Image

മൈക്കിള്‍ ഷൂമാക്കര്‍ വിദഗ്ധചികിത്സയ്ക്കായി പാരിസില്‍

Published on 12 September, 2019
മൈക്കിള്‍ ഷൂമാക്കര്‍ വിദഗ്ധചികിത്സയ്ക്കായി പാരിസില്‍

പാരീസ്: ജര്‍മനിയുടെ മുന്‍ ഫോര്‍മുല വണ്‍ ഇതിഹാസം മൈക്കിള്‍ ഷുമാക്കറെ (50) പാരിസിലെ ഒരു ക്ലിനിക്കില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചുവെന്ന് ഫ്രഞ്ച് പത്രമായ ലെ പാരിസിയന്‍ റിപ്പോര്‍ട്ടുചെയ്തു.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.40 ഓടെ ഷൂമിയെ പാരീസിലെ ജോര്‍ജ് പോംപിഡോ ആശുപത്രിയില്‍ വ്യാജപേരില്‍ അഡ്മിറ്റ് ചെയ്തുവെന്നാണ് പത്രം റിപ്പോര്‍ട്ടു ചെയ്തത്. ഷൂമിയുടെ കുടുംബവും അദ്ദേഹത്തോടൊപ്പമുണ്ട്.

സ്‌ട്രെച്ചറില്‍ ഇയാളെ ആശുപത്രി കെട്ടിടത്തിലേക്ക് കൊണ്ടുവന്നതായിട്ടാണ് പത്രം റിപ്പോര്‍ട്ട് ചെയ്തത്. മുഖവും ശരീരവും അപരിചിതരില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ ടവല്‍കൊണ്ട് മറച്ചിരുന്നു. ആംബുലന്‍സില്‍ നിന്ന് ആശുപത്രി കെട്ടിടത്തിലേക്ക് മാറ്റിയപ്പോള്‍ പത്തോളം ആളുകള്‍ ഉണ്ടായിരുന്നതായും പത്രം തുടരുന്നു. വൈദ്യലോകം കൈവിട്ട ഷൂമാക്കറെ വീണ്ടുമൊരു പരീക്ഷണത്തിന് വിധേയമാക്കിയിരിക്കുകയാണ്.

ഷൂമാക്കറെ ഹൃദയ ശസ്ത്രക്രിയാ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. പ്രശസ്ത കാര്‍ഡിയാക് സര്‍ജന്‍ പ്രഫ. ഫിലിപ്പ് മെനാഷെ (69) ആണ് അദ്ദേഹത്തെ ചികിത്സിക്കുന്നത്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കായുള്ള സെല്‍ തെറാപ്പിയില്‍ സ്‌പെഷലിസ്റ്റാണ് മെനാഷെ. 2014 ല്‍, അപരിചിതമായ രോഗിയുടെ ഹൃദയത്തില്‍ അപരിചിത ഭ്രൂണ മൂലകോശങ്ങള്‍ പറിച്ചുനട്ട ലോകത്തിലെ ആദ്യത്തെ ശസ്ത്രക്രിയാവിദഗ്ദ്ധനാണ് ഡോ. മനാഷെ. ഷൂമാക്കര്‍ വളരെക്കാലമായി സ്‌റ്റെം സെല്‍ ഇന്‍ഫ്യൂഷന്‍ സ്വീകരിക്കുന്നതായും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

2013 ഡിസംബര്‍ 29 ന് ആല്‍പ്‌സിലെ സ്‌കീയിംഗ് റിസോര്‍ട്ടായ മെറിബെല്‍ എന്ന സ്ഥലത്താണ് സ്‌കീയിംഗിനിടെ ഷൂമാക്കര്‍ക്ക് അപകടമുണ്ടാവുകയും അദ്ദേഹത്തിന്റെ തലച്ചോറിന് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തത്. തുടക്കത്തില്‍ മാരകമായ അപകടത്തിലായ ഷൂമി ഇപ്പോഴും കോമയിലാണ്. പുനരധിവാസത്തിനും കൂടുതല്‍ കെയറിനുമായി അദ്ദേഹം ഗ്രാന്റിലെ (സ്വിറ്റ്‌സര്‍ലന്‍ഡ്) വീട്ടിലാണ് കഴിഞ്ഞിരുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക