Image

കത്തിക്കാളുന്ന വിശപ്പുമായി ഭക്ഷണത്തിന് കാത്തിരിക്കുന്ന വൃദ്ധര്‍-(ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 18 September, 2019
കത്തിക്കാളുന്ന വിശപ്പുമായി ഭക്ഷണത്തിന് കാത്തിരിക്കുന്ന വൃദ്ധര്‍-(ഏബ്രഹാം തോമസ്)
മുന്‍ യു.എസ്. സേനാംഗം 75 കാരന്‍ യൂജിന്‍ മില്ലിഗന്‍ അന്ധനാണ്. ടെന്നിസിയിലെ മെംഫിസ് നിവാസി. ഡയബീറ്റിസ് ബാധിച്ചതിന് ശേഷം വലതുകാല്‍ നഷ്ടപ്പെട്ടു. കിഡ് രോഗത്തിന് ഡയാലിസിസ് ചികിത്സ നടത്തുന്നു. വിശപ്പകടക്കാന്‍ ആവശ്യമായ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നു. ഈ വര്‍ഷമാദ്യം  ഓട്ടുമീല്‍ തയ്യാറാക്കാന്‍ ചൂടുവെള്ളം ഉണ്ടാക്കിയപ്പോള്‍ മേലാസകലം പൊള്ളി. ആശുപത്രിയില്‍ കുറെ ദിവസം കഴിയേണ്ടിവന്നു. തിരിച്ച് വീട്ടിലെത്തിയപ്പോള്‍ മനസ്സിലായി വീട്ടില്‍ ഭക്ഷണം എത്തിച്ചിരുന്ന മീല്‍സ് ഓണ്‍ വീല്‍സ് പദ്ധതിയില്‍ നിന്ന് പുറത്തായി എന്ന്. ഇപ്പോള്‍ മകനും സന്മനസ്സുള്ള ഒരു നേഴ്‌സും  ഒരു ചര്‍ച്ചച്ചും എത്തിക്കുന്ന ഭക്ഷണാണ് ആശ്രയം.

മില്ലിഗന്‍ പറയുന്നു. പലപ്പോഴും ഞാന്‍ കത്തിക്കാളുന്ന വിശപ്പിന്റെ പിടിയിലാണ്. എന്നെപോലെ ഭക്ഷണത്തിനായി കാത്തിരിക്കുന്ന അയല്‍ക്കാരുണ്ട്. ഡയാലിസിസ് സെന്ററില്‍ എത്തുന്ന ധാരാളം പേരുണ്ട്. വിശപ്പ് എവിടെയും ഉണ്ട്. അമേരിക്കയില്‍ പ്രായം ചെന്ന മില്യനുകള്‍ കത്തിക്കാളുന്ന വിശപ്പിന്റെ പിടിയിലാണ്. 60 വയസ്സും അതിന് മുകളിലും പ്രായമുള്ളവരുടെ 8% ത്തോളം ഭക്ഷണ സംബന്ധമായി അരക്ഷിതരാണെന്ന് 2017ല്‍ ഫീഡിംഗ് അമേരിക്ക എന്ന ആന്റെ ഹംഗര്‍ ഗ്രൂപ്പിന്റെ പഠനം വെളിപ്പെടുത്തി. ഇതിനര്‍ത്ഥം 55 ലക്ഷം മുതിര്‍ന്ന അമേരിക്കക്കാര്‍ക്ക് മതിയായ ഭക്ഷണം ലഭിക്കുവാനുള്ള ആശ്രയമില്ല എന്നാണ്. ഈ കണക്കുകള്‍ 2001 ല്‍ ഉണ്ടായിരുന്നതിന്റെ ഇരട്ടിയാണ്. കൂടുതല്‍ കൂടുതല്‍ അമേരിക്കക്കാര്‍ വൃദ്ധരാകുമ്പോള്‍ ഈ കണക്കില്‍ ഗണ്യമായ വര്‍ദധന ഉണ്ടാകും.
വിശന്നിരിക്കുന്ന കുട്ടികള്‍ക്ക് താരതമ്യേന വലിയ ശ്രദ്ധ ലഭിക്കാറുണ്ട്. വേനല്‍ അവധയില്‍ വിദ്യാലയങ്ങള്‍ അടയ്ക്കുമ്പോള്‍ കുട്ടികള്‍ക്ക് ലഭിച്ചിരുന്ന സൗജന്യ ഭക്ഷണം നഷ്ടപ്പെടരുത് എന്ന് ആഹ്വാനം ചെയ്ത് ധാരാളം പരസ്യങ്ങള്‍ മാധ്യങ്ങളില്‍ വരാറുണ്ട്. എന്നാല്‍ പ്രായം ചെന്ന തലമുറയുടെ വിശപ്പ് പലപ്പോഴും ശ്രദ്ധിക്കപ്പെടാറില്ല. നമ്മുടെ വൃഥാ അഭിമാനവും ഇതിന് ഒരു കാരണമാണ്. അമേരിക്കയുടെ ദക്ഷിണ പശ്ചിമ പ്രദേശങ്ങളിലാണ് ഈ പ്രശ്‌നം രൂക്ഷമായി അനുഭവപ്പെടുന്നത്. സംസ്ഥാനങ്ങളില്‍ ഏറ്റവും ഉയര്‍ന്നത് ലൂസിയാനയിലാണ്-12% പ്രായാധിക്യമുള്ളവര്‍ ഭക്ഷണ അരക്ഷിതാവസ്ഥയിലാണ്. പ്രധാന നഗരസമൂഹങ്ങളില്‍ 17%വുമായി മെഫിസ് മുന്നില്‍ നില്‍ക്കുന്നു. ഇവിടെ മില്ലിഗനെ പോലെയുള്ളവര്‍ അടുത്ത ഭക്ഷണം എപ്പോള്‍ ലഭിക്കും എന്നറിയാതെ കാത്തിരിക്കുന്നു.

ഗവണ്‍മെന്റിന്റെ ആശ്വാസപ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണതയില്‍ എത്തിയിട്ടില്ല. ഒരു ഫെഡറല്‍ ഗവണ്‍മെന്റ് പദ്ധതി ഫണ്ടില്ലാതെ വിഷമിക്കുന്നു. പ്രസിഡന്റ് ലിണ്ടന്‍ ജോണ്‍സന്റെ ജനക്ഷേമകരമായ പദ്ധതികളിലൊന്നായ  ദ ഓള്‍ഡര്‍ അമേരിക്കന്‍സ് ആക്ട് അന്‍പത് വര്‍ഷം മുമ്പ് പാസാക്കിയതാണ്. 1972 ല്‍ ഇത് ഭേദഗതി ചെയ്ത് വീടുകളില്‍ ഭക്ഷണം എത്തിക്കുന്നതും ഗ്രൂപ്പ് മീല്‍സും ഉള്‍പ്പെടുത്തി. ഇവ 60 വയസും അതിന് മുകളില്‍ പ്രായമുള്ളവര്‍ക്കും വേണ്ടിയാണ്. എന്നാല്‍ മുതിര്‍ന്നവരുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് ഫണ്ടിംഗ് ഉണ്ടായിട്ടില്ല. നാണ്യപ്പെരുപ്പം മറ്റൊരു വിലങ്ങുതടിയാണ്.

ഈ നിയമത്തിലെ ഏറ്റവും കാതലായ ഭാഗം, പോക്ഷകാഹാരം നല്‍കല്‍ കഴിഞ്ഞ 18 വര്‍ഷത്തിനുള്ളില്‍ 8% കുറഞ്ഞു. ഫണ്ടിന്റെ അപര്യാപ്തതയും വിലക്കയറ്റവും പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കി, ഇത് ഈ വര്‍ഷം ഫെബ്രുവരിയില്‍ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് റിട്ടയേര്‍ഡ് പേഴ്‌സണ്‍സ് റിപ്പോര്‍ട്ട് ചെയ്തതാണ്. ഭവനങ്ങളില്‍ എത്തിച്ചു നല്‍കുന്ന ഭക്ഷണവും ഗ്രൂപ്പുകള്‍ക്ക് നല്‍കുന്ന ഭക്ഷണവും 2005ന് ശേഷം 2 കോടി 10 ലക്ഷത്തോളം കുറഞ്ഞു. നിയമം അനുസരിച്ച് ഭക്ഷണം ലഭിക്കേണ്ടവരില്‍ ഒരു ചെറിയ ശതമാനത്തിന് മാത്രമേ ഇപ്പോള്‍ ഭക്ഷണം ലഭിക്കുന്നുള്ളൂ. 2013 ലെ യു.എസ്. ഗവണ്‍മെന്റ് അക്കൗണ്ടബിലിറ്റി ഓഫീസ് റിപ്പോര്‍ട്ടില്‍ 83% നും ഭക്ഷണം ലഭിക്കുന്നില്ല എന്ന് പറഞ്ഞു. ദേശവ്യാപകമായി പതിനായിരക്കണക്കിന് വയോ വൃ്ദ്ധര്‍ ഭക്ഷണത്തിനായി കാത്തിരിക്കുകയാണ്, മീല്‍സ് ഓണ്‍ വീല്‍സ് അമേരിക്കയുടെ ചീഫ് മെമ്പര്‍ഷിപ്പ് ആന്‍ഡ് അഡ്വോക്കസി ഓഫീസര്‍ എറിക്ക കെല്ലി പറഞ്ഞു.

കത്തിക്കാളുന്ന വിശപ്പുമായി ഭക്ഷണത്തിന് കാത്തിരിക്കുന്ന വൃദ്ധര്‍-(ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക