Image

9/11 ആക്രമണം: സൗദി ഉദ്യോഗസ്ഥന്റെ പേര് ഉടന്‍ വെളിപ്പെടുത്തുമെന്ന് എഫ്ബിഐ

Published on 15 September, 2019
9/11 ആക്രമണം: സൗദി ഉദ്യോഗസ്ഥന്റെ പേര് ഉടന്‍ വെളിപ്പെടുത്തുമെന്ന് എഫ്ബിഐ
വാഷിങ്ടന്‍: യുഎസില്‍ 2001 സെപ്റ്റംബര്‍ 11 ന് നടന്ന ഭീകരാക്രമണവുമായി ബന്ധമുണ്ടെന്നു കരുതുന്ന സൗദി ഉദ്യോഗസ്ഥന്റെ പേര് ഉടന്‍ വെളിപ്പെടുത്തുമെന്ന് നീതിന്യായ വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. കേസിന്റെ അസാധാരണ പശ്ചാത്തലവും ഇരകളുടെ കുടുംബാംഗങ്ങളുടെ സമ്മര്‍ദവും മൂലമാണ് പേര് വെളിപ്പെടുത്തുന്നതെന്നു ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും (എഫ്ബിഐ) വ്യക്തമാക്കി. അല്‍ ഖായിദയുമായി ബന്ധവുമില്ലെന്ന് ആവര്‍ത്തിച്ചിരുന്ന സൗദിക്കു ഈ നീക്കം തലവേദനയാകും.

ആക്രമണത്തിനു നേതൃത്വം നല്‍കിയ അല്‍ ഖായിദ ഭീകരര്‍ യുഎസില്‍ എത്തിയശേഷം സഹായം നല്‍കിയ 3 സൗദി ഉദ്യോഗസ്ഥരുടെ പേര് എഫ്ബിഐ പരാമര്‍ശിച്ചിരുന്നു. അതില്‍ 2 പേരുടെ പേര് അക്കാലത്തു തന്നെ പുറത്തുവിട്ടു. വിമാനങ്ങള്‍ തട്ടിയെടുത്ത് വേള്‍ഡ് ട്രേഡ് സെന്റര്‍, പെന്റഗണ്‍, വൈറ്റ്ഹൗസ് തുടങ്ങിയവ ആക്രമിക്കുക എന്ന പദ്ധതിയുമായി എത്തിയ 19 പേരില്‍ 15 ഉം സൗദി സ്വദേശികളാണ് എന്നാണ് കണ്ടെത്തല്‍. മൂവായിരത്തോളം പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇവരുടെ കുടുംബാംഗങ്ങള്‍ നഷ്ടപരിഹാരം തേടി സൗദി സര്‍ക്കാരിനെതിരെ കേസ് നല്‍കിയിട്ടുണ്ട്.

2002 ലെ റിപ്പോര്‍ട്ടില്‍ ഭീകരര്‍ക്കു സൗദി ഉദ്യോഗസ്ഥര്‍ വഴി പണം ലഭിച്ചതായി കണ്ടെത്തിയിരുന്നു. ഇതില്‍ 2 പേരെങ്കിലും സൗദി രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരാണെന്നും വ്യക്തമായി. മൂന്നാമന്റെ പേര് എന്നു വെളിപ്പെടുത്തുമെന്ന് അറിയിച്ചിട്ടില്ല. ആദ്യം കോടതിയിലാകും നല്‍കുക. ആക്രമണവുമായി ഇയാള്‍ക്കു നേരിട്ടു ബന്ധമില്ലെന്നാണ് സൂചന. സൗദി രാജകുടുംബവുമായി ബന്ധമുള്ളയാളാണെന്നു നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക