Image

തടഞ്ഞുവച്ച ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു

Published on 17 September, 2019
തടഞ്ഞുവച്ച ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു
ഡല്‍ഹി: ജെ.എന്‍.യു സര്‍വ്വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് വിജയം. ഹൈക്കോടതിയുടെ സ്‌റ്റേ മാറ്റിയതോടെ ഇന്ന് ഫലം പ്രഖ്യാപിക്കുകയായിരുന്നു. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ലെഫ്റ്റ് യൂണിറ്റിയുടെ ഐഷി ഘോഷ് വിജയിച്ചതായി പ്രഖ്യാപിച്ചു. പ്രസിഡന്റ് അടക്കം നാലു സീറ്റുകളിലും ഇടതിനാണ് വിജയം

എല്ലാ വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോള്‍ ഐഷി 2312 വോട്ടുകള്‍ നേടിയതായി നേരത്തേ തന്നെ വ്യക്തമായിരുന്നു.എന്നാല്‍ ഫലപ്രഖ്യാപനം ഡല്‍ഹി ഹൈക്കോടതി സെപ്തംബര്‍ 17 വരെ തടഞ്ഞിരിക്കുകയായിരുന്നു. ഈ സ്റ്റേയാണ് ഇന്ന് കോടതി എടുത്ത് മാറ്റിയത്. പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള മത്സരത്തില്‍ രണ്ടാം സ്ഥാനത്ത് എബിവിപിയുടെ മനീഷ് ജാംഗിദാണ്. 1128 വോട്ടുകളെ മനീഷിന് നേടാനായുള്ളു. മൂന്നാം സ്ഥാനത്തുള്ള ബപ്‌സയ്ക്ക് എബിവിപിയേക്കാള്‍ മൂന്നുവോട്ടിന്റെ കുറവ് മാത്രമാണ് ഉള്ളത്.

ഇടത് സ്ഥാനാര്‍ത്ഥിയായ സാകേത്‌ മൂണ്‍ വന്‍ ഭൂരിപക്ഷത്തോടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. സാകേതിന് 3365 വോട്ടുകള്‍ ലഭിച്ചപ്പോള്‍ പിന്നിലുള്ള എബിവിപി സ്ഥാനാര്‍ത്ഥി ശ്രുതി അഗ്നിഹോത്രി 1335 വോട്ടുകളാണ് നേടിയത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ എബിവിപിയുടെ ശബരീഷ് 1355 വോട്ടുകള്‍ നേടിയപ്പോള്‍ ഇടതിന്റെ സതീഷ് യാദവ് 2518 വോട്ടുകളുമായി ജയിച്ചു. ലെഫ്റ്റ് യൂണിറ്റിയുടെ മുഹമ്മദ് ഡാനിഷ് ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. 
ഇടതുപാര്‍ട്ടികളായ ഐസയും എസ്.എഫ്.ഐയും ഡി.എസ്.എഫും എ.ഐ.എസ്.എഫും ഒന്നിച്ചാണ് ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ജെ.എന്‍.യുവിലെ കൗണ്‍സിലര്‍മാരുടെ എണ്ണം ചുരുക്കിയതിനെതിരെ രണ്ട് വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വിജയികളെ പ്രഖ്യാപിക്കുന്നത് ഡല്‍ഹി ഹൈക്കോടതി സ്‌റ്റേ ചെയ്തത്. അതേസമയം വോട്ടെണ്ണുന്നത് തടഞ്ഞിരുന്നില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക