Image

'പൊളിക്കുന്നതിന് മുന്‍പ് ഞങ്ങളെക്കൂടി ഒന്ന് പരിഗണിക്കണം'; മരടിലെ ഫ്‌ളാറ്റ് പൊളിക്കലിനെക്കുറിച്ച് ബ്ലെസി

Published on 09 September, 2019
'പൊളിക്കുന്നതിന് മുന്‍പ് ഞങ്ങളെക്കൂടി ഒന്ന് പരിഗണിക്കണം'; മരടിലെ ഫ്‌ളാറ്റ് പൊളിക്കലിനെക്കുറിച്ച് ബ്ലെസി

സുപ്രീംകോടതി നിര്‍ദേശമനുസരിച്ച് കൊച്ചി മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുമാറ്റാനുള്ള സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധവുമായി സംവിധായകന്‍ ബ്ലെസി. ബ്ലെസിയും നടന്‍ സൗബിന്‍ ഷാഹിറും ഉള്‍പ്പെടെയുള്ള ചില സിനിമാപ്രവര്‍ത്തകരും നിര്‍മ്മാണത്തില്‍ നിയമലംഘനം ആരോപിക്കപ്പെട്ട ഫ്‌ളാറ്റുകളിലെ താമസക്കാരാണ്. ഇത്രത്തോളം ഗൗരവത്തിലുള്ള ഒരു നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുമ്പോഴും നികുതി അടയ്ക്കുന്ന തങ്ങള്‍ക്ക് ഒരു നോട്ടീസ് പോലും ലഭിച്ചിട്ടില്ലെന്ന് ബ്ലെസി പറയുന്നു.

"നിയമനടപടികള്‍ എന്ന് പറയുമ്പൊ എന്താണ് നിയമനടപടി? അത് ആര്‍ക്കും അറിയാത്ത കാര്യമാണോ? നമ്മള്‍ ഇവിടെ താമസിക്കുമ്പൊ മിനിമം ഒരു നോട്ടീസ് എങ്കിലും തരണം. വര്‍ഷങ്ങളായി നികുതി അടയ്ക്കുന്നതല്ലേ? രജിസ്‌ട്രേഷന്‍ ഫീസ് അടച്ചതല്ലേ? നിയമം നടപ്പിലാക്കുന്നവര്‍ ഇവിടെ ജീവിക്കുന്ന ആളുകളെക്കൂടി ഒന്ന് പരിഗണിക്കണം. വെറുതെ എവിടുന്നെങ്കിലും വന്ന് ഫ്‌ളാറ്റ് വാങ്ങിയവരല്ല. ഹൈക്കോടതിയില്‍ നിന്ന് അനുകൂലമായ വിധി സമ്പാദിച്ചതിന് ശേഷം നിയമോപദേശം എടുത്തതിന് ശേഷമാണ് ഫ്‌ളാറ്റ് വാങ്ങിയത്. നമ്മളാരും പ്രകൃതിക്ക് വിരുദ്ധമായി ഒന്നും ചെയ്യുന്നവരല്ല", ബ്ലെസി പറയുന്നു

അതേസമയം ആരോപണവിധേയമായ ഫ്‌ളാറ്റുകള്‍ സന്ദര്‍ശിക്കാനെത്തിയ ചീഫ് സെക്രട്ടറിക്കെതിരേ ഫ്‌ളാറ്റുടമകള്‍ പ്രതിഷേധിച്ചു. ഹോളി ഫെയ്ത് അപ്പാര്‍ട്‌മെന്റുകളുടെ മുന്നില്‍ വച്ചാണ് ചീഫ് സെക്രട്ടറിക്കെതിരെ പ്രതിഷേധം ഉണ്ടായത്. സ്ത്രീകളും കുട്ടികളുമടക്കമുള്ള സംഘമാണ് ചീഫ് സെക്രട്ടറിയെ ഉപരോധിക്കാനെത്തിയത്. ഫ്‌ലാറ്റുടമകള്‍ ചീഫ് സെക്രട്ടറിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും തിരിച്ചു പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക