Image

മരട് ഫ്ലാറ്റ് വിവാദം; നിര്‍മാതാക്കള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ഫ്ലാറ്റ് ഉടമകള്‍

Published on 17 September, 2019
മരട് ഫ്ലാറ്റ് വിവാദം; നിര്‍മാതാക്കള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ഫ്ലാറ്റ് ഉടമകള്‍

കൊച്ചി: മരട് ഫ്ലാറ്റ് നിര്‍മാതാക്കള്‍ക്കെതിരെ ജുഡിഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ഫ്ലാറ്റ് ഉടമകള്‍.

നീതി ലഭിച്ചില്ലെങ്കില്‍ ഫ്ലാറ്റ് നിര്‍മാതാക്കള്‍ക്കെതിരെ കോടതിയില്‍ പോകുമെന്നും മരട് ഭവന സംരക്ഷണ സമിതി അധ്യക്ഷന്‍ ഷംസുദീന്‍ കരുനാഗപ്പള്ളി പറഞ്ഞു.


ബാധ്യതകളില്‍ നിന്ന് ഫ്ലാറ്റ് നിര്‍മാതാക്കള്‍ക്ക് ഒഴിവാകാന്‍ സാധിക്കില്ലെന്നും അവര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്‍റെ പിന്നിലെ അഴിമതി വെളിച്ചത്ത് കൊണ്ടു വരാന്‍ സാധിക്കണം. വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.


വിവാദ ഫ്ലാറ്റ് നിര്‍മാതാക്കള്‍ക്ക് മരട് നഗരസഭ നല്‍കിയത് താല്‍കാലിക കെട്ടിട നമ്ബറായിരുന്നെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്തുവന്നിരിക്കുകയാണ്. പൂര്‍ണമായ അനുമതിയോടെയാണ് ഫ്ലാറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും നിയമാനുസൃതമായാണ് വില്‍പന നടത്തിയതെന്നുമുള്ള ഫ്‌ളാറ്റ് നിര്‍മാതാക്കളുടെ വാദം ഇതോടെ പൊളിഞ്ഞു.

ഫ്ലാറ്റ് നിര്‍മാതാക്കളായ ആല്‍ഫ വെഞ്ച്വേഴ്‌സിനും ജെയ്ന്‍ ഹൗസി൦ഗിനും മരട് നഗരസഭ നല്‍കിയത് യു.എ നമ്ബര്‍ മാത്രമാണെന്നാണ് പുറത്തുവന്ന രേഖകള്‍ വ്യക്തമാക്കുന്നത്.

അനധികൃതമായി നിര്‍മ്മിക്കപ്പെട്ട കെട്ടിടങ്ങള്‍ക്കാണ് യു.എ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. കോടതി ഉത്തരവ് വന്നാല്‍ ഒഴിയണമെന്നുള്ള ഉപാധിയോടെയാണ് രണ്ടു കമ്ബനികളുടെ ഫ്‌ളാറ്റുകള്‍ക്കും യു.എ നമ്ബര്‍ നല്‍കിയതെന്നുമാണ് സൂചന.


ഫ്ലാറ്റുകളുടെ അനുമതി സംബന്ധിച്ച കാര്യങ്ങള്‍ നിര്‍മ്മാതാക്കള്‍ വില്പന സമയത്ത് മറച്ചുവച്ചു എന്ന കാര്യം ഇതില്‍ നിന്നും വ്യക്തമാണ്‌. ഭൂമിയുടെ പേരിലുള്ള നിയമപരമായ പ്രശ്നങ്ങള്‍ക്കുള്ള ഉത്തരവാദിത്തം നിര്‍മ്മാതാക്കള്‍ക്കുതന്നെയാണ്. വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് ഇപ്പോള്‍ ഉടമകള്‍ പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക