Image

ഓണാഘോഷം : തലസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക്‌ ഉച്ചയ്‌ക്ക്‌ ശേഷം അവധി

Published on 16 September, 2019
ഓണാഘോഷം : തലസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക്‌ ഉച്ചയ്‌ക്ക്‌ ശേഷം അവധി
തിരുവനന്തപുരം : തിരുവനന്തപുരം നഗരത്തിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക്‌ ഉച്ചയ്‌ക്ക്‌ ശേഷം അവധി പ്രഖ്യാപിച്ചു. ഉച്ചയ്‌ക്ക്‌ മൂന്നു മണിക്ക്‌ ശേഷമാണ്‌ അവധി. 

പൊതുഭരണ വകുപ്പ്‌ സെക്രട്ടറിയാണ്‌ അവധി പ്രഖ്യാപിച്ചത്‌.
ഓണം വാരാഘോഷത്തിന്റെ സമാപനഘോഷയാത്ര നടക്കുന്നതിനെ തുടര്‍ന്നാണ്‌ അവധി.

ഓണം വാരാഘോഷ സമാപന പരിപാടികള്‍ നടക്കുന്നതിനാല്‍ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ ഇന്ന്‌ ഉച്ചക്ക്‌ 12 മണിക്ക്‌ ശേഷം അവധിയായിരിക്കുമെന്ന്‌ ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷണന്‍ അറിയിച്ചിട്ടുണ്ട്‌.

നഗരത്തില്‍ കനത്ത സുരക്ഷയാണ്‌ ഓണം ഘോഷയാത്രയോടനുബന്ധിച്ച്‌ ഒരുക്കിയിട്ടുള്ളത്‌. കനകക്കുന്നിലും പരിസരത്തുമായി 30 ഓളം ക്യാമറകളും സുരക്ഷയ്‌ക്കായി വിന്യസിച്ചിട്ടുണ്ട്‌. നിരീക്ഷണത്തിനായി പ്രത്യേക കണ്‍ട്രോള്‍ റൂമും സജ്ജീകരിച്ചിരിക്കുന്നു. 

നഗരത്തിനു പുറത്തുള്ള പ്രധാന വേദികളിലും പഴുതടച്ച സുരക്ഷ സംവിധാനം പൊലീസ്‌ ഒരുക്കും. ഇതിനായി 1500ഓളം പൊലീസ്‌ ഉദ്യോഗസ്ഥരെയാണ്‌ വിവിധ ഭാഗങ്ങളില്‍ നിയോഗിച്ചിരിക്കുന്നത്‌.

സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന്‌ സമാപനം കുറിച്ചുകൊണ്ട്‌ തിരുവനന്തപുരത്ത്‌ ഇന്ന്‌ വര്‍ണശബളമായ ഘോഷയാത്ര നടക്കും. വൈകിട്ട്‌ അഞ്ചിന്‌ വെള്ളയമ്‌ബലത്തു നിന്നാണ്‌ ഘോഷയാത്രയ്‌ക്കു തുടക്കമാകുന്നത്‌. 

ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍ ഘോഷയാത്ര ഫ്‌ലാഗ്‌ ഓഫ്‌ ചെയ്യും. നൂറോളം കലാരൂപങ്ങളാകും സാംസ്‌കാരിക ഘോഷയാത്രയില്‍ അണിനിരക്കുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക