Image

ജയന്‍ സിനിമകളും, ചാനല്‍ ചര്‍ച്ചകളും രൂപപ്പെടുത്തിയിരിക്കുന്ന മലയാളിയുടെ ബോധ മണ്ഡലങ്ങള്‍ (വെള്ളാശേരി ജോസഫ്)

Published on 15 September, 2019
ജയന്‍ സിനിമകളും, ചാനല്‍ ചര്‍ച്ചകളും രൂപപ്പെടുത്തിയിരിക്കുന്ന മലയാളിയുടെ ബോധ മണ്ഡലങ്ങള്‍ (വെള്ളാശേരി ജോസഫ്)
'ജയന്‍ സിനിമകളില്‍' കാണുന്നത് പോലെ നിക്കറിട്ട് സ്‌കോച്ച് നുണഞ്ഞിരിക്കുന്ന മുതലാളിമാരെ പോലെയാണ് നമ്മുടെ കോര്‍പ്പറേറ്റ് മുതലാളിമാരെന്നാണ് പല കമ്യൂണിസ്റ്റുകാരുടേയും ധാരണ!!! പഴയ മലയാളം സിനിമകളില്‍ ജോസ് പ്രകാശിനേയും, ഉമ്മറിനേയും, മറ്റ് മുതലാളിമാരേയും എസ്‌റ്റേറ്റ് മുതലാളിമാരായിട്ടും, ഫാക്റ്ററി മുതലാളിമാരായിട്ടും ഒക്കെ കാണാം.

ഈ മുതലാളിമാര്‍ക്കൊക്കെ ഒരു സ്ഥിരം ഇമേജുണ്ട്. അവര്‍ കുതിരപ്പുറത്ത് സഞ്ചരിക്കുന്നവരോ, ഗോള്‍ഫ് കളിക്കുന്നവരോ, ഇറക്കം കുറഞ്ഞ നിക്കറിട്ടവരോ ഒക്കെ ആയിരിക്കും. മദ്യം നുണഞ്ഞുകൊണ്ട് അവര്‍ ഇരിക്കുമ്പോള്‍ അടുത്ത്  'മിനി സ്‌കേര്‍ട്ടില്‍' കാണാന്‍ കൊള്ളാവുന്ന മാദകത്വം തുളുമ്പുന്ന ഒരു യുവതിയും ഇരിപ്പുണ്ടാവും. അല്‍പ്പ വസ്ത്രധാരിയായ യുവതിയും, മദ്യവും, ബംഗഌവിന്‍റ്റെ മുറ്റവും ഒക്കെ സൃഷ്ടിക്കുന്ന ഒരു പ്രത്യേക 'ഇമേജ്' എന്താണ്??? ഇവര്‍ തൊഴിലാളികളുടെ രക്തം ഊറ്റി കുടിക്കുന്ന ബൂര്‍ഷ്വാസികളാണെന്ന് പിന്നെ പ്രത്യേകിച്ച് പറയേണ്ട കാര്യമുണ്ടോ???? എസ്‌റ്റേറ്റ് ബംഗ്ലാവിലിരുന്ന് രാത്രി നല്ല തീറ്റയും, കള്ള് കുടിയുമൊക്കെ കഴിയുമ്പോള്‍ തൊഴിലാളികളുടെ കോളനിയിലേക്ക് പെണ്ണു പിടുത്തം ലക്ഷ്യമാക്കി പുറപ്പെടുന്ന മുതലാളിമാരേയും സൃഷ്ടിച്ചിട്ടുണ്ട് മലയാള സിനിമകള്‍. ഇത്തരം സിനിമകള്‍ ചെറുപ്പത്തിലും, ചോര തിളപ്പുള്ള യവ്വനത്തിലും കണ്ടിട്ടുള്ള മലയാളികളുടെ മനസ്സില്‍ കോര്‍പ്പറേറ്റ് വിരോധം വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ.

സത്യത്തില്‍ യഥാര്‍ത്ഥത്തിലുള്ള കോര്‍പ്പറേറ്റ് മുതലാളിമാരൊക്കെ ഇങ്ങനെയാണോ??? കള്ളില്‍ മുങ്ങി നടക്കുന്നവര്‍ക്ക് എങ്ങനെയാണ് ഒരു സ്ഥാപനം വിജയകരമായി നടത്തിക്കൊണ്ടുപോകുവാന്‍ സാധിക്കുന്നത്??? കള്ളു കുടിയും, പെണ്ണുപിടുത്തവും ഒക്കെയായി നടന്നാല്‍ സഹപ്രവര്‍ത്തകര്‍ ആരെങ്കിലും അത്തരക്കാരെ ബഹുമാനിക്കുമോ??? സഹ പ്രവര്‍ത്തകരുടെ ആദരവും, ബഹുമാനവും, സഹകരണവും കിട്ടാതെ എങ്ങെനെയാണ് ഒരു സ്ഥാപനത്തെ മുന്നോട്ട് നയിക്കാന്‍ സാധിക്കുക??? ഒരു സ്ഥാപനം ലാഭത്തിലാക്കാന്‍ കൂടെയുള്ളവരുടെ സഹകരണം അത്യന്താപേക്ഷിതമായ ഒന്നല്ലേ??? ഇതൊക്കെ എന്താണ് മലയാളി മനസ്സിലാക്കാത്തത് ??? അച്ചടക്കം ആവശ്യമുള്ള മേഖലകളിലുള്ളവരെ ഒക്കെ പുച്ഛിക്കുന്നത് മലയാളികളുടെ ഒരു സ്ഥിരം ശീലമായി കഴിഞ്ഞു. അതുകൊണ്ടാണെന്നാണ് തോന്നുന്നത് പട്ടാളക്കാര്‍ മലയാള സിനിമകളില്‍ സ്ഥിരം കോമഡിയന്മാരായി മാറുന്നത്.

ഇതു കൂടാതെ മലയാളികളുടെ മനസ്സില്‍ കോര്‍പ്പറേറ്റ് വിരോധം കുത്തിവെക്കുന്ന ചില മാധ്യമ പ്രവര്‍ത്തകരുമുണ്ട്. മലയാളികളുടെ മനസ്സില്‍ സ്ഥിരം കോര്‍പ്പറേറ്റ് വിരോധം കുത്തിവെക്കുന്നത് സിന്ധു സൂര്യകുമാറാണെന്നാണ് തോന്നുന്നത്. പുള്ളിക്കാരിയുടെ 'കവര്‍ സ്‌റ്റോറിയില്‍' ആഗോളവല്‍ക്കരണം, കമ്പോളവല്‍ക്കരണം, കോര്‍പ്പറേറ്റിസം എന്നൊക്കെ സ്ഥിരം കേള്‍ക്കാം. ഇതുപോലെ ചില മാധ്യമ പ്രവര്‍ത്തകരും, ചാനലുകാരുമാണ് മലയാളിയെ സ്ഥിരം കോര്‍പ്പറേറ്റ് വിരുദ്ധനാക്കുന്നത്. പിന്നെ ഒരു പി.ജെ. ജെയിംസ് ഉണ്ട്. ഊഹ കച്ചവടം എന്ന് സ്ഥിരമായി ചാനല്‍ ചര്‍ച്ചകളില്‍ പറയുന്ന ആള്‍. മലയാളികള്‍ക്കിടയില്‍ അങ്ങനെ ഒത്തിരി തലതിരിഞ്ഞവര്‍ ഉണ്ട്. മാധ്യമങ്ങളില്‍ ഉള്ളവര്‍; പ്രതേകിച്ച് നമ്മുടെ ചാനല്‍ മാധ്യമക്കാര്‍ കരുതുന്നത് അവര്‍ സര്‍വവിജ്ഞാനകോശങ്ങള്‍ ആണെന്നാണ്. ഇവര്‍ പാവം കാഴ്ചക്കാരേയും കേള്‍വിക്കാരേയും വഴിതെറ്റിക്കുയാണ് യഥാര്‍ഥത്തില്‍ ചെയ്യുന്നത്.

മലയാളം ചാനലുകളിലെ മിക്കവര്‍ക്കും മാന്യമായി ചര്‍ച്ചകള്‍ നടത്താന്‍ അറിയില്ല. ചാനല്‍ ചര്‍ച്ചകള്‍ നയിക്കുന്ന  മിക്കവരുടേയും പ്രകടനം തീര്‍ത്തും അരോചകമാണ്. ഒരു തവണ ഡല്‍ഹിയിലെ ബോംബ് സ്‌ഫോടനവും ആയി ബന്ധപ്പെട്ട് ഒരു മുതിര്‍ന്ന വനിതാ പോലീസ് ഉദ്യോഗസ്ഥ തത്സമയം വാര്‍ത്തയില്‍ സംസാരിച്ചപ്പോള്‍ വേണു ബാലകൃഷ്ണന്‍ അവരോട് തട്ടികേറിയത് ഇപ്പോഴും ഓര്‍മ്മിക്കുന്നു. ഒരു ബോംബ് പൊട്ടിയെന്നു വെച്ച് ഡല്‍ഹിയിലെ ക്രമ സമാധാന നില മൊത്തം തകര്‍ന്നു എന്നതല്ല അര്‍ഥം എന്ന് വനിതാ പോലീസ് ഉദ്യോഗസ്ഥ പറഞ്ഞപ്പോള്‍ വേണു അവരോട് നിങ്ങളൊക്കെ ഇത്ര ലഖുവായിട്ടാണൊ കാര്യങ്ങള്‍ കാണുന്നത് എന്ന് ചോദിച്ചു കൊണ്ട് അവരോട് തട്ടികേറി. പോലീസ് ഉദ്യോഗസ്ഥ പറഞ്ഞതല്ലേ അതിന്‍റ്റെ ശരി? ഒരു ബോംബ് പൊട്ടിയെന്നു കരുതി ഒന്നര കോടിയിലേറെ ജനങ്ങള്‍ അധിവസിക്കുന്ന ഒരു നഗരത്തിലെ ക്രമ സമാധാന നില തകര്‍ന്നു എന്നതാണോ അര്‍ഥം?

മലയാളത്തിലെ മാധ്യമ പ്രവര്‍ത്തകരില്‍ പലരും ഇരുപത്തൊന്നാം നൂണ്ടിലേക്കു കാലു കുത്തിയിട്ടില്ല എന്നത് ഇവരുടെ പ്രകടനങ്ങളില്‍ നിന്ന് മനസ്സിലാക്കാം. വേണു ബാലകൃഷ്ണന്‍ മാത്രമല്ല  മാത്രം അല്ല; വിനു വി.ജോണ്‍, ലല്ലു, സിന്ധു സൂര്യകുമാര്‍, ഷാജന്‍ സ്കറിയ   അങ്ങനെ തൊണ്ണൂറുകളിലെ മുന്‍ എസ്.എഫ്. ഐ. അനുഭാവികള്‍ മുഴുവന്‍ ഇപ്പോള്‍ മാധ്യമ രംഗത്ത് ആണ്. അതിന്‍റ്റെ കുഴപ്പം ഒത്തിരി ഉണ്ട്. സിന്ധു സൂര്യകുമാര്‍ ആഗോള വല്‍ക്കരണം, കമ്പോള വല്‍ക്കരണം, കോര്‍പറേറ്റിസം എന്നൊക്കെ പറയുമ്പോള്‍ തന്നെ അത് പഴയ എസ്. എഫ്. ഐ. ട്രെയിനിങ് ആണെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാക്കാം. ഏഷ്യാനെറ്റിലെ വിനുവാകട്ടെ, മാര്‍ക്‌സിസ്റ്റു സിദ്ധാന്തങ്ങളെ കുറിച്ച് വലിയ ഗൗരവത്തില്‍ ചര്‍ച്ച നടത്തും. ഇപ്പോള്‍ റഷ്യയിലും ചൈനയിലും വരെ ഈ സിദ്ധാന്തങ്ങളൊക്കെ ആര്‍ക്കും വേണ്ടാ. കേരളത്തിലെ മിക്ക മാധ്യമ പ്രവര്‍ത്തകര്‍ക്കും ആഗോള തലത്തില്‍ ഉണ്ടാകുന്ന സംഭവങ്ങളെ കുറിച്ചോ, ഫിനാന്‍സ് ക്യാപ്പിറ്റല്‍ അല്ലെങ്കില്‍ മോണിട്ടറി ഇക്കണോമിക്‌സിനെയോ കുറിച്ചോ വലിയ പിടിപാടൊന്നും ഇല്ല. ഒട്ടും അറിയില്ല എന്നാണു പലപ്പോഴും തോന്നിയിട്ടുള്ളത്. അത് കൂടാതെ മലയാളത്തിലെ അര്‍നാബ് ഗോസ്വാമി ആകാനും ചിലര്‍ ശ്രമിക്കുന്നു. അര്‍നാബ് ഗോസ്വാമിയെ പോലെ വക്കീലും, പ്രോസിക്യൂട്ടറും, ജഡ്ജും ആകാന്‍ പലരും ശ്രമിക്കുന്നു. കമ്യുണിസവും കോണ്‍ഗ്രസ്സ് വിരോധവും മാത്രമേ ഈ പല ചാനല്‍ പ്രവര്‍ത്തകര്‍ക്കും വശമുള്ളൂ.

ലോകത്തിലൊരിടത്തും മലയാളികളെ പോലെ കോര്‍പ്പറേറ്റ് വിരുദ്ധരെ കാണാന്‍ സാധിക്കില്ലെന്നാണ് പല രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുള്ള ഒരാള്‍ കുറച്ചു നാള്‍ മുമ്പ് സോഷ്യല്‍ മീഡിയയില്‍ കൂടി അഭിപ്രായപെട്ടത്. മലയാളി ഇന്ത്യയിലെ പല സ്ഥലങ്ങളിലും നിലനില്‍ക്കുന്ന നന്മകള്‍ കാണില്ല; അവയെ ആദരിക്കില്ല. വെറുതെ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ മാത്രമേ പലര്‍ക്കും താല്പര്യമുള്ളൂ. മലയാളികളില്‍ ചിലര്‍ക്ക് തീവ്ര മത ബോധവും, ഇടതു പക്ഷ വ്യാമോഹങ്ങളും, അരാജക സങ്കല്‍പ്പങ്ങളും ഉണ്ട്. അതും പല വിഷയങ്ങളിലുമുള്ള മലയാളികളുടെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാണ്.

കേരളത്തില്‍ ഉള്ളത് പോലെ 'അമേരിക്കന്‍ വിരുദ്ധര്‍' ലോകത്തെവിടെയെങ്കിലും ഉണ്ടോ? ഇല്ലെന്നാണ് തോന്നുന്നത്. അമേരിക്കന്‍ ബഹു രാഷ്ട്ര കുത്തകകളാണ് ലോകം മുഴുവന്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് ആയിരുന്നു ഇടതു പക്ഷക്കാര്‍ ഒരുകാലത്ത് വിശ്വസിച്ചിരുന്നതും പ്രചരിപ്പിച്ചിരുന്നതും.  ഇപ്പോള്‍ ചൈന ലോക വ്യാപാരത്തില്‍  മേല്‍കൈ നേടുമ്പോള്‍ ചൈനക്കെതിരെ അത്തരം ഒരു പ്രചാരണവുമില്ല എന്നത് ശ്രദ്ധേയമാണ്. ചൈനീസ് കമ്പനികളായ ഷവോമി, വാവേ, വണ്‍ പ്ലസ് വണ്‍, ജിയോനി  ഇങ്ങനെ അനേകം കമ്പനികള്‍ ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ മാര്‍ക്കറ്റ് അടക്കി വാഴുന്നു. ഇതൊന്നും നമ്മുടെ ഇടതു പക്ഷ അനുഭാവികളായ മാധ്യമ പ്രവര്‍ത്തകരും, അക്കാഡമിക്ക് വിദഗ്ധരും കാണില്ല.

മാര്‍ക്‌സിസ്റ്റ് പണ്ഡിതനായ പ്രൊഫസര്‍ പി. ജെ. ജെയിമ്‌സ് 'ഊഹ കച്ചവടം' എന്നു പറഞ്ഞു സാമ്പത്തിക രംഗത്ത് എന്തെങ്കിലും ഒരു 'െ്രെകസിസ്' ഉണ്ടാവുമ്പോള്‍ മലയാളം ടി. വി. ചര്‍ച്ചകളില്‍ നിറയാറുണ്ട്. ഈ ഇടതു പക്ഷക്കാര്‍ ഇത്രയും വലിയ കോലാഹലങ്ങള്‍ ഉണ്ടാക്കിയിട്ട് ഇവിടെ എന്തു സംഭവിച്ചു? 2008  ലെ അമേരിക്കന്‍ 'ഫിനാന്‍ഷ്യല്‍ െ്രെകസിസ്' ന്‍റ്റെ സമയത്ത് പ്രൊഫസര്‍ പി.ജെ.ജെയിമ്‌സ്  അടക്കം പലരും അമേരിക്കന്‍ ഡോളറിന്‍റ്റെ അന്ത്യം പ്രവചിച്ചു. എന്നിട്ട് എന്തായി? ഡോളര്‍ കൂടുതല്‍ ശക്തമായി. ലോക രാജ്യങ്ങള്‍ക്കു വിശ്വസിക്കാവുന്ന മറ്റൊരു ആള്‍ട്ടര്‍നേറ്റീവ് കറന്‍സി ഇപ്പോഴും ലോകത്തില്‍ ഇല്ല.

അമേരിക്ക ലോകത്തിലെ വന്‍ശക്തിയായത് ജപ്പാന്‍റ്റെ പേള്‍ ഹാര്‍ബര്‍ ആക്രമണത്തിന് ശേഷമാണ്. രണ്ടാം ലോക മഹായുദ്ധ കാലത്ത് അവരുടെ 'മെയിന്‍ലാന്‍ഡ്' ആക്രമിക്കപ്പെടാതെ തന്നെ ഉല്‍പ്പാദനം വളരെ വലിയ തോതില്‍ കൂട്ടാന്‍ അമേരിക്കക്ക് സാധിച്ചു. സോവിയറ്റ് യൂണിയനും ലോക വന്‍ശക്തി ആയത് ഇങ്ങനെ ഒക്കെ തന്നെ.പക്ഷെ സോഷ്യലിസ്റ്റ് സമ്പത് വ്യവസ്ഥ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഉല്‍പ്പാദന ശക്തികളെ പുറകോട്ടടിച്ചപ്പോള്‍ സംരഭകത്ത്വത്തിലൂടെയും, സ്വാതന്ത്ര്യത്തിലൂടെയും അമേരിക്ക മുന്നേറി. ഇതാണ് 'അമേരിക്കന്‍ ഡ്രീം' എന്ന് പറയുന്നത്. പലരും ഇത് മനസിലാക്കുന്നതേ ഇല്ലാ. എണ്ണയുടെ കാര്യത്തിലും, ഡോളറിന്‍റ്റെ മേധാവിത്ത്വത്തിനും, തങ്ങളുടെ താല്‍പര്യങ്ങള്‍ക്കും വേണ്ടി അമേരിക്കന്‍ സൈന്യവും ഇന്‍റ്റലിജന്‍സ് ഏജന്‍സികളും ലോകത്തിന്‍റ്റെ പല ഭാഗങ്ങളിലും ഇടപെട്ടിട്ടുണ്ട് എന്നുള്ള കാര്യം ശരി തന്നെയാണ്. പക്ഷെ ഇതൊന്നുമല്ല അമേരിക്കയുടെ യഥാര്‍ത്ഥത്തിലുള്ള ശക്തി. ലോകത്തെ ഏറ്റവും പ്രസിദ്ധമായ യൂണിവേഴ്‌സിറ്റികളായ ഹാര്‍വാഡ്, യെയില്‍, കൊളംബിയ, കോര്‍ണല്‍, മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ടെക്‌നോളജി  ഇതൊക്കെ അമേരിക്കയിലാണ്. ഏറ്റവും വലിയ ഗവേഷണ കേന്ദ്രങ്ങളും അമേരിക്കയില്‍ തന്നെ. ഗവേഷണ ഫലങ്ങളില്‍ നിന്നുള്ള 'പേറ്റന്‍റ്റ്' വിറ്റു കിട്ടുന്ന പണം അമേരിക്കന്‍ സമ്പദ് വ്യവസ്ഥക്ക് വലിയൊരു മുതല്‍ കൂട്ടാണ്. ഡിജിറ്റല്‍ ടെക്‌നോളജി വന്നപ്പോള്‍ മൈക്രോസോഫ്റ്റ്, ഗൂഗിള്‍, യാഹൂ, ഫെയിസ്ബുക്  ഇവയെല്ലാത്തിന്‍റ്റെയും കേന്ദ്ര സ്ഥാപനങ്ങളും അമേരിക്കയില്‍ തന്നെയാണ് ഉണ്ടായത്. ഏറ്റവും വലിയ ഓണ്‍ലയിന്‍ വ്യാപാരമായ ആമസോണ്‍  ന്‍റ്റെ കേന്ദ്ര സ്ഥാപനവും അമേരിക്കയില്‍ തന്നെ. ഏറ്റവും വലിയ മിലിട്ടറി ഇന്‍ഡസ്ട്ട്രിയല്‍ കോമ്പ്‌ലെക്‌സുകളും അമേരിക്കയിലാണ്. ഇവയെ ഒക്കെ സംരക്ഷിക്കുന്ന നിയമ വ്യവസ്ഥയും, ഇവക്കൊക്കെ പ്രവര്‍ത്തിക്കുവാനുള്ള സ്വാതന്ത്ര്യവും അമേരിക്കയിലുണ്ട്. അതുകൊണ്ട് ലോകം മുഴുവന്‍ ഉള്ള  'ടാലന്‍റ്റ്' അമേരിക്കയിലേക്ക് ഒഴുകുന്നു. ഹോളിവുഡിലെ വിദഗ്ധരേയും, ആല്‍ബര്‍ട്ട് അയിന്‍സ്റ്റിന്‍ അടക്കമുള്ള ലോകത്തിലെ പ്രതിഭകളേയും  ആകര്‍ഷിക്കുന്ന പ്രവര്‍ത്തനാ സ്വാതന്ത്ര്യമാണ് അമേരിക്കയുടെ കരുത്ത്. ഇത്രയധികം നോബല്‍ സമ്മാന ജേതാക്കളെ സൃഷടിച്ച മറ്റൊരു രാജ്യമുണ്ടോ?

പക്ഷെ ഇതൊന്നും മലയാളിയോട് പറഞ്ഞിട്ട് കാര്യമില്ല. ഇടതു പക്ഷ സംസ്കാരം രൂപപ്പെടുത്തിയ ഇരുപതാം നൂറ്റാണ്ടിലെ ഉത്തരാര്‍ദ്ധം മുതല്‍ക്ക് മലയാളികളില്‍ വളരെപ്പെര്‍ക്ക് ഉള്ള ഒരു ശിലമാണ് അമേരിക്കയെ ചിത്ത വിളിക്കുക എന്നത്. ഇതെല്ലാം ഇവര്‍ ഒരു അനുഷ്ഠാനം പോലെ ആചരിക്കുകയാണ്.  അമേരിക്ക നമ്മുടെ ഇടതുപക്ഷക്കാര്‍ക്ക്  മുതലാളിത്ത രാജ്യം മാത്രമല്ല; സാമ്രാജ്യത്വ രാജ്യവും ആണ്.  സോവിയറ്റ് യുണിയന്‍ ഉണ്ടായിരുന്നപ്പോള്‍ അമേരിക്ക ബുര്‍ഷ്വാസികളുടെ  ഈറ്റില്ലവും  സോവിയറ്റ് യുണിയന്‍ പൊരുതുന്ന തൊഴിലാളിവര്‍ഗത്തിന്‍റ്റെ പാളയവും ആയിട്ടു വേര്‍തിരിച്ചു കാണുമായിരുന്നു. അത്തരം കാഴ്ചപാടുകളൊക്കെ ലോകത്തൊരിടത്തും ഇന്ന് കാണുവാന്‍ ഇല്ലാ. പക്ഷെ മലയാളിയോട് അതൊന്നും ഇനിയും മനസിലാക്കിയിട്ടില്ല. കാരണം പണ്ട് ജയന്‍ സിനിമകള്‍ സൃഷ്ടിച്ച തൊഴിലാളി വര്‍ഗ്ഗത്തോടുള്ള ആവേശം ഇപ്പോഴും മലയാളിയുടെ ബോധമണ്ഡലത്തില്‍ ഉണ്ട്. അന്നത്തെ തൊഴിലില്ലായ്മയും, യുവാക്കളുടെ അപകര്‍ഷതാബോധവും ഒക്കെ ജയനെ പോലൊരു സൂപ്പര്‍ സ്റ്റാറിനെ സൃഷ്ടിച്ചു എന്നേ പറയാന്‍ സാധിക്കൂ. അങ്ങാടിയില്‍ ജയന്‍ ഇംഗ്ലീഷ് പറയുന്ന സീനൊക്കെ സൂപ്പര്‍ ഹിറ്റായത് അന്ന് പല ചെറുപ്പക്കാര്‍ക്കും ഇംഗ്ലീഷ് പറയാന്‍ അറിയാന്‍ വയ്യാതിരുന്നത് കൊണ്ടാണ്. അപ്പോള്‍ തങ്ങളുടെ ഹീറോ ഇംഗ്ലീഷ് പറയുമ്പോള്‍ ജനം ആവേശത്തോടെ കയ്യടിക്കും. പക്ഷെ ഇന്ന് ജയനെ പോലുള്ളവരുടെ ഹീറോയിസം ജനസമ്മിതി നേടുമോ എന്നുള്ള കാര്യം സംശയമാണ്. പക്ഷെ ഇന്നും 'മുതലാളിയുടെ ചട്ടുകങ്ങള്‍' എന്നുള്ള പഴയ ജയന്‍ ഡയലോഗ് മലയാളികളില്‍ ചിലര്‍ക്കെങ്കിലും ആവേശം പകരുന്നുണ്ടാവാം. അതായിരിക്കാം മുതലാളിത്തത്തോടുള്ള മലയാളികളുടെ ഒടുങ്ങാത്ത വിരോധത്തിന്‍റ്റെ പിന്നില്‍!!!

ഇന്നു നിലവിലില്ലാത്ത സോഷ്യലിസ്റ്റ് സാമ്പത്തിക ക്രമത്തേയും, അതില്‍ നിന്നു ആവേശം ഉള്‍ക്കൊള്ളുന്നവരുമൊക്ക ചരിത്രത്തിന്‍റ്റെ ചങ്ങലക്കണ്ണികളില്‍ സ്വയം ബന്ധിക്കപെട്ടരാണ്. ഇവര്‍ക്ക് ലോകത്തിലെ മാറ്റങ്ങള്‍ ഒന്നും ബാധകമല്ല. സോവിയറ്റ് യുണിയന്‍ ചരിത്രത്തിന്‍റെ ചവറ്റുകുട്ടയില്‍ വിസ്മൃതമായപ്പോള്‍ ഇവിടത്തെ സ്വപ്നാടകക്കാര്‍ പിന്നെ നോക്കിയത് ചൈനയിലേക്ക് ആയിരുന്നു.  "മധുര മനോജ്ഞ മഞ്ജുള ചൈന" എന്ന് വിശ്വസിച്ചു നടന്നവര്‍ അവിടെ പുത്തന്‍ ജനാധിപത്യത്തിന്‍റ്റെ ഉദയം നോക്കി നിന്നവരാണ്. മാവോയുടെ 'ജനാധിപത്യ സങ്കല്‍പ്പങ്ങള്‍' എന്നുള്ളത് ഇന്ത്യയിലേയും കേരളത്തിലേയും നക്‌സലൈറ്റുകാര്‍ക്ക് ആവേശം പകര്‍ന്നു. പക്ഷെ "പുച്ച കറുത്തതോ വെളുത്തതോ ആകട്ടെ; അത് എലിയെ പിടിച്ചാല്‍ മതിയെന്നാണ്" മാവോയ്ക്ക് ശേഷം വന്ന ചൈനീസ് നേതാവായ ഡെങ് സിയാവോ പിങ്ങിന്‍റ്റെ സിദ്ധാന്തം. പരിപുര്‍ണ്ണമായ ഏക പാര്‍ട്ടി ഏകാധിപത്യവും എന്നാല്‍ അമേരിക്കന്‍ സാമ്രാജ്യത്ത്വ സാബത്തിക വ്യവസ്ഥയെ മറികടക്കുന്ന മുതലാളിത്ത നയങ്ങളും, അടിച്ചമര്‍ത്തലുകളും ഉള്ള ഒരു ചൈനയുടെ ആശയ അടിത്തറ  പഴയ ഹാന്‍ സാമ്രാജ്യത്ത്വത്തില്‍ നിന്നും ഉത്തേജനം ഉള്‍കൊണ്ട തിവ്ര ദേശിയതയാണ്. ഒപ്പം കണ്‍ഫ്യുഷ്യന്‍ പ്രായോഗികതയും ചൈനക്ക് സ്വന്തമായുണ്ട്. അതുകൊണ്ട് ചൈനക്ക് ഇന്ന് സാമ്പത്തിക വളര്‍ച്ചയുണ്ടാകുന്നു. ചൈനക്ക് ഇപ്പോള്‍ ലോകത്തിന്‍റ്റെ പല ഭാഗങ്ങളിലും മിലിറ്ററി ബെയ്‌സുകള്‍ ഉണ്ട്. അതും ഇന്ത്യയിലെ പല ഇടതുപക്ഷക്കാരും കാണുന്നില്ല.

മലയാളികളില്‍ ചിലര്‍ ഇന്നും ഇടതുപക്ഷ വ്യാമോഹങ്ങള്‍ക്ക് അടിമപ്പെട്ടവരാണ്. നമ്മുടെ ഇടതുപക്ഷക്കാര്‍ക്ക് സുന്ദര വാഗ്ദാനങ്ങളൊക്കെ മലയാള സിനിമകളിലൂടെയും, സാഹിത്യത്തിലൂടെയും, ലേഖനങ്ങളിലൂടെയും കൂടി കൊടുക്കുവാന്‍ സാധിക്കുന്നത് മലയാളികള്‍ക്കിടയിലുള്ള ഇടതു പക്ഷ വ്യാമോഹം കൊണ്ടെക്കെയാണ്. വിദേശത്തോ, അന്യ സംസ്ഥാനങ്ങളിലോ നല്ല ശമ്പളവും, ആധുനിക സൗകര്യങ്ങളുമൊക്കെ കിട്ടി കഴിയുമ്പോഴും രാത്രി രണ്ടു പെഗ്ഗും വീശി, പരദൂഷണവും പറഞ്ഞു വിപ്ലവ തത്വശാസ്ത്രങ്ങളൊക്കെ അയവിറക്കാന്‍ ഇന്നും മലയാളിയെ പ്രേരിപ്പിക്കുന്നത് പഴയ ഇടതു പക്ഷ കാല്‍പ്പനിക മോഹങ്ങളാണ്. ഇന്നും പല മലയാളികളും ജീവിക്കുന്നത് സമത്ത്വ സുന്ദര ഭൂമി സ്വപ്നം കണ്ടു കൊണ്ടല്ലേ??? വിപ്ലവ പോസ്‌റ്റൊക്കെ ഫെയിസ് ബുക്കിലിട്ട്, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റ്റെ കവിതയും, കടമ്മനിട്ടയുടെ 'കുറത്തിയും' പാടി ജീവിക്കുന്ന മലയാളികള്‍ ഇപ്പോഴുമുണ്ട്!!! ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും കമ്യൂണിസ്റ്റ് വിപ്ലവ മോഹങ്ങളും, സമത്വ സുന്ദര ഭൂമിയുമൊക്കെ വാഗ്ദാനം ചെയ്യുന്നവരെ മലയാളികള്‍ക്കിടയില്‍ ഇപ്പോഴും കാണാവുന്നതും ഒരുപക്ഷെ ചെറുപ്പത്തില്‍ കണ്ട 'ജയന്‍ സിനിമകളുടെ' ഒക്കെ ആവേശം ചോര്‍ന്നു പോകാത്തത് കൊണ്ടായിരിക്കാം!!!

(ലേഖകന്‍ ഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിറ്റിയുട്ട് ഓഫ് ലേബര്‍ ഇക്കണോമിക്ക്‌സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്‍റ്റിലെ അസിസ്റ്റന്‍റ്റ് ഡയറക്ടറാണ്.  ആനുകാലികങ്ങളില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക