Image

മാവേലിക്കൊരു കത്ത്( ഡോ.ജോര്‍ജ് മരങ്ങോലി)

ഡോ.ജോര്‍ജ് മരങ്ങോലി Published on 10 September, 2019
മാവേലിക്കൊരു കത്ത്( ഡോ.ജോര്‍ജ് മരങ്ങോലി)
പ്രിയ ബഹുമാനപ്പെട്ട മാവേലിത്തമ്പുരാന് കുട്ടനാട്ടില്‍ നിന്ന് കുട്ടിയമ്മ എഴുതുന്നത്:
കഴിഞ്ഞ വര്‍ഷം അങ്ങയെ കണ്ട് ഞങ്ങളുടെ സങ്കടങ്ങള്‍ ബോധിപ്പിക്കാന്‍ വേണ്ടി കാത്തിരുന്നപ്പോഴാണ്, ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടംപോലെ മഹാപ്രളയം വന്നത്! അത് ഒരു ഒന്നൊന്നരവെള്ളപ്പൊക്കമായിരുന്നെന്നേ! ഏതാണ്ട് 'റെഡ് അലര്‍ട്ട്' എന്നൊക്കെ പറഞ്ഞായിരുന്നു; പക്ഷെ ഞങ്ങള്‍ക്കൊന്നും മനസ്സിലായില്ല! മനുഷ്യന്മാരുടെ അണ്ണാക്കുവരെ വെള്ളം കേറി! നല്ല മനുഷ്യരായ കുറെ മീന്‍പിടുത്തക്കാര്‍ വന്ന് വലിച്ച് കരയ്ക്ക് കയറ്റിയതുകൊണ്ട് ഇന്നും ജീവിച്ചിരിക്കുന്നു, ഭാഗ്യം!

അപ്പനപ്പൂന്മാരായി നടത്തിവന്നിരുന്ന ഒരു താറാവ് കൃഷിയുണ്ടായിരുന്നു; എന്നാ പറയാനാ എന്റെ മാവേലിത്തമ്പുരാനെ, വെള്ളം ഇറങ്ങിക്കഴിഞ്ഞപ്പോള്‍ 'ആടുകിടന്നിടത്ത് പൂട പോലുമില്ലാത്ത' സ്ഥിതിയായി! സര്‍ക്കാര് ദുരിത-ആശ്വാസം തരാമെന്ന് കൊട്ടിഘോഷിച്ചായിരുന്നു, പക്ഷെ നടന്നു നടന്ന് ശ്വാസം നിലച്ചതല്ലാതെ ആശ്വാസം കിട്ടിയില്ല! ഇല്ലാത്തത് പറയരുതല്ലോ, ഒരു പതിനായിരം രൂപാ തന്നായിരുന്നു; അതുകൊണ്ട് എന്നാ ആകാനാന്നേ?
ലോകമെമ്പാടുമുള്ള സഹൃദയര്‍ ലോറിക്കണക്കിന് ഭക്ഷണവും, തുണിത്തരങ്ങളും ക്യാമ്പുകളിലെത്തിച്ചതുകൊണ്ട് ഒന്നുപിടിച്ചു നില്‍ക്കാന്‍ പറ്റി. അവരുടെ സഹായത്തിന് എത്ര നന്ദിപറഞ്ഞാലും മതിയാകേല! പക്ഷെ മറ്റൊരു കാര്യം പറയാതിരിക്കാന്‍ വയ്യ; പിച്ചച്ചട്ടിയില്‍ കൈയ്യിട്ടു വാരാന്‍ വന്ന ചില നേതാക്കന്മാരും, ഉദ്യോഗസ്ഥന്മാരും ചേര്‍ന്ന് ക്യാമ്പുകളില്‍ വന്ന അരിയും, അടിവസ്ത്രങ്ങളും അടിച്ചുമാറ്റാനൊരു ശ്രമം നടത്തിയത് നാട്ടുകാര് പിടിച്ചു, ആകെ നാണക്കേടായിപ്പോയി! പുരയ്ക്ക് തീ പിടിക്കുമ്പോഴല്ലേ വാഴവെട്ടാനൊക്കൂ!
മാവേലിത്തമ്പുരാനേ, നമ്മുടെ നാടിന്റെ സ്ഥിതി ഇപ്പോള്‍ വളരെ അരോചകമാണ്! ദൈവത്തിന്റെ നാട് ഇപ്പോള്‍ ചെകുത്താന്മാരുടെ കോട്ടയായിപ്പോയി! കള്ളവുമില്ല, ചതിയുമില്ല.....' ഇത് വെറും ഓള്‍ഡ് സ്‌റ്റെല്, പഴമൊഴി! കോടികള്‍ മുടക്കി നിര്‍മ്മിച്ച ഒരു മേല്‍പ്പാലത്തിന് ബലക്ഷയം; പാലം കട്ടപ്പുറത്തിരിക്കുന്ന ആന വണ്ടി പോലെയായി! പള്ളികളിലാണെങ്കിലും, പള്ളിക്കൂടത്തിലാണെങ്കിലും സര്‍വ്വത്ര പ്രശ്‌നങ്ങളാ! മനസ്സമാധാനം കിട്ടാന്‍ പള്ളീല്‍ പോയിരുന്നതാ, എന്നാ പറയാനാന്നേ, ഇപ്പോ പള്ളീന്ന് കേട്ടാ ഒള്ള സമാധാനം കൂടി നഷ്ടപ്പെടും! പണ്ടൊക്കെ പുസ്തകവും പെന്‍സിലുമായി സ്‌ക്കൂളിലും കോളേജിലും പോയിരുന്നിടത്ത് ഇ്‌പ്പോള്‍ പിള്ളേര് പോകുന്നത് കത്തിയും, കഠാരിയുമായിട്ടാ! അതെന്തിനാ പറയുന്നെ, ഭക്തജനങ്ങളുടെ ദര്‍ശനം സ്വീകരിച്ച് സ്വസ്ഥമായിരുന്ന അയ്യപ്പസ്വാമിയുടെ മന:സമാധനം പോലും പലരായി നശിപ്പിച്ചില്ലേ?
ഇക്കാലത്ത് അസുഖം വന്നാല്‍ ആശുപത്രീലെങ്ങാനും പോകാനൊക്കുമോ? പോയിട്ട് തിരിച്ചു വന്നാല്‍ വന്നെന്നു പറയാം; ജാതകവശാല്‍ ഭാഗ്യമുണ്ടെങ്കില്‍ ജീവനോടെ, അല്ലെങ്കില്‍ വെള്ളപുതച്ച്! അതാ ഇപ്പോഴത്തെ ഒരു രീതി! ഇനി ചെന്നുപെട്ടാലോ, മിക്കവാറും സ്‌പെയര്‍പാര്‍ട്ടുകളംല്ലാം അവര് വിറ്റ് കാശാക്കിക്കളയും! വെന്റിലേറ്റര്‍ എന്നു പറയുന്ന ഒരു കുന്ത്രാണത്തില്‍ ഘടിപ്പിച്ച് മരിച്ചവനെ എത്രദിവസം വേണമെങ്കിലും കിടത്തി കാശുണ്ടാക്കാനുള്ള കുതന്ത്രമൊക്കെ ഈ ആശുപത്രിക്കാര്‍ക്കറിയാം!

ചതിയന്മാരുടെ നാടായിപ്പോയി നമ്മുടെ നാട്! മനസ്സുറച്ച് എന്തെങ്കിലും കഴിക്കാന്‍ പറ്റുമോ? വിഷമടിച്ച പച്ചക്കറികള്‍, വിഷമത്സ്യം, സുനാമി ഇറച്ചി, എല്ലാം വിഷമയം! പഴകിയതും വൃത്തിഹീനവുമായ  ഭക്ഷണം വില്‍ക്കുന്നതിന് എത്ര ഹോട്ടലുകളാ ദിവസം പൂട്ടിക്കുന്നത് ! പേടിക്കേണ്ട, ഇന്ന് അടയ്ക്കും, പിറ്റേന്ന് തുറക്കും, അതാ അതിന്റെയൊരു രീതി! ഏതെങ്കിലും കാര്യത്തിന് പോലീസ് സ്‌റ്റേഷന്റെ വാതില്‍ക്കല്‍ക്കൂടി ഒന്നുപോയാല്‍ മതി, ഒരു ഉരുട്ട് ഉറപ്പാ! രക്ഷപ്പെട്ടില്ലെങ്കില്‍ ജീവിതം കട്ടപ്പൊക! ഇതെല്ലാം സഹിക്കാം എന്റെ മാവേലിത്തമ്പുരാനേ, കൊച്ചുകുട്ടികളോടുള്ള ക്രൂരത കേട്ടാല്‍ മനസ്സാക്ഷി മരവിക്കും! ആതുരാലയത്തിലും, ആരാധനാലയത്തിലുമൊക്കെ വച്ചല്ലേ കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നത്; വേലിതന്നെ വിളവു തിന്നുന്നു, കഷ്ടം! ഇതിലും കഠിനമാണ് മറ്റൊന്ന്; കാമുകന്റെ കൂടെക്കൂടി സ്വന്തം കുഞ്ഞുങ്ങളെ തല്ലിക്കൊല്ലുന്ന അമ്മമാരുടെ നാടുകൂടിയായിപ്പോയി ഈ കൊച്ചു കേരളം! പണ്ട് പ്രേമനൈരാശ്യം വന്നാല്‍ ചില മണ്ടന്മാര്‍ ആത്മഹത്യചെയ്യുമായിരുന്നു; അതുമാറി, ഹൈടെക്ക് ആയി! പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി രണ്ടാളും കത്തിച്ചാമ്പലാകുക! അതാ ഒരു സ്റ്റൈല്!

ഓണം വരാറായി; ഒരൊറ്റ തുമ്പപ്പൂപോലും നമ്മുടെ നാട്ടിലില്ല! അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്താലേ പൂക്കളം തീര്‍ക്കാനൊക്കൂ എന്ന ഗതികെട്ട അവസ്ഥ! ഇപ്പോഴാ മറ്റൊരു വിഷയം ഓര്‍ത്തത്. നമ്മുടെ നാട്ടില്‍ ഇപ്പോള്‍ മലയാളികള്‍ കുറവാ. എല്ലാവരും പ്രവാസികളായി രക്ഷപ്പെട്ടില്ലേ! ഇപ്പോള്‍ നാട്ടില്‍ സര്‍വ്വത്ര ബംഗാളികളാ! ഹോട്ടലിലും, ബാര്‍ബര്‍ഷോപ്പിലും, പെട്രോള്‍ പമ്പിലും, നിര്‍മ്മാണ കമ്പനികളിലും എല്ലാം ബംഗാളികള്‍! തമ്പുരാനോട് കുട്ടിയമ്മക്കൊരപേക്ഷയുണ്ട്; അടുത്ത തവണ വരുമ്പോള്‍ അല്പം ബംഗാളിഭാഷ കൂടി വശമാക്കിക്കോളൂ, മിക്കവാറും താമസിയാതെ ഓണം ആഘോഷിക്കുന്നത് ബംഗാളികളായിരിക്കും! ഇപ്പോത്തന്നെ ഓണാഘോഷങ്ങള്‍ക്ക് മാവേലിലായി വേഷം കെട്ടുന്നതുപോലും മലയാളം അറിയാത്ത ബംഗാളികളല്ലേ!

ഇനിയും ഒത്തിരികാര്യങ്ങള്‍ ഉണര്‍ത്തിക്കാനുണ്ട്;  മാവേലിത്തമ്പുരാനെ ഒന്ന് കാണാന്‍ കിട്ടിയിട്ടുവേണ്ടേ? അങ്ങ് ഈ ഓണത്തിനും സംക്രാന്തിക്കുമൊക്കെ പ്രത്യക്ഷപ്പെട്ടാല്‍ ഞങ്ങള്‍ എന്നാ ചെയ്യാനാന്നേ? ഈയിടെയായി ഓണാഘോഷങ്ങള്‍ കൂടുതലായി നടക്കുന്നത് മറുനാട്ടിലായതുകൊണ്ട് തമ്പുരാന്‍ കേരളത്തിലേക്ക് വരാറേയില്ല എന്നൊരു അപശ്രുതിയും നിലവിലുണ്ട്! മാലോകരെല്ലാം ഒന്നുപോലെ' ആയിരുന്ന നമ്മുടെ നാട് വെറും കൂതറനാടായിപ്പോയി! അങ്ങുതന്നെ മാവേലി നാടിനെ രക്ഷിക്കണം. ഈ കുട്ടിയമ്മയുടെ എളിയ ബുദ്ധിയില്‍ തോന്നുന്ന രണ്ടുകാര്യങ്ങളേയുള്ളൂ-ഒന്നുകില്‍ ഇവിടെയുള്ള കശ്മലന്മാരായ സാമദ്രോഹികളെ അങ്ങനെ കാലനെ അയച്ച് പിടിച്ചുകെട്ടിക്കൊണ്ടുപോയി പാതാളത്തിന്റെ അടിത്തലിട്ട് പൂട്ടുക; വെളിയില്‍ വിടരുത്! എന്നിട്ടു തമ്പുരാന്‍ ഇങ്ങോട്ടു തിരിച്ചുപോരാനേ, നമുക്കിവിടെ പായപോലെ ആടിയും, പാടിയും ആമോദത്തോടെ വസിക്കാം. അതു പറ്റിയില്ലെങ്കില്‍ നല്ലവരായ ഞങ്ങളെക്കൂടി അങ്ങോട്ടുകൊണ്ടുപോവുക; അങ്ങ് ജീവിക്കുന്ന പാതാളവും സ്വര്‍ഗ്ഗംപോലെ ആയിരിക്കുമല്ലോ. നമുക്കവിടെ, 'ദുഷ്ടരെ കണ്‍കൊണ്ടു കാണ്‍മാനില്ല, നല്ലവരല്ലാതെ ഇല്ലപാരില്‍'  എന്ന് പാടിക്കൊണ്ട് അടിച്ചുപൊളിച്ചു ജീവിക്കാം!

എത്രയും വേഗം ഒരു തീരുമാനത്തിലെത്തണമെന്ന് അപേക്ഷിച്ചുകൊണ്ട്, കുട്ടനാട്ടില്‍ നിന്നും, സ്വന്തം പ്രജ, കുട്ടിയമ്മ.

അടിക്കുറിപ്പ്: നാട്ടില്‍ വരുമ്പോള്‍ ശ്രദ്ധിക്കണം;  തെരുവുനായ്ക്കളുടെ ഘോഷയാത്രയാണ് ഇവിടെ. തലങ്ങിനും വിലങ്ങിനും മനുഷ്യരെ പട്ടികടിച്ചു കീറിയാല്‍ കേസ്സില്ല; സഹിക്കുക! പക്ഷെ പട്ടിയെ തൊട്ടാല്‍ തൊട്ടോനെ തട്ടും, അതാ ഇവിടത്തെ ഒരു സ്‌റ്റൈല്! സൂക്ഷിക്കണേ!

(ബാംഗ്ലൂര്‍ നന്മ മലയാളി അസ്സോസിയേഷന്‍ മത്സരത്തില്‍ ഒന്നാം സ്ഥാനത്ത് എത്തി വിജയിച്ച കത്ത്)

മാവേലിക്കൊരു കത്ത്( ഡോ.ജോര്‍ജ് മരങ്ങോലി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക