Image

വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്തു; മറ്റന്നാള്‍ ഡോക്ടര്‍മാര്‍ കൂട്ടത്തോടെ അവധിയെടുക്കും

Published on 18 September, 2019
വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്തു; മറ്റന്നാള്‍ ഡോക്ടര്‍മാര്‍ കൂട്ടത്തോടെ അവധിയെടുക്കും

തിരുവനന്തപുരം: വെള്ളിയാഴ്ച തിരുവനന്തപുരം ജില്ലയില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുക്കും. പള്ളിക്കലില്‍ വനിതാ ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ കയ്യേറ്റം ചെയ്ത സംഭവത്തില്‍ നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം.


സംഭവത്തില്‍ പ്രതിഷേധിച്ച്‌ കഴിഞ്ഞ ദിവസം ഒരുമണിക്കൂര്‍ ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌കരിച്ചിരുന്നു. ഡോക്ടര്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച തിരുവനന്തപുരം ജില്ലയില്‍ കൂട്ട അവധിയെടുക്കാന്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒ തീരുമാനിച്ചത്. അന്നേ ദിവസം ആശുപത്രികളില്‍ അത്യാഹിത വിഭാഗം മാത്രമെ പ്രവര്‍ത്തിക്കുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.


കഴിഞ്ഞ ശനിയാഴ്ചയാണ് പള്ളിക്കല്‍ ആശുപത്രിയില്‍ എത്തിയ രോഗിയുടെ ബന്ധുക്കള്‍ വനിതാ ഡോക്ടറെ മര്‍ദ്ദിച്ചത്. ശസ്ത്രക്രിയ ആവശ്യമായ രോഗിയെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടതിന്റെ പേരിലാണ് മര്‍ദ്ദിച്ചതെന്ന് ഡോക്ടര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അതേസമയം സംഭവത്തില്‍ ഡോക്ടര്‍ക്ക് അനുകൂലമായാണ് പൊലീസ് ഇടപെടുന്നതെന്നാണ് ബന്ധുക്കളുടെ പരാതി. അത്യാസന്ന നിലയിലെത്തിയ രോഗിക്ക് ചികിത്സ നല്‍കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് രോഗിയുടെ ബന്ധുക്കളും പറയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക