Image

മരട് ഫ്‌ളാറ്റുടമകള്‍ക്ക് സംരക്ഷണം, നിയമലംഘകര്‍ക്ക് ശിക്ഷയും (ശ്രീനി)

Published on 13 September, 2019
മരട് ഫ്‌ളാറ്റുടമകള്‍ക്ക് സംരക്ഷണം, നിയമലംഘകര്‍ക്ക് ശിക്ഷയും (ശ്രീനി)
കൊച്ചിയിലെ മരട് നഗരസഭാ പരിധിയില്‍ തീരദേശ നിയമം ലംഘിച്ച് നിര്‍മിച്ച ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കണമെന്ന സുപ്രീം കോടതി ഉത്തരവ് വലിയ ആവാസ വിവാദമായിരിക്കുകയാണ്. കിടപ്പാടം ഒഴിഞ്ഞു പോകാന്‍ ഫ്‌ളാറ്റുകളില്‍ നോട്ടീസ് പതിപ്പിച്ചിരിക്കെ വികാരനിര്‍ഭരവും അത്യന്തം പ്രതിഷേധ സൂചകവുമായ രംഗങ്ങള്‍ക്കാണിവിടം സാക്ഷ്യം വഹിക്കുന്നത്. ഫഌറ്റുകള്‍ ഒഴിയാനുള്ള കാലാവധി നാളെ (സെപ്റ്റംബര്‍ 14) അവസാനിക്കെ ഒഴിഞ്ഞുപോകില്ലെന്ന് ഫഌറ്റ് ഉടമകള്‍ വ്യക്തമാക്കിയിരിക്കുന്നു. അഞ്ച് ദിവസത്തിനുള്ളില്‍ ഫഌറ്റുകള്‍ ഒഴിയണമെന്നാണ് മരട് നഗരസഭയുടെ നോട്ടീസ്. ഈ കാലാവധിയാണ് സെപ്റ്റംബര്‍ 14ന് അവസാനിക്കുന്നത്. തിരുത്തല്‍ ഹര്‍ജിയുമായി ഫ്‌ളാറ്റുടമകള്‍ സുപ്രീം കോടതിയെ വീണ്ടും സമീപിച്ചിട്ടുണ്ട്. പുനപരിശോധനാ ഹര്‍ജി നേരത്തേ തള്ളിയതിനാല്‍ അവസാനമാര്‍ഗമെന്ന നിലയ്ക്കാണ് തിരുത്തല്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ഗോള്‍ഡന്‍ കായലോരം അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരാണ് തിരുത്തല്‍ ഹര്‍ജി നല്‍കിയത്. ഇതര ഫ്‌ളാറ്റുകളിലെ താമസക്കാരെല്ലാം ഇമെയിലായി രാഷ്ട്രപതിക്ക് സങ്കടഹര്‍ജി അയക്കാനും തുടങ്ങി. പൊളിച്ച് നീക്കണമെന്ന കടുംപിടുത്തത്തില്‍ സുപ്രീം കോടതി നിലനില്‍ക്കുമ്പോള്‍ കിടപ്പാടം ഇല്ലാതായാല്‍ ജീവനൊടുക്കുമെന്നാണ് കഴിഞ്ഞ ദിവസം ഫ്‌ളാറ്റ് ഉടമകള്‍ പറഞ്ഞത്.

""നിങ്ങള്‍ പൊളിച്ചുകളഞ്ഞോളൂ. പക്ഷെ അതിന് മുമ്പ് ഞങ്ങള്‍ക്കുള്ള കല്ലറയും ഒരുക്കണം. ഞങ്ങളെ കൊന്നിട്ടേ ഇത് പൊളിക്കാന്‍ പറ്റൂ. അല്ലാതെ കിടപ്പാടം പൊളിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ബലാത്കാരമായി പൊളിക്കാനാണ് വരുന്നതെങ്കില്‍ ആത്മഹത്യകളാവും നിങ്ങളുടെ മുന്നില്‍. ഇത് ഭീഷണിയല്ല, മുന്നറിയിപ്പുമല്ല. ഞങ്ങളുടെ അവസ്ഥ അതാണ്. ഇനി ആത്മഹത്യ നിങ്ങള്‍ക്ക് ഒരു പ്രശ്‌നമല്ലെങ്കില്‍ ഞങ്ങളുടെ ശവസംസ്ക്കാരത്തിനുള്ള സംവിധാനങ്ങള്‍ നിങ്ങള്‍ക്ക് ഒരുക്കാം...'' ഒരു ഫ്‌ളാറ്റുടമയുടെ പ്രതികരണമിങ്ങനെ.~""ജീവിതത്തിലെ  അവസാനഘട്ടത്തിലൂടെ കടന്ന് പോവുന്നവരാണ് ഫ്‌ളാറ്റിലുള്ള പലരും. ജീവിത സമ്പാദ്യങ്ങളല്ലാം ചേര്‍ത്ത് ഫഌറ്റ് വാങ്ങിയവരാണ് അതില്‍ എഴുപത് ശതമാനവും. വിദേശത്ത് പോയും, ജോലി ചെയ്തും സമ്പാദിച്ച പണവും സ്വത്തും എല്ലാം ഇതില്‍ നിക്ഷേപിച്ചവര്‍. ഇത് പോയാല്‍ അവര്‍ക്ക് വേറെ വഴിയില്ല. ഇനി സമ്പാദിക്കാനുള്ള വഴിയുമില്ലാത്തവരാണ് അധികവും. അവരെ സംബന്ധിച്ച് കായലില്‍ ചാടി ആത്മഹത്യ ചെയ്യുക എന്ന വഴിയേ മുന്നിലുള്ളൂ. വിദേശത്ത് ജോലി ചെയ്യുന്നവരുടെ ആയുഷ്ക്കാല സമ്പാദ്യമാണിത്. ഫ്‌ളാറ്റ് പൊളിക്കുകയാണെങ്കില്‍ തന്റെ മൃതദേഹം വിദേശത്ത് നിന്ന് നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ചെയ്യണമെന്നാണ് ഒരു സ്ത്രീ ആവശ്യപ്പെട്ടിരിക്കുന്നത്...'' ഇപ്രകാരമുള്ള വൈകാരിക പ്രതികരണങ്ങളും പ്രതിഷേധ ശബ്ദങ്ങളും കണ്ണീരും എല്ലാം നഷ്ടപ്പെടുന്നവരുടെ തേങ്ങലും നിലയ്ക്കുന്നില്ല.

ഇതിനിടെ തങ്ങളെ സന്ദര്‍ശിക്കാനെത്തിയ ചീഫ് സെക്രട്ടറി ടോം ജോസിനെ ഫഌറ്റ് ഉടമകള്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. ചീഫ് സെക്രട്ടറി മടങ്ങിപ്പോകണമെന്ന ആവശ്യത്തെത്തുടര്‍ന്ന് അദ്ദേഹം സ്ഥലം വിടുകയായിരുന്നു. അഞ്ച് ഫഌറ്റുകളിലുമായി 350ലേറെ കുടുംബങ്ങളാണുള്ളത്. ഇതില്‍ പലരും സ്ഥിരതാമസക്കാരല്ല. ഇവരെല്ലാം ഒരേസ്വരത്തില്‍ പറയുന്നത്, വീട് വിട്ടില്ലിറങ്ങില്ലെന്നാണ്. അതേസമയം ഫഌറ്റുകള്‍ പൊളിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ് മരട് നഗരസഭ. കേരളത്തിന് പുറമെ തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും ഫഌറ്റുകള്‍ പൊളിക്കാന്‍ ടെന്‍ഡറുകള്‍ ക്ഷണിച്ചിട്ടുണ്ടത്രേ. "നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കുന്ന കമ്പനികള്‍ക്ക് മുന്‍ഗണന...' എന്ന നിലയില്‍ നഗരസഭയുടെ പരസ്യവും പ്രത്യക്ഷപ്പെട്ടിരുന്നു.

അതേസമയം, ഒഴിയാനുള്ള ദിവസം അടുക്കുന്തോറും ഉടമകള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ ഏറിവരുന്നുവെന്നതാണ് ശ്രദ്ധേയം. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഫഌറ്റുകള്‍ സന്ദര്‍ശിക്കും. ഇതിനിടെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കേരളത്തിലെ മുഴുവന്‍ എം.എല്‍.എമാര്‍ക്കും ഫഌറ്റ് ഉടമകള്‍ സങ്കട ഹര്‍ജി നല്‍കിയിരിക്കുകയാണ്. അതേസമയം സമരം കടുപ്പിക്കാനാണ് ഫഌറ്റ് ഉടമകളുടെ തീരുമാനം. മരട് മുന്‍സിപ്പാലിറ്റിയുടെ മുമ്പിലും ഫഌറ്റിന്റെ മുമ്പിലും അനിശ്ചിതകാല സത്യാഗ്രഹം നടത്താനാണ് ഇവരുടെ തീരുമാനം. ഫ്‌ളാറ്റ് ഉടമകളോട് അനുകമ്പയോടെയുള്ള ഇടപെടല്‍ വേണമെന്നു കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സുപ്രീം കോടതി ഉത്തരവ് വിവേചനപരമെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ജയ്‌റാം രമേശ് വിശേഷിപ്പിച്ചത്.  രണ്ട് സംഭവങ്ങളാണ് അദ്ദേഹം ഉയര്‍ത്തിക്കാട്ടിയത്. റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ ഡി.എല്‍.എഫ് സമാനമായ നിയമലംഘനം നടത്തിയപ്പോള്‍ ഒരു പിഴ ഈടാക്കി വിടുകയാണ് കോടതി ചെയ്തത്. ആദര്‍ശ് കുംഭകോണത്തില്‍ പെട്ട മുംബൈയിലെ ഫ്‌ളാറ്റുകളുടെ കാര്യത്തില്‍ കോടതിയെടുത്ത നിലപാടാണ് മറ്റൊന്ന്. ഈ ഫ്‌ളാറ്റുകള്‍ പൊളിക്കേണ്ടതില്ലെന്ന് കോടതി ഉത്തരവിട്ടിരുന്നു.

മരട് നഗരസഭയുടെ വിവിധ ഭാഗങ്ങളിലായി കായല്‍ തീരത്ത് ഒരേക്കറിലേറെ സ്ഥലത്ത് ഒരുലക്ഷം ചതുരശ്ര അടിയില്‍ നിര്‍മ്മിച്ചിട്ടുള്ള അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ ഒരു മാസത്തിനകം പൊളിച്ച് നീക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത് 2019 മെയ് എട്ടാം തീയതിയാണ്. ഫഌറ്റുകള്‍ പൊളിച്ചുനീക്കി റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു ഈ ഉത്തരവ്. എന്നാല്‍ കോടതി വിധി നടപ്പാക്കിയില്ല. മാനുഷിക പരിഗണന കാട്ടണമെന്നും കേസില്‍ യാതൊരു വിധത്തിലും പങ്കാളികളല്ലാത്ത തങ്ങളെ കേള്‍ക്കാന്‍ കോടതി തയ്യാറാവണമെന്നും അപേക്ഷിച്ച് ഫഌറ്റ് ഉടമകള്‍ നല്‍കിയ പുനപരിശോധനാ ഹര്‍ജികളെല്ലാം ജൂലൈ 11ന് കോടതി തള്ളി. ഇതിനിടെ അവധിക്കാല ബഞ്ചിനെ സമീപിച്ച് ഉടമകള്‍ ഇടക്കാല സ്‌റ്റേ വാങ്ങി. എന്നാല്‍ ഒരു മാസത്തിനകം നടപ്പാക്കണമെന്ന ഉത്തരവ് പാലിക്കപ്പെടാത്ത സാഹചര്യത്തില്‍ സുപ്രീം കോടതി സ്വമേധയാ മുന്‍വിധി പരിഗണിക്കുകയായിരുന്നു. കോടതി വിധി നടപ്പാക്കാത്ത കേരള സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് ഈ മാസം 20നകം എല്ലാ ഫഌറ്റുകളും പൊളിച്ചു നീക്കി റിപ്പോര്‍ട്ട് നല്‍കണമെന്ന് സുപ്രീം കോടതി അന്ത്യശാസനം നല്‍കുകയായിരുന്നു.

തീരദേശ മേഖലാ ചട്ടം ലംഘിച്ചാണ് ഫ്‌ളാറ്റ് നിര്‍മ്മിച്ചതെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് കോടതി വിഷയത്തില്‍ ഉത്തരവ് പുറപ്പെടുവിച്ചത്. സി.ആര്‍.ഇസെഡ്-3 കാറ്റഗറിയിലുള്ളയിടത്ത് എന്ത് തരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും കേരള കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ അനുമതി വേണമെന്നാണ് ചട്ടം. എന്നാല്‍ 2006-2007 കാലഘട്ടത്തില്‍ നഗരസഭയായി മാറുന്നതിന് മുമ്പ് മരട് പഞ്ചായത്ത്, അതോരിറ്റിയെ അറിയിക്കാതെ നിര്‍മ്മാണ അനുമതി നല്‍കുകയായിരുന്നു. ഫ്‌ളാറ്റ് നിര്‍മാതാക്കളില്‍ നിന്ന് കോടിക്കണത്തിന് രൂപ കൈക്കൂലി വാങ്ങിയ പഞ്ചായത്ത് സെക്രട്ടറിയടക്കമുള്ളവര്‍ക്കെതിരെ നടപടിയുണ്ടായി.

കുണ്ടന്നൂര്‍ ഹോളി ഫെയ്ത് എച്ച്.ടു.ഒ, നെട്ടൂര്‍ ആല്‍ഫ വെഞ്ചേഴ്‌സ് ഇരട്ട ഫ്‌ളാറ്റ് സമുച്ചയം, ഗോള്‍ഡന്‍ കായലോരം, നെട്ടൂര്‍ കേട്ടേഴത്ത് കടവ് ജെയ്ന്‍ കോറല്‍ കോവ്, ഹോളിഡേ ഹെറിറ്റേജ് എന്നിവയാണ് സുപ്രീം കോടതി പൊളിച്ച് നീക്കാന്‍ ആവശ്യപ്പെട്ട ഫ്‌ളാറ്റ് സമുച്ചയങ്ങള്‍. ഇതില്‍ ഹോളിഡേ ഹെറിറ്റേജ് പണി തുടങ്ങിയിട്ടില്ല. പഞ്ചായത്ത് അനുമതി നല്‍കിയിരുന്നെങ്കിലും പിന്നീട് നഗരസഭ സ്‌റ്റോപ്പ് മെമ്മോ നല്‍കിയതിനാല്‍ നിര്‍മ്മാണം തുടങ്ങാനായില്ല. മറ്റ് നാല് സമുച്ചയങ്ങളിലായി 350 ഫ്‌ളാറ്റുകളാണുള്ളത്. പത്ത് വര്‍ഷം മുമ്പ് തന്നെ ലക്ഷങ്ങള്‍ മുടക്കി ഫ്‌ളാറ്റ് വാങ്ങിയവരാണേറെയും. അന്ന് നാല്‍പ്പത് ലക്ഷം മുതല്‍ എണ്‍പത് ലക്ഷം വരെ നല്‍കിയാണ് പലരും ഫ്‌ളാറ്റുകള്‍ സ്വന്തമാക്കിയത്. ഈയടുത്ത വര്‍ഷങ്ങളിലും ഏതാനും മാസം മുമ്പ് വരെയും ഒന്നു മുതല്‍ മൂന്ന് കോടി രൂപവരെ മുടക്കി ഫ്‌ളാറ്റ് വാങ്ങിയവരുമുണ്ട്.

ചമ്പക്കര കനാല്‍ റോഡില്‍ കായലിനോട് ചേര്‍ന്നുള്ള അറുപത് സെന്റിലുള്ള ഗോള്‍ഡന്‍ കായലോരമാണ് മരടില്‍ ആദ്യം നിര്‍മ്മിച്ച ഫ്‌ളാറ്റ് സമുച്ചയം. 2006ല്‍ 40-50 ലക്ഷം രൂപയായിരുന്നു അന്ന് ഒരു ഫ്‌ളാറ്റിന്റെ വില. പത്ത് നിലകളില്‍ മൂന്ന് മുറികളോട് കൂടിയ 40 ഫ്‌ളാറ്റുകളില്‍ 37 എണ്ണത്തില്‍ ഇപ്പോള്‍ താമസക്കാരുണ്ട്. ഹോളി ഫെയ്ത്തും നെട്ടൂര്‍ ആല്‍ഫ വെഞ്ചേഴ്‌സും ജയിന്‍ കോറല്‍ കോവും ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റുകളാണ്. കുണ്ടന്നൂര്‍ കായല്‍ തീരത്താണ് ഹോളി ഫെയ്ത്ത്. ഒരേക്കര്‍ സ്ഥലത്ത് 60,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഫ്‌ളാറ്റ് സമുച്ചയത്തില്‍ നൂറിലേറെ കുടുംബങ്ങള്‍ താമസമുണ്ട്. കായല്‍ തീരത്ത് നിന്ന് പത്ത് മീറ്റര്‍ ദൂരത്തില്‍ മാത്രമാണ് ഫ്‌ളാറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. നെട്ടൂരില്‍ കടത്തുകടവിന് സമീപം ഒരേക്കര്‍ സ്ഥലത്ത് 10 നിലകളുള്ള രണ്ട് ഫ്‌ളാറ്റ് സമുച്ചയങ്ങളാണ് ആല്‍ഫ വെഞ്ചേഴ്‌സ്. ഇതിനും കായല്‍ തീരത്ത് നിന്ന് പത്ത് മീറ്റര്‍ ദൂരമേയുള്ളൂ. നെട്ടൂര്‍ ഐ.എന്‍.ടി.യു.സി ജംഗ്ഷന് സമീപത്താണ് ജെയിന്‍ കോറല്‍ കോവ്. ഇവിടുത്തെ ഒട്ടുമിക്ക ഫ്‌ളാറ്റുകളും വിറ്റുപോയെങ്കിലും മുന്നൂറ് മീറ്റര്‍ ദൂരത്തിലുള്ള നഗരസഭാ ശ്മശാനത്തില്‍ നിന്നുള്ള പുകയേല്‍ക്കുന്നതിനാല്‍ പലരും അവിടെ താമസിക്കാറില്ല. നെട്ടൂര്‍ കായലില്‍ നിന്ന് മൂന്ന് മീറ്റര്‍ വ്യത്യാസം മാത്രമാണ് ഈ ഫ്‌ളാറ്റ് സമുച്ചയത്തിനുള്ളത്.

വിവാദ ഫ്‌ളാറ്റുകള്‍ പൊളിക്കുമ്പോള്‍ നിയമവിരുദ്ധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കതൊരു ശക്തമായ താക്കീതായിരിക്കുമെന്നതില്‍ തര്‍ക്കമില്ല. കൈക്കൂലി കൊടുത്തും സ്വാധീനവുമുപയോഗിച്ച് കെട്ടിടങ്ങള്‍ നിര്‍മിച്ച ഫ്‌ളാറ്റ് മാഫിയകള്‍ വന്‍ തുകയ്ക്ക് ഫ്‌ളാറ്റുകള്‍ വാങ്ങിയവരെ വഞ്ചിക്കുകയായിരുന്നു. ഫ്‌ളാറ്റ് വാങ്ങാനെത്തിയവര്‍ തീരദേശ നിയമത്തിന്റെ നൂലാമാലകളെക്കുറിച്ച് അറിഞ്ഞിരിക്കണമെന്നില്ല. അഥവാ അവരെ സമര്‍ത്ഥമായി തെറ്റിദ്ധരിപ്പിച്ചുകാണും. വിദേശ മലയാളികളെ പ്രത്യേകിച്ചും. എന്തായാലും മോഹിച്ച വീട് വാങ്ങിയവരെ ഒരു സുപ്രഭാതത്തില്‍ തെരുവിലേയ്ക്കിറക്കിവിടുന്നത് മഹാപരാധമാണ്. അവരെ കബളിപ്പിച്ചവരില്‍നിന്ന് തന്നെ നഷ്ടപരിഹാര-പുനരധിവാസ തുക ഈടാക്കണം. അതിന് നിയമം മുഖം നോക്കാതെ കൈത്താങ്ങാവുകയും വേണം. മരടിലെ ഫ്‌ളാറ്റുകള്‍ മറ്റ് നിയമവിരുദ്ധ നിര്‍മാണങ്ങള്‍ക്കൊരു പാഠമാണ്. ഒപ്പം അഴിമതിക്കാര്‍ക്കും സര്‍ക്കാരിന് തന്നെയും. മരട് ഫ്‌ളാറ്റുകളുടെ അടിക്കല്ലുകളിളകുമ്പോള്‍ നിയമലംഘനം അവസാനിക്കണം. ഇവിടെയാണ് ജനക്ഷേമ സര്‍ക്കാരിന്റെ ഇച്ഛാശക്തിയും പ്രതിബദ്ധതയും വിലയിരുത്തപ്പെടുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക