Image

ചന്ദ്രശേഖരനെ വധിക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ക്കായി വ്യാപക പരിശോധന

Published on 07 May, 2012
ചന്ദ്രശേഖരനെ വധിക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ക്കായി വ്യാപക പരിശോധന
വടകര: റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരനെ വധിക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ക്കായി പോലീസിന്റെ വ്യാപക പരിശോധന. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ചില ആയുധങ്ങള്‍ കണ്‌ടെടുത്തതായും സൂചനയുണ്ട്.

വാളും മഴുവും ഉള്‍പ്പെടെയുള്ള ആയുധങ്ങളാണ് കണ്‌ടെടുത്തതെന്നാണ് വിവരം. തലശേരി ഭാഗത്ത് നിന്നാണ് ആയുധങ്ങള്‍ കണ്‌ടെടുത്തതെന്നും പോലീസ് സൂചന നല്‍കുന്നു. അതിനിടെ സംഭവത്തില്‍ പങ്കുണ്‌ടെന്ന് സംശയിക്കുന്ന കൊടി സുനി, റഫീഖ്, റാഫി എന്നിവരുടെ വീടുകളിലും പോലീസ് പരിശോധന നടത്തി. തലശേരി ഡിവൈഎസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കൊടി സുനിയുടെ ചൊക്ലിയിലെ വീട്ടില്‍ നിന്നും ഒരു ബോംബും കണ്‌ടെടുത്തിട്ടുണ്ട്.

അതിനിടെ ചന്ദ്രശേഖരനെ വകവരുത്തിയ അക്രമിസംഘം സഞ്ചരിച്ച ഇന്നോവ കാറിനൊപ്പം ഒരു കറുത്ത് സ്വിഫ്റ്റ് കാര്‍ കൂടിയുണ്ടായിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. വളയം ഭാഗത്ത് ഈ കാര്‍ രണ്ട് ദിവസമായി കണ്ടിരുന്നുവെന്നും പ്രദേശവാസികള്‍ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് പിന്തുടര്‍ന്നും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ക്രൈംബ്രാഞ്ച് സംഘവും പരിശോധന നടത്തി. ജയിലിലെ മൊബൈല്‍ ജാമറുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും രാഷ്ട്രീയത്തടവുകാര്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്‌ടെന്നും അന്വേഷണത്തില്‍ കണ്‌ടെത്തിയിട്ടുണ്ട്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ തടവുകാരില്‍ ചിലര്‍ക്ക് സംഭവത്തില്‍ പങ്കുണ്‌ടെന്ന് വ്യക്തമായതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ഇവിടേക്കും വ്യാപിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരുന്നു ക്രൈംബ്രാഞ്ചിന്റെ പരിശോധന.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക