Image

അയക്കാരനെ വെറുക്കുന്ന മനസാണോ കൂട്ടക്കുരുതിക്കു പിന്നില്‍? (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 10 September, 2019
അയക്കാരനെ വെറുക്കുന്ന മനസാണോ കൂട്ടക്കുരുതിക്കു പിന്നില്‍? (ഏബ്രഹാം തോമസ്)
ഏറെ കോളിളക്കം സൃഷ്ടിച്ച കൊളമ്പയിൻ  കൂട്ടക്കുരുതിക്ക് ശേഷം ഇതുവരെ 200-ല്‍ ഏറെ അത്തരം സംഭവങ്ങള്‍ ഉണ്ടായി എന്നും ഈ വര്‍ഷം 33 തവണ അര്‍ദ്ധ യന്ത്രതോക്കുകള്‍ ഉപയോഗിച്ച് കൊലപാതകികള്‍ നിസ്സഹായരും നിരപരാധികളുമായ ജനങ്ങളെ വെടി വച്ചു വീഴ്ത്തി എന്നും ജസ്റ്റീസ് ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നു.

അമേരിക്കന്‍ ജനതയുടെ മനസ് രോഗാതുരമായോ എന്ന് ചോദിക്കുന്നവര്‍ വര്‍ധിച്ച് വരികയാണ്. ഉള്ളിലെ നിരാശയും തിരസ്‌കരണ ബോധവും അയല്‍ക്കാരനെ വെറുക്കാന്‍ പ്രേരിപ്പിക്കുന്നതാണോ അതോ എല്ലാറ്റിനോടുമുള്ള അമര്‍ഷം പുകഞ്ഞ് പുറത്തേയ്ക്ക് അക്രമമായി പ്രവഹിക്കുന്നതാണോ എന്ന് കൃത്യമായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ഓരോ കൂട്ടക്കൊലപാതകങ്ങള്‍ക്കും ശേഷം തോക്ക് നിയന്ത്രണത്തിനും തോക്ക് നിരോധനത്തിനും വേണ്ടി മുറവിളി ഉയരാറുണ്ട്. തോക്ക് നിരോധം നിലവിലെ നിയമ സംവിധാനത്തില്‍ പല സംസ്ഥാനങ്ങളിലും അസാധ്യമാണ്. ഫെഡറല്‍ സംവിധാനത്തില്‍ ഭരണഘടനയുടെ രണ്ടാം ഭേദഗതി തോക്ക് കൈവശം വയ്ക്കുവാന്‍ അനുവാദം നല്‍കുന്നു. ചില സംസ്ഥാനങ്ങള്‍ ഇത് പരസ്യമായി തന്നെ ധരിക്കുവാന്‍ അനുമതി നല്‍കുന്നുണ്ട്. ഓട്ടോമാറ്റിക് റൈഫിളുകള്‍ കൈവശം വയ്ക്കുവാന്‍ മിക്ക സംസ്ഥാനങ്ങളും അനുവദിക്കുന്നില്ല. എന്നാല്‍ സെമി ഓട്ടോമാറ്റിക് റൈഫിളുകള്‍ കൈവശം വയ്ക്കുവാന്‍ അനുവദിക്കുന്ന ധാരാളം സംസ്ഥാനങ്ങളുണ്ട്.

തോക്കുകള്‍ക്ക് ലൈസന്‍സ് ഉണ്ടായിരിക്കണം എന്നു നിര്‍ബന്ധമാണ് എന്നാല്‍ ഒരാളില്‍ നിന്ന് മറ്റൊരാളിലേയ്ക്ക് കൈമാറി കിട്ടുന്ന തോക്കുകള്‍ക്ക് പലപ്പോഴും ലൈസെന്‍സ് ഉണ്ടാവാറില്ല. തോക്കുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം എന്ന നിയമവും ചിലപ്പോള്‍ പാലിക്കപ്പെടാറില്ല എന്നാരോപണമുണ്ട്. റജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഉടമസ്ഥാവകാശം ഉള്ള വ്യക്തിയുടെ ക്രമിനില്‍ പശ്ചാത്തലം പരിശോധിക്കണമെന്നും ക്രിമിനല്‍ ചരിത്രം ഉള്ളവര്‍ക്ക് തോക്ക് നല്‍കാനാവില്ല എന്നും നിയമമുണ്ട്. എന്നാല്‍ ഒഡേസയില്‍ കൂട്ടക്കൊല നടത്തിയ ഘാതകന് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടായിരുന്നിട്ടും തോക്കുകള്‍ വാങ്ങാന്‍ അനുവദിച്ചു എന്ന് ആരോപണമുണ്ട്. എത്ര തോക്കുകള്‍ ഒരു വ്യക്തിക്ക് വാങ്ങാം എന്നു വ്യക്തമായ നിബന്ധകളില്ല. രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പടെ പലര്‍ക്കും ഒന്നിലധികം തോക്കുകള്‍ കൈവശം ഉണ്ട്. എത്ര തോക്കുകള്‍ തങ്ങളുടെ പക്കല്‍ ഉണ്ടെന്ന് വെളിപ്പടുത്തുവാന്‍ തോക്ക് നിയന്ത്രണത്തിനുവേണ്ടി ശബ്ദം ഉയര്‍ത്തുന്ന നേതാക്കള്‍ പോലും തയാറല്ല.

ബൈബിളിലെ പുറപ്പാട് പുസ്തകത്തിലെ 22-ാം അധ്യായം രണ്ടാം വാക്യത്തില്‍ കള്ളന്‍ ഭവനഭേദനം നടത്തി പിടിക്കപ്പെട്ടാല്‍ അവനെ കൊല്ലുന്നത് തെറ്റല്ല എന്നെഴുതിയിരിക്കുന്നത് ടെക്‌സസ് സെനറ്റര്‍ ടെഡ് ക്രൂസ് ഉദ്ധരിച്ചത് വിവാദമായിരിക്കുകയാണ്. തോക്ക് ഉടമകളുടെ സംഘടന നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ (എന്‍ആര്‍എ) രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്ക്, പ്രത്യേകിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ക്ക് ലോഭം ഇല്ലാതെ സംഭാവന നല്‍കാറുണ്ട്. ഈ സംഘടനയുടെ സംഭാവന തങ്ങള്‍ സ്വീകരിക്കില്ല എന്നു പ്രഖ്യാപിക്കുന്ന സ്ഥാനാര്‍ത്ഥികളുമുണ്ട്.

ഒഡേസയില്‍ ഒരു പോസ്റ്റല്‍ ട്രക്ക് തട്ടിക്കൊണ്ട് പോയാണ് ഘാതകന്‍ കണ്ണില്‍ കണ്ടവരെയെല്ലാം തുരുതുരെ വെടിവച്ചത്. അഞ്ചു പേര്‍ മരിച്ചു. 20-ല്‍ ഏറെ പേര്‍ക്ക് വെടിയേറ്റു. മരിച്ചവരില്‍ ഒഡേസ ഹൈസ്‌കൂളില്‍ പഠിച്ചിരുന്ന 15 വയസ്സുകാരന്‍ ലീല ഹെര്‍നാണ്ടസും ഉള്‍പ്പെടുന്നു. സഹപാഠികളെ സാന്ത്വനിപ്പിക്കുവാന്‍ താന്‍ അനുഭവിക്കുന്ന ബദ്ധപ്പാട് വിവരിച്ച് ഇംഗ്ലീഷ് അധ്യാപകന്‍ ഡാനിയേല്‍ ന്യൂമാന്‍ ഒരു ദിനപ്പത്രത്തില്‍ ലേഖനമെഴുതി.

ഒഡേസ കൂട്ടക്കുരുതിക്ക് ശേഷം ടെക്‌സസ് ജനപ്രതിനിധി സഭയിലെ ഡെമോക്രാറ്റുകള്‍ ഗവര്‍ണര്‍ ഗ്രെഗ് ആബട്ടിന് സഭയുടെ ഒരു പ്രത്യേക സമ്മേളനം വിളിച്ചു കൂട്ടി തോക്ക് അക്രമം നിയന്ത്രിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക