Image

75 മിനിറ്റ് കഠിന വ്യായാമം ചെയ്താല്‍ ആയുര്‍ദൈര്‍ഘ്യം കൂടും

Published on 10 September, 2019
75 മിനിറ്റ് കഠിന വ്യായാമം ചെയ്താല്‍ ആയുര്‍ദൈര്‍ഘ്യം കൂടും
ദിവസം  75 മിനിറ്റ് കഠിനവ്യായാമം ചെയ്താല്‍ ആയുര്‍ദൈര്‍ഘ്യം കൂടുമെന്ന് പഠനം.  ഉദാസീനമായ ജീവിതം നയിക്കുന്നവര്‍ക്ക് ആയുര്‍ദൈര്‍ഘ്യം കുറവാണെന്നാണ് കണ്ടെത്തല്‍. സദാ നേരവും ചുറുചുറുക്കോടെ, എന്തെങ്കിലും തരത്തിലുള്ള കായികക്ഷമത ആവശ്യപ്പെടുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് മറവിരോഗം പിടിപെടാന്‍ സാധ്യത കുറവാണ്. ഇവരുടെ ശരീരത്തിലെ നാഡീവ്യവസ്ഥ ഏറെ നേരം ഉത്തേജിതമായി നിലകൊള്ളുന്നതുകൊണ്ടും തലച്ചോറിലെ സൂക്ഷ്മകോശങ്ങള്‍ സജീവമായി തുടരുന്നതുകൊണ്ടുമാണ്  ഇത്.

ആവശ്യത്തിന് ഉറക്കം ജീവിതചര്യയുടെ ഭാഗമാക്കാനും ശ്രദ്ധിക്കണം. ഉറക്കക്കുറവും ആയുര്‍ദൈര്‍ഘ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. 9 മണിക്കൂറിലേറെ തുടര്‍ച്ചയായി ഇരുന്നുജോലി ചെയ്യുന്നതും ആരോഗ്യത്തിനു നല്ലതല്ല. ഒരേയിരിപ്പാണ് ഒടുക്കം മനുഷ്യനെ കിടത്തിക്കളയുന്നത്. 37000 മുതിര്‍ന്ന വ്യക്തികളുടെ ജീവിതക്രമം പരിശോധിച്ചു നടത്തിയ പഠനത്തില്‍നിന്നാണ് ഈ കണ്ടെത്തലുകള്‍. നോര്‍വീജിയന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്ത് ആണ് പഠനത്തിനു നേതൃത്വം  നല്‍കിയത്.

ദിവസവും വ്യായാമത്തിനു ചിട്ടയായ സമയക്രമം പാലിക്കാന്‍ വീട്ടമ്മമാര്‍ക്കു സാധിക്കണമെന്നില്ല. അതുകൊണ്ട് അവരോടു കൂടിയാണ് ഈ നിര്‍ദേശം. ശരീരത്തിലെ പേശികള്‍ക്കു വ്യായാമം നല്‍കുന്ന ഏതു പ്രവൃത്തിയും വ്യായാമമാണ്. അതുകൊണ്ട് അതിരാവിലെ എഴുന്നേറ്റ് ഓടാന്‍ കഴിഞ്ഞില്ലെങ്കിലും ഓഫിസിലെയും വീട്ടിലെയും സ്‌റ്റെയര്‍കേസ് അല്‍പം വേഗത്തില്‍ നടന്നുകയറിയാല്‍ മതി. പൂന്തോട്ടത്തിലൂടെയോ മുറ്റത്തുകൂടിയോ വേഗത്തിലൊന്നു നടക്കാം, ചെറിയ ചൂലുകൊണ്ട് മുറ്റമടിക്കാം, അങ്ങനെ എന്തെല്ലാം എളുപ്പവഴികള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക