Image

സമുദ്രോട്ടിസ്റ്റിക് ശിലകള്‍ (രമ പ്രസന്ന പിഷാരടി)

Published on 17 September, 2019
സമുദ്രോട്ടിസ്റ്റിക് ശിലകള്‍ (രമ പ്രസന്ന പിഷാരടി)

E = mc2

Energy equals mass times the speed of light squared


സുഭാഷ് ചന്ദ്രന്‍ എന്ന എഴുത്തുകാരന്‍ വിമര്‍ശിക്കപ്പെടുമ്പോള്‍ പലരും ആദ്യം പറയുന്നിതാണ്.. എന്തൊരഹങ്കാരം,.... സ്വയം പുകഴ്ത്തുന്നവന്‍.  സുഭാഷ് ചന്ദ്രന്‍ എന്ന നോവലിസ്റ്റിനെക്കാള്‍ സുഭാഷ് ചന്ദ്രന്‍ എന്ന വ്യക്തിയാണ് പലപ്പോഴും ആക്രമണകാരികളെ ആകര്‍ഷിക്കുന്നത്.

ആക്രമണത്തിന്റെയും വിമര്‍ശകരുടെയും ഇടയിലൂടെ  സുഭാഷ് ചന്ദ്രന്‍ എന്ന മനുഷ്യനൊരാമുഖരചയിതാവിനെ നോക്കിക്കാണുമ്പോള്‍ തോന്നിയിട്ടുള്ളത് മനസ്സിലിപ്പോഴും നന്മ സൂക്ഷിക്കുന്ന ഒരാളാണെന്നാണ്.

ഫേസ് ബുക്കില്‍ ഒരു മഹാരാജാസിയന്‍ പോസ്റ്റ് കാണാനിടയായി. 'സുഭാഷ് ചന്ദ്രനിതൊരു സോറി പറഞ്ഞ്....  മനുഷ്യനായിക്കൂടെ' എന്നൊരു ചോദ്യവും.  ക്യൂരിയോസിറ്റി എന്നത്    മനുഷ്യന്റെ    മരുന്നില്ലാത്ത വീക്ക്‌നെസായതിനാല്‍ അതെന്തന്നറിയാന്‍            വാര്‍ത്തകള്‍ക്കിടയില്‍     മുങ്ങാംകുഴിയിട്ട് നീന്തി.....

സമുദ്രശിലയുടെ  കല്ലുകള്‍ക്കിടയില്‍ വീണ്ടുമൊരു മുള്‍ക്കല്ല്..

ഓട്ടിസം.. വിമര്‍ശനം.. പരാതി..

ഓട്ടിസവും, വില്യംസ് സിന്‍ഡ്രോമും, ഡിസിലക്‌സിയും, മനുഷ്യമസ്തികങ്ങളിലൊളിച്ച് കളിയ്ക്കുമ്പോള്‍ ഞാന്‍ എന്ന മനുഷ്യന്‍  വെറും മനുഷ്യനാകുന്നു. പ്രപഞ്ചത്തിലെ കോടാനുകോടി ഗ്രഹതാരകങ്ങള്‍ക്കിടയില്‍ സൂര്യനെ പ്രദക്ഷിണം വച്ച് നീങ്ങുന്ന ഭീമാകാരന്മാരയ ഗ്രഹങ്ങള്‍ക്കിടയിലെ ഭൂമിയിലെ ഏകദേശം 700 കോടി ജനങ്ങള്‍ക്കിടയിലെ ഒരല്പായുസ്... അതിനിടയിലാണ് മനുഷ്യനൊരാമുഖം എന്ന് കൃതിയെഴുതിയ രചയിതാവ് മനുഷ്യന്‍ തന്നെയോ എന്ന രീതിയിലുള്ള പരാമര്‍ശം ഉയര്‍ന്നിരിക്കുന്നത്.    അതിന് കാരണമായ ഓട്ടിസ്റ്റിക് കുട്ടിയെപ്പറ്റിയുള്ള പ്രസ്താവന ബാലിശമായി എന്ന് വിശ്വസിക്കുന്നവരെയാണ് കൂടുതലും കാണാനായത്.

ഭ്രൂണാവസ്തയില്‍ തന്നെ മനുഷ്യമസ്തിഷ്കത്തിന്റെ ചില ഭാഗങ്ങള്‍ തുരുത്ത് പോലെ മറ്റുള്ളവയില്‍  നിന്ന് വ്യത്യസ്തമായി  വളരുന്ന പ്രത്യേക കഴിവുകളുമായി വളരുന്നു എന്ന്  ഡോക്ടര്‍ രാജശേഖരന്‍ നായരുടെ  സ്മൃതിപഥം എന്ന ഓര്‍മ്മക്കുറിപ്പില്‍  പറയുന്നു.. അങ്ങനെയുള്ള മസ്തിഷ്ക്കവുമായി ജനിക്കുന്നവര്‍ ചില പ്രത്യേക മേഖലയില്‍ അതീവ നൈപുണ്യമുള്ളവരായിരിക്കും  എന്നദ്ദേഹം പറയുന്നു

ശ്രീ സുഭാഷ് ചന്ദ്രന്‍ ആത്മവിശ്വാസത്തോടെ ഏഷ്യാനെറ്റിനോട് പറഞ്ഞത് ഓട്ടിസ്റ്റിക് കുട്ടിയെപ്പറ്റി മുഴുവനുമറിയാതെയായിരിക്കും  എന്ന് വിശ്വസിക്കാനിഷ്ടപ്പെടുന്നു..

അവിടെയാണ്  നമ്മള്‍ ഐന്‍സ്റ്റിനെ ഓര്‍മ്മിക്കുന്നത്.  'ഹോപ് ഈസ് അ തിംഗ് വിത് ഫെദേഴ്‌സ്' എന്നെഴുതിയ എമിലി ഡിക്കിന്‍സിനെ ഓര്‍മ്മിക്കുന്നത്, സൈലന്‍സ് ഓഫ് ദി ലാമ്പിലെ ആന്റണി ഹോപ്കിന്‍സ്, വിശ്വപ്രസിദ്ധ സംഗീതഞ്ജന്‍ മൊസാര്‍ട്ട്. ഇവരെല്ലാം ഓട്ടിസ്റ്റിക് ആയിരുന്നു എന്ന് അറിയുമ്പോള്‍ നോവലിസ്റ്റ്   നടത്തിയ  പ്രസ്താവന അല്പം കടന്ന് പോയില്ലേ എന്ന് നമുക്ക് തോന്നിയേക്കാം . വില്യംസ് സിന്‍ഡ്രോംസ് ബാധിച്ച ഗ്‌ളോറിയ ലെനോഫിന് 25 ഭാഷകളിലുള്ള 2500 ഗാനങ്ങള്‍ മനപ്പാഠമായിരുന്നു എന്നും അതീവമനോഹരമായി അവരത് പാടിയിരുന്നു എന്നും ഡോക്ടര്‍ രാജശേഖരന്‍ നായരുടെ ഓര്‍മ്മക്കുറിപ്പുകളിലുണ്ട്. .

പുറമേ നിന്ന് വായിച്ചു പോകുമ്പോള്‍, നോക്കിക്കാണുമ്പോള്‍ ഔന്നത്യമേറിയ ഒരു മേഖലയെങ്കിലും സാഹിത്യരംഗം മാഫിയെക്കാള്‍ വലിയ ഡോണുകളുള്ള  ഒരു ഫീല്‍ഡാണ്. അവിടെ നിലനില്‍ക്കുക,  ഉയരുക എന്നത് വളരെ ശ്രമകരമാണ്.  കോര്‍പ്പറേറ്റ് ഉല്‍പ്പന്നങ്ങളെക്കാള്‍ മാര്‍ക്കറ്റിംഗ് ആവശ്യമായ ഒരു കമോഡിറ്റിയാണ് ഇന്ന് സാഹിത്യസൃഷ്ടികള്‍. ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റിംഗ് ആവശ്യമായ ഉപഭോഗവസ്തു

ഇദ്ദേഹത്തെപ്പോലുള്ള എഴുത്തുകാരെ നിരന്തരം ആക്രമിക്കുന്നവരുണ്ട്.  പലതരം ആക്രമണങ്ങള്‍ക്കിടയിലൂടെയും പലതരം മാര്‍ഷ്യല്‍ ആര്‍ട്ട്‌സ് ചെയ്ത് ഉയരത്തിലെത്തിയവര്‍ മനസ്സില്‍ നന്മയുള്ളപ്പോഴും  അഗ്‌നി വമിക്കും വ്യാളീമുഖങ്ങളും, ദിനോസറുകളുമൊക്കെ ആയിപ്പോകും  ഈയവസരത്തില്‍
 
സുഭാഷ് ചന്ദ്രന്‍ എന്ന എഴുത്തുകാരന്‍ മഹാപ്രതിഭയാണൊന്നൊന്നും ഒരിക്കലും തോന്നിയിട്ടില്ല.  ജുംബാ ലഹരിയുടെ ‘ഇന്റര്‍പ്രട്ടര്‍ ഓഫ് മാലഡീസ്,  അണ്‍ അക്കസ്റ്റംഡ്  എര്‍ത്ത്’,  ഖാലിദ് ഹൊസൈനിയുടെ ‘കൈറ്റ് റണ്ണര്‍,  തൗസന്റ് സ്‌പ്ലെന്‍ഡിഡ് സണ്‍സ്, ആന്‍ഡ് ദി മൗണ്ടന്‍ എക്കോഡ്,  ചിമാമന്ദയുടെ ഹാഫ് ഓഫ് എ എല്ലോ സണ്‍ ഇവയൊക്കെ വായിച്ചതിന് ശേഷമാണ് മനുഷ്യനൊരാമുഖം വായിച്ചത്.  ആമുഖം ഒരു സംഭവമാണെന്ന്  തോന്നിയില്ല.  അതിന്റെ മുഷിപ്പിക്കുന്ന അവിടെയുമിവിടെയും  പ്രൊജക്റ്റ് ചെയ്ത പോലുള്ള  എഡിറ്റിംഗ് പലയിടത്തും  വായനയുടെ സുഖത്തെ നിരാശപ്പെടുത്തി.  ചുറ്റുമുള്ളവര്‍ ഇതെന്തോ മഹാകൃതിയാണെന്ന് പറഞ്ഞപ്പോള്‍ അന്തം വിട്ടിരുന്നു. പിന്നീടാണറിഞ്ഞത് എണ്ണൂറോളം പേജുള്ള ഒരു സൃഷ്ടി ചുരുക്കി അഞ്ഞൂറിനുള്ളിലാക്കിയതാണ് ആമുഖമെന്ന്. ആ എഡിറ്റിംഗ് എവിടെയൊക്കെയോ  പിഴവ് സംഭവിച്ചു എന്നിന്നും ഞാന്‍ വിശ്വസിക്കുന്നു.

‘സമുദ്രശില’  ഇതേ വരെ വായിച്ചിട്ടില്ല.  അതിഗംഭീരമാണെന്ന് ഒരു കൂട്ടരും അറുബോറാണെന്ന്  മറ്റൊരു കൂട്ടരും വാദിക്കുന്നത്  ഫേസ് ബുക്കിലും, നവമാദ്ധ്യമങ്ങളിലും കാണാനായി.

സുഭാഷ് ചന്ദ്രന്‍ എന്ന എഴുത്തുകാരന്‍ എഴുതിയ ഒന്നരമണിക്കൂര്‍, വധക്രമം എന്ന കഥകളും , ലേഖനങ്ങളും മനുഷ്യനൊരാമുഖത്തെക്കാള്‍  നന്നായി എഴുതപ്പെട്ടതാണെന്നാണ് എന്റെ വായനാനുഭവം..

ഒന്നോ രണ്ടോ കവിതകള്‍  ഇദ്ദേഹം എഡിറ്ററായുള്ള ഡസ്കിലേയ്ക്ക് മെയില്‍ വഴി അയച്ചു. ഖേദമാണ് തിരികെ കിട്ടിയത്.

 വിമന്‍സ് ഡേയില്‍ കിട്ടുന്ന ഒരു പനിനീര്‍പ്പൂവല്ല സ്ത്രീസമത്വം എന്നുള്‍ക്കാഴ്ച്ചയുള്ള വാക്കുകള്‍   തട്ടിത്തകര്‍ന്നൊഴുകന്നതിലൊരു വാക്കിനെ
കൈയാലെടുത്തവളോ ഗര്‍ജ്ജിക്കുന്നു.....
......................................

വരൂ വന്നിവിടെയീ  വാര്‍ഷികത്തിരിവിന്റെ
പടവില്‍ കൈക്കൊള്ളുകയീ പനീര്‍ദലങ്ങളെ .. ..
 എന്നിങ്ങനെ വരികളുള്ള  'നിയുക്ത' ഇദ്ദേഹം ഖേദത്തോടെ നിരസിച്ചു

അതെനിക്കിഷ്ടപ്പെട്ടില്ല. താങ്കളുടെ ഖേദം വായിച്ച് ബോറായിരിക്കുന്നു എന്നും നിയുക്ത നല്ല കവിതയാണെന്നും , താങ്കളും താങ്കളുടെ  വാരികയും ഒരോ ഇന്റര്‍വെല്ലിനനുസരിച്ച്  ലിസ്റ്റ് ചെയ്തു വച്ചിരിക്കുന്ന കുറെ എഴുത്തുകാരുടെ സൃഷ്ടികള്‍ മാത്രമേ പ്രസിദ്ധീകരിക്കു എന്ന് മനസ്സിലായിരിക്കുന്നു അതിനാല്‍ ഇനി താങ്കളുടെ വാരികയിലേയ്ക്ക് കവിത അയക്കില്ല എന്നൊരു മെസേജും അയച്ച് അത് ക്‌ളോസ് ചെയ്തു.

ഓരോ എഴുത്തുകാരനും സൃഷ്ടിയുമായി ആഗ്രഹത്തോടെ കാത്തിരിക്കുന്ന ലോകത്ത് സമൂഹത്തില്‍ എന്താണ് നടക്കുന്നത് അത് ഫോളോ ചെയ്യുന്നു എന്നൊരു ദോഷമേ മാതൃഭൂമി വീക്കിലിയുടെ എഡിറ്ററും കൈക്കൊള്ളുന്നുള്ളൂ.  പ്രശസ്തരുടെ സൃഷ്ടികള്‍,  നേരിലറിയുന്നവര്‍, സ്ഥിരം  എഴുത്തുകാരെന്ന ലേബലുള്ളവര്‍ അതല്ലാതെയുള്ളവരുടെ സൃഷ്ടി എത്ര മഹത്തരമായാലും മിക്കയിടങ്ങളിലും നിരസിക്കപ്പെടും.

അങ്ങനെ അവഗണിക്കപ്പെട്ടവര്‍ ഇദ്ദേഹത്തെപ്പോലുള്ള എഡിറ്റേഴ്‌സിനെ സ്ഥിരം  കുറ്റപ്പെടുത്തുന്നത് കാണുമ്പോള്‍ ഞങ്ങളെപ്പോലുള്ളവര്‍ ഉള്ളില്‍ സന്തോഷിക്കും  (പുറമേ പറഞ്ഞ് കോലാഹലം സൃഷ്ടിക്കുന്നതിനെക്കാള്‍  എന്തെങ്കിലും നന്നായി എഴുതാന്‍ ശ്രമിക്കുന്നതാണ് മനസ്സിനെ സമാധാനപ്പെടുത്തുന്നത് എന്ന വിശ്വതത്വം അല്പം വൈകിയാണെങ്കിലും മനസ്സിലായവരാണ്  ഈ ഞങ്ങള്‍ എന്നറിയപ്പെടുന്ന കുറച്ചു പേര്‍)

ഇമാദ്ധ്യമങ്ങളോടും, വാട്ട്‌സ് അപിനോടും,  മാര്‍ക്ക് സക്കര്‍  ബര്‍ഗിന്റെ ഫേസ് ബുക്കിനോടും  വളരെയധികം കടപ്പാടും നന്ദിയും പ്രവാസിസാഹിത്യസ്‌നേഹികളായ ഞങ്ങള്‍ക്കുണ്ട്. കവിതയെഴുതാനും കവി സുഹൃത്തുക്കളെ പരിചയപ്പെടാനും ഞങ്ങളെ പോലുള്ള എഴുത്തുകാരെ സുഭാഷ് ചന്ദ്രനെന്ന എഡിറ്ററെക്കാള്‍  സഹായിക്കുന്നത്  നവമാദ്ധ്യമങ്ങളാണെന്നുള്ളത് സത്യമാണ്,  എങ്കിലും എഴുത്തിടങ്ങളിലെ  സംഘര്‍ഷങ്ങള്‍  തരണം ചെയ്യാന്‍ എല്ല എഴുത്തുകാരും ചെയ്യുന്ന പരിശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണ്

നന്നായി  അറിയുന്നവര്‍ക്കൊക്കെ ഇവര്‍ നല്ല മനുഷ്യരും, ഹൃദയമുള്ളവരും ആയിരിക്കും. അവിടെ മുഖം മൂടികളണിയാത്തവരായിരിക്കും  അവര്‍.

അതിസങ്കീര്‍ണ്ണമായ പല  മേഖലകളിലൂടെയുള്ള  എഴുത്തിന്റെ  യാത്രാവഴികളില്‍  പല എഴുത്തുകാരും   നിലനില്‍ക്കുവാനും,  സ്വയമുയരുവാനും അല്പമൊക്കെ വേഷപ്പകര്‍ച്ച ചെയ്യേണ്ടിവരുന്ന സ്ഥിതിവിശേഷം ഉണ്ടാകും..

സാധാരണ ആരാധകര്‍ പ്രശസ്തര്‍ക്ക് വീരപരിവേഷം നല്‍കും. ആരാധകരുണ്ടാകുക എന്നത് ഏത് ഫീല്‍ഡിലുള്ളവരുടെയും സ്വകാര്യ അഹങ്കാരമാണ്. ചിലരില്‍ അവര്‍ പോലുമറിയാതെ അതൊരു പൊതു അഹങ്കാരമായി രൂപാന്തരപ്പെടും.. ഉള്ളിലെ നന്മ അപ്പോഴും കെടാതെയുള്ളിലുണ്ടാവും..

ആന്തരികമായി അവര്‍ അവരായി  നിലനില്‍ക്കും. ബാഹ്യാവതാരം പലപ്പോഴും പലരെയും അലോസരപ്പെടുത്തും..   നിലനില്‍പ്പിനായി  പല ട്രിക്കുകളും, അഭിനയവും, അരോഗന്‍സും, കൊടുക്കല്‍ വാങ്ങലുകളും ജീവിതത്തിലൂടെ കടന്ന് പോകുമ്പോള്‍ പുറമേയുള്ള ആള്‍ പരിണാമത്തിന്റെ മറ്റൊരു രൂപത്തിലെത്തിച്ചേരും.. അങ്ങനെ രൂപപ്പെട്ടുണ്ടാകുന്ന വ്യക്തിത്വത്തെ പെട്ടെന്ന് മനസ്സിലാക്കാന്‍ സമൂഹത്തിനാവില്ല... തിമിംഗലങ്ങളും, നക്രങ്ങളുമുള്ള  വന്‍സമുദ്രത്തിലകപ്പെടുന്ന, കാലത്തിനപ്പുറത്തേയ്ക്ക് വരെ ചിന്തിക്കാനാവുന്ന ബുദ്ധിയുടെ ഗ്രാഫുകള്‍ ശിരസ്സിലുള്ളവരെന്നറിയപ്പെടുന്ന എഴുത്തുകാര്‍ നിലനില്‍പ്പിന്റെ പാഠശാലകളില്‍ പഠിച്ചറിയുന്ന കാര്യങ്ങള്‍ അത്രയൊന്നും മനശ്ശാന്തിയുണ്ടാക്കുന്ന തത്വങ്ങളല്ല,  അവിടെ ഒരിക്കലും മനസ്സിലാക്കാനാവാത്ത ഇനിയും കണ്ടു പിടിക്കാനാവാാത്ത ക്വാണ്ടം മെക്കാനിക്‌സിന്റെയും, തമോഗര്‍ത്തത്തിന്റെയും, ദൈവകണത്തിന്റെയും അറിയപ്പെടാത്ത ചില സ്പാര്‍ക്കുകളും, ശൂന്യതലങ്ങളുമുണ്ട്..

പഴയ എഴുത്തിടമല്ല  ഇന്നുള്ളത്. ഉയരാനുള്ള തൃഷ്ണയില്‍, എഴുതാന്‍, അറിയപ്പെടാന്‍ അനേകം  സാഹിത്യസ്‌നേഹാന്വേഷികള്‍ രാപ്പകല്‍ യുദ്ധം ചെയ്യുന്ന ഒരിടമാണിന്നത് .  പഴയ  കാലത്തിന്റെ  ആമ്പല്‍പ്പൂ തടാകങ്ങളെക്കാള്‍, ഇടയന്‍ കാലി മേയ്ക്കുന്ന കാനനച്ചോലകളെക്കാള്‍ ആരും കാണാത്തതൊന്ന്, അറിയാത്തതൊന്ന് തേടി അതിസംഘര്‍ഷവുമായി നടന്ന് നീങ്ങുന്ന സൃഷ്ടിയുടെ പ്രണയിതാക്കളെയാണ് ഇന്ന്   കൂടുതലും കാണാനാകുന്നത്       .  അതിനാലാണ് മനസ്സിലെ നന്മയുടെ ആന്തരികതലത്തില്‍  നിന്ന്  ഒരെഴുത്തുകാരന്‍  സ്വര്‍ഗ്ഗത്തെപ്പോലൊരു മായികതയുണ്ടെങ്കിലും  കലാപങ്ങളുടെ കഠിനഭൂമിയായ  എഴുത്തിടങ്ങളില്‍ മറ്റൊരാളായി നമുക്കനുഭവപ്പെടുന്നത്..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക