Image

ഇന്‍ഡ്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം സെപ്റ്റംബര്‍ 14 ശനിയാഴ്ച ഫിലഡല്‍ഫിയയില്‍

ജോസ് മാളേയ്ക്കല്‍ Published on 09 September, 2019
ഇന്‍ഡ്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം സെപ്റ്റംബര്‍ 14 ശനിയാഴ്ച ഫിലഡല്‍ഫിയയില്‍
ഫിലഡല്‍ഫിയ: വിശാല ഫിലാഡല്‍ഫിയ റീജിയണിലെ കേരള കത്തോലിക്കരുടെ സ്‌നേഹകൂട്ടായ്മയായ ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ സെപ്റ്റംബര്‍ 14 ശനിയാഴ്ച്ച ഇന്‍ഡ്യന്‍ കാത്തലിക് ഹെറിറ്റേജ് ദിനമായി ആഘോഷിക്കുന്നു. സീറോമലങ്കര സഭ വടക്കേ അമേരിക്ക-കാനഡ എന്നിവയുടെ ചുമതല വഹിക്കുന്ന ബിഷപ് ഫീലിപ്പോസ് മാര്‍ സ്റ്റെഫാനോസ് ആണ് മുഖ്യാതിഥി.

ശനിയാഴ്ച്ച വൈകുന്നേരം നാലുമണി മുതല്‍ സെ. തോമസ് സീറോമലബാര്‍ കത്തോലിക്കാ ദേവാലയത്തില്‍ നടക്കുന്ന ആഘോഷപരിപാടികളിലേക്ക് എല്ലാവര്‍ക്കും സ്വാഗതം. പ്രവേശനം സൗജന്യം.

വിശിഷ്ടാതിഥികള്‍ക്ക് സ്വീകരണം, കൃതഞ്ജതാബലിയര്‍പ്പണം, ലഘുഭക്ഷണത്തോടെ സൗഹൃദം പുതുക്കല്‍ എന്നിവയ്ക്കുശേഷം ഈ വര്‍ഷത്തെ ഹൈലൈറ്റായ ബൈബിള്‍ ജപ്പടി മല്‍സരം നടത്തപ്പെടുന്നു. വിജ്ഞാനം, വിനോദം, ഉന്നത സാങ്കേതികവിദ്യ എന്നിവ സമഞ്ജസമായി സമന്വയിപ്പിച്ച് ടി. വി. മോഡലില്‍ അവതരിപ്പിക്കപ്പെടുന്ന മല്‍സരത്തില്‍ ഫിലാഡല്‍ഫിയായിലെ നാലു കത്തോലിക്കാപള്ളികളുടെ ടീമുകള്‍ മാറ്റുരയ്ക്കും.

ഏറ്റവും കൂടുതല്‍ പോയിന്റു നേടി ചാമ്പ്യന്മാരാകുന്ന ടീമിനും,  റണ്ണര്‍ അപ്പ് ടീമിനും ഐ. എ. സി. എ. നല്കുന്ന എവര്‍ റോളിങ്ങ് ട്രോഫിയും, വ്യക്തിഗത ട്രോഫികളൂം ലഭിക്കും.
.
ബൈബിള്‍ ജപ്പടി മല്‍സരത്തിനുശേഷം വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കപ്പെടും. ഫിലാഡല്‍ഫിയയിലെ പ്രശത ഡാന്‍സ് സ്കൂളുകള്‍ അവതരിപ്പിക്കുന്ന നൃത്തങ്ങള്‍, തിരുവാതിര, മാര്‍ഗംകളി എന്നിവ കാണികള്‍ക്ക് കണ്‍കുളിര്‍ക്കേ ആസ്വദിക്കുന്നതിന് സാധിക്കും. സ്‌നേഹവിരുന്നോടെ ഈ വര്‍ഷത്തെ ഹെറിറ്റേജ് ദിനാഘോഷങ്ങള്‍ക്ക് തിരശീല വീഴും. ഇന്‍ഡ്യന്‍ കത്തോലിക്കരുടെ ശ്രേഷ്ടമായ പൈതൃകവും, പാരമ്പര്യങ്ങളും ഒത്തുചേരുന്ന സമ്മളനത്തിലേക്ക് എല്ലാ മലയാളികളെയും ഭാരവാഹികള്‍ ക്ഷണിക്കുന്നു.

കേരളീയ ക്രൈസ്തവപൈതൃകവും, പാരമ്പര്യങ്ങളും അമേരിക്കയിലും അഭംഗുരം കാത്തുസൂക്ഷിക്കുന്ന സീറോമലബാര്‍, സീറോമലങ്കര, ക്‌നാനായ, ലത്തീന്‍ എന്നീ ഭാരതീയ കത്തോലിക്കര്‍ ഒരേ വിശ്വാസം, പല പാരമ്പര്യങ്ങള്‍ എന്ന ആപ്തവാക്യത്തിലൂന്നി  ഒരേ കുടക്കീഴില്‍ നടത്തിവരുന്ന ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷങ്ങള്‍ പുതുതലമുറയ്ക്ക് മാതൃകയാണ്.

ചാര്‍ലി ചിറയത്ത് പ്രസിഡന്റ്, മെര്‍ലിന്‍ അഗസ്റ്റിന്‍ ജനറല്‍ സെക്രട്ടറി, അനീഷ് ജയിംസ് ട്രഷറര്‍, തോമസ്കുട്ടി സൈമണ്‍ വൈസ് പ്രസിഡന്റ്, തെരേസ സൈമണ്‍ യൂത്ത് വൈസ് പ്രസിഡന്റ്, ടിനു ചാരാത്ത് ജോയിന്റ് സെക്രട്ടറി, ജോസഫ് സക്കറിയാ ജോയിന്റ് ട്രഷറര്‍ എന്നിവരുടെ നേതൃത്വത്തില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും, ഡയറക്ടര്‍ ബോര്‍ഡും ഹെറിറ്റേജ് ദിനാഘോഷങ്ങളുടെ ക്രമീകരണങ്ങള്‍ ചെയ്യുന്നു. 

ഫിലാഡല്‍ഫിയ സെ. തോമസ് സീറോമലബാര്‍ ഫൊറോനാപള്ളി വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനും, സെ. ജോണ്‍ ന്യൂമാന്‍ ക്‌നാനായ കാത്തലിക് മിഷന്‍ ഡയറക്ടര്‍ റവ. ഫാ. റെന്നി കട്ടേല്‍ വൈസ് ചെയര്‍മാനും, സെന്റ് ജൂഡ് സീറോ മലങ്കരപള്ളി വികാരി റവ. ഡോ. സജി മുക്കൂട്ട്, ഇന്‍ഡ്യന്‍ ലാറ്റിന്‍ കാത്തലിക് മിഷന്‍ ഡയറക്ടര്‍ റവ. ഫാ. ഷാജി സില്‍വ എന്നിവര്‍ ഡയറക്ടര്‍മാരുമായി കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക