Image

അമേരിക്കയിലെ മികച്ച അസോസിയേഷനെ ഇന്ത്യ പ്രസ് ക്ലബ് ആദരിക്കുന്നു

സുനില്‍ തൈമറ്റം Published on 06 September, 2019
അമേരിക്കയിലെ മികച്ച അസോസിയേഷനെ ഇന്ത്യ പ്രസ് ക്ലബ് ആദരിക്കുന്നു
ന്യൂജേഴ്‌സി: ഒക്ടോബര്‍ 10 മുതല്‍ 12 വരെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ കോണ്‍ഫറന്‍സിനോടനുബന്ധിച്ചു നടക്കുന്ന അവാര്‍ഡ് നിശയില്‍ അമേരിക്കയിലെ മികച്ച മലയാളി സംഘടനയ്ക്ക് അംഗീകാരം നല്‍കും. സാമൂഹ്യ പ്രവര്‍ത്തനത്തിലെ പ്രതിബദ്ധത, ജീവകാരുണ്യപ്രവര്‍ത്തന മികവ്, പിറന്ന നാടുമായുള്ള ബന്ധം, കര്‍മ്മഭൂമിയിലെ പ്രവര്‍ത്തനചാതുര്യം, മുഖ്യധാരയുമായുള്ള ഇടപെടല്‍, പുതുതലമുറയുടെ സാന്നിധ്യം എന്നിവയൊക്കെയാണ് അംഗീകാരത്തിനായി പരിഗണിക്കപ്പെടുന്നതിനുള്ള മാനദണ്ഡങ്ങള്‍. മികച്ച സംഘടനയെ അംഗീകരിക്കുന്നതിലൂടെ അമേരിക്കയിലെ മലയാളി പ്രസ്ഥാനങ്ങളെയും പ്രവര്‍ത്തകരെയും ആദരിക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്.

ഇന്ത്യ പ്രസ് ക്ലബ്ബിന്റെ സ്ഥാപക നേതാക്കളിലൊരാളും സംഘടനയില്‍ നിരവധി പദവികള്‍ വഹിക്കുകയും ചെയ്ത ജനപ്രിയ എഴുത്തുകാരനും കോളമിസ്റ്റുമായ ജോര്‍ജ് തുമ്പയില്‍ ചെയര്‍മാനായുള്ള ജൂറിയില്‍ മികച്ച സംഘടന നേതാക്കളായ ഫിലിപ്പോസ് ഫിലിപ്പ് (ഫൊക്കാന മുന്‍ സെക്രട്ടറി- എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), കൊച്ചിന്‍ ഷാജി (ഫോമ മുന്‍ സെക്രട്ടറി) എന്നിവരും അംഗങ്ങളാണ്. നിര്‍ദ്ദേശിക്കുന്ന സംഘടനയുടെ വിശദാംശങ്ങള്‍ ഇ-മെയിലായി thumpayil@aol.com എന്ന വിലാസത്തിലേക്ക് അയയ്ക്കുക. നോമിനേഷനുകള്‍ സെപ്തംബര്‍ 30-ന് മുന്‍പ് ലഭിക്കണം. ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും.

അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ ഒരു പുതിയ മാധ്യമ സംസ്കാരത്തിന് തിരി കൊളുത്തി കൊണ്ട് നടത്തുന്ന ഈ കോണ്‍ഫറന്‍സ് ഇതുവരെ നടന്നിട്ടുള്ള ദേശീയ കോണ്‍ഫറന്‍സുകളില്‍ വച്ച് വ്യത്യസ്തവും പുതുമ നിറഞ്ഞതും ആയിരിക്കും. ഒക്ടോബര്‍ 10, 11, 12 തീയതികളില്‍ ന്യൂജഴ്‌സിയിലെ എഡിസനിലുള്ള "ഈ' ഹോട്ടലില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ കേരളത്തില്‍ നിന്ന് മന്ത്രി കെ.ടി. ജലീല്‍, രമ്യ ഹരിദാസ് എംപി, മാധ്യമപ്രവര്‍ത്തകരായ ഏഷ്യാനെറ്റിലെ എം.ജി രാധാകൃഷ്ണന്‍, മലയാള മനോരമയിലെ ജോണി ലൂക്കോസ്, മാതൃഭൂമിയിലെ വേണു ബാലകൃഷ്ണന്‍, ഹിന്ദു പത്രത്തിന്റെ ജോസി ജോസഫ്, സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയ വിനോദ് നാരായണന്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പങ്കെടുക്കുന്നു.

എട്ടാമത് ദേശീയ കോണ്‍ഫറന്‍സ് വിജയമാക്കാന്‍ മധു കൊട്ടാരക്കര (പ്രസിഡന്റ്), ശിവന്‍ മുഹമ്മ (ചെയര്‍മാന്‍) സുനില്‍ തൈമറ്റം (സെക്രട്ടറി), സണ്ണി പൗലോസ് (ട്രഷറര്‍), ജയിംസ് വര്‍ഗീസ്(വൈസ് പ്രസിഡന്റ്), അനില്‍ ആറന്മുള(ജോയിന്റ് സെക്രട്ടറി), ജീമോന്‍ ജോര്‍ജ്, (ജോയിന്റ് ട്രഷറര്‍), തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടക്കുന്ന,  പ്രവേശനം സൗജന്യമായ ഈ സമ്മേളനത്തിലേയ്ക്ക്, വടക്കേ അമേരിക്കയിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും സംഘടനകളെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു.

ഇന്ത്യാ പ്രസ്ക്ലബിന്റെ 8 ചാപ്റ്ററുകളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍, വടക്കേ അമേരിക്കയിലെ മലയാളി സമൂഹത്തില്‍ പ്രവൃത്തിക്കുന്ന സാമുഹികസാംസ്കാരിക സംഘടനാ പ്രതിനിധികള്‍, കേരളത്തില്‍ നിന്നുള്ള മാധ്യമരാഷ്ട്രീയ പ്രമുഖര്‍, സാഹിത്യപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക