Image

എല്ലാവരും എന്‍ജിനീയര്‍മാരാകുന്ന ദിവസം! (മുരളി തുമ്മാരുകുടി)

മുരളി തുമ്മാരുകുടി Published on 18 September, 2019
എല്ലാവരും എന്‍ജിനീയര്‍മാരാകുന്ന ദിവസം! (മുരളി തുമ്മാരുകുടി)
ഇന്ത്യയിലെ ഏറ്റവും പ്രശസ്ത എന്‍ജിനീയറായ മോക്ഷഗുണ്ടം വിശ്വേശ്വരയ്യയുടെ ജന്മദിനമായ സെപ്റ്റംബര്‍ പതിനഞ്ച്, ഇന്ത്യയില്‍ എന്‍ജിനീയര്‍മാരുടെ ദിനമായി ആചരിക്കുന്നുണ്ട്. മറ്റു ചില രാജ്യങ്ങളിലും എഞ്ചിനീയേഴ്‌സ് ഡേ ഉണ്ടെങ്കിലും അതെല്ലാം വേറെ ദിവസങ്ങളിലാണ്.

എഞ്ചിനീയറിങ്ങ് കോളേജില്‍ പോയി എഞ്ചിനീയറിങ്ങ് പാസ്സായതിനാല്‍ എന്‍ജിനീയര്‍ ആണെന്ന് വേണമെങ്കില്‍ എനിക്ക് പറയാമെങ്കിലും ജീവിതത്തിലൊരിക്കലും 'എന്‍ജിനീയര്‍' പദവിയില്‍ ഇരുന്നിട്ടില്ല. സിവില്‍ എന്‍ജിനീയര്‍ ആയിട്ടും ഒരു കോഴിക്കൂട് പോലും പണിതിട്ടുമില്ല (അതിനൊക്കെ അമേരിക്കയില്‍ വേറെ ആളുണ്ട് ഞമിഷശവേ അിീേി്യ !).

എഞ്ചിനീയറിങ്ങ് എന്നത് പഠന വിഷയത്തിനപ്പുറം ഒരു ജീവിത വീക്ഷണമാണെന്നാണ് എന്റെ വിശ്വാസം. അടിസ്ഥാനമായി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണലാണ് എന്‍ജിനീയറുടെ ജോലി.

ഒരാള്‍ കുഴിയില്‍ വീണുകിടക്കുന്നതു കണ്ടാല്‍ എങ്ങനെ അയാളെ ഏറ്റവും വേഗത്തില്‍ കുഴിയില്‍ നിന്നും കരകയറ്റാമെന്നാണ് ഒരു എന്‍ജിനീയര്‍ ആദ്യം ചിന്തിക്കുന്നത്. അല്ലാതെ അയാള്‍ എങ്ങനെ കുഴിയില്‍ വീണു എന്നതിന്റെ അപഗ്രഥനമല്ല. ആയതിനാല്‍ നിങ്ങള്‍ ഒരു കുഴിയില്‍ വീണാല്‍ ആ വഴിയിലൂടെ ഒരു എന്‍ജിനീയര്‍ നടന്നുവരുന്നതാണ് ഒരു തത്വശാസ്ത്രക്കാരനോ ശാസ്ത്രഞ്ജനോ നടന്നു വരുന്നതിനേക്കാള്‍ നല്ലത്. ഇത് റോഡിലെ കുഴിയില്‍ മാത്രമല്ല ജീവിതത്തിലെ കുഴിയില്‍ വീഴുന്ന ആളുകളുടെ കാര്യത്തിലും ബാധകമാണ്. ഇത്തരത്തില്‍ ചിന്തിക്കുന്ന ആരും എന്‍ജിനീയര്‍മാരാണ്. എഞ്ചിനീയറിങ്ങ് കോളേജുകള്‍ ഉണ്ടാകുന്നതിന് മുന്‍പും എന്‍ജിനീയര്‍മാര്‍ ഉണ്ടായിരുന്നു.

എഞ്ചിനീയറിങ്ങ് കോളേജുകളില്‍ പോകുന്ന എല്ലാവരും ഈ എഞ്ചിനീയറിങ്ങ് മൈന്‍ഡ്‌സെറ്റ് ആര്‍ജ്ജിക്കുന്നുമില്ല. ആ അര്‍ത്ഥത്തില്‍ ഞാന്‍ അന്നും ഇന്നും എന്‍ജിനീയര്‍ തന്നെയാണ്. എത്ര ബുദ്ധിമുട്ടുള്ള വിഷയം മുന്നില്‍ വന്നാലും അതിലെ ബുദ്ധിമുട്ടുകളിലല്ല, പ്രശ്‌നപരിഹാരത്തിലാണ് എന്റെ ഫോക്കസ്.

ഞാന്‍ എഞ്ചിനീയറിങ്ങിന് പഠിക്കുന്ന കാലത്ത് കേരളത്തില്‍ ആറ് എഞ്ചിനീയറിങ്ങ് കോളേജാണുള്ളത്, ഇന്നത് നൂറിന് മുകളിലായതിനാല്‍ 'ഇപ്പോള്‍ കേരളത്തില്‍ ആവശ്യത്തില്‍ കൂടുതല്‍ എഞ്ചിനീയറിങ്ങ് കോളേജുകളുണ്ട്' എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ കാണാറുണ്ട്. അതില്‍ വലിയ കാര്യമൊന്നുമില്ല. അന്നും ഇന്നും കേരളത്തില്‍ എഞ്ചിനീയറിങ്ങ് പഠിച്ചുവരുന്നവരില്‍ ഭൂരിഭാഗവും കേരളത്തിന് പുറത്താണ് ജോലി ചെയ്യുന്നത്. കേരളത്തില്‍ എത്ര എഞ്ചിനീയറിങ്ങ് കോളേജ് ഉണ്ടെന്നത് ലോകത്തെ എഞ്ചിനീയര്‍മാരുടെ തൊഴില്‍ സാധ്യതയെ വര്‍ദ്ധിപ്പിക്കുന്നില്ല. മറ്റനവധി ഡിഗ്രികളെ അപേക്ഷിച്ച് ആഗോളമായി കൂടുതല്‍ പോര്‍ട്ടബിള്‍ ആയിട്ടുള്ളത് എഞ്ചിനീയറിങ്ങ് ഡിഗ്രി ആയതിനാല്‍ ലോകമാണ് നമ്മുടെ തൊഴില്‍ കന്‌പോളമായി എന്‍ജിനീയര്‍മാര്‍ കാണേണ്ടത്.

ലോകത്തെ എഞ്ചിനീയറിങ്ങ് തൊഴില്‍ കന്‌പോളം മാറുകയാണ്. നിര്‍മ്മിത ബുദ്ധിയും റോബോട്ടിക്‌സും എഞ്ചിനീയര്‍മാര്‍ക്ക് പുതിയ അവസരങ്ങളും വെല്ലുവിളികളും ഉണ്ടാക്കികൊണ്ടിരിക്കുകയാണ്. ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നും മറ്റുമുള്ള ഊര്‍ജ്ജ സ്രോതസ്സുകളിലേക്ക് അതിവേഗം മാറേണ്ടി വരുന്നത്, െ്രെഡവര്‍ ഇല്ലാതെ ഓടുന്ന വാഹനങ്ങള്‍ വരുന്ന കാലത്ത് റോഡുകളുടെ നിര്‍മ്മാണം, ആകാശം നിറയെ ഡ്രോണുകളുള്ള കാലത്ത് നഗരത്തിലെ ആകാശം സുരക്ഷിതമാക്കേണ്ടത്, സൂയിസൈഡ് ബോംബര്‍മാരായി റോബോട്ടുകള്‍ വരുന്നത്, ലോകത്ത് ഏതെങ്കിലും കോണിലിരുന്നു മറ്റൊരു രാജ്യത്തെ മൊത്തം വൈദ്യുതി വിതരണം ഹാക്ക് ചെയ്തു രാജ്യത്തെ നിശ്ചലമാക്കാന്‍ പറ്റുന്നത് എന്നിങ്ങനെ നാളത്തെ എന്‍ജിനീയര്‍മാര്‍ പരിഹരിക്കേണ്ട ധാരാളം പ്രശ്‌നങ്ങളുണ്ട്. ഇതൊന്നും കഴിഞ്ഞ നൂറ്റാണ്ടിലെ സിലബസ് പഠിച്ചാല്‍ നമുക്ക് കൈകാര്യം ചെയ്യാനാവില്ല. എങ്ങനെയാണ് നാളത്തെ പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ കഴിവുള്ള എന്‍ജിനീയര്‍മാരെ പരിശീലിപ്പിച്ചെടുക്കുക എന്നതാണ് നമ്മുടെ മുന്നിലുള്ള വെല്ലുവിളി. അതിന് നാം ഇപ്പോള്‍ തയ്യാറല്ല, അതുകൊണ്ടു തന്നെ എഞ്ചിനീയറിങ്ങ് കോളേജുകളുടെ എണ്ണം നൂറില്‍ നിന്നും ആറായാലും നമ്മുടെ തൊഴില്‍ പ്രശ്‌നങ്ങള്‍ തീരാന്‍ പോകുന്നുമില്ല.

എല്ലാ മലയാളികളും നമ്മുടെ പ്രശ്‌നങ്ങള്‍ പരസ്പരം പറയുകയും അതിന് ആരെയെങ്കിലും കുറ്റപ്പെടുത്തുകയും ചെയ്യുന്ന കാലം കഴിഞ്ഞു. എല്ലാവരും നമ്മുടെ പ്രശ്‌നങ്ങള്‍ നമുക്കുള്ള വിഭവങ്ങളുപയോഗിച്ച് എങ്ങനെ പരിഹരിക്കാമെന്ന എഞ്ചിനീയറിങ്ങ് മൈന്‍ഡ് സെറ്റ് ഉള്ളവരായിത്തീരുന്ന കിനാശ്ശേരിയാണ് ഞാന്‍ സ്വപ്നം കാണുന്നത്.

എല്ലാവരും എന്‍ജിനീയര്‍മാരാകുന്ന ദിവസം! (മുരളി തുമ്മാരുകുടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക