Image

പൈലറ്റുമാര്‍ സമരത്തില്‍ : ബ്രിട്ടീഷ് എയര്‍വേസ് സര്‍വീസുകള്‍ റദ്ദാക്കി ; മാപ്പിരന്ന് കന്പനി

Published on 09 September, 2019
പൈലറ്റുമാര്‍ സമരത്തില്‍ : ബ്രിട്ടീഷ് എയര്‍വേസ് സര്‍വീസുകള്‍ റദ്ദാക്കി ; മാപ്പിരന്ന് കന്പനി

ലണ്ടന്‍: പൈലറ്റുമാരുടെ സമരത്തെ തുടര്‍ന്നു ബ്രിട്ടീഷ് എയര്‍വേസിന്റെ ഒട്ടനവധി സര്‍വീസുകള്‍ റദ്ദാക്കി. തിങ്കളാഴ്ച പുലര്‍ച്ചെ മുതലാണ് 48 മണിക്കൂര്‍ സമരം തുടങ്ങിയത്.കന്പനിയുടെ ബഹുഭൂരിപക്ഷം സര്‍വീസുകളും റദ്ദാക്കിയതോടെ ആയിരക്കണക്കിന് യാത്രക്കാര്‍ വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങിയിരിക്കുകയാണ്. ഏതാണ്ട് മൂന്നുലക്ഷം യാത്രക്കാരെ പണിമുടക്ക് ബാധിച്ചതായാണ് കണക്ക്. 1700 സര്‍വീസുകളുമാണ് റദ്ദാക്കിയിരിക്കുന്നത്.

ശന്പള വര്‍ധന ആവശ്യപ്പെട്ട് കഴിഞ്ഞ മാസം തന്നെ പൈലറ്റുമാരുടെ യൂണിയന്‍ കന്പനിക്ക് പണിമുടക്ക് നോട്ടീസ് നല്‍കിയിരുന്നു. സെപ്റ്റംബര്‍ 9,10,27 എന്നീ ദിവസങ്ങളിലാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. എന്നാല്‍ മുന്‍കൂട്ടിയറിഞ്ഞിട്ടും സര്‍വീസുകള്‍ റദ്ദാക്കുന്ന കാര്യം യാത്രക്കാരെ അറിയിക്കാന്‍ കന്പനി കൂട്ടാക്കിയില്ല. അതോടെ യാത്രക്കാര്‍ അക്ഷരാര്‍ഥത്തില്‍ പെരുവഴിയിലുമായി. പലരും വിമാനത്താവളങ്ങളില്‍ എത്തിയപ്പോഴാണ് സര്‍വീസ് റദ്ദാക്കിയ വിവരം അറിയുന്നത്.

കഴിഞ്ഞ ഒന്പത് മാസമായി പൈലറ്റുമാരും കന്പനിയും തമ്മില്‍ ശന്പളവിഷയത്തില്‍ ശക്തമായ തര്‍ക്കം തുടരുകയാണ്.11.5 ശതമാനം ശന്പളവര്‍ദ്ധനയാണ് പൈലറ്റുമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ സമരക്കാരോടും കന്പനിയോടും പ്രശ്‌നം അവസാനിപ്പിച്ച് പരിഹാരമുണ്ടാക്കാന്‍ ആവശ്യപ്പെട്ടു. സമരത്തെതുടര്‍ന്ന് ബുദ്ധിമുട്ടിലായ യാത്രക്കാരോട് കന്പനി മാപ്പിരക്കുകയും ചെയ്തു.പൈലറ്റുമാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിനിടെ ഉണ്ടായ സമരത്തില്‍ കന്പനി ഖേദിക്കുവെന്നാണ് കന്പനി അറിയിച്ചത്.

ചരിത്രത്തില്‍ ആദ്യമായാണ് ബ്രിട്ടീഷ് എയര്‍വേസില്‍ പൈലറ്റുമാര്‍ ആഗോള തലത്തില്‍ പണിമുടക്ക് നടത്തുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക