Image

തിരുവോണനാളില്‍ നഗരസഭയ്‌ക്കു മുന്നില്‍ ഉപവാസമിരിക്കാന്‍ ഫ്‌ളാറ്റുടമകള്‍

Published on 10 September, 2019
തിരുവോണനാളില്‍ നഗരസഭയ്‌ക്കു മുന്നില്‍ ഉപവാസമിരിക്കാന്‍ ഫ്‌ളാറ്റുടമകള്‍
കൊച്ചി: മരടിലെ നൂറുകണക്കിന്‌ കുടുംബങ്ങള്‍ക്ക്‌  കണ്ണീരോണം. തീരദേശ പരിപാലന ചട്ടം ലംഘിച്ചു നിര്‍മ്മിച്ചുവെന്ന്‌ കണ്ടെത്തിയ നാല്‌ ഫ്‌ളാറ്റ്‌ സമുച്ചയങ്ങള്‍ പൊളിച്ചുനീക്കണമെന്ന സുപ്രീം കോടതി ഉത്തരവ്‌ പാലിക്കാനുറച്ച്‌ ഭരണാധികാരികള്‍. 

ഫ്‌ളാറ്റിലെ താമസക്കാര്‍ അഞ്ച്‌ ദിവസത്തിനകം ഒഴിയണമെന്ന്‌ ആവശ്യപ്പെട്ട്‌ ഫ്‌ളാറ്റ്‌ ഉടമകള്‍ക്ക്‌ ഇന്നു തന്നെ നോട്ടീസ്‌ നല്‍കുമെന്ന്‌ നഗരസഭാ സെക്രട്ടറി വ്യക്തമാക്കി. കുടിയൊഴിപ്പിക്കുമെന്ന്‌ ഉറപ്പായതോടെ തിരുവോണ ദിനമായ നാളെ നഗരസഭയ്‌ക്കു മുന്നില്‍ ഉപവാസമിരുന്ന്‌ പ്രതിഷേധിക്കാനാണ്‌ ഫ്‌ളാറ്റ്‌ ഉടമകളുടെ തീരുമാനം.

അതിനിടെ, നോട്ടീസ്‌ നല്‍കാന്‍ വരുന്നവരെ അകത്തുകയറ്റില്ലെന്ന്‌ ഉടമകള്‍ വ്യക്തമാക്കി. തിനായി ഫ്‌ളാറ്റുകളിലേക്കുള്ള ഗേറ്റുകള്‍ ഇവര്‍ പൂട്ടി. ജയിന്‍ കോറല്‍ ഫ്‌ളാറ്റിന്റെ ഗേറ്റ്‌ ആണ്‌ പൂട്ടിയത്‌.

ഇന്നു ചേര്‍ന്ന നഗരസഭ പ്രത്യേക കൗണ്‍സില്‍ തീരുമാനപ്രകാരമാണ്‌ ഫ്‌ളാറ്റ്‌ ഉടമകള്‍ക്ക്‌ നോട്ടീസ്‌ നല്‍കുന്നത്‌. പ്രശ്‌നങ്ങളില്ലാതെ സുപ്രീം കോടതി വിധി നടപ്പാക്കാനാണ്‌ നഗരസഭയുടെ തീരുമാനം. കൗണ്‍സിലില്‍ ഭരണപക്ഷവും പ്രതിപക്ഷവും കൊണ്ടുവന്ന രണ്ട്‌ പ്രമേയങ്ങളും പാസാക്കി. 

അവ സര്‍ക്കാരിന്‌ കൈമാറും. ഫ്‌ളാറ്റ്‌ ഉടമകളുടെ അവകാശങ്ങളും സംരക്ഷിക്കണമെന്നതും പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നതിന്‌ സര്‍ക്കാര്‍ ശ്രമിക്കണമെന്നും ആവശ്യപ്പെടുന്നതാണ്‌ ഭരണകക്ഷിയുടെ പ്രമേയം.

 വിധി പാലിക്കാന്‍ കഴിയില്ലെന്ന്‌ സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിക്കണമെന്നതാണ്‌ പ്രതിപക്ഷം മുന്നോട്ടുവയ്‌ക്കുന്ന ആവശ്യം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക