Image

ചിദംബരം തീഹാറില്‍-ഇന്‍ഡ്യന്‍ ജനാധിപത്യം എങ്ങോട്ട്?(ദല്‍ഹികത്ത് :പി.വി.തോമസ്)

പി.വി.തോമസ്) Published on 09 September, 2019
 ചിദംബരം തീഹാറില്‍-ഇന്‍ഡ്യന്‍ ജനാധിപത്യം എങ്ങോട്ട്?(ദല്‍ഹികത്ത് :പി.വി.തോമസ്)
 ഓരോ തവണയും ഗവണ്‍മെന്റില്‍ ഉന്നതപദവികള്‍ വഹിച്ചിട്ടുള്ളവര്‍, ഭരണചക്രം തിരിച്ചിട്ടുള്ളവര്‍, ജനകോടികളുടെ  ഭാവിഭാവധേയം  നിര്‍ണ്ണയിച്ചവര്‍ കുറ്റാരോപിതരായി ജയിലില്‍ അടയ്ക്കപ്പെടുമ്പോള്‍ അത് ഭരണവ്യവസ്ഥയുടെ വിശ്വാസ്യതക്കും ജനങ്ങളുടെ  വിശ്വാസത്തിനും ഏല്‍ക്കുന്ന കനത്ത ആഘാതം ആണ്. അഴിമതിയും ബലാല്‍സംഗവും വധവും ചതിയും വഞ്ചനയും എല്ലാം ഈ ഭരണാധികാരികള്‍ക്കെതിരെ ആരോപിക്കപ്പെടുകയും ചിലര്‍ കുറ്റവാളികളായി വിധിക്കപ്പെട്ട് ശിക്ഷക്കപ്പെടുകയും ചെയ്യുമ്പോള്‍ എന്ത് സന്ദേശം ആണ് ജനങ്ങള്‍ക്ക് ലഭിക്കുന്നത്? കുറ്റാരോപിതരും അവരുടെ പാര്‍ട്ടിയും ഇതിനെ രാഷ്ട്രീയ പ്രേരിതമായ നരനായാട്ട് എന്ന് വിളിച്ച് സ്വയം പ്രതിരോധിക്കും. അത് സ്വാഭാവികം? ഭരണകക്ഷി ഇതിനെ അഴിമതിരഹിത സല്‍ഭരണത്തിന്റെ മകുടോദാഹരണം ആയി കൊട്ടിഘോഷിക്കും. അതും തികച്ചും സ്വാഭാവികം. നിഷ്പക്ഷ രാഷ്ട്രീയ-സാമൂഹ്യ നിരീക്ഷകര്‍ ഒരു പക്ഷേ സന്ദേഹിച്ചു പോകും അഴിമതിക്കാര്‍ പ്രതിപക്ഷപാര്‍ട്ടികളില്‍ മാത്രമേ ഉള്ളോ? എന്തുകൊണ്ട് ഭരണകക്ഷിയില്‍ നിന്നും കാര്യമായി ആരും തന്നെ പിടിക്കപ്പെടുന്നില്ല?

മുന്‍ ധനമന്ത്രിയും ആഭ്യന്തരമന്ത്രിയും കോണ്‍ഗ്രസിന്റെ മുന്നത നേതാവും ആയ പളിയപ്പന്‍ ചിദംബരത്തെ അഴിമതിയുടെ പേരില്‍ മോഡി ഗവണ്‍മെന്റ് അറസ്റ്റു ചെയ്തു തീഹാര്‍ ജയിലില്‍ അടച്ചത് തികച്ചും നടുക്കം ഉളവാക്കുന്ന ഒരു സംഭവം ആണ്. ചിദംബരം നിരപരാധി ആയതുകൊണ്ടോ അല്ലെങ്കില്‍ അദ്ദേഹം മോഡി-ഷാ ഗവണ്‍മെന്റിന്റെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇര ആയതുകൊണ്ടോ അല്ലെങ്കില്‍ കടുത്ത അഴിമതിക്കാരന്‍ ആയതുകൊണ്ടോ അല്ല ഈ നടുക്കം. എന്തുകൊണ്ട് ഇങ്ങനെയൊക്കെ സംഭവിക്കുന്നു. നമ്മുടെ ജനാധിപത്യവും ജനകീയ നേതാക്കന്മാരും എന്തുകൊണ്ട് തീഹാര്‍ ജയിലിലും പ്രതികൂട്ടിലും സ്ഥാനം പിടിക്കുന്നു? പ്രശ്‌നം കോണ്‍ഗ്രസിലോ ചിദംബരത്തിലോ മാത്രം ഒതുങ്ങുന്നത് അല്ല. ചിദംബരം ഒടുവിലത്തെ ഉദാഹരണം ആണ് എന്നതുമാത്രം. ചിദംബരത്തിന്റെയും അദ്ദേഹത്തിന്റെ മകനും ശിവഗംഗയിലെ(തമിഴ്‌നാട്) ലോകസഭ അംഗമായ കാര്‍ത്തി ചിദംബരത്തിന്റെയും അഴിമതി കേസുകളുടെയും കള്ളപ്പണം വെളുപ്പിക്കലിന്റെയും മറ്റ് സാമ്പത്തീക കുറ്റങ്ങളുടെയും മെറിറ്റ്‌സിലേക്ക് ഇവിടെ പോകുന്നില്ല. പക്ഷേ, അദ്ദേഹം ധനകാര്യമന്ത്രി ആയിരിക്കുമ്പോഴാണ് കാര്‍ത്തി ചിദംബരം കോടികളുടെ ഇടപാട് നടത്തിയത് എന്ന വസ്തുത നിലനില്‍ക്കുന്നു. സി.ബി.ഐ.യും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഇവര്‍ക്കെതിരെ വ്യക്തവും ശക്തവും ആയ തെളിവുകള്‍ നിരത്തുന്നു. ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ദല്‍ഹി ഹൈക്കോടതി ജഡ്ജി അദ്ദേഹത്തെ അഴിമതിയുടെ മുഖ്യ സൂത്രധാരനായി ചിത്രീകരിക്കുന്നു. ഏതാണ് വിധിന്യായത്തിനു തുല്യമായ ജഡ്ജ്‌മെന്റ് പുറപ്പെടുവിച്ചതിനുശേഷം ജഡ്ജ് സുനില്‍ ഗോര്‍ പിറ്റെ ദിവസം പെന്‍ഷന്‍ പറ്റുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മോഡി ഗവണ്‍മെന്റ് അദ്ദേഹത്തെ പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിംങ്ങ് ആക്ടിന്റെ തലവനായി വാഴ്ത്തുന്നു. അതുപോലെ തന്നെ നാടകീയവും അവിശ്വസനീയവും ആണ് ചിദംബരത്തെ അദ്ദേഹത്തിന്റെ വസതിയുടെ മതിചാടിക്കയറി പാതിരാത്രിയില്‍ സി.ബി.ഐ. അറസ്റ്റ് ചെയ്തതും. ഇതെല്ലാം രാഷ്ട്രീയപ്രകികാരം വീട്ടല്‍ ആണെന്ന് ചിദംബരവും കാര്‍ത്തിയും കോണ്‍ഗ്രസും ആരോപിക്കുന്നുണ്ടെങ്കിലും സത്യാവസ്ഥ ജനത്തിന് മനസിലാകുന്നില്ല.
ഏതായാലും പൊതുതെരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷം കോണ്‍ഗ്രസ് വിശ്വാസ്യതയുടെ അഗ്നിപരീക്ഷണം നേരിടുകയാണ്. ചിദംബരവും മകനും മാത്രമല്ല അഴിമതിക്കുരുക്കില്‍പ്പെട്ടു കിടക്കുന്നത്. കര്‍ണ്ണാടകത്തിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവായ ഡി.കെ.ശിവകുമാറും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറേറ്റിന്റെ പിടിയില്‍ ആണ് ഇദ്ദേഹം കോണ്‍ഗ്രസിന്റെ റിസോര്‍ട്ട് രാഷ്ട്രീയത്തിന്റെ ആസൂത്രകന്‍ ആണ്. വിമത എം.എല്‍.എ.മാരെ വാങ്ങുന്നതില്‍ ഇദ്ദേഹത്തിനുള്ള നൈപുണ്യം രാഷ്ട്രീയ കുതിരകച്ചവട കമ്പോളത്തില്‍ പ്രസിദ്ധം ആണ്. ഇദ്ദേഹം  പിടിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ ബി.ജെ.പി.ക്കു വേണ്ടി ഇതേ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിച്ച് നൂറുകണക്കിന് കോടികള്‍ വാരിവിതറി യെദിയൂരപ്പ ഗവണ്‍മെന്റിനെ തിരിച്ചു വാഴിച്ച ഖനിമാഫിയ രാജാക്കന്മാരെ ആര് പിടിച്ചു? അതുകൊണ്ടാണ് സി.ബി.ഐ.യും എന്‍ഫോഴ്‌സ് ഡയറക്ടേറ്റും ഭരണകക്ഷിയുടെ ചട്ടകങ്ങളായി പ്രതിപക്ഷ നേതാക്കന്മാരെ തെരഞ്ഞുപിടിക്കുകയാണെന്ന ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഈ അഴിമതി വീരന്മാര്‍ ബി.ജെ.പി.യില്‍ ചേര്‍ന്നാല്‍ അവര്‍ വിശുദ്ധരും ആകും!

ചിദംബരവും കാര്‍ത്തിയും ശിവകുമാറും മാത്രം അല്ല സി.ബി.ഐ.യുടെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറേറ്റിന്റെയും മറ്റുംനോട്ടപ്പുള്ളികള്‍. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മരുമകന്‍ റത്തൂള്‍പുരിയും സോണിയഗാന്ധിയുടെ രാഷ്ട്രീയ ഉപദേശകന്‍ അഹമ്മദ് പട്ടേലിന്റെ മകന്‍ ഫെയ്‌സലും അന്വേഷണ വിഭാഗത്തിന്റെ പിടിയില്‍ ആണ്. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയഗാന്ധിയും മുന്‍ അദ്ധ്യക്ഷനും മകനും ആയ രാഹുല്‍ഗാന്ധിയും നാഷ്ണല്‍ ഹെറാള്‍ഡ് തട്ടിപ്പ് കേസില്‍ വിചാരണയിലും ജാമ്യത്തിലും ആണ്. സോണിയയുടെ മരുമകന്‍ റോബര്‍ട്ട് വഡരയും ഒട്ടേറെ അഴിമതികേസുകളില്‍ അന്വേഷണവിധേയന്‍ ആണ്. മുന്‍ ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി വീരഭദ്രസിംങ്ങും അഴിമതികേസില്‍ ജാമ്യത്തില്‍ ആണ്. മുന്‍ കോണ്‍ഗ്രസ് നേതാക്കന്മാരായ കല്പനാഥ് റായും സുഖ് റാമും തീഹാര്‍ ജയില്‍വാസം അനുഭവിച്ച കോണ്‍ഗ്രസ് പ്രമുഖരാണ്. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതികേസില്‍ സുരേഷ് കല്‍മാഡി എന്ന മുതിര്‍ന്ന കോണ്‍ഗ്രസുകാരനും മുന്‍ലോകസഭ അംഗവും തീഹാറിലെ ഇഷ്ടികതറയില്‍ കാല്‍ തണുപ്പിച്ചിട്ടുള്ളതാണ്. ഏതായാലും പുതിയ അന്വേഷണ, അറസ്റ്റ് പരമ്പരയോടെ കോണ്‍ഗ്രസിന്റെ പ്രതിച്ഛായക്ക് സാരമായ മങ്ങല്‍ ഏറ്റിരിക്കുകയാണ്. അതുതന്നെയാണ് കോണ്‍ഗ്രസും കേന്ദ്രീകൃതമായ ഈ മോഡി-ഷാ ഓപ്പറേഷന്റെ ഉദ്ദേശവും. കോണ്‍ഗ്രസിനെ തെരഞ്ഞുപിടിച്ച് ആക്രമിച്ച് അകപ്പെടുത്തുന്നതിലും അന്വേഷണ ഏജന്‍സികളെ ചട്ടുകം ആകുന്നതിലും ഇവര്‍ വിജയിച്ചിരിക്കുന്നു. ഇവര്‍ക്കുള്ള ഒരാശ്വാസം ബി.ജെ.പി. നേതാക്കന്മാര്‍ കാര്യമായി അഴിമതി കേസുകളില്‍ പിടിക്കപ്പെടുന്നില്ല എന്നതാണ്. അതില്‍ രാഷ്ട്രീയം ഉണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. റഫാല്‍ യുദ്ധ വിമാന ഡീല്‍ മുതല്‍(മോഡി-അനില്‍, അംബാനി) ഒട്ടേറെ ഉദാഹരണങ്ങള്‍ ഇവര്‍ ചൂണ്ടികാണിക്കുന്നു. ബി.ജെ.പി. നേതാക്കന്മാര്‍ ഏറെയും പിടിക്കപ്പെടുന്നത് സ്ത്രീപീഢനകേസുകളില്‍ ആണ്. ഏറ്റവും ഒടുവിലത്തെ ഉദാഹരണം ഒരു മുന്‍ ബി.ജെ.പി. കേന്ദ്രമന്ത്രി ആണ്. അതിനു മുമ്പ് ഉന്നാവോ കൂട്ടബലാല്‍സംഗകേസിലെ പ്രതി ബി.ജെ.പി. എം.എല്‍.എ.യും.!

അഴിമതിയില്‍ ആയാലും സ്ത്രീപിഢനത്തിലായാലും രാഷ്ട്രീയ നേതാക്കന്മാര്‍ മുന്‍ മന്ത്രിമാര്‍, എം.പി.മാര്‍, എം.എല്‍.എ.മാര്‍ അറസ്റ്റു ചെയ്യപ്പെടുന്നത്, ആരോപണ വിധേയര്‍ ആകുന്നത് ഇന്‍ഡ്യന്‍ ജനാധിപത്യത്തിന് ഭൂഷണം അല്ല. ലാലു പ്രസാദ് യാദവ്(രാഷ്ട്രീയ ജനതദള്‍) അഴിമതികേസില്‍ ശിക്ഷിക്കപ്പെട്ട് ഇപ്പോള്‍ ജയിലില്‍ ആണ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍് അയോഗ്യനും ആണ്. ജയലളിത മരിക്കുന്നതിന് മുമ്പ് കുറ്റവിമുക്ത ആയെങ്കിലും ജയിലില്‍ കിടന്നിട്ടുണ്ട്(എ.ഡി.എം.കെ.) തോഴി ശശികലയും ജയിലില്‍ ആണ്. ജഗ്നാഥ് മിശ്ര(കോണ്‍ഗ്രസ്) ജയില്‍വാസം അനുഭവിച്ചിട്ടുണ്ട് അഴിമതികേസില്‍. ഡി.എം.കെ.യിലെ എ. രാജയും കനിമൊഴിയും ഒടുവില്‍ കുറ്റവിമകുക്ത ആയെങ്കിലും തീഹാറില്‍ അഴിഎണ്ണിയതാണ് 2-ജി സ്‌പെക്ട്രം കേസില്‍. അഴിമതികേസില്‍ അന്വേഷണവിധേയരായ, ആരോപണവിധേയരായ, ജയില്‍വാസം അനുഭവിച്ച രാഷ്ട്രീയ നേതാക്കന്മാരുടെ ലിസ്റ്റിലേക്ക് ഇപ്പോള്‍ ഇവിടെ പ്രവേശിക്കുന്നില്ല. വളരെ നീണ്ടത് ആണ് അത്. 

ഇവ വിരല്‍ചൂണ്ടുന്നത് വലിയ ഒരു ജനാധിപത്യ-രാഷ്ട്രീയ ജീര്‍ണ്ണതയിലേക്കാണ്. അഴിമതിയും മത-ജാതി രാഷ്ട്രീയവും ഇന്‍ഡ്യയുടെ ശാപം ആയിരിക്കുന്നു. ജാതി രാഷ്ട്രീയത്തെ മതരാഷ്ട്രീയം ഏറ്റെടുത്തിരിക്കുന്നുവെന്ന് മാത്രം. അഴിമതിയെക്കാളും ജാതി രാഷ്ട്രീയത്തെക്കാളും അപകടകരം ജാതി രാഷ്ട്രീയത്തെക്കാളും അപകടകരം ആണ് മതരാഷ്ട്രീയം. അത് വിഷംപുരണ്ട വിഭജന രാഷ്ട്രീയം ആണ്. മതകലാപത്തില്‍ ഒടുങ്ങിയ ജീവിതം തിരിച്ചു കൊടുക്കുവാന്‍ ഈ മതവെറി പൂണ്ട  രാഷ്ട്രീയക്കാര്‍ക്ക്, ഭരണാധികാരികള്‍ക്ക് സാധിക്കുമോ? അഴിമതിക്കാരന്നെ തുറങ്കലില്‍ അടക്കാം. അവന്റെ വസ്തുവകകള്‍ കണ്ടുകെട്ടാം. 2005 മുതല്‍ 55961  കോടിരൂപയുടെ  മുതല്‍ ആണ്. പ്രിവന്‍ഷന്‍ ഓഫ് മണിലോണ്ടറിംഗ് ആക്ട് പ്രകാരം കണ്ടുകെട്ടിയത്.

അഴിമതിയും, മത-ജാതി രാ്ഷ്ട്രീയവും, രാഷ്ട്രീയത്തിന്റെ അധോലോകവല്‍ക്കരണവും ഇന്‍ഡ്യന്‍ ജനാധിപത്യത്തെ കാര്‍ന്നുതിന്നുന്ന അര്‍ബ്ബുദം ആണ്. അവക്ക് ശമനം കാണേണ്ടിയിരിക്കുന്നു. കക്ഷി രാഷ്ട്രീയത്തിന് അതീതമായ ഒരു നരനായാട്ട് ഇതിനായി നടത്തേണ്ടിയിരിക്കുന്നു. അതിനുള്ള ചങ്കൂറ്റം ഭരണകക്ഷി കാണിക്കുമോ? അന്വേഷണ ഏജന്‍സികളെ സ്വതന്ത്രമായി ഇവര്‍ വിടുമോ? അതോ ഈ വക അറസ്റ്റും അന്വേഷണവും വിചാരണയും രാഷ്ട്രീയ പകപോക്കലിനുള്ള ഒരു ഉപാധി ആയി ഉപയോഗിക്കുമോ? ചിദംബരത്തിന്റെ മകന്റെ സ്‌പെയിനിലെ ടെന്നീസ് ടീമും ഇംഗ്ലണ്ടിലെ കോട്ടേജുകളും അവയുടെ ഉത്ഭവവും ഉല്പത്തിയും സാമ്പത്തീക ശ്രോതസുകളും കണ്ടെത്തണം. അതുപോലെ അങ്ങനെയുള്ള ഓരോരുത്തരുടെയും സാമ്പത്തീക വിഹിതങ്ങളും.

 ചിദംബരം തീഹാറില്‍-ഇന്‍ഡ്യന്‍ ജനാധിപത്യം എങ്ങോട്ട്?(ദല്‍ഹികത്ത് :പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക