Image

ഇന്ദ്രന്‍സിന്‌ മികച്ച നടനുള്ള സൗത്ത്‌ ഏഷ്യന്‍ അന്താരാഷ്ട്ര പുരസ്‌കാരം

Published on 08 September, 2019
ഇന്ദ്രന്‍സിന്‌ മികച്ച നടനുള്ള സൗത്ത്‌ ഏഷ്യന്‍ അന്താരാഷ്ട്ര പുരസ്‌കാരം
ചൈനയിലെ ഷാങ്‌ഹായ്‌ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഔട്ട്‌സ്റ്റാന്‍ഡിംഗ്‌ ആര്‍ട്ടിസ്റ്റിക്‌ അച്ചീവ്‌മെന്റ്‌ പുരസ്‌കാരമടക്കം നേടി മലയാളസിനിമയുടെ യശസ്സുയര്‍ത്തിയ ഡോ. ബിജുവിന്റെ 'വെയില്‍ മരങ്ങള്‍' എന്ന ചിത്രത്തിന്‌ ഇതാ മറ്റൊരു അന്താരാഷ്ട്ര അംഗീകാരം കൂടി.

 സിംഗപ്പൂര്‍ സൗത്ത്‌ ഏഷ്യന്‍ ഇന്റര്‍നാഷ്‌ണല്‍ ഫിലിം ഫെസ്റ്റിവലില്‍ വെയില്‍ മരങ്ങളിലെ പ്രകടനത്തിന്‌ മികച്ച നടനുള്ള പുരസ്‌കാരം ഇന്ദ്രന്‍സിന്‌ ലഭിച്ചിരിക്കുന്നു. ആദ്യമായാണ്‌ ഇന്ദ്രന്‍സ്‌ എന്ന നടന്‌ ഒരു അന്താരാഷ്ട്ര പുരസ്‌കാരം ലഭിക്കുന്നത്‌. 

കേരളത്തില്‍ നിന്ന്‌ ഹിമാചലിലേക്ക്‌ പലായനം ചെയ്യപ്പെട്ട ദളിത്‌ കുടുംബത്തിന്റെ കഥ പറയുന്ന സിനിമയാണ്‌ വെയില്‍ മരങ്ങള്‍. ഏതാണ്ട്‌ ഒന്നര വര്‍ഷത്തോളമെടുത്താണ്‌ ഈ ചിത്രം പ്രകൃതിയോടിണങ്ങി തന്നെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്‌. 

ഹിമാചല്‍പ്രദേശ്‌, കേരളത്തിലെ മണ്‍റോ തുരുത്ത്‌ എന്നിവിടങ്ങളിലായി വിവിധ കാലാവസ്ഥകളില്‍ ഒന്നര വര്‍ഷ കാലയളവില്‍ ചിത്രീകരിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അന്തരിച്ച പ്രശസ്‌ത ഛായാഗ്രഹകന്‍ എം.ജെ രാധാകൃഷ്‌ണനാണ്‌ നിര്‍വ്വഹിച്ചത്‌.

 ഡോ. ബിജുവിന്റെ വെയില്‍മരങ്ങള്‍ എന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്‌, സരിത കുക്കു, കൃഷ്‌ണന്‍ ബാലകൃഷ്‌ണന്‍, പ്രകാശ്‌ ബാരെ, മാസ്റ്റര്‍ ഗോവര്‍ധന്‍, അശോക്‌ കുമാര്‍, നരിയാപുരം വേണു, മെല്‍വിന്‍ വില്യംസ്‌, എന്നിവരാണ്‌ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്‌.

വെയില്‍ മരങ്ങളുടെ ശബ്ദ മിശ്രണം പ്രമോദ്‌ തോമസ്‌, ലൊക്കേഷന്‍ സിങ്ക്‌ സൗണ്ട്‌ ജയദേവന്‍ ചക്കാടത്ത്‌, സ്‌മിജിത്‌ കുമാര്‍ പി.ബി, എഡിറ്റിങ്‌ ഡേവിസ്‌ മാനുവല്‍, സംഗീതം ബിജിബാല്‍, കലാസംവിധാനം ജോതിഷ്‌ ശങ്കര്‍, ചമയം പട്ടണം ഷാ, കോസ്റ്റ്യൂംസ്‌ അരവിന്ദ്‌ കെ.ആര്‍ എന്നിവര്‍ നിര്‍വ്വഹിക്കുന്നു. 

നേരത്തെ ഷാങ്‌ഹായ്‌ മേളയില്‍ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രമെന്ന ഖ്യാതിയും ലഭിച്ചാണ്‌ വെയില്‍ മരങ്ങള്‍ സിംഗപ്പൂര്‍ സൗത്ത്‌ ഏഷ്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ എത്തിച്ചേര്‍ന്നതും ഇപ്പോള്‍ ഇത്തരമൊരു മികച്ച പുരസ്‌കാരത്തിന്‌ അര്‍ഹമായിരിക്കുന്നതും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക