Image

വ്യവസായ രംഗത്ത് പുതിയ പാതകള്‍ വെട്ടിത്തുറന്ന തോമസ് മൊട്ടക്കല്‍ (ഡോ. മാത്യു ജോയിസ്)

Published on 06 September, 2019
വ്യവസായ രംഗത്ത് പുതിയ പാതകള്‍ വെട്ടിത്തുറന്ന തോമസ് മൊട്ടക്കല്‍ (ഡോ. മാത്യു ജോയിസ്)
ന്യൂയോര്‍ക്ക്: മികച്ച സംരംഭകനുള്ള അവാര്‍ഡ് നേടിയ ടോമര്‍ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ പ്രസിഡന്റ് തോമസ് മൊട്ടയ്ക്കല്‍ തന്റെ കഠിനാധ്വാനം കൊണ്ട് മികച്ച നേട്ടം കൊയ്തയാളാണ്. ഏവര്‍ക്കും മാതൃകയാക്കാവുന്നതാണ് തോമസ് മൊട്ടക്കലിന്റെ സംരംഭകത്വവിജയമെന്നും അക്കാരണം കൊണ്ടാണ്‍് അദ്ദേഹത്തെ അവാര്‍ഡിനായി തെരഞ്ഞെടുത്തതെന്നും ഐഎപിസി ചെയര്‍മാന്‍ ജിന്‍സ്മോന്‍ പി.സക്കറിയ അറിയിച്ചു.

അമേരിക്കയിലെ ഇന്ത്യന്‍ സംരംഭകരില്‍ അറിയപ്പെടുന്ന പേരുകാരനായ തോമസ് മൊട്ടയ്ക്കല്‍ ഒന്നാം റാങ്കോടെ ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് പാസായ ശേഷം ചണ്ഡിഗഡിലും ശ്രീനഗറിലുമായി 11 വര്‍ഷം വ്യോമസേനയില്‍ സേവനമനുഷ്ഠിച്ചു. തുടര്‍ന്നു നൈജീരിയയിലേക്കു പോയി. അവിടെ മറൈന്‍ റിപ്പയറിംഗ് ആന്റ് സര്‍വീസ് മേഖലയില്‍ 11 വര്‍ഷം ജോലി ചെയ്തു. ഷിപ്പ് യാര്‍ഡ് മാനേജരായാണ് ഇദ്ദേഹം നൈജീരിയയില്‍നിന്നു മടങ്ങുന്നത്.

1994 ജൂണില്‍ യുഎസ് സന്ദര്‍ശകനായി എത്തിയ തോമസ്, എന്‍ജിനീയറിംഗ്, കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 1998 ഡിസംബറില്‍ തോമര്‍ കണ്‍സ്ട്രക്ഷന്‍ എല്‍എല്‍സി എന്ന കമ്പനി സ്ഥാപിച്ചു. ജനറല്‍, മെക്കാനിക്കല്‍, പ്രോസസ് കരാറുകളാണു കമ്പനി തുടക്കത്തില്‍ ഏറ്റെടുത്തിരുന്നത്. 2002-ല്‍ പവര്‍ ആന്റ് കണ്‍ട്രോള്‍സ് കമ്പനിയായി തോമസ് കണ്‍ട്രോള്‍സ് ഇങ്ക് സ്ഥാപിച്ചു.

യുഎസ് വിപണിയിലെ വ്യാവസായിക ഓട്ടോമേഷന്‍ പരിപാടികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ 2012-ല്‍ കൊച്ചിയില്‍ തോമര്‍ എന്‍ജിനീയറിംഗ് സൊല്യൂഷന്‍സ് ലിമിറ്റഡ് സ്ഥാപിച്ചു. ഗ്ലോബല്‍ വില്ലേജ് നിര്‍മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി 2013-ല്‍ ദുബായിയില്‍ തോമര്‍ ബില്‍ഡിംഗ് കണ്‍സ്ട്രക്ഷനും ആരംഭിച്ചു.

യുഎസ് പബ്ലിക് വര്‍ക്കുകളിലൂടെ പ്രതിവര്‍ഷം 30 മുതല്‍ 35 ദശലക്ഷം ഡോളര്‍ വരെയാണു കമ്പനി വരുമാനം നേടിയത്. തോമസ് തന്റെ കമ്പനിയില്‍ ഇന്ത്യന്‍ എന്‍ജിനീയര്‍മാരെ കൂടുതലായി ജോലിക്കു നിയമിക്കുകയും അവര്‍ തന്നെയാണു മികച്ചവരെന്നു തെളിയിക്കുകയും ചെയ്തു. നിലവില്‍, ഹൈ ടെക്‌നോളജി നിര്‍മാണം, ഇലക്ട്രിക്കല്‍, കണ്‍ട്രോള്‍, ഇന്‍സ്ട്രമെന്റേഷന്‍, ഓട്ടോമേഷന്‍ എന്നിവയിലാണു തോമസിന്റെ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

മലിനജല ശുദ്ധീകരണ പ്ലാന്റുകള്‍, ജലസംസ്‌കരണ പ്ലാന്റുകള്‍, സോളിഡ് വേസ്റ്റ് മറൈന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ തുടങ്ങിയവയാണ് കമ്പനിയുടെ ഭാവി പദ്ധതികള്‍. കേരളത്തിലെ തണ്ണീര്‍മുക്കം ബണ്ട് ബ്രിഡ്ജ്-കം-റെഗുലേറ്റര്‍ പദ്ധതിക്കു പിന്നില്‍ പ്രവര്‍ത്തിച്ചത് തോമസിന്റെ കമ്പനിയാണ്. 200 കോടി രൂപയുടേതായിരുന്നു കരാര്‍.

വിജയത്തിന് ഇന്ത്യക്കാര്‍ക്കു മാത്രം ആശ്രയിക്കാന്‍ കഴിയുന്ന ഒരു അദ്വിതീയ സമ്മാനമാണു ഗാന്ധിയന്‍ സയന്‍സ് എന്നു തോമസ് മൊട്ടയ്ക്കല്‍ വിശ്വസിക്കുന്നു. എന്‍ജിനീയര്‍മാരും ബിസിനസുകാരും സമൂഹത്തിന് എന്താണു ചെയ്യുന്നതെന്നും അവരൊന്നും സാമൂഹിക ശത്രുക്കളല്ലെന്നും കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരെ പഠിപ്പിക്കാന്‍ ഇദ്ദേഹം താത്പര്യപ്പെടുന്നു.

രാജീവ് ഗാന്ധി (ആധുനിക ഇന്ത്യ എന്ന കാഴ്ചപ്പാട് നല്‍കിയ നേതാവ്), മന്‍മോഹന്‍ സിംഗ് (സമ്പന്ന ഇന്ത്യയുടെ ശില്‍പി), സാം പിട്രോഡ (ആധുനിക ഇന്ത്യയിലെ ആശയവിനിമയ സംവിധാനങ്ങളുടെ പിതാവ്), ചന്ദ്രബാബു നായിഡു (ഇന്ത്യയുടെ ഐടി വിപ്ലവകാരി) എന്നിവരാണ് ആധുനിക ഇന്ത്യയുടെ നാലു തൂണുകളെന്നാണ് തോമസിന്റെ അഭിപ്രായം. എന്‍ജിനീയര്‍മാര്‍ സാം പിട്രോഡയെ മാതൃകയാക്കണമെന്ന് ഇദ്ദേഹം ഉപദേശിക്കുന്നു.

എന്‍ജിനീയറിംഗ് എന്നത് ആധുനിക ലോകത്തിന്റെ ജീവശ്വാസമാണെന്നാണു തോമസിന്റെ വാദം. പണത്തേക്കാള്‍ സാമൂഹിക ഉത്തരവാദിത്തത്തിനും അഭിമാനത്തിനും കരുതല്‍ നല്‍കേണ്ട മേഖല. എന്‍ജിനീയര്‍മാര്‍ ആഗോള പൗരന്മാരാണ്. അവര്‍ അവരുടെ മേഖലയിലെ ഏറ്റവും മികച്ചവരാണ്, അവരുടെ മൂല്യം പണത്തിന് അധീതമാണെന്നും ഇദ്ദേഹം എന്‍ജിനീയര്‍മാരെ ഓര്‍മിപ്പിക്കുന്നു.

ലോകത്തിന് എനിക്കു വേണ്ടി എന്തു ചെയ്യാന്‍ കഴിയും എന്നതല്ല, എനിക്കു ലോകത്തിനു വേണ്ടി എന്തുചെയ്യാന്‍ കഴിയും എന്നു ചോദിക്കാന്‍ കഴിയുന്ന രീതിയില്‍ എന്‍ജിനീയര്‍മാരെ സൃഷ്ടിക്കാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. ഐഎഎസ് എന്നതു ബ്രിട്ടീഷ് താല്‍പ്പര്യത്തിനായി മാത്രം സ്ഥാപിച്ചവയാണെന്നും അതിന്റെ ആവശ്യമില്ലെന്നും പൊതുഭരണാധികാര്‍ക്ക് ഈ ജോലി ചെയ്യാന്‍ കഴിയുമെന്നും ഇദ്ദേഹം കരുതുന്നു.

ഉയര്‍ന്ന ഐക്യു ഉള്ള കുട്ടികളെ ശാസ്ത്ര സാങ്കേതിക തലത്തിലേക്കു സംഭാവനകള്‍ നല്‍കാന്‍ കഴിയുന്ന രീതിയില്‍ വളര്‍ത്തണം. അവരെ ഐഎഎസില്‍ അഡ്മിനിസ്‌ട്രേറ്റര്‍മാരാക്കി തളച്ചിടരുത്. പൊതുചെലവില്‍ വിദ്യാഭ്യാസം നേടിയ ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരെയും പിന്നീട് ഐഎഎസ്/ഐപിഎസിന്റെ ഗ്ലാമറില്‍ വീണ് അവരുടെ പ്രൊഫഷണല്‍ സേവനങ്ങള്‍ ജനങ്ങള്‍ക്കു നഷ്ടപ്പെടുത്തുന്നതിനെയും ഇദ്ദേഹം എതിര്‍ക്കുന്നു.

എഷ്യാനെറ്റ് യുഎസ്എയില്‍ പ്രസിഡന്റ് ട്രംപിന് അനുകൂലമായി വാദിച്ചിട്ടുള്ള തോമസ് പക്ഷേ, അദ്ദേഹത്തിന്റെ അമിത ദേശീയ വാദത്തിന് എതിരാണ്. റിപ്പോര്‍ട്ടര്‍ ടിവിയിലെ എസ്എംഇ കണ്‍സള്‍ട്ടന്റായും പ്രവര്‍ത്തിക്കുന്നു. യുഎസ് താരിഫ് പ്രശ്‌നങ്ങള്‍, ദേശീയതാ പ്രശ്‌നങ്ങള്‍ എന്നിവയാണ് തോമസ് അടുത്തിടെ ടിവിയില്‍ വിശകലനം ചെയ്തത്.

ഒക്ടോബര്‍ 11 മുതല്‍ 14 വരെ ഹൂസ്റ്റണിലെ ദി ഡബിള്‍ട്രീയില്‍ നടക്കുന്ന ഐഎപിസി ഇന്റര്‍നാഷ്ണല്‍ മീഡിയ കോണ്‍ഫ്രന്‍സില്‍വച്ച് തോമസ് മൊട്ടയ്ക്കലിന് ബിസിനസ് എക്സലന്‍സ് അവാര്‍ഡ് വിതരണം ചെയ്യും. 
Join WhatsApp News
Lenu.p. varghese 2019-09-13 23:32:05
I need a job vacancy
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക