Image

മരട് ഫ്ലാറ്റുകളുടെ കാര്യത്തില്‍ തങ്ങള്‍ക്ക് ഇനി ഉത്തരവാദിത്തമില്ലെന്ന് നിർമ്മാതാക്കൾ

Published on 15 September, 2019
മരട് ഫ്ലാറ്റുകളുടെ കാര്യത്തില്‍ തങ്ങള്‍ക്ക് ഇനി ഉത്തരവാദിത്തമില്ലെന്ന് നിർമ്മാതാക്കൾ

മരട് ഫ്ലാറ്റ് പ്രശ്നത്തിൽ കൈകഴുകി ഫ്ലാറ്റ് നിർമ്മാതാക്കൾ നഗരസഭയ്ക്ക് കത്ത് നൽകി. നിയമാനുസൃതം വിൽപ്പന നടത്തിയ ഫ്ലാറ്റുകളിൽ ഇനി തങ്ങൾക്ക്  ഉത്തരവാദിത്വമില്ലെന്നാണ് ഫ്ലാറ്റ് നിർമ്മാതാക്കളുടെ നിലപാട്. ഫ്ലാറ്റുകൾ ഒഴിഞ്ഞുപോകാനുള്ള കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് നിർമ്മാതാക്കളുടെ കൈമലർത്തൽ. ഫ്ലാറ്റുകൾ ഒഴിപ്പിക്കുന്നതിൽ ഉടമകൾ സഹകരിക്കുന്നില്ലെന്നും സർക്കാർ തുടർന്നപടിയെടുക്കണമെന്നും ചൂണ്ടികാട്ടി നഗരസഭയും കത്ത് നൽകി.

സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിന്‍റെ ഭാഗമായി ഫ്ലാറ്റുകളിലെ താമസക്കാരോട് അഞ്ച് ദിവസത്തിനകം ഒഴിഞ്ഞുപോകണമെന്നായിരുന്നു മരട് നഗരസഭ നോട്ടീസ്. പല ഫ്ലാറ്റ് ഉടമകളും നോട്ടീസ് കൈപ്പറ്റാത്തതിനാൽ കെട്ടിടത്തിന് മുകളിൽ പതിക്കുകയായിരുന്നു നഗസഭ സെക്രട്ടറി. ഈ നോട്ടീസിനുള്ള മറുപടിയിലാണ് പാർപ്പിട സമുച്ഛയത്തിന്‍റെ നിർമ്മാതാക്കൾ കൈമലർത്തുന്നത്.   ഫ്ലാറ്റുകൾ നിയമാനുസൃതം ഉടമകൾക്ക് വിറ്റതാണ്. പദ്ധതിയുമായി നിലവിൽ തങ്ങൾക്ക് ബന്ധമില്ല. ഉടമകൾ തന്നെയാണ് നികുതി അടക്കുന്നത്. നഗരസഭ പിന്നെ എന്തിന് നോട്ടീസ് നൽകിയെന്നാണ് നിർമ്മാതാക്കളുടെ ചോദ്യം. 

ഫ്ലാറ്റ് പൊളിക്കാനുള്ള സുപ്രീംകോടതിയുടെ അന്തിമ വിധിയിൽ നിയമലംഘനം നടത്തിയ കെട്ടിടമുടമകളിൽ നിന്ന് ഫ്ലാറ്റിലെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം ഈടാക്കാമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനിടയിലാണ് നിർമ്മാതാക്കളുടെ കൈയ്യൊഴിയൽ. ഫ്ലാറ്റ് ഒഴിപ്പിക്കുമ്പോൾ 343 കുടുംബങ്ങളിലായി 1472 പേരെ പുനരധിവസിപ്പിക്കേണ്ടിവരുമെന്ന് മരട് നഗസരഭ ജില്ലാ കളക്ടർക്ക് കത്ത് നൽകി. ഒഴിപ്പിക്കലുമായോ കണക്കെടുപ്പിലോ കുടുംബങ്ങൾ സഹകരിക്കുന്നില്ല. അതിനാൽ തുടർനടപടി എങ്ങനെ വേണമെന്ന് സർക്കാർ നിർദ്ദേശിക്കണമെന്നും നഗരസഭ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനിടെ, ഒഴിപ്പിക്കലിനെതിരായി കുടുംബങ്ങൾ ഫ്ലാറ്റുകൾക്ക് മുന്നിൽ റിലേ സത്യാഗ്രഹം തുടങ്ങി. കെട്ടിടം നിർമ്മാതാക്കൾ കൈയ്യൊഴിഞ്ഞാലും ഫ്ലാറ്റുകൾ വിട്ടുപോകില്ലെന്ന നിലപാടാണ് ഉടമകൾക്ക്. അതേസമയം, ഫ്ലാറ്റ് ഉടമകൾക്ക് പിന്തുണയുമായി ഇന്നും രാഷ്ട്രീയ നേതാക്കൾ എത്തി. സിപിഎം കേന്ദ്രകമ്മിറ്റി അംഗം പികെ ശ്രീമതി അടക്കമുള്ളവരാണ് ഇന്ന് എത്തിയത്. കുടിയൊഴിപ്പിക്കൽ ചോദ്യം ചെയ്ത് നാളെ ഫ്ളാറ്റ് ഉടമകൾ ഹൈക്കോടതിയിയെയും സമീപിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക