Image

ഷെഹല റഷീദ് രാജ്യദ്രോഹിയോ? (വെള്ളാശേരി ജോസഫ്)

Published on 11 September, 2019
ഷെഹല റഷീദ് രാജ്യദ്രോഹിയോ? (വെള്ളാശേരി ജോസഫ്)
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ജെ.എന്‍.യു.വിനെ ദേശവിരുദ്ധ ശക്തികളുടെ താവളമെന്ന നിലയില്‍ അടയാളപ്പെടുത്താനാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. ശ്രമിക്കുന്നത്. ജെ.എന്‍.യു.വിനെ ബി.ജെ.പി.ക്കും, സംഘ പരിവാര്‍ സംഘടനകള്‍ക്കും എത്ര വേണമെങ്കിലും തെറിയഭിഷേകം നടത്താം. പക്ഷെ ഇപ്പോഴത്തെ കേന്ദ്രമന്ത്രിസഭയിലെ രണ്ടു മുതിര്‍ന്ന അംഗങ്ങള്‍ - ധന മന്ത്രിയും, വിദേശ മന്ത്രിയും 'ജെ.എന്‍.യു. പ്രൊഡക്റ്റുകള്‍' ആണെന്നുള്ള വസ്തുത അവര്‍ക്ക് നിഷേധിക്കാനാകുമോ?

ബി.ജെ.പി.യും, സംഘ പരിവാര്‍ സംഘടനകളും പറയുന്നത് പോലെ ജെ.എന്‍.യു.വില്‍ ഇന്ത്യാ വിരുദ്ധത എന്ന് പറയുന്ന ഒന്നില്ല. വേണമെങ്കില്‍ വിപ്ലവം പറയുന്ന ആളുകള്‍ക്കിടയില്‍ കുറച്ചു അരാജകത്വം ഉണ്ടെന്നു പറയാം. ജെ. എന്‍. യു.വിനെ വിമര്‍ശിക്കുമ്പോള്‍ ചില കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. ജെ. എന്‍. യു. - വില്‍ വരുന്ന മഹാ ഭൂരിപക്ഷം വിദ്യാര്‍ഥികളും പഠിക്കാന്‍ വരുന്നവരാണ്. കേരളത്തില്‍ നിന്നും, ബംഗാളില്‍ നിന്നും, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും രണ്ടും, മൂന്നും ദിവസം ട്രെയിനില്‍ യാത്ര ചെയ്തു വരുന്നത് പഠിക്കാനല്ലാതെ രാഷ്ട്രീയം കളിക്കാനാണോ? ദേശീയ തലത്തില്‍ നടക്കുന്ന പ്രവേശന പരീക്ഷ, ഇന്റ്റര്‍വ്യൂ, ഡിഗ്രി, പോസ്റ്റ് ഗ്രാജുവേഷന്‍ എന്നിവയില്‍ ലഭിക്കുന്ന മാര്‍ക്ക്, മുമ്പ് പഠിപ്പിച്ച രണ്ടു അധ്യാപകര്‍ നല്‍കുന്ന സാക്ഷ്യ പത്രം (ടെസ്റ്റിമോണിയല്‍) - ഇതെല്ലാം പരിഗണിച്ചാണ് പ്രവേശനം പോലും കിട്ടുന്നത്. അപ്പോള്‍ അവിടെ പഠിക്കാതിരിക്കാന്‍ പറ്റുമോ?

അവിടുത്തെ വലിയൊരു വിഭാഗം വിദ്യാര്‍ഥികള്‍ക്കും രാഷ്ട്രീയം പോയിട്ട്, വിദ്യാര്‍ഥി യൂണിയന്റ്റെ പ്രവര്‍തനങ്ങളില്‍ പോലും യാതൊരു താല്‍പര്യവും ഇല്ലാത്തവരാണ്. മുന്‍ തലമുഅധ്യാപകര്‍ മാത്രമാണ് ഇടതു പക്ഷ, നക്‌സല്‍ ആഭിമുഖ്യം ഉള്ളവര്‍. ഇന്നുള്ള ഭൂരിപക്ഷം അധ്യാപകരും മറ്റേതൊരു മികച്ച യൂണിവേഴ്‌സിറ്റിയിലെയും പോലെ തന്നെ. അവര്‍ക്ക് പ്രത്യേകിച്ച് രാഷ്ട്രീയ ആഭിമുഖ്യം ഉള്ളവരല്ല. ചെറുപ്പത്തിന്റ്റെ ചോരത്തിളപ്പില്‍ വിദ്യാര്‍ഥികള്‍ക്ക് ചില റാഡിക്കല്‍ ആശയങ്ങളൊക്കെ വരുന്നത് സ്വാഭാവികം മാത്രം. 1500 ഏക്കറിലേറെ പരന്നു കിടക്കുന്ന ഒരു യൂണിവേഴ്‌സിറ്റി. സംരക്ഷിത വന മേഖല ഈ യൂണിവേഴ്‌സിറ്റിക്കുള്ളില്‍ തന്നെയുണ്ട്. ഇതൊന്നും മനസ്സിലാക്കാത്തവരാണ് ജെ. എന്‍. യു. അങ്ങനെയാണ്; ഇങ്ങനെയാണ് എന്നൊക്കെ പറയുന്നത്.

ബി.ജെ.പി.യും, സംഘ പരിവാര്‍ സംഘടനകളും ജെ.എന്‍.യു.വിനെതിരെ ആശയ പ്രചാരണം നടത്തുമ്പോള്‍ മറുവശത്ത് ഉയരുന്ന വേറെ കുറെ ചോദ്യങ്ങളുണ്ട്. രാജ്യത്ത് ആസൂത്രിതവും, സംഘടിതവുമായി കലാപം സൃഷ്ടിക്കുന്നവര്‍ക്കും, പശുവിന്റെ പേരില്‍ ആളുകളെ തല്ലി കൊല്ലുന്നവര്‍ക്കും എന്ത് രാജ്യ സ്‌നേഹമാണുള്ളത്? ബാബ്റി മസ്ജിദിന്റ്റെ കാര്യത്തിലും, ശബരിമലയുടെ കാര്യത്തിലും സുപ്രീം കോടതിയെ അനുസരിക്കാതിരുന്നവര്‍ക്ക് രാജ്യത്തെ നിയമ വ്യവസ്ഥയോട് എന്ത് ആദരവാണുള്ളത്?

ജെ.എന്‍.യു.വിനെതിരെയുള്ള ആശയ പ്രചാരണത്തിന്റ്റെ ഭാഗം തന്നെയാണ് മുന്‍ ജെ.എന്‍.യു. സ്റ്റുഡന്റ് യൂണിയന്‍ വൈസ് പ്രെസിഡന്റ് കൂടിയായ ഷെഹല റഷീദ് ഷോരക്കെതിരേ ഇപ്പോള്‍ എടുത്തിരിക്കുന്ന രാജ്യ ദ്രോഹ കേസ്. ഷെഹല അത്ര വലിയ അരാജകവാദിയൊന്നും അല്ല. പുരോഗമനപരമായ നിലപാടുകള്‍ എടുക്കുന്ന പേരില്‍ മുസ്ലിം തീവ്രവാദികളില്‍ നിന്ന് പലപ്പോഴും ആക്രമണങ്ങള്‍ നേരിടേണ്ടി വന്ന വ്യക്തിയാണ്. 2013 - ല്‍ കാശ്മീരിലെ രണ്ട് മുസ്ലിം പെണ്‍കുട്ടികള്‍ ചേര്‍ന്ന് തുടങ്ങിയ 'പ്രഗാഷ്' എന്ന റോക്ക് ബാന്‍ഡിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു

പ്രഗാഷിനെതിരെ കാശ്മീരില്‍ ഇസ്ലാമിക തീവ്രവാദികളുടെ ഓണ്‍ലൈന്‍ ആക്രമണത്തിനെതിരെ സംഘടിപ്പിച്ച ആളാണ് ഷെഹലഎന്ന് പറയുമ്പോള്‍ അവരുടെ പുരോഗമനപരമായ നിലപാടാണ് വെളിവാക്കുന്നത്. കാശ്മീരില്‍ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീകള്‍ക്കായും ശബ്ദം ഉയര്‍ത്തിയിട്ടുണ്ട്.വ്യത്യസ്ത മതങ്ങളില്‍ നിന്ന് ആളുകള്‍ കല്യാണം കഴിക്കണമെന്നും പറഞ്ഞിട്ടുണ്ട്.

ഡല്‍ഹിയിലെ രഖുബീര്‍ നഗറില്‍ ഒരു മുസ്ലീം പെണ്‍കുട്ടിയെ പ്രണയിച്ചതിന് അന്‍കിത് സക്‌സേനാ എന്ന യുവാവിനെ പട്ടാപകല്‍ നടുറോഡില്‍ കുത്തിക്കൊന്നപ്പോഴാണ് ഷെഹല 'ഇന്റ്റര്‍ ഫെയിത്ത്' വിവാഹങ്ങള്‍ക്ക് ആഹ്വാനം ചെയ്തത്. പക്ഷെ അതിന്റെ പേരിലുണ്ടായ തെറിവിളികള്‍ മൂലം കക്ഷിക്ക് ഫെയിസ്ബുക്ക് 'ഡി ആക്റ്റിവേറ്റ്' ചെയ്യേണ്ടി വന്നു എന്നായിരുന്നു അന്ന് റിപ്പോര്‍ട്ടുകള്‍. മുസ്ലീം യുവാക്കളാണ് അന്ന് ഷെഹലയെ തെറിയഭിഷേകം നടത്താന്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നത്. ചില തെറികളൊക്കെ കണ്ട ഇതെഴുതുന്ന ആള്‍ക്കും വിഷമം തോന്നി. ഒരു പുരോഗമന നിലപാട് എടുത്തതിന്റ്റെ പേരില്‍ പെണ്‍കുട്ടികളെ ഇങ്ങനെ ഒക്കെ തെറി വിളിക്കാമോ എന്നോര്‍ത്തായിരുന്നു വിഷമം.

2014 -ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ പോളിംഗ് രേഖപ്പെടുത്തിയത് കാശ്മീരില്‍ വളര്‍ന്നു വരുന്ന ജനാധിപത്യാവബോധത്തെക്കുറിച്ചുള്ള പ്രതീക്ഷയാണ് നല്‍കിയത്. അഞ്ച് ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പില്‍ കൊടും തണുപ്പിനെ അവഗണിച്ച് പോളിംഗ് ബൂത്തിലെത്തിയത് 65.23 ശതമാനം വോട്ടര്‍മാര്‍. പക്ഷെ ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഷോപ്പിയാനിലും പുല്‍വാമയിലും വോട്ടിങ്ങ് ശതമാനം 2. 81 ശതമാനമായി കുറഞ്ഞു. ലഡാക്കില്‍ 63 ശതമാനം വോട്ട് രേഖപ്പെടുത്തിയപ്പോള്‍ ബാരാമുള്ളയില്‍ 35 ശതമാനവും, തെക്കന്‍ കാശ്മീരില്‍ 13.63 ശതമാനവും ആയിരുന്നു കണക്ക്. കുല്‍ഗാം ജില്ലയിലാവട്ടെ 10.3 ശതമാനം. കാശ്മീര്‍ താഴ്‌വരയില്‍ 2014-ല്‍ 56.49 ശതമാനം പേര് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തപ്പോള്‍ 2019 ആയപ്പോള്‍ അത് 22.5 ശതമാനമായി.

ചുരുക്കത്തീല്‍ ഒരു 'പൊളിറ്റിക്കല്‍ പ്രോസസ്' ഇപ്പോഴത്തെ ബി.ജെ.പി. സര്‍ക്കാരിന് കാശ്മീരില്‍ ഇതുവരെ തുടങ്ങിവെക്കാന്‍ സാധിച്ചിട്ടില്ല. പഞ്ചാബിലും തമിഴ്‌നാട്ടിലും കോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍ പണ്ട് ശക്തമായി തീവ്രവാദത്തെ നേരിട്ടതാണ്. പക്ഷെ അതിനോടൊപ്പം കോണ്‍ഗ്രസ്സ് ഒന്നുകൂടി ചെയ്തു. അവിടെയൊക്കെ 'പൊളിറ്റിക്കല്‍ പ്രോസസ്'തുടങ്ങിവെച്ചു. അതാണിപ്പോള്‍ കാശ്മീരില്‍ കാണാത്തത്.

കാശ്മീരിന്റ്റെ കാര്യത്തില്‍ ഉയരുന്ന ഒരു ചോദ്യമുണ്ട്. മുഫ്തി മുഹമ്മദ് സയ്യിദിന്റ്റേയും, ഷെയ്ക്ക് അബ്ദുള്ളയുടെ കുടുംബക്കാരേയും, വിഘടനവാദി നേതാക്കളേയും മാറ്റി നിര്‍ത്തിയാല്‍ പിന്നെ ആര്‍ക്ക് കാശ്മീര്‍ താഴ്‌വരയില്‍ ജനാധിപത്യ പ്രക്രിയ മുന്നോട്ട് നയിക്കാന്‍ പറ്റും എന്നതാണ് ആ ചോദ്യം. ബി.ജെ.പി. ക്ക് കാശ്മീര്‍ താഴ്‌വരയില്‍ കാര്യമായ സ്വാധീനമില്ല. കോണ്‍ഗ്രസിന്റ്റെ സംഘടനാ സെറ്റപ്പ് ഇന്ത്യയിലെ ബാക്കി സ്ഥലങ്ങളിലെ പോലെ തന്നെ തീര്‍ത്തും ദുര്‍ബലം. ഗുലാം നബി ആസാദിനൊന്നും പഴയ പോലെ സ്വാധീനം കാശ്മീര്‍ താഴ്‌വരയില്‍ ഇപ്പോഴില്ല.

തീവ്രവാദികളെ പേടിച്ചിട്ട് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളില്‍പെട്ടവര്‍ക്ക് അങ്ങനെ എളുപ്പത്തില്‍ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ അവിടേ ഏര്‍പ്പെടാനും സാധിക്കില്ല. കുറച്ചെങ്കിലും പ്രതീക്ഷ നല്‍കുന്നത് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് കിട്ടുകയും, ഐ.എ.എസില്‍ നിന്ന് പിന്നീട് രാജി വെക്കുകയും ചെയ്ത ഷാ ഫൈസല്‍ തുടങ്ങിവെച്ച രാഷ്ട്രീയ പ്രസ്ഥാനമാണ്-- ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്റ് (കെ.ജെ.പി.എം.)ഷെഹലയും അതിന്റെ ഭാഗമാണ്.

ഈ രണ്ടു പേര്‍ക്കും ഉന്നത വിദ്യാഭ്യാസം ഉണ്ടെന്നുള്ളത് തന്നെ കാശ്മീരിന്റ്റെ കാര്യത്തില്‍ സഹായകരമാണ്. മതവും, അഴിമതിയും, കുടുംബ ബന്ധങ്ങളും, കാശ്മീര്‍ ഐഡന്റ്റിറ്റിയും മാത്രമായിരുന്നു ഇതുവരെയുള്ള കാശ്മീര്‍ നേതാക്കളുടെ പ്രത്യേകത.

ശ്രീനഗറില്‍ ജനിച്ചു വളരുകയും, ശ്രീനഗറിലെ തന്നെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് കംപ്യുട്ടര്‍ സയന്‍സില്‍ എന്‍ജിനീയറിങ്ങ് ഡിഗ്രികരസ്ഥമാക്കുകയും പിന്നീട് എച്ക്.സി.എല്ലില്‍ഒരു വര്‍ഷം ജോലി ചെയ്യുകയും ചെയ്ത ആളാണുഷെഹല. ഷാ ഫൈസലാകട്ടെ, 2008-ല്‍ എം.ബി.ബി.എസ്. ബിരുദം നേടിയതിന് പിന്നാലെ ആദ്യ പരിശ്രമത്തില്‍ തന്നെഐ.എ.എസ്. പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി. കശ്മീരില്‍ നിന്നും, മുസ്ലിം സമുദായത്തില്‍ നിന്നും ആദ്യമായി സിവില്‍ സര്‍വീസില്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ വ്യക്തി. സ്വാതന്ത്ര്യത്തിന് ശേഷം സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത റാങ്ക് നേടിയ മുസ്ലിം വിഭാഗത്തില്‍ നിന്നുളള നാലാമത്തെ ആള് കൂടിയായിരുന്നു ഷാ ഫൈസല്‍.

2019 - ന്റെ തുടക്കത്തില്‍ കാശ്മീരിലെ വിവിധ ജില്ലകളിലെ യാത്ര നടത്തിയാണ് ഇരുവരും പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്. എന്നാല്‍ തുടര്‍ന്നെത്തിയ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല. അത് തന്നെ കാണിക്കുന്നത് ഇരുവര്‍ക്കും കാശ്മീര്‍ താഴ്‌വരയില്‍ കണ്ടമാനം മുന്നേറ്റം നടത്താന്‍ പറ്റിയിട്ടില്ല എന്നതാണ്. പക്ഷെ ഇരുവരുടേയും രാഷ്ട്രീയ പ്രസ്ഥാനം കാശ്മീരില്‍ സമാധാന അന്തരീക്ഷവും, സാധാരണ നിലയും പുനഃസ്ഥാപിക്കുന്നതില്‍ പ്രതീക്ഷകള്‍ നല്‍കുന്നു.

പക്ഷെ ഇരുവരെയും കേന്ദ്രം ഒട്ടുമേ പ്രോത്സാഹിപ്പിക്കുന്നില്ല. അതിന്റ്റെ ഭാഗമായാണ് രാജ്യദ്രോഹ കേസ്. അപ്പോള്‍ പിന്നെ ആര് കാശ്മീരില്‍ ഒരു 'പൊളിറ്റിക്കല്‍ പ്രോസസ്' തുടങ്ങിവെക്കും എന്ന് ചോദിച്ചാല്‍ ബി.ജെ.പി.ക്ക് ഉത്തരവുമില്ല.

ചുരുക്കം പറഞ്ഞാല്‍ പ്രശ്‌നങ്ങളുണ്ടാക്കാനേ ബി.ജെ.പി.ക്ക് താല്‍പര്യമുള്ളൂ. പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി അവര്‍ക്ക് വോട്ട് പിടിക്കണം. പ്രശ്‌നങ്ങള്‍ പരിഹരിക്കണമെങ്കില്‍ 'പ്രൊഫഷണല്‍' സമീപനങ്ങള്‍ വേണം. അത്തരം രീതികളൊന്നും ബി.ജെ.പി.ക്ക് പറഞ്ഞിട്ടുള്ളതുമല്ല. 
ഷെഹല റഷീദ് രാജ്യദ്രോഹിയോ? (വെള്ളാശേരി ജോസഫ്)ഷെഹല റഷീദ് രാജ്യദ്രോഹിയോ? (വെള്ളാശേരി ജോസഫ്)
Join WhatsApp News
Joseph 2019-09-12 15:46:23
ശ്രീ വെള്ളാശേരി ജോസഫിന്റെ നിരവധി പോസ്റ്റുകൾ ഫേസ്ബുക്കിൽ വായിക്കാറുണ്ട്. അദ്ദേഹത്തിന്റെ വിജ്ഞാനപ്രദമായ നിരവധി എഴുത്തുകളെ വായനക്കാർ ഇഷ്ടപ്പെടുന്നുവെന്നും അറിയാം. 'ഷെഹ്‌ലാ റഷീദ് രാജ്യദ്രോഹിയോ എന്ന ലേഖനം' മുഴുവനായി നീതികരിക്കാനും സാധിക്കുന്നില്ല.  

കാഷ്മീർ ഇന്ത്യൻ യൂണിയനോട് യോജിപ്പിച്ചത്! കാലത്തിന്റെ ആവശ്യമായിരുന്നു. സ്വാതന്ത്ര്യം നേടിയശേഷം ഷേക്ക് അബ്ദുള്ള കാഷ്‌മീരിൽ അധികാരത്തിലിരുന്ന സമയത്ത് ഭൂപക്ഷം കാഷ്മീരികൾക്കും ഇന്ത്യൻ യൂണിയനിൽ ചേരാനായിരുന്നു താൽപ്പര്യം. എന്നാൽ ഷേക്ക് അബദുല്ലയുമായുള്ള സൗഹാർദ്ദ ബന്ധം നെഹ്‌റുവിനെ കാഷ്മീർ നയത്തിൽ വ്യത്യസ്തമായ ഒരു ചിന്താഗതിയിലേക്ക് നയിച്ചു. 

കാഷ്മീറിന് പ്രത്യേകമായ അവകാശങ്ങൾ നൽകി ഇന്ത്യൻ യൂണിയൻറെ ഒരു സാമാന്തര രാജ്യം പോലെ നാളിതുവരെ നില നിന്നു. കാഷ്മീരിന്റെ നിലനിൽപ്പുതന്നെ ഇന്ത്യൻ പൗരന്മാരുടെ നികുതിപ്പണം കൊണ്ടായിരുന്നു. ഭരണഘടന ഭേദഗതി ചെയ്ത് കാഷ്മീരിനെ ഇന്ത്യയുടെ അധീനതയിലുള്ള പൂർണ്ണമായ ഒരു സംസ്ഥാനമാക്കിയ ഇന്നത്തെ സർക്കാരിനെ അനുമോദിച്ചേ മതിയാവൂ! 

ദൗർഭാഗ്യകരമെന്നു പറയട്ടെ, ഇന്ത്യയുടെ സുപ്രധാനമായ ഒരു തീരുമാനത്തിനായി യുദ്ധത്തിന് സമാനമായ അന്തരീക്ഷം കാഷ്‌മീരിൽ സൃഷ്ടിക്കേണ്ടി വന്നു. കാഷ്മീർ പ്രശ്നമെന്നത് രാജ്യമൊന്നാകെയുള്ള പ്രശ്നമായതുകൊണ്ട് ഓരോ പൗരനും ഐക്യമത്യത്തിനായി സഹകരിക്കേണ്ടതായുണ്ട്. കോൺഗ്രസ്സ് ഭരിച്ചിരുന്ന യുദ്ധകാലങ്ങളിലെല്ലാം രാജ്യത്തിലെ പ്രതിപക്ഷകഷികൾ നിർലോഭം സഹകരണം നൽകുകയുണ്ടായി. രാജ്യം ഒന്നായാൽ മാത്രമേ രാഷ്ട്രത്തിന്റെ അഖണ്ഡത പരിപാലിക്കാൻ സാധിക്കുള്ളു. 

യുവതിയും സുന്ദരിയുമായ ''ഷെഹ്‌ലാ റഷീദ്' മുസ്ലിമുകളുടെ വികാരങ്ങൾ ഉണർത്തിക്കാൻ കഴിവുള്ള  ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവാണ്. ഇവരുടെ അടുത്ത കാലത്തുള്ള വാവാദാസ്പദമായ പ്രസ്താവനകൾ ലോകം ശ്രദ്ധിക്കുന്നു. അവരുടെ ശബ്ദം ബിബിസിയും ലോകമാധ്യമങ്ങളും റിപ്പോർട്ടു ചെയ്യുന്നു. ഒരു യുദ്ധകാല സാഹചര്യമുള്ള കാഷ്‌മീരിൽ പട്ടാളക്കാരുടെ മനോവീര്യം നഷ്ടപ്പെടുത്തുന്ന പ്രസ്താവനകളായിരുന്നു അവർ നടത്തിയിരുന്നത്. അത് രാജ്യത്തിനു അപകടകരമാണ്. ഇന്ത്യയുടെ അന്തർദേശീയ പ്രശസ്തിക്കും ഇടിവ് സംഭവിക്കുന്നു. 

ഒരു കാര്യം ഓർക്കണം. ലക്ഷക്കണക്കിന് കാഷ്മീരി പണ്ഡിറ്റുകളെയാണ് കാഷ്‌മീരിലെ തീവ്രവാദികൾ അവിടെനിന്നും പുറത്താക്കിയത്. അന്നൊന്നും വൈകാരികമായ അത്തരം റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കാൻ ലോകമാദ്ധ്യമങ്ങൾ തയ്യാറായുമില്ല. പണ്ഡിറ്റുകളുടെ സുരക്ഷിതത്വത്തിന് അന്നത്തെ സർക്കാർ കാര്യമായി ഒന്നും തന്നെ ചെയ്തില്ല. 

നാളെ ഇന്ത്യയിൽ ന്യുന പക്ഷങ്ങളായ ക്രിസ്ത്യാനികളെയും മുസ്ലിമുകളെയും പുറത്താക്കണമെന്ന് ഭൂരിപക്ഷം ഹിന്ദുക്കൾ ചിന്തിച്ചാൽ രാജ്യം ഭരിക്കുന്ന മനഃസാക്ഷിയുള്ള സർക്കാരിന് അത് അനുവദിക്കാൻ സാധിക്കുമോ? അത് തന്നെയാണ് ഹിന്ദു പണ്ഡിറ്റുകളെ ഭൂരിപക്ഷ സമുദായമായ മുസ്ലിമുകൾ അവിടെനിന്നും പുറത്താക്കിയതും. താമസിക്കാനിടമില്ലാതെ, തലമുറകളായുള്ള അവരുടെ വസ്തുവകകളും നഷ്ടപ്പെടുത്തി കാഷ്മീർ പണ്ഡിറ്റുകൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ജീവിക്കാനായി അലയുന്നു. ഒരു സമൂഹത്തിൽ തിന്മ ശക്തമാകുമ്പോൾ രക്തച്ചൊരിച്ചിലുകൾ വേണ്ടിവരും. അപ്പോഴെല്ലാം സമാധാനത്തിനായി നാം രാജ്യത്തോടൊപ്പം നിൽക്കുകയും വേണം.  

എന്നാൽ 'ഷെഹ്‌ലാ റഷീദിന്റെ പ്രസ്താവനകൾ പാകിസ്ഥാന്റെ അംബാസിഡർ സംസാരിക്കുന്നവിധമായിരുന്നു. നമ്മുടെ പട്ടാളക്കാരുടെ മനോവീര്യം കെടുത്തുന്ന വിധമായിരുന്നു.   

രാജ്യം ഒന്നാകെ അഭിമുഖീക്കുന്ന ഒരു പ്രശ്നത്തിന് പരിഹാരം കാണുന്ന സമയം ഒരു സ്ത്രീയുടെ രാജ്യദ്രോഹ പ്രസ്താവനകൾ ഒരു സർക്കാരും സഹിച്ചെന്നു വരില്ല. അവിടെ കോൺഗ്രസെന്നോ ബിജെപിയെന്നോ രാഷ്ട്രീയമല്ല ചിന്തിക്കേണ്ടത്!  
Indian American 2019-09-12 18:42:26
അമേരിക്കയിൽ ജീവിച്ചു കൊണ്ട്  ഇങ്ങനെ കമന്റ് എഴുതിയതിൽ ഖേദമുണ്ട്. വിയറ്റനാം  യുദ്ധത്തെ അമേരിക്കക്കാർ തന്നെ ആണ് എതിർത്തത്. 
ഷെഹ്ല പറഞ്ഞത് സത്യമല്ലേ? എത്ര വർഷമായി ഇന്ത്യൻ സൈന്യം കാശ്മീറിൽ തമ്പടിച്ചിരിക്കുന്നു? ബി.ജെ.പി അധികാരത്തിൽ വന്ന ശേഷം അവിടെ ജനകീയ പ്രക്ഷോഭം ശക്ത്തിപ്പെട്ടു. എത്ര കൊച്ചു കുഞ്ഞുങ്ങ ളുടെ കണ്ണ് സൈന്യത്തിന്റെ  പെല്ലറ്റ് വെടിയേറ്റു തകർന്നു?
സൈന്യം അതിർത്തിയിലാണ് നിൽക്കേണ്ടത്. ക്രമസമാധാനം പോലീസിനുള്ളതാണ്. 
സൈന്യം അവിടെ അതിക്രമം ഒന്നും കാണിക്കുന്നില്ല? അത്  പറയാൻ പാടില്ലേ?
ഇനി പണ്ഡിറ്റുകളുടെ കാര്യം. ഭീകരരെ പേടിച്ച് എല്ലാവരും ഓടി എന്ന് പറയുന്നു. പ്രശനം രാഷ്ട്രീയവൽക്കരിക്കാൻ പണ്ഡിറ്റുകൾ പോയി എന്നും പറയുന്നതിൽ ഒരു കഴമ്പുമില്ലെ?
കാശ്മീരികൾ ഒരിക്കലും ഇന്ത്യയിൽ ചേരാൻ ആഗ്രഹിച്ചിരുന്നില്ല. ഹിന്ദുവായ രാജാവ് ഇന്ത്യയിൽ ചേർന്ന് എന്ന് മാത്രം. അതെ ന്യായം ഉപയോഗിച്ചാൽ ഹൈദരാബാദ് നൈസാം പാക്കിസ്ഥാനിൽ ചേരാനാണ് തീരുമാനിച്ചത്. സർദാർ പട്ടേൽ സൈന്യത്തെ അയച്ച് ആ മോഹം ഇല്ലാതാക്കി.
ആർട്ടിക്കിൾ  370 നീക്കി അവിടെ അധിനിവേശം നടത്തണം എന്നത് ആർ.എസ.എസിന്റെ പ്രഖ്യാപിത നയമാണ്`. കാസ്മീരികളെ അവിടെ നിന്ന് ഓടിക്കണം. അത് ശരിയോ 
ഇനി ഒരു സുപ്രഭാതത്തിൽ 370 നീക്കാനാവില്ല. അതിനു നിയമസഭയുടെ അനുമതി വേണം. ഇപ്പോൾ നിയമ സഭ ഇല്ലാത്തതു കൊണ്ട് ഗവർണർ അനുമതി കൊടുത്തു. അത് ശരിയോ?
പിന്നെ ഒരു  സംസ്ഥാനം ഇല്ലാതാക്കി കേന്ദ്ര ഭരണ പ്രദേസമാക്കാൻ ഒരു അധികാരവും കേന്ദ്ര സർക്കാരിനുമില്ല. 'സ്വതന്ത്രമായ' സുപ്രീം കോടതി അത് അംഗീകരിക്കുകയുമില്ല. 
കശ്‍മീരികൾ ഇന്ത്യാക്കാരാണെങ്കിൽ അവരെ അടിച്ചമർത്തുന്നതിനെ ഇന്ത്യാക്കാർ എതിർക്കണം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക