Image

ബൈഡനും വാറനും ഒറൗര്‍കെയും കാസ്‌ട്രോയും മാധ്യമങ്ങളില്‍ (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 17 September, 2019
ബൈഡനും വാറനും ഒറൗര്‍കെയും കാസ്‌ട്രോയും മാധ്യമങ്ങളില്‍ (ഏബ്രഹാം തോമസ്)
ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളില്‍ ജനപിന്തുണയില്‍ മുന്നില്‍ നില്‍ക്കുന്നത് മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡനാണ്. പിന്തുണയില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകുന്നുണ്ടെങ്കിലും സ്ഥാനാര്‍ത്ഥികളില്‍ ഒന്നാമന്‍ ബൈഡനാണ്.

ബൈഡന്‍ ഇടയ്ക്കിടെ അയവിറക്കുന്ന സ്മരണകളിലെ പൊരുത്തക്കേടുകള്‍ പിന്തുണയെ ബാധിക്കുന്നില്ല. ഏറ്റവും പുതിയ കഥ 1962 ല്‍ ചോളവയലുകളില്‍ ഒരു ഗുണ്ടാസംഘത്തെ ഒറ്റയ്ക്ക് നേരിട്ടതാണ്. കഥ പുറത്തു വന്നതോടെ സത്യ വിരുദ്ധമാണെന്ന ആരോപണവും ഉണ്ടായി.

മൂന്നാം ഡിബേറ്റിനു ശേഷം ഹ്യൂസ്റ്റണ്‍ ബ്യൂമോണ്ടിലും ഫണ്ട് റെയ്‌സു നടത്തി. പൊതുയോഗങ്ങളില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് ഭരണത്തിന് ശേഷം രാജ്യത്തിന്റെ യശസ്സ് പുനഃസ്ഥാപിക്കുവാന്‍ തനിക്ക് കഴിയുമെന്ന് ബൈഡന്‍ പറഞ്ഞു. പ്രൈമറികളില്‍ ടെക്‌സസിന് നിര്‍ണ്ണായക പങ്ക് വഹിക്കാന്‍ കഴിയും. അതിനാല്‍ മറ്റ് സ്ഥാനാര്‍ത്ഥികളെപോലെ  ബൈഡനും ടെക്‌സസിന് വലിയ പ്രാധാന്യം നല്‍കുന്നു. ഏറ്റവും പുതിയ അഭിപ്രായ സര്‍വേ ബൈഡനെ ഒന്നാമതുംം പിന്നാലെ മാസച്യൂസ്റ്റ്‌സ് സെനറ്റര്‍ എലിസബെത്ത് വാറനെയും മൂന്നാം സ്ഥാനത്ത് മുന്‍ ടെക്‌സസ് ജനപ്രതിനിധി ബീറ്റോ ഒറൗര്‍കെയും പ്രതിഷ്ഠിക്കുന്നു.

രണ്ടാം സ്ഥാനത്ത് ഇപ്പോള്‍ നില്‍ക്കുന്ന വാറനെ വെര്‍മോണ്ട് സെനറ്റര്‍ ബേണി സാന്‍ഡേഴ്‌സിന്റെ നിഴലായാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. കാരണം രണ്ട് പേരും സോഷ്യലിസ്റ്റ് വാദഗതിക്കാരാണ്. സാന്‍ഡേഴ്‌സിനെ പോലെ എല്ലാവര്‍ക്കും മെഡികെയര്‍ ലഭ്യമാക്കണമെന്ന് വാറനും വാദിക്കുന്നു. എന്നാല്‍ സാന്‍ഡേഴ്‌സിന്റെ നിഴലില്‍ നിന്ന് താമസിയാതെ വാറന് പുറത്ത് വരേണ്ടിവരും. അപ്പോഴാണ് യഥാര്‍ത്ഥ അഗ്നിപരീക്ഷകള്‍ നേരിടേണ്ടി വരിക. ഒരു കോളേജ് പ്രൊഫസറായിരുന്ന വാറന്‍ അധ്യാപകര്‍ ക്ലാസ് എടുക്കുന്നത് പോലെയാണ് പൊതുവേദികളില്‍ സംസാരിക്കുന്നത്. നിര്‍ദേശിക്കുന്ന മെഡികെയര്‍ ഫോര്‍ ഓള്‍ എങ്ങനെ നടപ്പാക്കും ഇതിനാവശ്യമായ തുക എങ്ങനെ കണ്ടെത്തുമെന്നും ഇനിയും വിശദീകരിച്ചിട്ടില്ല.

'വീ ആര്‍ കമിംഗ് ആഫ്റ്റര്‍ യു ടുടേക്ക് യുവര്‍ എ ആര്‍ 15 ആന്റ് എകെ 47' എന്ന പ്രഖ്യാപനത്തോടെ ഒറൗര്‍കെ വലിയ കോളിളക്കം സൃഷ്ടിച്ചു. തോക്ക് നിരോധത്തിന്റെ വലിയ വക്താവായി ഒറൗര്‍കെ മാറി. ഇപ്പോള്‍ Hell, യേസ് വീയാര്‍ ഗോയിംഗ് റ്റു ടേക്ക് യുവര്‍ എ ആര്‍ 15 എന്ന് പ്രഖ്യാപിക്കുന്ന ടീഷര്‍ട്ടുകള്‍ 30 ഡോളറിന് വില്പനയ്ക്കുണ്ട്. ഒറൗര്‍കെ തന്ത്രപൂര്‍വ്വം തിരഞ്ഞെടുത്ത വിഷയം ഡെമോക്രാറ്റിക് പ്രൈമറികളിലും പ്രസിഡന്റ് തിരഞ്ഞെടുപ്പിലും വലിയ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പെടും.

നിര്‍ബന്ധിതമായി തോക്കുകള്‍ ഉടമകളില്‍ നിന്ന് വാങ്ങണമെന്ന നിര്‍ദ്ദേശത്തോട് അനുകൂലാഭിപ്രായം പുറപ്പെടുവിച്ചിട്ടുള്ളത് ബൈഡന്‍, സാന്‍ഡേഴ്‌സ്, വാറന്‍ എന്നിവരാണ്. ഇതൊരു നല്ല ആശയമാണെന്ന് സെന. കമല ഹാരിസ് പ്രതികരിച്ചപ്പോള്‍ മുന്‍ സെക്രട്ടറി ജൂലിയന്‍ കാസ്‌ട്രോയും മേയര്‍ പീറ്റ് ബട്ടീജിജും ഈ അഭിപ്രായത്തോട് യോജിച്ചു. മറ്റ് സ്ഥാനാര്‍ത്ഥികള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. തോക്കുകള്‍ക്ക് തങ്ങള്‍ ഉടമസ്ഥരായത് പ്രധാനമായും റാഞ്ചുകളിലെ വന്യമൃഗ ആക്രമണങ്ങള്‍ക്കും മൃഗയാ വിനോദത്തിനും ആണെന്ന് പലരും ന്യായീകരണം നടത്താറുണ്ട്. എന്നാല്‍ ആക്രമണ സജ്ജമായതും തുടരെ തിരകള്‍ ഉതിര്‍ക്കുവാന്‍ ശേഷിയുള്ള നരഹത്യ നടത്തുന്ന തോക്കുകള്‍ എന്തിനാണ് സ്വന്തമാക്കുന്നത് എന്ന ചോദ്യത്തിന് ഉത്തരമില്ല. അമേരിക്കന്‍ ഭരണഘടനയുടെ രണ്ടാം ഭേദഗതി തോക്കിന്റെ ഉടമസ്ഥാവകാശം ഉറപ്പു നല്‍കുന്നു എന്ന് വാദമുണ്ട്. എന്നാല്‍ ഈ അവകാശം എത്രമാത്രം ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന ചോദ്യത്തിന് ഉത്തരമില്ല.

നിര്‍ബന്ധമായി തോക്കുകള്‍ ഉടമകളില്‍ നിന്ന് തിരിച്ചു വാങ്ങാമോ എന്ന ചോദ്യത്തിന് സമ്മിശ്രപ്രതികരണമാണ് ലഭിച്ചതെന്ന് ക്വിന്നിപിയാക് യൂണിവേഴ്‌സിറ്റി പോള്‍ ഫലം പറയുന്നു. 46% നിര്‍ദ്ദേശത്തെ അനുകൂലിച്ചപ്പോള്‍ 49% പറഞ്ഞത് തോക്കുകള്‍ തിരിച്ചു വാങ്ങാന്‍ പാടില്ല എന്നാണ്. 71% ഡെമോക്രാറ്റിക അനുഭാവികള്‍ നിര്‍ദ്ദേശം അനുകൂലിച്ചപ്പോള്‍ 18% റിപ്പബ്ലിക്കന്‍ ചായ്വുള്ളവ.

തന്റെ രാഷ്ട്രീയ തന്ത്രജ്ഞതയുടെ ആവനാഴിയിലെ വളരെ ശക്തമായ ശരമാണ് പ്രസിഡന്റ് ബരാക്ക് ഒബാമയുടെ കീഴില്‍ സെക്രട്ടറി ആയിരുന്ന ജൂലിയന്‍ കാസ്‌ട്രോ ബൈഡന് നേരെ തൊടുത്തു വിട്ടത്. 76 കാരനായ ബൈഡന്‍ നിമിഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞത് മറന്നു എന്നാരോപിച്ചു കാസ്‌ട്രോ ബൈഡന് നേരെ വിരല്‍ ചൂണ്ടിയപ്പോള്‍ ഭരണത്തില്‍ ഉണ്ടായിരുന്ന കാസ്‌ട്രോയും ഇവ നേടുന്നതിന് ഒന്നും ചെയ്തില്ല എന്നൊരു പ്രത്യാരോപണത്തിന് സാധ്യത ഉണ്ടായിരുന്നു. ബൈഡനോ സ്‌റ്റേജില്‍ ഉണ്ടായിരുന്ന മറ്റാരെങ്കിലുമോ ഈ സാധ്യത മുതലെടുത്തില്ല. കാസ്‌ട്രോയുടെ കടന്നാക്രമണം ക്രൂരമായിപ്പോയി എന്ന് ചില മാധ്യമങ്ങള്‍ വിധിയെഴുതി. എന്നാല്‍ ഇത് നേട്ടങ്ങള്‍ക്ക് സാധ്യതയുള്ള ചുവടുവയ്പായി മറ്റു ചിലര്‍ വ്യാഖ്യാനിച്ചു. എന്തായാലും കാസ്്‌ട്രോയും മാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുകയാണ്. അടുത്ത അഭിപ്രായ സര്‍വേയില്‍ ജനസമ്മിതി ഉയരുമെന്ന് ചിലര്‍ കരുതുന്നു.

ബൈഡനും വാറനും ഒറൗര്‍കെയും കാസ്‌ട്രോയും മാധ്യമങ്ങളില്‍ (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക