Image

കാട്ടിലെ മണിയന് കണ്ണുനീരില്‍ കുതിര്‍ന്ന യാത്രാമൊഴി (ജോസഫ് ഏബ്രഹാം)

Published on 08 September, 2019
കാട്ടിലെ മണിയന്  കണ്ണുനീരില്‍ കുതിര്‍ന്ന യാത്രാമൊഴി (ജോസഫ് ഏബ്രഹാം)
ഒരുജനത ഒന്നടങ്കം  ഒരുകാട്ടാനയുടെ വിയോഗത്തില്‍ കണ്ണുനീര്‍ വാര്‍ക്കുന്നതിന്റെ അതിശയിപ്പിക്കുന്ന  വാര്‍ത്ത.ഇതു കെട്ടുകഥയല്ല. കഴിഞ്ഞ ദിവസം  വയനാട്ടിലെകാടിനോട് ചേര്‍ന്നുകിടക്കുന്ന  ഗ്രാമമായ ഇരുളം എന്ന ഗ്രാമത്തില്‍ നടന്ന സംഭവമാണ്. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും പുല്പള്ളിക്ക് പോകുന്ന റോഡരികിലെ ഒരു നിത്യസാന്നിധ്യമായിരുന്നു  മണിയന്‍ എന്നു നാട്ടുകാര്‍  ഓമനിച്ചു വിളിക്കുന്ന സുന്ദരനായ ഈ സഹ്യപുത്രന്‍.

നാട്ടാനകളോടു പോലും  അല്പം ഭയത്തോടെ മാത്രമാണ് എല്ലാവരും ഇടപെടാറുള്ളത്. എന്നാല്‍ ഇവിടെ കാട്ടിലെ ഒറ്റയാനായ മണിയനോടു  കുട്ടികള്‍ക്കു പോലും ഒട്ടും ഭയമുണ്ടായിരുന്നില്ല.  മനുഷ്യരോട് ഏറെ അടുപ്പം കാണിച്ച കാട്ടിലെ ഈ കരിവീരന്‍ ഏറെക്കാലമായി  സാമൂഹ്യമാധ്യമങ്ങളിലും നിറസാന്നിധ്യമായിരുന്നു. ഫോട്ടോയെടുക്കാന്‍ നല്ലവണ്ണം നിന്നുകൊടുക്കാന്‍പോലും  അവനു ഒരു മടിയും ഇല്ലായിരുന്നു.  വഴിയാത്രക്കാര്‍ക്കോ വാഹനങ്ങള്‍ക്കോ  യാതൊരു ഉപദ്രവും അവന്‍ ഇന്നുവരെ ചെയ്തിട്ടുമില്ല. എന്നുമാത്രമല്ല നാട്ടുകാരില്‍ നിന്നും വഴിയാത്രക്കാരില്‍ നിന്നും ആഹാരം വാങ്ങിച്ചു  കഴിക്കുന്ന മറ്റൊരു കാട്ടാനയെക്കുറിച്ചു  കഥകളില്‍ പോലും ആരും കേട്ടിരിക്കാന്‍ ഇടയുമില്ല.
മണിയന്‍ ഇതുവരെ ആരുടെയും കൃഷി നശിപ്പിക്കുകയോ മറ്റു നാശനഷ്ടങ്ങള്‍  വരുത്തുകയോ ചെയ്തിട്ടില്ല. അവനെക്കുറിച്ചുള്ള ഏക പരാതി അവന്‍ കടകളുടെ പുറത്തു വച്ചിരിക്കുന്ന ഉപ്പു ചാക്കുകള്‍  മോഷ്ട്ടിച്ചു   ഉപ്പുവാരിത്തിന്നും എന്നു മാത്രമാണ്. അതൊക്കെ ഒരു അവകാശം പോലെ അവന്‍ ചെയ്തുവന്നിരുന്നതോ  സന്ധ്യയ്ക്ക്  അങ്ങാടിയില്‍ ആളുകളൊക്കെ ഒഴിഞ്ഞുപോയതിനു ശേഷമുള്ള നേരത്തുമാത്രമായിരുന്നു.

ഇടയ്കിടയ്ക്ക് ഇരുളം അങ്ങാടിയില്‍ വരുന്ന അവനു നാട്ടുകാര്‍ സമ്മാനമായി ചക്കയും വാഴത്തടകുളും മുളകളും നല്‍കുക പതിവായിരുന്നു. കൊച്ചുകുട്ടികള്‍ പോലും അവന്‍റെ അടുത്തു പോയി ഭയമില്ലാതെ നില്‍ക്കും. ചില സമയം അവന്‍ ഒരു കുസൃതിയായ ഒരു ഒളിഞ്ഞുനോട്ടക്കാരനെപ്പോലെ  മതിലുകളുടെ മുകളിലൂടെ ‘ഞാന്‍ ഇവിടെയുണ്ടേ’ എന്ന മട്ടില്‍ എത്തിനോക്കുന്ന കൌതുക കാഴ്ചകളും സമ്മാനിക്കും.

മണിയനെ അരുംകൊല ചെയ്യുകയായിരുന്നു. ഇക്കാര്യത്തില്‍ മനുഷ്യര്‍ ആരുമല്ല പ്രതികള്‍ . അവന്റെ കൂട്ടക്കാര്‍ തന്നെയാണ്   ആ ഹീനകൃത്യം ചെയ്തത്.  മനുഷ്യരോടുള്ള അവന്റെ ചങ്ങാത്തത്തില്‍ അസൂയ പൂണ്ടിട്ടാകാം അവര്‍ കൂട്ടം ചേര്‍ന്ന് അവനെ ആക്രമിച്ചു കൊലപ്പെടുത്തിയത്.   കൂര്‍ത്ത കൊമ്പുകള്‍ കൊണ്ട്  വയര്‍ കുത്തിപിളര്‍ത്തി   കുടല്‍മാല പുറത്തു വന്ന നിലയില്‍ കാട്ടിലെ അരുവിയുടെ സമീപം അവന്റെ ജഡം കണ്ടെത്തുകയായിരുന്നു.

 മണിയന്‍റെ വിയോഗം ഒരു ഉറ്റബന്ധുവിന്റെ വിയോഗം പോലെ ഏവരെയും വേദനിപ്പിച്ചു. ഇനി തങ്ങളുടെ അങ്ങാടിയിലും വഴികളിലും അവനെ കാണാന്‍ കഴിയില്ലല്ലോ എന്നോര്‍ത്ത് ഇരുളം നിവാസികള്‍ ഏറെ ദുഃഖിക്കുന്നു. മണിയന്റെ മരണവാര്‍ത്തയറിഞ്ഞ നാട്ടുകാര്‍ അനുശോചനഫ്‌ലക്‌സുകള്‍ സ്ഥാപിക്കുകയും  മണിയന്റെ ചിത്രം ആലേഖനം ചെയ്ത ഫ്‌ലെക്‌സുമായി അവര്‍ വിലാപയാത്ര നടത്തുകയും ചെയ്തുവെന്ന സംഗതി  കാടിന്‍റെ പുത്രനും പ്രദേശവാസികളും തമ്മില്‍ ഉണ്ടായിരുന്ന ഹൃദയബന്ധത്തിന്റെ ആഴപ്പെരുമ എടുത്തുകാണിക്കുന്ന ഉത്തമ ചിത്രംകൂടിയാണ്. മനുഷ്യരും വന്യജീവികളും പരസ്പരം പോരടിക്കുന്ന വയനാട്ടില്‍ നിന്നുമാണ്   മനുഷ്യരും  ഒരു കാട്ടാനയും  തമ്മിലുള്ള അപൂര്‍വസ്‌നേഹബന്ധത്തിന്റെ  കഥയും വരുന്നത് എന്നറിയുമ്പോളാണ് ഇരുളം നിവാസികളുടെ ഹൃദയനൊമ്പരം ഒരു അപൂര്‍വനൊമ്പരമായി ഏവരിലെക്കും അറിയാതെ പടര്‍ന്നു കയറുന്നത്.

നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാര്‍ കലിയിളകി കാണികളെ കാലില്‍ തൂക്കിയെടുത്തു നിലത്തടിക്കുന്ന കാഴ്ചകള്‍ക്കിടയില്‍    കാടിന്റെ ഓമന പുത്രനായ മണിയന്‍ കാണിച്ച  അപൂര്‍വമായ ശാന്തത മനുഷ്യനും പ്രകൃതിയും തമ്മിലുള്ള  പരസ്പര സഹവര്‍ത്തിത്വത്തിന്റെ  ഒരു വലിയ പാഠംകൂടിയാണ് നമ്മുടെ മുന്‍പിലേക്ക്  തുറന്നു വയ്ക്കുന്നത്.


കാട്ടിലെ മണിയന്  കണ്ണുനീരില്‍ കുതിര്‍ന്ന യാത്രാമൊഴി (ജോസഫ് ഏബ്രഹാം)
കാട്ടിലെ മണിയന്  കണ്ണുനീരില്‍ കുതിര്‍ന്ന യാത്രാമൊഴി (ജോസഫ് ഏബ്രഹാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക