Image

പാക്കിസ്ഥാനില്‍ ഇന്ന് കാണുന്ന അസ്ഥിരതയും, മത മൗലിക വാദവും (വെള്ളാശേരി ജോസഫ്)

വെള്ളാശേരി ജോസഫ് Published on 09 September, 2019
പാക്കിസ്ഥാനില്‍ ഇന്ന് കാണുന്ന അസ്ഥിരതയും, മത മൗലിക വാദവും   (വെള്ളാശേരി ജോസഫ്)
ഒരു വശത്ത് സാധാരണക്കാരായ വിശ്വാസികളുടെ സ്ത്രീകളേയും, പെണ്‍മക്കളേയും പര്‍ദ്ദ ഇടീപ്പിക്കും; മറുവശത്ത് വരേണ്യ വര്‍ഗക്കാര്‍ 'ബെല്ലി ഡാന്‍സ്' പോലുള്ള 'എന്റ്റെര്‍ടെയിന്‍മെന്റ്റിന്' എല്ലാ പ്രോത്സാഹനവും നല്‍കും. അങ്ങേയറ്റം യാഥാസ്ഥികമായ സൗദി അറേബ്യയിലും, മറ്റു പല മുസ്‌ലിം രാജ്യങ്ങളിലും നടക്കുന്ന കാര്യമാണിത്. സൗദി റോയല്‍ ഫാമിലിയുടെ പല കല്യാണങ്ങള്‍ക്കും ലബനനില്‍ നിന്നുള്ള ബെല്ലി ഡാന്‍ര്‍മാരുടെ വന്‍ സംഘങ്ങളെ കൊണ്ടുവന്നിട്ടുണ്ട്. അതേ സമയം തന്നെ സാധാരണക്കാരായ വിശ്വാസികളെ കൊണ്ട് നമാസ് അനുഷ്ഠിപ്പിക്കാനൊക്കെ അവിടെ 'മുത്തവ പോലീസ്' എന്ന മത പോലീസുണ്ട്. അവര്‍ക്ക് അതിന്റ്റെ പേരില്‍ ആളുകളെ തല്ലുകയൊ, മറ്റു ശിക്ഷ കൊടുക്കുകയോ ഒക്കെ ചെയ്യാം. ഈയിടെ മാത്രമാണ് സൗദിയിലെ സാധാരണക്കാരായ സ്ത്രീകള്‍ക്ക് വിദേശത്ത് തനിയെ പോകാന്‍ അനുമതി കിട്ടിയത്. പാക്കിസ്ഥാന്‍ സംഘം നിക്ഷേപകരെ ആകര്‍ഷിക്കാന്‍ അസര്‍ബൈജാനില്‍ നടന്ന നിക്ഷേപക സൗഹൃദ സമ്മേളനത്തില്‍ ബെല്ലി ഡാന്‍സുമായി ഈയിടെ പോയത് കാണിക്കുന്നത് ഇസ്‌ലാമിക രാജ്യങ്ങളില്‍ സ്ത്രീ സ്വാതന്ത്ര്യത്തിന്റ്റെ പേരില്‍ നടക്കുന്ന ഈ ഇരട്ടത്താപ്പാണ്. 'ഇസ്‌ലാമിക്ക് റിപ്പബ്ലിക്ക് ഓഫ് പാക്കിസ്ഥാന്‍' കാണിക്കുന്ന 'ഹിപ്പോക്രസി' വളരെ വ്യക്തമാക്കുന്നതായിരുന്നു അത്. പണ്ട് സോവിയറ്റ് യൂണിയനില്‍ നിന്ന് പിരിഞ്ഞതിന് ശേഷം അസര്‍ബൈജാനും അര്‍മീനിയയും തമ്മില്‍ 'നഗോര്‍നോ കാരബാക്ക്' എന്ന സ്ഥലത്തെ ചൊല്ലി രൂക്ഷ യുദ്ധം നടത്തിയതായിരുന്നു. സാമ്പത്തിക രംഗം തീര്‍ത്തും അവതാളത്തിലായ അസര്‍ബൈജാന്‍ കൃത്യമായ പ്ലാനിങ്ങോട് കൂടിയാണ് പിന്നീട് ഉയര്‍ത്തെഴുന്നേറ്റത്. നാഷണല്‍ ജ്യോഗ്രഫിക്ക് അസര്‍ബൈജാന്റ്റെ ആ സാമ്പത്തിക ഉയര്‍ത്തെഴുന്നേല്‍പ്പിനെ കുറിച്ച് കുറച്ചു നാള്‍ മുമ്പ് ഒരു ഡോക്കുമെന്റ്ററി സംപ്രേക്ഷണം ചെയ്തിരുന്നു. അത്തരം കൃത്യമായ ആസൂത്രണമൊന്നുമില്ലാതെ പാക്കിസ്ഥാന്‍ ഇപ്പോള്‍ 'തറ വേലകള്‍ക്കാണ്' ശ്രമിക്കുന്നത്. അത്തരം വേലകളുടെ ഭാഗമായി വേണം അസര്‍ബൈജാനിലെ ബാകുവില്‍ നടന്ന നിക്ഷേപക സമ്മേളനത്തില്‍ നടന്ന 'ബെല്ലി ഡാന്‍സ്' പോലുള്ള 'എന്റ്റെര്‍ടെയിന്‍മെന്റ്റിനെ' നോക്കി കാണുവാന്‍. മതപരമായുളള വിലക്കുകള്‍ കാരണം പുറത്തു മാന്യതയുടെ മൂടുപടം അണിഞ്ഞു നടക്കുന്നവര്‍ കാണിക്കുന്ന 'തറ വേലകള്‍' എന്തായാലും കൊള്ളാം. ഡാന്‍സര്‍മാര്‍ നിക്ഷേപകരെ എത്ര ഹരം പിടിപ്പിച്ചാലും പാക്കിസ്ഥാനിലെ ആഭ്യന്തര സംഘര്‍ഷങ്ങളും, അഴിമതിയും ഒഴിയാതെ സുബോധമുള്ള ആരെങ്കിലും അവിടെ നിക്ഷേപം നടത്തുമോ?

പാനമാ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട കേസില്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതിന് പിന്നാലെ ഇമ്രാന്‍ ഖാന് മുമ്പുണ്ടായിരുന്ന പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെറീഫ് രാജി വെച്ചിരുന്നു. തൊണ്ണൂറുകളില്‍ പ്രധാനമന്ത്രിയായിരിക്കെ ഷെരീഫും കുടുംബാംഗങ്ങളും വിദേശത്ത് അനധികൃതമായി സമ്പാദിച്ച സ്വത്തു വിവരങ്ങളാണ് പാനമ രേഖകളിലൂടെ പുറത്തുവന്നത്. മൊസാക് ഫൊന്‍സെക എന്ന സ്ഥാപനം വഴി ഷെരീഫിന്റ്റെ മക്കളായ മറിയം, ഹസന്‍, ഹുസൈന്‍ എന്നിവര്‍ ലണ്ടനില്‍ വസ്തു വകകള്‍ വാങ്ങിയെന്നാണ് ആരോപണം. ഈ അഴിമതി ആരോപണങ്ങള്‍ ഇല്ലാതെ തന്നെ പാക്കിസ്ഥാന്‍ പട്ടാളം ഭരിച്ചിരുന്ന കാലയളവിലെല്ലാം നവാസ് ഷെരീഫിന് ഭീഷണിയായിരുന്നു. പാക്കിസ്ഥാനിലെ പട്ടാള ഭരണാധികാരികളല്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രധാനമന്ത്രിയും അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയിട്ടില്ല. പാകിസ്ഥാന്‍ രൂപീകൃതമായപ്പോള്‍ മുതല്‍ ഉള്ളതാണ് അവിടത്തെ രാഷ്ട്രീയ അസ്ഥിരത.  

ഫാത്തിമ ഭൂട്ടോ 2010  ല്‍ എഴുതിയ 'Blood and Sword: A Daughter's Memoir' എന്ന പുസ്തകത്തില്‍ ഇന്ന് നടമാടുന്ന പാക്കിസ്ഥാനിലെ അസ്ഥിരത വ്യക്തമായി പറയുന്നുണ്ട്. ബോംബ് സ്‌ഫോടനങ്ങളും, വെടി വെയ്പുകളും മൂലം കറാച്ചി പോലുള്ള നഗരങ്ങളില്‍ ജന ജീവിതം ദുസ്സഹമായി കഴിഞ്ഞിരിക്കുന്നു. മത മൗലിക വാദവും, പട്ടാളത്തിന്റ്റെ ഉരുക്കു മുഷ്ടിയും ചേര്‍ന്ന് പാക്കിസ്ഥാന്റ്റെ സാമ്പത്തിക രംഗം ഇന്ന് തകര്‍ന്നിരിക്കുന്നു. പാക്കിസ്ഥാനിലെ ഭരണ വര്‍ഗമാകട്ടെ അഴിമതിയിലും, സ്വജന പക്ഷപാതത്തിലും മുങ്ങിയിരിക്കുകയാണ്. ലണ്ടനിലും ദുബായിലും ഒക്കെ ഫഌറ്റുകളും നിക്ഷേപങ്ങളും ഉള്ള പാക്കിസ്ഥാനിലെ ഭരണ വര്‍ഗം അവിടുത്തെ സാധാരണക്കാരനെ കബളിപ്പിക്കുവാനാണ് മതത്തിന്റ്റെ സംരക്ഷകരായി ചമയുന്നത്. ഫാത്തിമ ഭൂട്ടോ പല ഇന്റ്റെര്‍വ്യൂകളിലും പാക്കിസ്ഥാനിലെ മുന്‍ പ്രധാനമന്ത്രിയായിരുന്ന ബേനസീര്‍ ഭൂട്ടോ നടത്തിയ കൊടിയ അഴിമതികളുടെ കഥകള്‍ എണ്ണിയെണ്ണി പറഞ്ഞിട്ടുണ്ട്. മത മൗലിക വാദത്തേയും, പട്ടാളത്തിന്റ്റെ ഉരുക്കു മുഷ്ടിയേയും ഇഷ്ട്ടപ്പെടാത്ത ആര്‍ക്കും നല്‍കുന്ന വലിയ പാഠമാണ് നമ്മുടെ സഹോദര രാജ്യമായ പാക്കിസ്ഥാനിലെ ഇന്ന് കാണുന്ന ദുരവസ്ഥ.

(ലേഖകന്‍ ഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിറ്റിയുട്ട് ഓഫ് ലേബര്‍ ഇക്കനോമിക്ക്‌സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ്റിലെ അസിസ്റ്റന്റ്റ് ഡയറക്ടറാണ്.  ആനുകാലികങ്ങളില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)


പാക്കിസ്ഥാനില്‍ ഇന്ന് കാണുന്ന അസ്ഥിരതയും, മത മൗലിക വാദവും   (വെള്ളാശേരി ജോസഫ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക