Image

കണ്ണൂരോണം (മിനി വിശ്വനാഥന്‍)

Published on 04 September, 2019
കണ്ണൂരോണം (മിനി വിശ്വനാഥന്‍)
കര്‍ക്കിടകം പെയ്ത് തീരുമ്പോഴുള്ള പ്രതീക്ഷയാണ് ചിങ്ങവെയിലും അതിനൊപ്പം അത്തവും പിന്നെ ഓണവും.

ഞങ്ങളുടെ കുട്ടിക്കാലത്ത് ചിങ്ങം ഒന്നിന്  കടിച്ചു പിടിച്ച നെല്‍ക്കതിരുമായി കോതാമൂരിപ്പശു വീടുകള്‍ തോറും കയറിയിറങ്ങും. വെളുത്ത ചായം തേച്ച് നീണ്‍മിഴികളില്‍ കരിമഷിയെഴുതി സുന്ദരിയായ പശുക്കോലവുമായി കൊട്ടും പാട്ടുമായി വിളവെടുപ്പിന്റെ ഉത്സവം വിളിച്ചറിയിച്ച് കൊണ്ടാണ് കോതാമൂരിയുടെ വരവ്. കര്‍ക്കടക സംക്രാന്തിക്ക് ആടിവേടന്‍ ആശംസിച്ച നന്മയും സമൃദ്ധിയും കോതാമൂരിപ്പശു വീടുകള്‍ കയറിയിറങ്ങി ഉറപ്പ് വരുത്തുകയാണ്. ഓണത്തെ വരവേല്‍ക്കായി സമൃദ്ധിയുടെ ദേവത നേരിട്ടിറങ്ങുകയാണ്.

കര്‍ക്കടക മഴക്ക് ശേഷം നെല്‍ക്കതിരുകള്‍ പാലുറച്ച് പാകമാവുന്ന സമയമാണ് ഓണക്കാലം. രണ്ട് വിളവ് കൊയ്യുന്ന വയലുകളില്‍ കര്‍ക്കിടക മഴയെ തോല്പിച്ചു, നെന്മണികള്‍ കതിര്‍ക്കുലകളില്‍ തൂങ്ങിയാടുന്നുണ്ടാവും. ചിങ്ങമടുപ്പിച്ച് മീപ്പുരയില്‍ പുത്തരിക്കഞ്ഞിക്ക് കൊയ്യാനുള്ളതാണ് ഈ ഒന്നാംവിളവ്. കര്‍ക്കിടകത്തെ അതിജീവിച്ച് സ്വര്‍ണ്ണക്കതിരുകള്‍ കൊയ്ത് മെതിച്ച് ഓണക്കാലമാവുമ്പോഴേക്കും അരിയാക്കുന്നത് സാഹസം തന്നെയാണ് കര്‍ഷകര്‍ക്ക്. എന്നാലും പുത്തരി പ്രതീക്ഷയില്‍ ഒന്നാം വിളവിന് മുടക്കം വരുത്തില്ല അവര്‍.

ആഘോഷങ്ങള്‍ എന്നും കുട്ടികളുടേതാണല്ലോ! ഞങ്ങള്‍ ഞങ്ങളുടെ ചിങ്ങവും അത്തവും ഓണവും ആഘോഷിച്ചത് പാടവരമ്പത്തെ കാക്കപ്പൂവും തുമ്പപ്പൂവും പങ്കിട്ടെടുത്തിട്ടായിരുന്നു.  കണ്ണൂര്‍ക്കാര്‍ക്ക് തൃക്കാക്കര അപ്പന് നിവേദിക്കുന്ന ചടങ്ങൊന്നുമുണ്ടായിരുന്നില്ല.  അത്തം പത്തോണവും മുറ്റത്ത് പൂക്കളം വിരിയിക്കുന്നത് തന്നെയാണ്  ഓണാഘോഷം. രാക്ഷസരാജാവായ മഹാബലിയെ സ്വാഗതം ചെയ്യാന്‍ പൂക്കളം തന്നെ ധാരാളം. സദ്യക്കിടയില്‍ കടന്നു വരുന്ന മാംസാഹാരത്തിന്റെയും കാരണം ഇതു തന്നെയാവാം.

വീട്ടുമുറ്റത്ത് സമൃദ്ധമായി വളരുന്ന ചെമ്പരത്തിപ്പൂക്കളേക്കാളും ഞങ്ങള്‍ക്കിഷ്ടം  വേലിയിറമ്പിന്‍ തൂങ്ങിയാടുന്ന കോഴിപ്പൂക്കളായിരുന്നു. ഇളം വയലറ്റ് നിറത്തിലുള്ള കോഴിപ്പൂക്കളുടെ താഴെ നിരയില്‍ വെള്ള നിറത്തില്‍ തിളങ്ങുന്ന തുമ്പപ്പൂവിന്റെ ഒരു വരിയും നിര്‍ബദ്ധമായിരുന്നു.
കര്‍ക്കിടക മാസം തുടങ്ങുമ്പോള്‍  പറമ്പ് നിറയെ പടര്‍ന്ന് പന്തലിച്ച് പൂവിടര്‍ത്തി നില്‍ക്കുന്ന തുമ്പച്ചെടികള്‍ മുഴുവന്‍ കര്‍ക്കിടക മാസത്തെ പറമ്പ് കിളക്കലില്‍ മണ്ണിനുള്ളിലാവും. വരമ്പുകളിലും പാടവരമ്പത്തും അവശേഷിക്കുന്ന തുമ്പച്ചെടികള്‍ എത്രയെന്ന് ഞങ്ങളോരോരുത്തര്‍ക്കും കൃത്യമായ കണക്കുണ്ടാവും. ഒളിച്ചിരുന്നു മറ്റേയാളുടെ ഓഹരിയില്‍ നിന്ന് പൂ പറിക്കുന്ന വികൃതിപ്പിള്ളാരുമുണ്ടായി തല്ല് പിടിക്കലായിരുന്നു ഞങ്ങളുടെ ഓണത്തല്ല്.

ഓണക്കാലത്ത് പറമ്പില്‍ വിരിഞ്ഞ് നില്‍ക്കുന്ന പൂക്കള്‍ക്ക് കുട്ടികള്‍ മാത്രമാണ് അവകാശികള്‍.. പൂക്കളത്തില്‍ പെട്ടെന്ന് തളര്‍ന്ന് പോവുന്ന തൊട്ടാവാടിപ്പൂക്കള്‍ മുതലിങ്ങോട്ടെല്ലാം അവരുടേത് മാത്രമാണ്.. കുട്ടികള്‍ കൂട്ടമായാണ് പൂക്കള്‍ തേടിപ്പോവുക പതിവ്. വയലില്‍ വിരിഞ്ഞു നില്‍ക്കുന്ന കാക്കപ്പൂവും, പടുവിളയായി നെല്ലിനിടയില്‍ കാണുന്ന വരിനെല്ലും അന്ന് ഞങ്ങള്‍ക്ക് പ്രിയം തന്നെ. പക്ഷേ ഇടയ്കിടക്ക് കുണ്ടുകുളങ്ങളും പേടിപ്പിക്കാന്‍ നീര്‍ക്കോലികളും ഉള്ള വയലിലും മറ്റുള്ളവരുടെ പറമ്പിലും കയറിയിറങ്ങി പൂക്കള്‍ തേടുന്നതിന്റെ  സാഹസികത വേറെ തന്നെയാണ്.

ഓണപ്പരീക്ഷ കഴിയുന്നത് വരെ എന്റെ പൂക്കളങ്ങള്‍ക്ക് ശോഭ കൂട്ടിയിരുന്നത് നിറമുള്ള ഇലകളായിരുന്നു. വീട്ടുമുറ്റത്തെ കനകാംബരവും പച്ച നിറമുള്ള ഇലകളും മഞ്ഞ അരളിപ്പൂക്കളും അത്തം മുതല്‍ അഞ്ചാറ് ദിവസം മുറ്റത്ത് പൂക്കളത്തില്‍  ആവര്‍ത്തിച്ചു വന്നു. സ്കൂളടച്ചാലാണ് പൂക്കളത്തില്‍ വര്‍ണ്ണങ്ങള്‍ നിറയുന്നത്.
തേങ്ങോല കൊണ്ട് മടഞ്ഞുണ്ടാക്കിയ ചെറിയ പൂവട്ടികളുമായി അലഞ്ഞ് നടക്കാന്‍ ഉത്രാടമടുക്കണം. ഓണപ്പരീക്ഷ കഴിയണം. തമിഴ്‌നാട്ടില്‍ നിന്നു വരുന്ന ജമന്തിപ്പൂക്കളും ചെണ്ടുമല്ലിയും അക്കാലത്ത് ഞങ്ങളുടെ പൂക്കളങ്ങളില്‍ എത്തിയിരുന്നില്ല.. ടൗണിലെ കുട്ടികളോട് ചെറിയൊരു അസൂയയും ആരാധനയും തോന്നിയിരുന്ന കാലവും ഓണക്കാലമായിരുന്നു. കളം നിറയ്ക്കാന്‍ പൂക്കള്‍ തേടിയലയണ്ടല്ലോ അവര്‍ക്ക് എന്ന കാരണം കൊണ്ട്. പക്ഷേ പിന്നീടാലോചിക്കുമ്പോള്‍ ബാല്യം മധുരമായതിനൊരു കാരണം ഓണപൂക്കള്‍ തേടിയുള്ള ആ അലച്ചിലുമായിരുന്നു എന്ന് തിരിച്ചറിവ് ഓര്‍മ്മകള്‍ക്കാഘോഷമായി.

ഓണത്തിന് ഉണ്ണിയപ്പമുണ്ടാക്കില്ലെങ്കിലും രണ്ടു തരം പായസം കൊണ്ട് സമൃദ്ധമായിരിക്കും സദ്യ. ഓണത്തിന് വേണ്ടിയുള്ള വെള്ളരിക്ക വടക്കെ മുറിയുടെ വളയത്തില്‍ സുരക്ഷിതമായിട്ടുണ്ടാവും. നേന്ത്രക്കായയും, ചേനയും കര്‍ക്കിടകത്തെയു അതിജീവിച്ച് മൂത്ത് പാകമായിട്ടുണ്ടാവും. ഇളവന്‍ കുമ്പളങ്ങ  വേലിപ്പടര്‍പ്പുകളില്‍ പടര്‍ന്ന ഇലകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്നുണ്ടാവും. നീളന്‍പയര്‍ പന്തലുകളും ഓലനുണ്ടാക്കാനുള്ള പയറിനാല്‍ സമൃദ്ധമായിരിക്കും.

നേന്ത്രക്കായ കൊണ്ട് വറുത്തുപ്പേരിയും ശര്‍ക്കര പുരട്ടിയും ഉണ്ടാക്കലാണ് ഓണക്കാലത്ത് വടക്കുപുറത്തെ ആഘോഷം. ഉരുളിയില്‍ ശര്‍ക്കരയില്‍ ചുക്ക്‌ചേര്‍ന്ന് പാകമായി സ്വര്‍ണ്ണ നിറത്തില്‍  തിളങ്ങുന്ന നേന്ത്രക്കായ വറുത്തതിനോട് കൂട്ടുചേര്‍ന്ന് ശര്‍ക്കര ഉപ്പേരികള്‍ ഉണ്ടാവുന്ന സുഗന്ധം ഇടവഴികളില്‍ തത്തി നിന്നു...

ആ കാലത്ത് ഓണക്കോടികളുടുത്ത് നടക്കുന്നതും മറ്റൊരാഘോഷമായിരുന്നു. കാരണം പുത്തന്‍ കുപ്പായങ്ങള്‍ ഓണത്തിനും വിഷുവിനും മാത്രമെ വാങ്ങാറുള്ളൂ. ഉടുപ്പിന്റെ ഫാഷനോ, തുണിയുടെ മെച്ചമോ നിറമോ ഒന്നും ആരും ശ്രദ്ധിച്ചിരുന്നില്ല, പുത്തന്‍ തുണിയുടെ മണമല്ലാതെ. റെഡിമെയ്ഡ് തുണിത്തരങ്ങള്‍ ഇല്ലാത്ത കാലത്ത് തുന്നല്‍ക്കടകള്‍ക്ക് മുന്നില്‍ കാവലിരുന്ന് ഓണത്തിന് മുമ്പ് ഓണക്കോടി കൈവശപ്പെടുത്തുന്നതും  കുട്ടികള്‍ക്ക് ആഘോഷം തന്നെ....

ബന്ധുക്കള്‍ കൂടിച്ചേര്‍ന്നുള്ള കളിതമാശകളും ഊഞ്ഞാലാടലും തന്നെയാണ് വടക്കെ മലബാറിലെ മുഖ്യമായ ഓണാഘോഷം. തിരുവോണത്തിന് പൂവിട്ടു കഴിയുമ്പോഴേക്ക് ഓണപ്പൊട്ടനെത്തും.. ഉരിയാട്ടമില്ലാതെ ചെണ്ടയുടെ താളത്തിനൊത്ത് ചുവട് വെച്ച് പൂക്കളം അനുഗ്രഹിച്ച് അരിയും പണവും ദക്ഷിണയായി സ്വീകരിക്കുന്ന ഓണപ്പൊട്ടനായിരുന്നു ഞങ്ങളുടെ മഹാബലി. കുടവയറും ഓലക്കുടയുമുള്ള സുമുഖനായ മഹാബലി ഞങ്ങള്‍ക്കിടയില്‍ കടന്ന് വന്നത് ഈയടുത്ത കാലത്താണ്.

ഓണസദ്യയുടെ വിഭവങ്ങള്‍ രുചിച്ച് ഞങ്ങള്‍ തലശ്ശേരിക്കാര്‍ കടല്‍പ്പുറത്തേക്ക് പോവും ഒരാചാരം പോലെ. തലശ്ശേരിക്കാര്‍ക്ക് കടല്‍ക്കാറ്റില്ലാതെ എന്ത് ആഘോഷം...

പക്ഷേ കണ്ണൂര്‍ക്കാര്‍ക്ക് തിരുവോണം കഴിഞ്ഞാലും പൂവിടലും ആഘോഷവും തീരുന്നുമില്ല.തിരുവോണം വരെ ചാണകം മെഴുകിയ മുറ്റത്താണ് പൂക്കളമെങ്കില്‍ ഉമ്മറത്തോ പടിഞ്ഞിറ്റ മുറിയിലോ ആണ് മകം വരെ പൂക്കളത്തിന്റെ സ്ഥാനം. ശീവോതി എന്ന് പേരുള്ള ഇലയും തുമ്പക്കുടവുമാണ് മകപ്പൂക്കളത്തിലെ താരങ്ങള്‍. ശ്രീ ഭഗവതിയുടെ കാലാണ് ശീവോതിയില എന്നാണ് സങ്കല്പം. ലക്ഷ്മീദേവിയുടെ പിറന്നാളാണ് ചിങ്ങത്തിലെ മകം.ലക്ഷ്മീദേവിക്ക് ഉച്ചക്ക് ശര്‍ക്കരപ്പായസം നിവേദ്യമായി വിളമ്പും. ഉച്ചയൂണ് കഴിഞ്ഞയുടനെ പൂക്കളത്തിലെ പൂക്കള്‍ വെള്ളമൊഴുകുന്ന തോട്ടിലേക്ക് ഒഴുക്കും.

മകസദ്യയോടെ ഓണാഘോഷം അവസാനിക്കും...

അടുത്ത വിളവിന് വേണ്ടി കൃഷി സ്ഥലമൊരുക്കാന്‍ കര്‍ഷകര്‍ പാടങ്ങളിലേക്കും മടങ്ങും.

ഓണം ഓര്‍മ്മകളാവുമ്പോള്‍ ഒരു കാലം അങ്ങനെയും .



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക