Image

പോസ്റ്റ് സ്റ്റഡി വീസ ബ്രിട്ടന്‍ പുനഃസ്ഥാപിച്ചു ; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വീണ്ടും പ്രതീക്ഷയേറി

Published on 12 September, 2019
പോസ്റ്റ് സ്റ്റഡി വീസ ബ്രിട്ടന്‍ പുനഃസ്ഥാപിച്ചു ; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വീണ്ടും പ്രതീക്ഷയേറി

ലണ്ടന്‍: ബ്രിട്ടനിലെ വീസ നയത്തില്‍ കൂടുതല്‍ ഉദാരത നല്‍കുന്ന വ്യദ്യാഭ്യാസ പദ്ധതിയുമായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ സര്‍ക്കാര്‍. ഇമിഗ്രേഷന്‍ നിരക്ക് കുറയ്ക്കാന്‍ 2012 ല്‍ ഡേവിഡ് കാമറോണ്‍ മന്ത്രിസഭയില്‍ ഹോം സെക്രട്ടറിയായിരുന്ന തെരേസ മേ വീസ പൂര്‍ണമായും നിര്‍ത്തലാക്കിയ പോസ്റ്റ് സ്റ്റഡി വീസയാണ് ഇപ്പോള്‍ ബോറിസ് സര്‍ക്കാര്‍ പുനഃസ്ഥാപിക്കുന്നത്. ഇതനുസരിച്ച് ബ്രിട്ടീഷ് സര്‍വകലാശാലകളില്‍ നിന്ന് ബിരുദം നേടുന്ന ടയര്‍ 4 വീസ ഇന്റര്‍നാഷണല്‍ വിദ്യാര്‍ഥകള്‍ക്ക് പുതിയ യുകെ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വീസ ലഭിക്കും.

2020 മുതല്‍ പ്രാബല്യത്തിലാവുന്ന നിയമം അനുസരിച്ച് അടുത്ത രണ്ടു വര്‍ഷത്തേക്ക് ലഭ്യമാകുമെന്നാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം.പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ആദ്യം രണ്ടുവര്‍ഷമാണ് വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നത്. ഇവര്‍ പഠിക്കുന്ന കോഴ്‌സ് ഷോര്‍ട്ടേജ് ഒക്യുപ്പേഷന്‍ ലിസ്റ്റിലോ ഹൈലി സ്‌കില്‍ഡ് മൈഗ്രേഷന്‍ വീസ ലിസ്റ്റിലോ ഉള്‍പ്പെട്ടതാണെങ്കില്‍ ഇത്തരം വര്‍ക്ക് പെര്‍മിറ്റുകള്‍ നീട്ടിയെടുക്കാനും ഏറെ സാധ്യതയുണ്ട്.

നിലവിലെ ബ്രിട്ടനിലെ ഇമിഗ്രേഷന്‍ നിയമപ്രകാരം, യുകെ സര്‍വകലാശാലകളില്‍ നിന്ന് ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം നേടിയ വിദേശ വിദ്യാര്‍ഥികള്‍ക്ക് ജോലി തേടി നാലു മാസം മാത്രമേ രാജ്യത്ത് തുടരാന്‍ അര്‍ഹതയുണ്ടായിരുന്നുള്ളു.

ഈ വര്‍ഷം ഏപ്രിലില്‍, രണ്ടുവര്‍ഷത്തെ വര്‍ക്ക് വീസകളില്‍ ഉള്‍പ്പെടുത്താനുള്ള അവകാശ ബില്‍ കൊണ്ടുവരാനുള്ള ശ്രമം നടന്നെങ്കിലും പാര്‍ലമെന്റ് അത് നിരാകരിച്ചിരുന്നു. പഠനാനന്തര ജോലിയുടെ രണ്ടുവര്‍ഷത്തെ സാധുതാ കാലാവധി പുനഃസ്ഥാപിക്കുന്നതിലൂടെ, കണക്ക്, എന്‍ജിനിയറിംഗ്, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ മികച്ച പ്രതിഭകളെ രാജ്യത്തിനു ലഭിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

നമ്മുടെ രാജ്യത്തിനും സര്‍വകലാശാലകള്‍ക്കും അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ സംഭാവന സാംസ്‌കാരികവും സാന്പത്തികവുമാണ്. അവരുടെ സാന്നിധ്യം ബ്രിട്ടന് ഗുണം ചെയ്യും. അതിനാല്‍ തന്നെ അവര്‍ പഠനത്തിനുശേഷം ബ്രിട്ടനില്‍ പഠനം/ ജോലി തുടരുന്നത് എന്തുകൊണ്ടും നല്ലതാണ്. രാജ്യത്തെ സര്‍വകലാശാലകള്‍ ഒരു തുറന്ന ആഗോള സ്ഥാപനങ്ങളായി വളരുകയും, മികച്ച പ്രതിഭകളെ ഉറപ്പാക്കുകയും ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി ഗാവിന്‍ വില്യംസണ്‍ പറഞ്ഞു. പോസ്റ്റ് സ്റ്റഡി വര്‍ക്ക് വീസയുടെ സാധുത വര്‍ധിപ്പിക്കുന്നത് അന്താരാഷ്ട്ര ബിരുദധാരികള്‍ക്ക് ദീര്‍ഘകാല തൊഴില്‍ നേടുന്നതിന് കൂടുതല്‍ അവസരം നല്‍കുകയും ചെയ്യും.

ബോറിസിന്റെ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വീസ പ്രഖ്യാപനം രാജ്യത്തെ 130 സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്ന യൂണിവേഴ്‌സിറ്റികള്‍ ആവേശത്തോടെയാണ് സ്വാഗതം ചെയ്തത്. ഒടുവില്‍ ബ്രെക്‌സിറ്റ് സംഭവിക്കുന്‌പോള്‍ യൂറോപ്യന്‍ യൂണിയന്‍ വിദ്യാര്‍ഥികളില്‍ നിന്ന് എന്റോള്‍മെന്റ് എണ്ണം കുറയുമെന്ന പ്രതീക്ഷയാണ് ബോറിസ് സര്‍ക്കാരിനെ ഇത്തരമൊരു തീരുമാനം കൈക്കൊള്ളാന്‍ ഇടയാക്കിയതെന്നു കരുതുന്നു.

ബ്രിട്ടനിലെത്തുന്ന വിദേശ വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്നതിനാല്‍ ബോറിസ് സര്‍ക്കാരിന്റെ പുതിയ തീരുമാനം ഏറ്റവും ഗുണകരമാകുന്നത് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കാണ് പ്രത്യേകിച്ച് മലയാളി യുവാക്കള്‍ക്ക്. ബ്രക്‌സിറ്റ് നടപ്പാക്കുന്‌പോള്‍ ഇല്ലാതാകുന്ന വിദഗ്ധതൊഴിലാളികള്‍/സംരംഭകര്‍ തുടങ്ങിയവരുടെ കുറവ് ഈ നിയമം മൂലം പരിഹരിക്കാനാകുമെന്നും ഹോം ഓഫീസ് കണക്കുകൂട്ടുന്നു.

ഇന്റര്‍നാഷണല്‍ ടയര്‍ 4 വീസ വിദ്യാര്‍ഥി വീസകള്‍ യൂറോപ്യന്‍ യൂണിയന്‍ വിദ്യാര്‍ഥികളെയല്ല ലക്ഷ്യമിട്ടിരുന്നത്. 2018 വരെ ഏകദേശം 4,60,000 അന്തര്‍ദ്ദേശീയ വിദ്യാര്‍ഥികള്‍ ബ്രിട്ടനില്‍ പഠനത്തിനായി എത്തിയിരുന്നു. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഈ സംഖ്യ 6,00,000 ആയി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.ടയര്‍ 2 വര്‍ക്ക് വീസക്ക് ആവശ്യമായ 30,000 പൗണ്ട് ശന്പള പരിധിയാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം ഉയര്‍ത്തിക്കാട്ടുന്നതെന്ന് ഷാഡോ ഹോം സെക്രട്ടറി ഡിയാന്‍ അബോട്ട് പറഞ്ഞു.ബിരുദധാരികളില്‍ പലരും മികച്ച വൈദ്യശാസ്ത്രവും മറ്റ് ഗവേഷണങ്ങളും നടത്തുന്നുണ്ടെന്ന് അബോട്ട് പറഞ്ഞു. ഇവിടെ താമസിക്കുന്നതിനും ജോലി ചെയ്യുന്നതിനും അവരെ ആകര്‍ഷിക്കുവാനും നിയമം സഹായിക്കും.

സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനത്തെ മൈഗ്രേഷന്‍ വാച്ച് പോലുള്ള കാന്പയിന്‍ ഗ്രൂപ്പുകള്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തുവന്നിട്ടുണ്ട്.മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി കര്‍ക്കശമായ പരിശോധനകളും നിബന്ധനകളും അടിസ്ഥാനമാക്കിയാവും വീസ നല്‍കുന്നത്. അതുകൊണ്ടുതന്നെ കഴിവുറ്റ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണ് പദ്ധതി ത!യാറാക്കിയത്.ഇതിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ഉടനടി പുറത്തിറക്കുമെന്നും ബോറിസ് സര്‍ക്കാരിന്റെ ആഗോളവീക്ഷണം ലോകം അഗീകരിക്കുമെന്നും ഇന്ത്യന്‍ അടിവേരുള്ള ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ പറഞ്ഞു.കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ബ്രിട്ടനില്‍ പഠിക്കാനെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം ഇരട്ടിയോളമാണ്. 2019 മാര്‍ച്ച് വരെയുള്ള കണക്കില്‍ 21,000 സ്റ്റുഡന്റ് വീസകളാണ് ഇന്ത്യക്കാര്‍ നേടിയത്. പുതിയ പ്രഖ്യാപനം ഇവിടേയ്ക്കുള്ള വരവിന്റെ ആക്കം കൂട്ടുകതന്നെ ചെയ്യുമെന്നു തീര്‍ച്ചയാണ്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക