നാട് കാണാനായി വന്ന അതിഥികള്‍ക്ക് സമ്മാനമായി അയാള്‍ ഓഫര്‍ ചെയ്തത് അയാളുടെ വീട്ടില്‍ അന്ന് ജനിച്ചു വീണ ഒട്ടകക്കുട്ടിയേയാണ്. തന്റെ നാടിന്റെ മഹത്തായ സംസ്‌കാരത്തില്‍ അഭിമാനമുള്ളവനായിരുന്നു അയാള്‍. സുഗന്ധദ്രവ്യങ്ങളുടെ നാടാണ് തങ്ങളുടെതെന്ന് അയാള്‍ ഓര്‍മ്മിച്ചു. അടുത്ത ഖരീഫ് സീസണില്‍ വന്നാല്‍ അയാളുടെ ഫാം ഹൗസില്‍ അതിഥികളാവാമെന്ന് പറഞ്ഞ് ഫോണ്‍ നമ്പര്‍ തന്നു. അതിനിടെ മീനയുമായി അറബിക്കിലും വിശേഷങ്ങള്‍ പങ്ക് വെച്ച് സൂര്യമോള്‍ക്ക് ചെമ്പിന്റെ ഒരു ബ്രേസ് ലെറ്റ് സമ്മാനമായും നല്‍കി. അടുത്ത ഖരീഫില്‍ എന്തായാലും സലാല സന്ദര്‍ശിക്കണമെന്ന് ഞങ്ങള്‍ ഒരിക്കല്‍ കൂടി ഉറപ്പിച്ചു. ഞങ്ങള്‍ കണ്ടുമുട്ടിയ സ്വദേശികളൊക്കെ തങ്ങളുടെ നാടിന്റെ സൗന്ദര്യം മുഴുവനായി കാണമെങ്കില്‍ വസന്ത കാലത്ത് വരണമെന്ന് ആവശ്യപ്പെട്ടിരുന്നു. പച്ചയുടുപ്പിന്റെ സ്വന്തം നാട്ടില്‍ നിന്ന് വന്ന ഞങ്ങള്‍ക്ക് കൂടുതല്‍ കൗതുകം തോന്നിയത് ഈ മണല്‍പ്പരപ്പുകളും ചുണ്ണാമ്പ് പാറകളും കാണുവാന്‍ തന്നെയായിരുന്നു.

കോഫീ ഷോപ്പില്‍ നിന്ന് മര്‍ണീഫ് ഗുഹയിലേക്ക് ചവിട്ടുപടികള്‍ ഉണ്ടായിരുന്നു. വലിയ ഒരു സിംഹം വായ പൊളിച്ചു നില്‍ക്കുന്നത് പോലെയുള്ള ചുണ്ണാമ്പ് പാറയാണ് ആദ്യകാഴ്ചയില്‍ ഈ ഗുഹ. പാരമ്പര്യ ഗുഹയുടെ നിര്‍വ്വചനങ്ങളിലൊതുക്കാനാവില്ല ഇതിനെ എന്നാണ് എനിക്കിതു കണ്ടപ്പോള്‍ തോന്നിയത്. കാലാകാലങ്ങളായി സമുദ്രജലത്തിന്റെ തിരയിളക്കങ്ങളില്‍ പെട്ടു രൂപപരിണാമം സംഭവിച്ച ഒരു വന്‍ ചുണ്ണാമ്പുപാറയാണ് യഥാര്‍ത്ഥത്തില്‍ ഇത്. വലിയ പാറക്കെട്ടിനിടയില്‍ ഒരാള്‍ക്ക് കയറിയിരിക്കാന്‍ തക്ക വലുപ്പമുള്ള ഒരു ഭാഗം ഉണ്ടായതിനെയാണ്  ഗുഹ എന്ന് പേരിട്ട് വിളിക്കുന്നത്. സമുദ്രത്തിനടിയിലായിരുന്ന കാലത്ത് വെള്ളം കയറിയിറങ്ങിയിട്ടുണ്ടായതാവാം ഈ ഗുഹാരൂപമെന്ന് കൂടെയുണ്ടായ മീനടീച്ചര്‍ ഞങ്ങളോട് സംശയം പ്രകടിപ്പിക്കുകയും ചെയ്തു. അവിടന്നങ്ങോട്ട് നോക്കിയപ്പോള്‍ കടല്‍ തന്റെ സൗന്ദര്യം മുഴുവന്‍ കാട്ടി ഭ്രമിപ്പിക്കുന്നുണ്ടായിരുന്നു. കുട്ടികള്‍ ബീച്ചിലിറങ്ങണമെന്ന് പറഞ്ഞ് വാശി പിടിക്കാനൊരു കാരണമായി ഈ കാഴ്ച.

അവിടെ നിന്ന് മറുഭാഗത്തേക്ക് ഇറങ്ങി വന്നപ്പോഴാണ് ശബ്ദഘോഷത്തോടെ വെള്ളം പുറത്തേക്ക് തെറിക്കുന്നത് കണ്ടത്. നിമിഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന ജലത്തിന്റെ പൂക്കുറ്റി പോലെയിരുന്നു അത്.  അവിടത്തെ അത്ഭുതങ്ങളിലൊന്നായ ബ്ലോഹോള്‍ പ്രതിഭാസമാണ് അതെന്ന് ഉണ്ണി വിശദീകരിച്ചു. യഥാര്‍ത്ഥത്തില്‍  ബ്ലോഹോള്‍ ഭൂമിക്കടിയിലെ അസാമാന്യമര്‍ദ്ദം കാരണം രൂപമെടുക്കുന്ന പ്രകൃതിദത്ത പ്രതിഭാസമാണ്. മുഗ്‌സെല്‍ കടല്‍ത്തീരത്ത് സമുദ്രത്തില്‍ നിന്ന് നേരിയൊരു നീര്‍ച്ചാല്‍ ഭൂമിക്കടിയിലേക്ക് ഉണ്ടായിരിക്കാം. അതായിരിക്കാം ഭൂമിക്കടിയില്‍ മര്‍ദ്ദവ്യത്യാസം വരുമ്പോള്‍ വെള്ളം പുറത്തേക്ക് ചീറ്റുന്നത്. കടല്‍ പ്രക്ഷുബ്ധമാവുമ്പോള്‍ ഈ കുഴികളില്‍ നിന്ന് കൂടുതല്‍ ശക്തിയോടെ പുറത്തേക്ക് ജലം ചീറ്റിത്തുടങ്ങും. ക്രമമില്ലാത്ത .ഇടവേളകളിലായി മുപ്പത് മീറ്ററോളം ഉയരത്തില്‍ വെള്ളം പുറത്തേക്ക് ചീറ്റുന്നുണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ബ്ലോഹോള്‍ പ്രതിഭാസം കണ്ടെത്തിയത് ഹവായിലെ നാക് ലെലെ ( ചമസഹലഹല) പോയിന്റിലാണ്. നൂറ് മീറ്ററോളം ഉയരത്തില്‍ അവിടെ നിന്ന് വെള്ളം പൊങ്ങി വരാറുണ്ടത്രെ! കുട്ടികളോടൊപ്പം ഞങ്ങളും അച്ഛനും അമ്മയും ശരിക്കും ആസ്വദിച്ചു അത്.കടല്‍വെള്ളത്തിന്റെ ഉപ്പു ചുവയില്‍ ചുണ്ടുകള്‍ നീറി. സലാല അത്ഭുതങ്ങളുടെ നാട് തന്നെ എന്ന് ഒരിക്കല്‍ കൂടി മനസ്സിലുറപ്പിച്ചു. മനസ്സില്ലാ മനസോടെയാണ് കുട്ടികളെ പോലെ ഞങ്ങളും അവിടെ നിന്ന് യാത്ര പറഞ്ഞ് പിരിഞ്ഞത്..

അവിടെ സമുദ്രത്തിന് അതിരായി വന്‍ചുണ്ണാമ്പ് മലനിരകള്‍ വ്യാപിച്ചുകിടക്കുന്നുണ്ടായിരുന്നു. ശരിക്കും അതിസാഹസികമായ ഒരു െ്രെഡവിനുള്ള വഴിയാണ് മുന്നില്‍ തെളിഞ്ഞു കാണുന്നത്. ചെറിയ രണ്ടുവരി പാതയിലൂടെ പോവാനാവുന്നിടത്തോളം പോവാം എന്ന് പറഞ്ഞ് ഞങ്ങള്‍ യാത്ര തുടങ്ങി. ഓരോ ഉയരത്തിനിടയിലും താഴെ നീല നിറത്തില്‍ പ്രത്യക്ഷപ്പെടുന്ന കടലിന്റെ കാഴ്ച അതിരമണീയമായിരുന്നു. ഒരു വശത്ത് പാറക്കെട്ടുകളും മറുഭാഗത്ത് മിന്നി മായുന്ന കടല്‍ക്കാഴ്ചകളുമായി ഞങ്ങള്‍ വലിയ ഒരു മല കയറി മറുഭാഗത്തേക്കിറങ്ങി. ചെറിയ പൊട്ടു പോലെ മറ്റ് വാഹനങ്ങള്‍ അടുത്ത മലയെ ലക്ഷ്യമാക്കി നീങ്ങുന്നുണ്ടായിരുന്നു.
ചുണ്ണാമ്പ് പാറകള്‍ക്കിടയിലെ ചെറിയ ഒരു ഇടപ്രദേശത്താണ് ഞങ്ങള്‍ വണ്ടി നിര്‍ത്തിയത്.കടലിനടിയില്‍ കാണുന്ന വിവിധ തരം കല്ലുകളുടെ സാന്നിദ്ധ്യം മീന ഞങ്ങള്‍ക്ക് കാട്ടിത്തന്നു. പ്രകൃതി ഞങ്ങളെ വിസ്മയിപ്പിച്ചു കൊണ്ടേയിരിക്കുകയായിരുന്നു. വീണ്ടും മുകളിലേക്ക് പോവാനുള്ള പുരുഷന്‍മാരുടെ പ്ലാന്‍ ഞങ്ങള്‍ തടഞ്ഞു. ഇനിയും കണ്ടു തീര്‍ക്കാന്‍ കാഴ്ചകള്‍ ഏറെയുണ്ട്.

സലാലയിലേക്ക് ഒരു യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ എപ്പോഴും കേള്‍ക്കുന്ന കാര്യം കേരളം പോലെയാണ് അവിടം എന്നാണ്. എന്നാല്‍ ഇതുവരെയുള്ള കാഴ്ചകളില്‍ മിക്കതും കേരളത്തോട് താരതമ്യം ചെയ്യാനാവാത്ത വയായിരുന്നു. വന്‍ മരുഭൂമികളും അഗാധഗര്‍ത്തങ്ങളും ഗുഹകളും, കടലിനോട് ചേര്‍ന്ന് നില്‍ക്കുന്ന ചുണ്ണാമ്പു മലകളുമെല്ലാം കാഴ്ചകളില്‍ വിസ്മയം നിറച്ചു. കേരളത്തിനോട് താരതമ്യപ്പെടുത്താനാവാത്ത വിധം .


ഞങ്ങള്‍ യാത്ര തുടരുകയാണ്.കേരളത്തിന്റെ ആത്മാവുറങ്ങുന്ന സലാലയുടെ മറുഭാഗത്തേക്ക്.ചേരമാന്‍ പെരുമാളിന്റെ ഖബറിടം തേടിയൊരു യാത്ര.
(തുടരും )

സലാലക്കാഴ്ചകള്‍ 7  : വാക്കുകള്‍ക്കതീതമായ സൗന്ദര്യക്കാഴ്ചകള്‍ (മിനി വിശ്വനാഥന്‍)
സലാലക്കാഴ്ചകള്‍ 7  : വാക്കുകള്‍ക്കതീതമായ സൗന്ദര്യക്കാഴ്ചകള്‍ (മിനി വിശ്വനാഥന്‍)
സലാലക്കാഴ്ചകള്‍ 7  : വാക്കുകള്‍ക്കതീതമായ സൗന്ദര്യക്കാഴ്ചകള്‍ (മിനി വിശ്വനാഥന്‍)
സലാലക്കാഴ്ചകള്‍ 7  : വാക്കുകള്‍ക്കതീതമായ സൗന്ദര്യക്കാഴ്ചകള്‍ (മിനി വിശ്വനാഥന്‍)
സലാലക്കാഴ്ചകള്‍ 7  : വാക്കുകള്‍ക്കതീതമായ സൗന്ദര്യക്കാഴ്ചകള്‍ (മിനി വിശ്വനാഥന്‍)
സലാലക്കാഴ്ചകള്‍ 7  : വാക്കുകള്‍ക്കതീതമായ സൗന്ദര്യക്കാഴ്ചകള്‍ (മിനി വിശ്വനാഥന്‍)
സലാലക്കാഴ്ചകള്‍ 7  : വാക്കുകള്‍ക്കതീതമായ സൗന്ദര്യക്കാഴ്ചകള്‍ (മിനി വിശ്വനാഥന്‍)
സലാലക്കാഴ്ചകള്‍ 7  : വാക്കുകള്‍ക്കതീതമായ സൗന്ദര്യക്കാഴ്ചകള്‍ (മിനി വിശ്വനാഥന്‍)
സലാലക്കാഴ്ചകള്‍ 7  : വാക്കുകള്‍ക്കതീതമായ സൗന്ദര്യക്കാഴ്ചകള്‍ (മിനി വിശ്വനാഥന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക