Image

സാധാരണ രാജു (ഭാഗം 2 )- (അശോക് വിക്രം)

അശോക് വിക്രം Published on 18 September, 2019
സാധാരണ രാജു (ഭാഗം 2 )- (അശോക് വിക്രം)
ആ വന്ന തുലാമാസത്തില്‍ ഉച്ചക്ക് ഇടിയും, മഴയും തുടങ്ങിയപ്പോള്‍ തമിഴത്തിക്ക് പ്രസവവേദനയും ആരംഭിച്ചു. തമിഴനാകട്ടെ പ്രതീക്ഷിക്കാത്ത ഒരു കാര്യം നേരിട്ടതുപോലെ വെപ്രാളത്തോടെ അന്തംവിട്ട് കടത്തിണ്ണയിലൂടെ പിരുപിരാ നടക്കുകയും, ഇടക്കിടെ പൊണ്ടാട്ടിയുടെ നെറ്റിയിലെ വിയര്‍പ്പു തുടച്ചുകൊടുക്കുകയും ചെയ്തുകൊണ്ടിരുന്നു. തമിഴത്തിയുടെ ഞരങ്ങിയും, മൂളിയുമുള്ള കരച്ചില്‍ കേട്ട് ആദ്യം ഓടിയെത്തിയത് ബാര്‍ബര്‍ രാജുവും, അന്ന് ചായക്കട നടത്തിക്കൊണ്ടിരുന്ന അലിയാരുമായിരുന്നു. വളക്കടക്കാരന്‍ മൈക്കിള്‍ ചരക്കെടുക്കാന്‍ കോതമംഗലത്തിനു പോയിരുന്നു. കണ്ണില്‍ച്ചോരയില്ലാത്തവന്‍ എന്നു പേരുകേട്ട പലചരക്കുകടക്കാരന്‍ രാജുവാകട്ടെ ഈ ബഹളമെല്ലാം കണ്ടിട്ടും ഇരുന്നിടത്തുനിന്നനങ്ങിയില്ല.

തമിഴത്തിയുടെ തുടകളിലൂടെ ചോരയും, വെള്ളവുമൊഴുകി സാരിയെല്ലാം നനഞ്ഞൊട്ടാന്‍ തുടങ്ങിയതുകണ്ട് അന്ധാളിച്ച ബാര്‍ബര്‍ രാജുവും, അലിയാരും കരിമണ്ണില്‍ക്കാരുടെ ജനറല്‍ സ്‌റ്റോഴ്‌സില്‍ സാധനങ്ങള്‍ എടുത്തുകൊടുക്കാന്‍ നിന്നിരുന്ന പെണ്ണിനെ സഹായത്തിന് വിളിച്ചു. ഔതച്ചന്‍സിറ്റിയില്‍ തമിഴത്തിയെക്കൂടാതെ അപ്പോള്‍ ആകെയുണ്ടായിരുന്ന വനിത അവള്‍ മാത്രമായിരുന്നു. എന്നാല്‍ പേറെടുക്കാന്‍ വന്നവള്‍ ഇരട്ടപെറ്റു എന്നു പറഞ്ഞതുപോലെയായി കാര്യങ്ങള്‍. തമിഴത്തിയുടെ വെപ്രാളവും, പരവേശവും, ചോരയുമൊക്കെക്കണ്ട പെണ്ണ് കടത്തിണ്ണയില്‍ തലചുറ്റിവീണു ! ബാര്‍ബര്‍ രാജുവിനും, അലിയാര്‍ക്കും അങ്ങനെ രണ്ടു സ്ത്രീകളെ ശുശ്രൂഷിക്കേണ്ട ഗതികേടായി.

ഇന്നത്തെപ്പോലെ വണ്ടിയും, വള്ളവുമൊന്നും വേണ്ടത്രയില്ലാത്ത കാലം. കൃത്യമായ ഇടവേളകളില്‍ സമയമിട്ടു വന്നിരുന്ന ജജഗ ബസുകളും, മൂന്നാറിലേക്കുള്ള ടൂറിസ്റ്റുവാഹനങ്ങളും, എസ്‌റ്റേറ്റ് വണ്ടികളുമൊക്കെയാണ് ഔതച്ചന്‍സിറ്റിയിലൂടെ സാധാരണയായി കടന്നുപോയിരുന്നത്. സംഗതി തങ്ങളുടെ കൈയില്‍ നില്‍ക്കുകയില്ലെന്ന് മനസ്സിലായ ബാര്‍ബര്‍ രാജു അതിലേ അപ്പോള്‍വന്ന ഒരു ജീപ്പിനു വിലങ്ങംവച്ച് കൈവിരിച്ചുനിര്‍ത്തി. ടകജണ യൂണിയന്‍ ജില്ലാസമ്മേളനറാലിയില്‍ പങ്കെടുക്കാന്‍ നെടുങ്കണ്ടത്തിനു പോകുകയായിരുന്ന തോട്ടം തൊഴിലാളികളായിരുന്നു ജീപ്പിലുണ്ടായിരുന്നത്. അടിയന്തരാവസ്ഥ ബോധ്യപ്പെട്ട അവര്‍ ജീപ്പ് ആശുപത്രിയിലേക്ക് തിരിച്ചുവിടാന്‍ തയ്യാറായി. ജീപ്പിലുണ്ടായിരുന്ന പുരുഷന്മാരില്‍ ഏതാനും ചിലര്‍ ഔതച്ചന്‍സിറ്റിയിലിറങ്ങി. ബാക്കിയുണ്ടായിരുന്ന ഏതാനും പുരുഷന്മാരുടെയും, സ്ത്രീകളുടെയും മേല്‍നോട്ടത്തില്‍ തമിഴനേയും, ഭാര്യയേയും കയറ്റി ജീപ്പ് അടിമാലി സര്‍ക്കാരാശുപത്രിയിലേക്ക് പാഞ്ഞു.

ഒരു മണിക്കൂറിനകം ജീപ്പ് തിരിച്ചെത്തി തമിഴത്തിയെ പ്രസവമുറിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന വിവരം അലിയാരെയും, ബാര്‍ബര്‍ രാജുവിനെയുമറിയിച്ചശേഷം ബാക്കിയുള്ളവരേയും കയറ്റി നെടുങ്കണ്ടത്തിനു പോയി. തങ്ങളുടെ ജോലിത്തിരക്കുകള്‍ക്കിടയില്‍ അലിയാരും, രാജുവും മെല്ലെ തമിഴന്റെയും, തമിഴത്തിയുടെയും കാര്യംമറന്നു. പിന്നീടുള്ള ദിവസങ്ങളില്‍ ആരെങ്കിലും ചെരിപ്പോ, ബാഗോ തുന്നിക്കാറെത്തുമ്പോള്‍ മാത്രം അവര്‍ തമിഴരെപ്പറ്റി ഓര്‍ക്കുകയും, പിന്നീട് സ്വാഭാവികമായി മറക്കുകയും ചെയ്യുമായിരുന്നു.

പോയതിനെട്ടാംപക്കം ഉച്ചകഴിഞ്ഞുള്ള പെരുമ്പാവൂര്‍ ജജഗ ബസ്സില്‍ തമിഴനും, തമിഴത്തിയും ഔതച്ചന്‍സിറ്റിയില്‍ വന്നിറങ്ങി. തമിഴന്റെ ഒരു കൈയില്‍ ഒരു പ്ലാസ്റ്റിക് ബക്കറ്റും, കപ്പും, മറുകൈയില്‍ തുണികളടങ്ങിയ ഭാണ്ഡവുമുണ്ടായിരുന്നു. പിന്നാലെയിറങ്ങിയ തമിഴത്തിയുടെ കൈയില്‍ വെള്ളത്തുണിയില്‍പ്പൊതിഞ്ഞ്, പുതിയ മഞ്ഞ ടര്‍ക്കിഷ് ടവ്വല്‍ ചുറ്റിയ ഒരു കുഞ്ഞുണ്ടായിരുന്നു. ആണ്‍കുട്ടി ! വന്നപാടേ അലിയാര്‍ക്കും, രാജുവിനും നന്ദി പറയുകയായിരുന്നു തമിഴന്‍ ചെയ്തത്. ഒരു ചടങ്ങിനെന്നപോലെ അവര്‍ ഇരുവരുമെത്തി തമിഴത്തിയുടെ മടിയിലിരുന്ന കുഞ്ഞിനെക്കണ്ടു. കറുകറെ കറുത്തൊരു കുട്ടി !

തമിഴത്തിയുടെ പഴയ രണ്ടു സാരികള്‍ കൂട്ടിക്കെട്ടി തമിഴന്‍ കടവരാന്തയുടെ മൂന്നുവശവും മറച്ചുകെട്ടി. രണ്ടു കമ്പിളികള്‍ ഒന്നിനുമീതെ ഒന്നായി മടക്കിവിരിച്ച് അമ്മക്കും, കുഞ്ഞിനും മെത്തയുമൊരുക്കി. അന്നുമുതല്‍ ഈ കവചത്തിനു പുറത്തിരുന്നായി തമിഴന്റെ പണി. അവിടെ താമസം തുടങ്ങിയതുമുതല്‍ അലിയാരുടെ കടയിലെ പൊറോട്ടയും, പുട്ടും, ദോശയുമൊക്കെയായിരുന്നു അവരുടെ ഭക്ഷണം. കസ്റ്റമേഴ്‌സില്ലാത്തതുമൂലം അവിടെ ഊണിന്റെ പരിപാടിയില്ലായിരുന്നു. തനിക്കും, സഹായിയായി നില്‍ക്കുന്ന പയ്യനും മാത്രം ഉച്ചക്ക് ഇരുനാഴി അരിയിട്ടു വയ്ക്കുകയായിരുന്നു അലിയാരുടെ പതിവ്. തമിഴത്തി പ്രസവം കഴിഞ്ഞു വന്നതുമുതല്‍ അലിയാര്‍ അതിന്റെകൂടെ ഇരുനാഴിയരിയുംകൂടി ചേര്‍ത്തിടാന്‍ തുടങ്ങി. ഉച്ചക്കും, വൈകിട്ടേഴുമണിക്ക് വീണ്ടും ചൂടാക്കിയും ഒരു സ്റ്റീല്‍ ചരുവത്തില്‍ ആവിപറക്കുന്ന കഞ്ഞി പയ്യന്‍ തമിഴത്തിയുടെപക്കല്‍ കൃത്യമായെത്തിച്ചുപോന്നു.

സന്ധ്യയാവുകയും, ഉഷസ്സാവുകയും ചെയ്തുകൊണ്ട് കാലം കടന്നുപൊയ്‌ക്കൊണ്ടിരുന്നു. നാലുമാസം കഴിഞ്ഞപ്പോള്‍ തമിഴന്‍ സാരികളിലൊന്നഴിച്ചെടുത്ത് ഷെല്‍ട്ടറിന്റെ വിസ്താരം കുറയ്ക്കുകയും, അതുകൊണ്ട് കടവരാന്തയുടെ കഴുക്കോലില്‍ ഒരു തൊട്ടില്‍ കെട്ടുകയും ചെയ്തു. ചായയ്ക്കുള്ള പാലില്‍ വെള്ളം യഥേഷ്ടം നീട്ടിയൊഴിക്കുമായിരുന്ന അലിയാര്‍ രാവിലെയും, ഉച്ചക്കും വരുന്ന പാലില്‍ തുള്ളികലര്‍ത്താതെ അല്പമെടുത്ത് കാച്ചി, പഞ്ചസാരയിട്ട് തമിഴത്തിയെ ഏല്‍പ്പിക്കുമായിരുന്നു. ഖീവിീെി & ഖീവിീെി ന്റെ ഫീഡിംഗ്‌ബോട്ടിലില്‍ ആ പാലുംകൂടി കുടിച്ചായിരുന്നു കുഞ്ഞ് വളര്‍ച്ചാകാലത്തിന് തുടക്കംകുറിച്ചത്.

ആ ഇടവപ്പാതിക്ക് ഇടമുറിയാതെ മഴ പെയ്തുകൊണ്ടിരുന്ന ഒരു പാതിരക്കാണ് വാറ്റുചാരായമടിച്ച് ഉന്മത്തരായ തുണ്ടത്തില്‍ സോമിച്ചനും, അനുചരന്മാരും കടത്തിണ്ണയില്‍ വന്നുകയറി തമിഴ് കുടുംബത്തെ ആക്രമിച്ചത് ! ' ആരെടാ എന്റെ കട കൈയേറിയത് ' എന്നാക്രോശിച്ചായിരുന്നു ആക്രമണം. ' അയ്യാ... അയ്യാ... ' എന്നുംപറഞ്ഞ് കൈയും കൂപ്പിച്ചെന്ന തമിഴനെ സോമിച്ചന്റെ സില്‍ബന്തിയായ കൂര്‍ക്കംകുളങ്ങര ടോമി കീഴ്‌നാഭിക്ക് ചവിട്ടിവീഴ്ത്തി. സോമിച്ചന്റെ പിടുത്തം തമിഴത്തിയുടെ സാരിക്കുത്തിലായിരുന്നു. ഏഴ്  ഏഴരയാവുമ്പോള്‍ ഔതച്ചന്‍സിറ്റിയിലെ എല്ലാ കടകളും അടയ്ക്കുമായിരുന്നതിനാല്‍, പരിസരംനിറഞ്ഞ കോടമഞ്ഞില്‍ തമിഴത്തിയുടെ നിലവിളി ആരുംകേട്ടില്ല. എന്നാല്‍ കമ്പിളിയില്‍ അവളുടെ ചൂടുപറ്റിയുറങ്ങിയിരുന്ന കുഞ്ഞ് ബഹളം കേട്ടെഴുന്നേറ്റ് കരയുവാനാരംഭിച്ചിരുന്നു…

മുരളി തുമ്മാരുകുടി

സാധാരണ രാജു (ഭാഗം 2 )- (അശോക് വിക്രം)സാധാരണ രാജു (ഭാഗം 2 )- (അശോക് വിക്രം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക