Image

കാസാ ലോക്കാസ് (കഥ: ജോസഫ് എബ്രഹാം)

Published on 02 September, 2019
കാസാ  ലോക്കാസ് (കഥ: ജോസഫ് എബ്രഹാം)
ഓരോ തവണയും മറിയയുടെ മുടിവെട്ട് കടയിലേക്കുള്ള പടിക്കെട്ടുകള്‍ കയറുമ്പോള്‍പഞ്ചാബില്‍ പട്ടാളക്കാരനായിരുന്ന എന്‍റെ ചങ്ങാതി  കരിമ്പുകാലായില്‍ മാത്തുക്കുട്ടി  മുടിവെട്ടു കടയെപ്പറ്റി പറഞ്ഞ ഒരു കഥയോര്‍ക്കും.  മാത്തുക്കുട്ടി പറഞ്ഞ കഥ ഒരു ഒറ്റവരി കഥയാണ്. മുടിയും താടിയും വെട്ടാത്ത കൂട്ടരായ സര്‍ദാര്‍ജിമാരുടെ നാട്ടില്‍ മുടിവെട്ട് കടതുറന്ന ഒരാള്‍  കച്ചവടം കുറവായതിനാല്‍ തന്‍റെ കട താഴത്തെ നിലയില്‍ നിന്നു വാടക കുറവായ മുകളിലത്തെ നിലയിലേക്കു മാറ്റി സ്ഥാപിച്ചു.  തന്‍റെ  കട മുകളിലേക്ക് മാറ്റിയ വിവരം നാട്ടുകാരെ അറിയിക്കാന്‍ റോഡരികില്‍ അയാള്‍  ഇപ്രകാരം ഒരു ബോര്‍ഡു സ്ഥാപിച്ചു.‘താഴത്തെ മുടിവെട്ടുന്ന കട മുകളിലേക്ക് മാറ്റിയിരിക്കുന്നു’. ഇതോടെ കടയുടെ മുന്‍പില്‍ കസ്റ്റമേഴ്‌സിന്‍റെ വന്‍നിര തന്നെ രൂപപ്പെട്ടുവെന്നാണ് മാത്തുകുട്ടിയുടെ കഥ.

കഥയിലെ അശ്ലീലം  ഓര്‍ത്തു ചിരിച്ചുകൊണ്ട്  ഞാന്‍ കയറി ചെല്ലുമ്പോള്‍ മറിയ  മറ്റൊരാളുടെ മുടി വെട്ടുകയായിരുന്നു. മറിയയെ കൂടാതെ അവിടെ  മൂന്ന്  ജോലിക്കാരികള്‍ വേറെയുണ്ട്. എനിക്ക് ആവശ്യമെങ്കില്‍  അവരെ ആരെയും കൊണ്ട്  മുടിവെട്ടിക്കാംപക്ഷെ മറിയ എന്‍റെ സുഹൃത്തായതിനാല്‍ ഞാന്‍   അവള്‍ക്കുവേണ്ടി കാത്തിരിക്കുകയാണ്  പതിവ് .

മറിയ മദ്ധ്യഅമേരിക്കന്‍ നാടായ എല്‍സാല്‍വഡോറില്‍ നിന്നുള്ള  ഒരു അനധികൃത കുടിയേറ്റക്കാരിയാണ്.  ഒരു പാട് വര്‍ഷമായി അമേരിക്കയില്‍ എത്തിയിട്ട്  മക്കളെല്ലാം  ജനിച്ചത്  ഇവിടെ  ആയതുകൊണ്ട് അവര്‍ ഇവിടുത്തെ  പൗരന്‍മാരാണ്. മറിയയെ കൂടാതെയുള്ള ജോലിക്കാരികളില്‍ ഒരാള്‍ ഇറ്റലിക്കാരിയാണ് ബാക്കി രണ്ടുപേര്‍ അമേരിക്കക്കാരികളും.

മുടിവെട്ടല്‍ ചെലവേറിയ സംഗതിയായതിനാല്‍ മുടി പരമാവധി വളര്‍ന്നിട്ടെ മുടിവെട്ടാന്‍ പോകാറുള്ളൂ എങ്കിലും രണ്ടു മാസം ആകുമ്പോഴേക്കും   ചീകിയാല്‍ ഒരു മെനയില്ലതാകും അന്നേരം മറിയയുടെ അടുക്കല്‍ പോകും.  ഓരോ പ്രാവശ്യം ചെല്ലുമ്പോഴും മറിയ  എന്‍റെ മുടിയില്‍  പിടിച്ചുകൊണ്ടു  പറയും.‘ഇറ്റ്ഈസ് ടൂ ലോങ്ങ് റൈറ്റ്?.

എന്‍റെ മുടിവെട്ടിന്റെ കണക്കുകള്‍ മറിയക്കു മനഃപാഠമാണ്. വശങ്ങളും  പിന്‍ഭാഗവും  നാലാം നമ്പര്‍ ക്ലിപ്പര്‍ ഓടിച്ചു ശരിയാക്കും. നിറുകം തലയിലെ മുടി ചീപ്പുകൊണ്ട് കോതിയെടുത്ത് വിരലുകള്‍ക്കിടയില്‍ അമര്‍ത്തിപ്പിടിച്ചു  കൃത്യമായ അളവില്‍ കത്രികകൊണ്ട് മുറിച്ചെടുക്കും. ചെവിയേല്‍ വളര്‍ന്നു നില്‍ക്കുന്ന പൂടകള്‍ ക്ലിപ്പര്‍ വച്ച് കണിശ്ശമായി വടിച്ചു കളയും  ചിലപ്പോള്‍ പുരികത്തില്‍  ക്രമംതെറ്റി എഴുന്നു നില്‍ക്കുന്ന രോമരാജികളെ നേര്‍രേഖയില്‍ കൃത്യമായി അവള്‍ വിന്യസിപ്പിക്കും.

ഇംഗ്ലീഷുച്ചാരണത്തില്‍ നടത്തിയ  ഒരു ഗുസ്തി പിടുത്തത്തിലൂടെയാണ്  ഞാനും മറിയും  വലിയ കൂട്ടുകാരായി മാറുന്നത്. ആദ്യമായി  ഞാന്‍ മറിയ ജോലി ചെയ്യുന്ന കടയില്‍ മുടിവെട്ടിക്കാന്‍ ചെന്നപ്പോള്‍  കമ്പ്യൂട്ടറില്‍ എന്‍റെ പേരു രജിസ്റ്റര്‍ ചെയ്യാന്‍വേണ്ടി   ഫോണ്‍ നമ്പറും പേരും വിലാസവും പറഞ്ഞു കൊടുക്കുമ്പോള്‍ അതൊക്കെ മനസ്സിലാക്കാന്‍ മറിയ ഏറെ ബുദ്ധിമുട്ടി. മദ്ധ്യഅമേരിക്കന്‍  സ്പാനിഷ്  പറയുന്ന മറിയയുടെ ഇംഗ്ലീഷ് മനസ്സിലാക്കാന്‍ ഞാനും ഇച്ചിരി  ബുദ്ധിമുട്ടി.

അന്നെന്റെ  മുടി മുറിച്ചത് മറിയ ആയിരുന്നു. കുറച്ചു ഇംഗ്ലീഷും  ബാക്കി ആംഗ്യവും ഒക്കെയായി  ഞങ്ങള്‍ ആശയവിനിമയം നടത്തി. മുടിവെട്ട്  കഴിഞ്ഞപ്പോഴേക്കും  മറിയയും ഞാനും  വല്ലാതെ  ക്ഷീണിതരായി. ഞാന്‍ മറിയയെ ഒരു കാപ്പികുടിക്കാന്‍ ക്ഷണിച്ചു. ഞങ്ങള്‍ അടുത്തുള്ള കാപ്പികടയില്‍  നിന്നും കാപ്പിയും വാങ്ങി പുറത്തിറങ്ങി വരാന്തയിലെ  ഒരു മേശയയ്ക്കരികിലിരുന്നു. മറിയ  പച്ച നിറത്തിലുള്ള  ന്യൂ പോര്‍ട്ട് സിഗരറ്റു പായ്ക്കറ്റു  തുറന്നു ഒരു സിഗരറ്റു  എനിക്കു നല്‍കി  ഒരെണ്ണം  അവളും  കത്തിച്ചു പുകവിട്ടു.

രണ്ടു നാടുകളില്‍ നിന്നു കുടിയേറിയവര്‍  തമ്മില്‍ കാണുമ്പോള്‍ ഉണ്ടാകുന്ന  ഒരു ഏകാത്മതയ്ക്കു  പുറമേ  ഞാനും  മറിയയും  തമ്മില്‍ അടുക്കാനുള്ള  പ്രധാനകാരണം  അവള്‍ ഒരു സ്ത്രീയും  ഞാനൊരു പുരുഷനും  എന്നുള്ളതും കൂടിയാണ്.  മറ്റൊന്ന്  അവളുടെ നാട്ടുകാരെയും  മലയാളികളെയും പ്രത്യേകിച്ചും സ്ത്രീകളെ കണ്ടാല്‍ ഏകദേശം ഒരുപോലെയിരിക്കും എന്നുള്ളതും ഒരു ഘടകമായി.   ഒരു പെണ്ണിനെ കണ്ടാല്‍ ശരാശരി മലയാളിയുടെ നോട്ടം ചെന്നെത്താറുള്ള  ഭാഗത്തേക്കു തന്നെ എന്‍റെ കണ്ണുകളും എന്നെ കൂട്ടികൊണ്ടുപോയി. അധികം  പൊക്കമില്ലാത്ത അവളുടെ മാറിടം വളരെ വലിപ്പമുള്ളതായിരുന്നു. എന്‍റെ കണ്ണുകള്‍ മേശയുടെ വക്കുമായി ഉന്തും തള്ളും ഉണ്ടാക്കുന്ന അവളുടെ സ്തനങ്ങളില്‍  ഉഴിയുന്നതു കണ്ടപ്പോള്‍ അവള്‍ എന്‍റെ കണ്ണുകളില്‍ നോക്കി  അല്പം ലജ്ജയോടെ  ചിരിച്ചു.  എന്‍റെ എത്തിനോട്ടം  കണ്ടിട്ടാവാം  പിന്നീടു എപ്പോള്‍ മുടി വെട്ടുമ്പോഴും  അവള്‍അറിയാത്തമട്ടില്‍ അവ  എന്‍റെ മേല്‍ ചേര്‍ത്തമര്‍ത്തുമായിരുന്നു.

ഇടയ്ക്കിടയ്ക്കു ഞങ്ങള്‍ തമ്മില്‍ കണ്ടുമുട്ടുകയും  വര്‍ത്തമാനം പറയുകയും ചെയ്യുക പതിവായിരുന്നു. ഇന്ത്യയിലെ  ജീവതരീതികളെക്കുറിച്ചൊക്കെ അറിയാന്‍ അവള്‍ക്കു വലിയ താല്പര്യമാണ്. ഒരു മുന്‍പരിചയവും ഇല്ലാത്തവര്‍ തമ്മില്‍ ഒരു പ്രാവശ്യം കാണുകയും ഉടനെ തന്നെ മാതാപിതാക്കള്‍ തീരുമാനിക്കുന്നതിനുസരിച്ചു കല്യാണം കഴിക്കുകയും ചെയ്യുന്ന സമ്പ്രദായമാണ് ഇന്ത്യയില്‍ എന്ന് കേട്ടപ്പോള്‍ അവള്‍ ശരിക്കും അമ്പരന്നു പോയി. ഒരു പരിചയവും ഇല്ലാത്തവരെ എങ്ങിനെയാണ് ഇങ്ങിനെ വിവാഹം കഴിക്കുന്നതെന്ന അവളുടെ ചോദ്യത്തില്‍ സത്യത്തില്‍ എനിക്കും ഉത്തരം മുട്ടിപ്പോയി.

 കേരളത്തില്‍  സ്ത്രീകള്‍ ആരും തന്നെ ആണുങ്ങളുടെ മുടിവെട്ടുന്ന കടകള്‍ നടത്താറില്ല എന്നു പറഞ്ഞപ്പോള്‍ അതെന്തു കൊണ്ടാണെന്നറിയണം അവള്‍ക്കപ്പോള്‍. ഞാന്‍ പറഞ്ഞു മലയാളി പെണ്ണുങ്ങള്‍ അവരുടെ മുലകള്‍ അന്യപുരുഷന്റെ ശരീരത്തില്‍ മുട്ടുന്നത് വലിയ അപമാനമായാണ് കരുതുന്നതെന്ന്.  അതുകേട്ടു  അവള്‍  ഉറക്കെ ചിരിച്ചു. ഒരു പെണ്ണിന്റെ വിയര്‍പ്പുമണം അടിച്ചാല്‍ കാമവിവശരാകുന്ന ആളുകളുടെ ദേഹത്തോടു ചേര്‍ന്നു നിന്നുകൊണ്ട്  ജോലി ചെയ്താലുണ്ടാകുന്ന  കുഴപ്പങ്ങള്‍  ഞാന്‍ മനഃപൂര്‍വം അവളോടു പറഞ്ഞുമില്ല.

ജോലിക്കുള്ള ഒരു അഭിമുഖത്തിനു പോകാനുണ്ട്.  മുടി വല്ലാതെ വളര്‍ന്നു  ചീകിയാല്‍ ഒതുങ്ങി നില്‍ക്കാത്തതിനാല്‍  മറിയയെ തേടി ഞാന്‍ അവളുടെ കടയില്‍ എത്തി പക്ഷെ ഞാന്‍ കുറച്ചു താമസിച്ചു പോയിരുന്നു.  അവളുടെ കട അപ്പോഴേക്കും അടച്ചിരുന്നു അതുകൊണ്ട്  തെരുവിന് എതിര്‍വശമുള്ള  കിഴവന്‍ സ്റ്റീവിന്‍റെ ബാര്‍ബര്‍ഷോപ്പില്‍ ഞാന്‍  ചെന്നു.  ബ്രിട്ടീഷു വംശജനായ  അയാള്‍ അല്‍പ്പം നീരസത്തോടെയാണ് എന്നെ വരവേറ്റത്.  മുടി വെട്ടുന്നതിനിടയില്‍  അയാള്‍ തന്‍റെ തൊഴിലിലുള്ള  വൈദഗ്ദ്യം  പറഞ്ഞുകൊണ്ടിരുന്നു. മുടി വെട്ടിയ ശേഷം  തലയുടെ പിന്‍ഭാഗവും വശങ്ങളും  കത്തികൊണ്ട് വടിക്കുന്ന  ഒരാള്‍ അയാള്‍ മാത്രമാണെന്നും  ഇതൊന്നും  സ്ത്രീകള്‍ ചെയ്തുതരില്ല  എന്നിട്ടും ആളുകള്‍  മുടി വെട്ടിക്കാന്‍  പെണ്ണുങ്ങളുടെ  അടുത്തുപോകുന്നതു നിമിത്തം അയാളുടെ കച്ചവടം പൂട്ടേണ്ട അവസ്ഥയില്‍ ആണെന്നൊക്കെ പറഞ്ഞു.  ദോഷം പറയരുതല്ലോ അയാളുടെ മുടിവെട്ട് വളരെ നല്ല രീതിയില്‍ ആയിരുന്നു. നമ്മുടെ പൂര്‍വികരെ അടിമകളാക്കി അടക്കിഭരിച്ച ബ്രിട്ടീഷുകാരന്റെ  പിന്‍മുറക്കാരനെക്കൊണ്ട്   ചെവിയിലെ പൂട വടിപ്പിച്ചപ്പോള്‍ ഒരു  സ്വാതന്ത്ര്യ സമരം ജയിച്ച  സംതൃപ്തി തോന്നിയെനിക്കപ്പോള്‍.

ഒരു  വൈകുന്നേരം മറിയ എന്നെ അവളുടെ വീട്ടിലേക്കു ക്ഷണിച്ചു.  മരങ്ങള്‍  ഹരിത വര്‍ണ്ണം വെടിഞ്ഞു ചുവപ്പും മഞ്ഞയും കമ്പളമണിഞ്ഞു സുന്ദരന്മാരും സുന്ദരികളും ആയി നില്‍ക്കുന്ന  സെപ്തംബറായിരുന്നത്.    ഇലകള്‍ കൊഴിയാന്‍ തുടങ്ങുന്നതിനു മുന്‍പുള്ള ഹ്രസ്വസുന്ദരമായ റൊമാന്റിക്  ശരത്കാല സായാഹ്നം.   ഗ്ലാസില്‍  നിറച്ച  വീഞ്ഞുമായി  മറിയയും ഞാനും കണ്ണുകളില്‍ നിറഞ്ഞ ലഹരിപരസ്പരം മൊത്തിക്കുടിച്ചുകൊണ്ട് അപ്പാര്‍ട്ടുമെന്റിന്റെ ബാല്‍ക്കണിയില്‍  ഇരിക്കുകയായിരുന്നു.  വീഞ്ഞിന്റെ  ലഹരി  കണ്ണുകളില്‍ നിറഞ്ഞപ്പോള്‍  മറിയയുടെ  ലോലമായ ബനിയന്‍റെ  അകത്തു വീര്‍പ്പുമുട്ടി  ഇളകുന്ന ഉരുണ്ട മുലകളിലേക്ക്  എന്‍റെ കണ്ണുകള്‍  പതിവുപോലെ  തോന്ന്യാസം നടത്തി.

പതിവു  കള്ളച്ചിരിയോടെ  മറിയ എന്‍റെ നോട്ടത്തെ കണ്ടു. അവളുടെ കസേര എന്‍റെ അടുക്കലേക്കു  കുറച്ചു കൂടി ചേര്‍ത്തിട്ടുകൊണ്ട്  അവള്‍ ചോദിച്ചു.

“ ഹണീ  യു വാണ്ട്   സീ മൈ ബൂബ്‌സ്  ?”

ഞാനൊന്നും മറുപടിയായി പറഞ്ഞില്ല.  അവള്‍ പറഞ്ഞു  തുടങ്ങി

“എന്‍റെ ഭര്‍ത്താവ്  ഒരിക്കല്‍ പോലും എന്‍റെ ഈ മുലകളില്‍ തൊടുകയോ  തഴുകുകയോ  ചെയ്തിട്ടില്ല.  അയാള്‍ക്കിതു കാണുന്നതുതന്നെ  അറപ്പായിരുന്നു.  നിനക്കറിയുമോ  ഈ മുലകള്‍ കാരണമാണ്  അവന്‍ എന്നെ  ഉപേക്ഷിച്ചു  പോയതും. ഒരു കണക്ക് പറഞ്ഞാല്‍ എനിക്ക് അയാളെ കുറ്റം പറയാന്‍ കഴിയില്ല  അയാള്‍ ഒരു പുരുഷനല്ലേ  അയാള്‍ക്കും  സുന്ദര മോഹങ്ങള്‍ ഉണ്ടാകില്ലേ ?”

“എന്‍റെ രണ്ടു മക്കളും  വളര്‍ന്നത് ഈ മുലകള്‍ കുടിച്ചല്ല. ഈ മുലകള്‍ എന്‍റെ മാറില്‍ മുളച്ചപ്പോള്‍ ഞാന്‍ അഹങ്കരിച്ചു,എന്‍റെ സമപ്രായക്കാരുടേതിനെക്കാള്‍   മനോഹരമായ എന്‍റെ  മാറിടത്തില്‍ ഞാന്‍ സന്തോഷിച്ചു.  പക്ഷെ ഇതേ മാറിടം  തന്നെയാണ്  എന്‍റെ ജീവിതത്തിന്റെ സന്തോഷം കെടുത്തിയ  ശാപമായി മാറിയതും.”

മറിയ അതുവരേയ്ക്കും പറയാതിരുന്ന  അവളുടെ കഥ എന്നോട് പറഞ്ഞു തുടങ്ങി. അവള്‍ ചോദിച്ചു

“നീ കണ്ടിട്ടുണ്ടോ ഈ ഭൂമിയിലെ നരകം. ? ഇടയ്ക്കിടെ കണ്ണു തുറക്കുന്ന അഗ്‌നി പര്‍വതങ്ങള്‍ നിറഞ്ഞ ഭൂമിയിലെ നരകം?”

1979 മുതല്‍   1992 വരെ നീണ്ടു നിന്ന എല്‍ സാല്‍വഡോര്‍ ആഭ്യന്തരയുദ്ധം കൊടുംബിരി കൊണ്ടിരിക്കുന്ന സമയം.സര്‍ക്കാരിന്റെ മുഴുവന്‍ ശ്രദ്ധയും ഗറില്ലകളുമായുള്ള  പോരാട്ടത്തില്‍  മാത്രമായിരുന്നു. നീണ്ടുപോയ അഭ്യന്തരയുദ്ധം ജനസംഖ്യയുടെ അഞ്ചില്‍ ഒന്നിനെ   അഭയാര്‍ഥികളാക്കി മാറ്റി.ഇതിനകം  പ്രാദേശിക ഭരണം ഗുണ്ടാ സംഘങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.  തൊഴില്‍ ഇല്ലാത്ത ചെറുപ്പക്കാര്‍ പലരും  ഗുണ്ടാഗ്യാങ്ങുകളില്‍ചേര്‍ന്നു. പതിനായിരങ്ങള്‍  അയല്‍ രാജ്യങ്ങളിലേക്കും അമേരിക്കന്‍ മണ്ണിലേക്കും അന്നവും അഭയവും തേടി  പാലയനം ചെയ്തു.

അഭ്യന്തരയുദ്ധം കഴിഞ്ഞപ്പോഴേക്കും  നാട്ടിലെ ഭരണം‘മാരീറോസ്’എന്ന  സ്പാനിഷ്  ഗ്യാങ്ങുകള്‍  ഏറ്റെടുത്തു.‘മാരാസ് പതിമൂന്നു’  അഥവാ ങ13 ആണ് അതില്‍ പ്രധാനി.  പിന്നെയുള്ളത്  ‘ബാറിയൊ 18’ എന്ന മറ്റൊരു ഗ്യാങ്ങ്.  ബാറിയോക്കു  രണ്ടു വിഭാഗങ്ങളുണ്ട്  വിപ്ലവകാരികളും  തെക്കെന്മാരും.  ഓരോ ഗ്യാങ്ങിനും പ്രത്യേകമായ  ഭൂവിഭാഗമുണ്ട്   അവര്‍ പരസപരം  അതിരുകള്‍ ലഘിക്കാതെ നോക്കും.  ഗ്യാങ്ങ്  അംഗങ്ങള്‍   അവരുടെ ഗ്യാങ്ങിന്റെ പേര്‍ അവരുടെ ശരീരത്തില്‍ പച്ചകുത്തും. നാട്ടുകാര്‍ എല്ലാവരും ഗ്യാങ്ങുകള്‍ക്ക് നികുതിപിരിവുനല്‍കണം  കച്ചവടക്കാരും  ജോലിക്കാരും എല്ലാവരും നല്‍കണം.

സന്ധ്യയാകുന്നതോടെ തെരുവുകള്‍ ശൂന്യമാകും.  അതോടെ  ഗ്യാങ്ങുകള്‍ പുറത്തിറങ്ങും നിലയ്ക്കാത്ത വെടിയൊച്ചകള്‍ ചിലപ്പോള്‍ കേള്‍ക്കാം.  ഗ്യാങ്ങുകളെ തേടി  പോലീസും മിലിട്ടറിയും  ഇറങ്ങും. മുഖം മറയ്ക്കാതെ  ഗ്യാങ്ങുകള്‍ വിഹരിക്കുമ്പോള്‍  അവരെ തേടിയിറങ്ങുന്ന പോലീസുകാര്‍ തന്റെയും കുടുംബത്തിന്റെയും നേര്‍ക്കുള്ള തിരിച്ചടികള്‍ ഭയന്ന് മുഖം മറച്ചിരിക്കും.

ചില തന്ത്രപ്രധാന സ്ഥലങ്ങള്‍ എന്നു  ഗ്യാങ്ങുകള്‍ കരുതുന്ന വീടുകള്‍ അവര്‍  അവരുടെ   ‘കാസാ ലോക്കാസ് (രമമെ ഹീരമ)െ അഥവാ‘ഉന്മാദ ഗേഹങ്ങള്‍’ ( ങമറ ഒീൗലെ )ആക്കി മാറ്റാനായി  കയ്യേറും.  അവര്‍ വരുമ്പോള്‍  വീട്ടുകാര്‍ അവിടെനിന്നും ഒഴിഞ്ഞു മാറി പോയ്‌ക്കൊള്ളണം. അങ്ങിനെവീടൊഴിഞ്ഞു പോകുമ്പോള്‍ ആ വീട്ടിലെ  പെണ്‍കുട്ടികളെയും ചെറുപ്പക്കാരികളായ സ്ത്രീകളെയും അവര്‍  പോകാന്‍ അനുവദിക്കാറില്ല.  ഗ്യാങ്ങുകളുടെ  മദ്യപാനത്തിനും, മയക്കുമരുന്നു സേവയ്ക്കു വേണ്ടിയും  പുതിയതായി  ഗ്യാങ്ങില്‍ ചേരുന്നവരെ അംഗങ്ങളായി  ചേര്‍ക്കുന്ന ചടങ്ങുകള്‍ നടത്താനൊക്കെയായിട്ടാണ്  ഇങ്ങനെ വീടുകള്‍ കയ്യേറി ഉന്മാദഗേഹങ്ങള്‍  ഒരുക്കുന്നത്.  ഗ്യാങ്ങുകള്‍ വിനോദത്തിനായി  അയല്‍പക്കത്തുള്ള  സ്ത്രീകളെയും പെണ്‍കുട്ടികളെയും കൂടി അത്തരം വീടുകളിലേക്ക് പിടിച്ചുകൊണ്ടുവരും.

മാനം നഷ്ട്ടപ്പെടുമെന്നതു  ഉറപ്പാണ്. ജീവന്‍ ബാക്കിവേണോ എന്ന ചോദ്യം തോക്കിന്‍കുഴല്‍ തുമ്പില്‍ നിന്നും നീണ്ടു വരുമ്പോള്‍ പ്രതിരോധങ്ങള്‍ തനിയെ ഇല്ലാതാകും.അപ്പോള്‍ അവര്‍ കീഴടങ്ങികൊണ്ട്ശരീരത്തിന്മേലുള്ള  ബലാല്‍സംഗത്തിന്റെ വേദനയെ അതിജീവിക്കാന്‍ ശ്രമിക്കും.

“നിനക്കറിയാമോ  ഞങ്ങളുടെ പെണ്‍കുട്ടികള്‍ എപ്പോഴും ഭയന്നാണ് ജീവിക്കുന്നത്. എപ്പോള്‍ വേണമെങ്കിലും അവര്‍ തട്ടിക്കൊണ്ടുപോകലിനും ബലാല്‍സംഗത്തിനു ഇരയാകാം.നിരന്തരമായ മരണഭയത്തില്‍ ജീവിച്ചു വരുമ്പോള്‍  മാനംഅടിയറ വെയ്ക്കുന്നത്  ജീവന്‍ രക്ഷിക്കാനുള്ള ഒരു ഉപായം കൂടി ആകുമ്പോള്‍ ബലാല്‍സംഗം   ചെയ്തപ്പെട്ടതോര്‍ത്ത്  ആരും വിഷാദപ്പെടാറില്ല.  എതിര്‍ത്താല്‍ ക്രൂരമായി പിച്ചിചീന്തപ്പെടും. ചിലപ്പോള്‍ ഉറ്റവരുടെ ജീവനും  സ്വന്തം ജീവനും നഷ്ട്ടമാകും. ആത്മാവ് മരിച്ചുപോയ, ജീവിക്കുന്ന ശവങ്ങളായി തീരുന്ന ഞങ്ങള്‍ക്ക്ജീവന്‍   തിരിച്ചു കിട്ടിയതിന്റെ  ആശ്വാസമാണ്  ഓരോ കീഴ്‌പ്പെടലിനു  ശേഷവും തോന്നുക. എങ്കിലും എല്ലാവരെയും പോലെത്തന്നെ ജീവിക്കാന്‍ ഞങ്ങളും കൊതിച്ചിരുന്നു. ”

ഗ്യാങ്ങിലേക്ക്  പുതിയതായി  ചേര്‍ക്കുന്നത്  പന്ത്രണ്ടു മുതല്‍  പതിനാറു വയസുവരെയുള്ള  കൌമാരപ്രായക്കാരെയാണ്. മറിയക്കപ്പോള്‍ പതിമൂന്നു വയസുപ്രായം. അന്നു  പുതിയതായി  ചേര്‍ന്ന ഗ്യാങ്ങ് അംഗങ്ങളെ സംഘത്തില്‍ ചേര്‍ക്കാനുള്ള ചടങ്ങുകള്‍ക്കായി തിരെഞ്ഞെടുത്ത ‘കാസാ ലോക്കാസ്’ മറിയയുടെ ഭവനം  ആയിരുന്നു. രാത്രിയില്‍ വാതിലില്‍ തട്ടിയ സംഘം   വീട്ടുകാരോട്  ഒഴിഞ്ഞു പോകാന്‍ പറഞ്ഞു.  മറിയയെ  മാത്രം അവര്‍ വിട്ടില്ല  അവരുടെ  കൂട്ടത്തിലേക്ക്  അയല്‍ പക്കത്തു നിന്നും  രണ്ടുമൂന്നു പെണ്‍കുട്ടികളെയും സ്ത്രീകളെയും കൂടി അവര്‍ പിടിച്ചു കൊണ്ടു വന്നു.

സുന്ദരിയായ മറിയയിലേക്കും പ്രായത്തില്‍ കവിഞ്ഞ വളര്‍ച്ചയുള്ള അവളുടെ മാറിലേക്കു മായിരുന്നു  ഗ്യാങ്ങിലെ എല്ലാവരുടെയും ശ്രദ്ധ.  അവര്‍ മറിയയെ   നഗ്‌നയാക്കി അവളുടെ മുലകളിലും  പുറത്തും ‘ങ 13’ എന്നു പേര്‍  പച്ചകുത്തി.   ഗ്യാങ്ങില്‍ ചേര്‍ക്കപ്പെടുന്ന  പെണ്‍കുട്ടികള്‍ സംഘത്തിന്റെ  ലൈംഗീക അടിമകളായി മാറും. അവരുടെ  സംഘത്തില്‍ പുതിയതായി   ചേര്‍ന്ന രണ്ടു കൌമാരക്കാര്‍,  അവര്‍ ആദ്യമായിട്ടായിരുന്നു ഒരു പെണ്ണുടല്‍ നേരില്‍ കാണുന്നതു.അവരുടെ മുന്നിലേക്ക്  അവര്‍ മറിയയെ ഇട്ടുകൊടുത്തു.  വിശന്നു കിടന്ന നായ്ക്കള്‍ക്ക്  ഇറച്ചി കഷണം കിട്ടിയപോല്‍ അവര്‍  മറിയയെ  കടിച്ചു കീറി.   പിന്നെ ഒരു പാടുപേര്‍  ആ ബാലികയുടെ  ഇളം മാംസത്തില്‍  അവരുടെ വീറുകാട്ടുകയും  വിശപ്പൊടുക്കുകയും ചെയ്തു.‘മാരാസ്’ വീടൊഴിഞ്ഞു പോയപ്പോള്‍  തിരിച്ചെത്തിയ വീട്ടുകാര്‍ കണ്ടത്  ബോധമില്ലാതെ ചോരയില്‍ കുളിച്ചു കിടക്കുന്ന മറിയയെയാണ്.

“ നീ ഇതു കണ്ടോ ?” മറിയ അവളുടെ    ബനിയന്‍ മുകളിലേക്ക് ചുരുട്ടികയറ്റി  അവളുടെ മുലകള്‍ എന്‍റെ കണ്ണിനു നേരെ കാണിച്ചു തന്നു. 

“ഇത് കണ്ടോ ഈ മുലയില്‍ പാലു നിറയുമ്പോള്‍  അതു ചുരത്താനാവാതെ ഞാന്‍ അനുഭവിച്ച  കടച്ചില്‍ എത്രമാത്രമെന്നു  നിനക്കറിയുമോ ? പേ പിടിച്ച പട്ടികള്‍ കടിച്ചു പറിച്ചു  ചവച്ചരച്ചു കളഞ്ഞു എന്‍റെ കുഞ്ഞുങ്ങളുടെ ചുണ്ടില്‍ പാല്‍ ചുരത്തേണ്ടിയിരുന്ന മുലക്കണ്ണുകള്‍.  അവയില്ലാതെ ഞാന്‍ എങ്ങിനെ  എന്‍റെ കുഞ്ഞുങ്ങളുടെ വായില്‍ പാല്‍  ചുരത്തും.?”

 വികൃതമാക്കപെട്ട  അവളുടെ  മുലകളെക്കാള്‍   അതില്‍ മുദ്രണം ചെയ്തിരിക്കുന്ന മരണ  ഭയത്തിന്റെ പച്ചകുത്തലായിരുന്നു  മറിയയുടെ  ഭര്‍ത്താവിനെ ഏറെ അകറ്റിയത് .

‘മാരാസ് 13’. അമേരിക്കന്‍ ഭരണകൂടത്തെ നടുക്കിയ രണ്ടു വാക്കുകള്‍. മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ്  ആഭ്യന്തരയുദ്ധത്തെ തുടര്‍ന്ന് എല്‍ സാല്‍വഡോര്‍ നിന്നും  അഭയാര്‍ഥികളായി   എത്തിയ ഒരു കൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്ന് ലോസ് ഏഞ്ചെല്‍സില്‍   വച്ചുതുടങ്ങിയ ഗ്യാങ്ങ്. അതു പിന്നീടു  അമേരിക്കയുടെ സമാധാനം  കെടുത്തിക്കൊണ്ട്  മയക്കുമരുന്നു വ്യാപാര ശ്രിംഖലകളായി  കൊലപാതകങ്ങള്‍ കൊയ്തു  കൂട്ടിയപ്പോള്‍  സര്‍ക്കാര്‍  ഓരോരുത്തരെയായി  പിടികൂടി ജയിലില്‍ അടച്ചു. പിന്നെ നാടുകടത്തി. തിരികെ നാട്ടില്‍ എത്തിയ അവര്‍ മാരാസ് എന്ന അവരുടെ സാമ്രാജ്യം വിപുലീകരിച്ചു അത് എല്‍സാല്‍വഡോറിന്‍റെ അതിര്‍ത്തികള്‍ കടന്നു നിക്കൊരോഗ്വായിലേക്കും  ഹോണ്ടുറാസിലെക്കും കൂടി വ്യാപിച്ചു.

എല്‍ സാല്‍വഡോറില്‍ നിന്നു അമേരിക്കയില്‍  എത്താന്‍ രണ്ടു വഴികള്‍.  ഒന്നാമത്തേത്  പടിഞ്ഞാറു ഭാഗത്തുള്ളവര്‍ക്ക്  ഗ്വാട്ടീമാല  മെക്‌സിക്കോ  വഴിയും    കിഴക്കുള്ളവര്‍ ഹോണ്ടുറാസ്  ഗ്വാട്ടീമാല മെക്‌സിക്കോ  വഴിയും  കടക്കണം. യാത്രയുടെ  ഏറ്റവും ദുഷ്കരമായ  ഭാഗം മെക്‌സിക്കൊയിലൂടെയുള്ള യാത്രയാണ്. വന്‍കിട മയക്കുമരുന്നുകടത്തുകാരുടെയും  മനുഷ്യക്കടത്തുകാരുടെയും വിഹാരഭൂമിയായ മെക്‌സിക്കന്‍അമേരിക്കന്‍ അതിര്‍ത്തിയിലൂടെയുള്ള സഞ്ചാരത്തില്‍  കവര്‍ച്ചയും തട്ടിക്കൊണ്ടു പോകലും  ബലാല്‍സംഗംവും സര്‍വസാധാരണം.അതിലൂടെ കടന്നുപോകുന്ന പത്തു സ്ത്രീകകളില്‍ ആറുപേര്‍ ബലാല്‍സംഗത്തിനിരയാകുന്നുവെന്ന് സ്ഥിതിവിവരക്കണക്കുകള്‍ തന്നെ  പറയുന്നു.

മറിയയും കൂട്ടരും അവരുടെ യാത്രയില്‍ വച്ചു  മെക്‌സിക്കന്‍ ഗ്യാങ്ങിന്‍റെ പിടിയില്‍പ്പെട്ടു.   പണവും സാധങ്ങളും കൈക്കലാക്കിയശേഷം  അവര്‍ മറിയ ഉള്‍പ്പെടെയുള്ള   സ്ത്രീകളോട്  മാറി നില്ക്കാന്‍ ആവശ്യപ്പെട്ടു. ഇനി നടക്കാന്‍ പോകുന്നതെന്തെന്നു  അവര്‍ക്കെല്ലാം നല്ലവണ്ണം അറിയാം.  അതിനു വേണ്ടി അവര്‍ മാനസികമായി തയ്യാറെടുത്തു കഴിഞ്ഞു.  ഒരിക്കല്‍ എങ്കിലും ബലാല്‍സംഗം ചെയ്യപ്പെടാത്തവര്‍ അവരുടെ അക്കൂട്ടത്തില്‍ ഇല്ലായിരുന്നു. അതൊന്നു കഴിഞ്ഞു കിട്ടിയിരുന്നെങ്കില്‍  അവിടെ നിന്നും യാത്ര തുടരാമെന്ന  ചിന്തയായിരുന്നു അപ്പോള്‍  അവരെ  ഭരിച്ചിരുന്നത്.

എതിര്‍ക്കുന്നതില്‍  കാര്യമില്ലെന്നു എല്ലാവര്‍ക്കും അറിയാം   അതു  മുറിവേറ്റ മനസ്സിനും മേലെ  ശരീരത്തില്‍ കൂടി  മുറിവുകള്‍ ഏല്പ്പിക്കാന്‍ മാത്രമേ ഉതകൂ. കൂട്ടത്തില്‍ സുന്ദരിയായ  മറിയയുടെ മേല്‍ ആയിരുന്നു എല്ലാവരുടെയും കണ്ണുകള്‍. മറിയ കരയുകയോ ബഹളം വയ്കുകയോ ചെയ്തില്ല  തൊട്ടടുത്തുതന്നെ   തോക്കിന്‍ മുനയില്‍  അവളുടെ പിതാവും സഹോദരങ്ങളും  കാതോര്‍ത്തു നില്‍ക്കുന്നുണ്ട്.

മറിയയുടെ അമ്മയെയും  അവര്‍ വെറുതെ വിട്ടില്ല.  മറിയയുടെ തൊട്ടടുത്തു വച്ചുതന്നെ മക്കളുടെ പ്രായമുള്ള രണ്ടു കൌമാരക്കാര്‍ ചേര്‍ന്നവരെ  ആക്രമിക്കുന്നത് മറിയ കണ്ടു. അവള്‍ കണ്ണുകള്‍ ഇറുകെ അടച്ചു.  വേദനിച്ചുള്ള അമ്മയുടെ  കരച്ചില്‍ കേട്ടപ്പോള്‍ മറിയ കാതുകള്‍ പൊത്തിക്കൊണ്ട് നിസംഗയായി  കിടന്നു.അവളുടെ  അടിവയറ്റില്‍ കടകോലുകള്‍ കുത്തിയിറക്കി  തിരിക്കുന്ന  വേദനയില്‍ അവള്‍ പുളഞ്ഞു.ആരോക്കയോ അവളുടെ മേല്‍ കയറി ഇറങ്ങി പോകുന്നുണ്ട്  അര്‍ദ്ധബോധത്തിന്‍റെ  അനുഗ്രഹത്തില്‍  കിടക്കുന്ന മറിയ അത് ആരെന്നൊന്നും അറിയുന്നില്ല. കിതപ്പോടെ ഒരുവന്‍ തളന്നു വീണുകഴിഞ്ഞശേഷം   വൃത്തികെട്ട ചൂരുള്ള മറ്റൊരു നിശ്വാസം  മൂക്കില്‍ അടിക്കുമ്പോള്‍ അവള്‍ അറിഞ്ഞു ഒരു കടകോല്‍ മാറി മറ്റൊന്നവളുടെ അടിവയറില്‍  കടച്ചില്‍ തുടങ്ങിയെന്നു.

ഒരു ദിവസം മറിയ എന്നെ തേടി എന്‍റെ ജോലിസ്ഥലത്തു വന്നു. അവള്‍ വളരെ പരിഭ്രാന്തയായി കാണപ്പെട്ടു. അന്നവളുടെ കടയില്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധനക്കായി ചെന്നിരുന്നു. ആ സമയം  മറിയ കടയുടെ പുറത്തായിരുന്നു. സഹപ്രവര്‍ത്തകര്‍ അവളോട്  അവിടെ നിന്നും  മാറുവാന്‍ ആവശ്യപ്പെട്ടു . അവള്‍  ഉടനെ തന്നെ അവളുടെ കാറോടിച്ചു അവിടെ നിന്നും കടന്നു. വീട്ടിലേക്കു പോകുവാന്‍ അവള്‍ക്ക് ഭയമായിരുന്നു. എന്താണ് ചെയ്യുക ആരോടാണ് ഒന്നു സംസാരിക്കുക  എന്നോര്‍ത്ത് അസ്വസ്ഥയായ അവള്‍ക്കു പെട്ടന്നു എന്നെ  ഓര്‍മ്മയില്‍ വന്നു അതുകൊണ്ട് അവള്‍  നേരെ എന്‍റെ അടുത്തേയ്ക്കു പോന്നു.

അവള്‍ വല്ലാതെ ഭയപ്പെട്ടിരുന്നു. നാടുകടത്തപ്പെട്ടാല്‍ മക്കള്‍ എന്തു ചെയ്യും  എന്നൊക്കെ പറഞ്ഞു അവള്‍ എന്നെ കെട്ടിപിടിച്ചു കരഞ്ഞു.ഞാന്‍ അവളെ ആശ്വസിപ്പിക്കാനായി  പറഞ്ഞു.   നിന്നെ അങ്ങിനെ പിടിച്ചപിടിയാല്‍ കൊണ്ടുപോകാന്‍ അവര്‍ക്കു  കഴിയില്ല.ഇമിഗ്രേഷന്‍കാര്‍ കോടതിയില്‍ ഹാജരാകാനുള്ള  നോട്ടീസ് നിനക്കു തരും  അപ്പോള്‍ നിനക്കു മൈനര്‍മാരായ മക്കളാണുള്ളത്  അവര്‍  പൌരന്മാരാണ് എന്നൊക്കെ തടസവാദംപറഞ്ഞു  നിയമപരമായി നേരിടുകയും ചെയ്യാം.

 ഒരിക്കല്‍ കേസ് കോടതിയില്‍  എത്തിയാല്‍  പിന്നെ നീ ഭയപ്പെടേണ്ട. അതിന്‍റെ തീരുമാനം വരാന്‍ കാലതാമസം വരും  അതുവരെ നീ സുരക്ഷിതയായിരിക്കും.  എന്തായാലും തല്‍ക്കാലം പൊതുസ്ഥലങ്ങളില്‍ അധികം ചുറ്റിതിരിയേണ്ട നേരെ വീട്ടിലേക്കു പോയാല്‍ മതി.  ഇമിഗ്രേഷന്‍കാര്‍ വീട്ടില്‍ വന്നാല്‍ നീ വാതില്‍ തുറക്കേണ്ട. കോടതിയില്‍ നിന്നുള്ള വാറണ്ട് ഇല്ലാതെ അവര്‍ക്ക് വീടിനുള്ളിലും മറ്റു സ്വകാര്യ ഇടങ്ങളില്‍ നിന്നും അറസ്റ്റുചെയ്തു കൊണ്ട് പോകാനുള്ള  അധികാരമില്ല. ഇനി അഥവാ വാറണ്ട് ഉണ്ടെങ്കിലും നീ പേടിക്കേണ്ട അവര്‍ക്ക് നിന്നെ കയ്യോടെ  നാടുകടത്താന്‍ കഴിയില്ല. കോടതിയില്‍ ഹാജരാക്കണം  അവിടെ നിന്ന്  ജാമ്യം ലഭിച്ചു പുറത്തിറങ്ങിയാല്‍  നിയമ പോരാട്ടത്തിനുള്ള  സാവകാശം കിട്ടും. പിന്നെ ഇതൊക്കെ കുറച്ചു ദിവസം കഴിയുമ്പോള്‍ അടങ്ങുവായിരിക്കും. നീ ധൈര്യമായിരിക്കുക.  ഞാന്‍ ഇങ്ങിനെയൊക്കെ പറഞ്ഞപ്പോള്‍ അവള്‍ക്കു സമാധാനമായിയെന്നു തോന്നി.  ഒഴുകുന്ന  കണ്ണുനീര്‍  കൈത്തലം കൊണ്ടു തുടച്ചവള്‍ യാത്രയായി.

മറിയ അന്നവിടെ നിന്നു പോയെങ്കിലും കാര്യങ്ങള്‍ ഞാന്‍ വിചാരിച്ചമാതിരി ആയിരുന്നില്ല. സാധാരണയായി  ഇമിഗ്രേഷന്‍  ഓഫീസര്‍മാര്‍ നടത്തുന്ന പരിശോധന ആയിരുന്നില്ല  അതൊന്നും. സാധാരാണ പരിശോധനയില്‍  അവര്‍ ആരെയും അറസ്റ്റുചെയ്തു കൊണ്ടുപോകാറില്ല. പകരം കോടതിയില്‍ ഹാജരാകാനുള്ള നോട്ടീസ് നല്‍കുകയാണ് പതിവ്.

പക്ഷെ ഇക്കുറി അവര്‍ നടപ്പിലാക്കാന്‍ തുനിയുന്നത്  രാജ്യ അതിര്‍ത്തിയുടെ നൂറു മൈല്‍  ചുറ്റളവില്‍ മാത്രം നടപ്പാക്കിയിരുന്ന  ഒരു നിയമമായിരുന്നു.  കോടതിയുടെ ഇടപെടല്‍ ഇല്ലാതുള്ള നാടുകടത്തല്‍ അനുവദിക്കുന്ന നിയമം.അതിപ്പോള്‍ രാജ്യവ്യാപകമായി നടപ്പില്‍ വരുത്തിയിരിക്കുന്നു. അതുപ്രകാരം  ഏതൊരു ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥനും  പൌരനോ  സ്ഥിരതാമസത്തിനുള്ള ഗ്രീന്‍ കാര്‍ഡില്ലാത്തതുമായ  വിദേശിയെ തടഞ്ഞുനിര്‍!ത്തി രേഖകള്‍ ചോദിക്കാനും അറസ്റ്റുചെയ്തുകൊണ്ടുപോകാനുമുള്ള  അധികാരമുണ്ട്. രണ്ടു വര്‍ഷത്തിനുമേല്‍  സ്ഥിരതാമസമാണെന്ന്  തെളിയിക്കാന്‍ കഴിയാത്ത താമസക്കാരെ  പിടികൂടി കയ്യോടെ നാടുകടത്താനുള്ള സര്‍വ്വാധികാരം അവര്‍ക്കുണ്ട്.  ഈ നടപടി  ഒരു കോടതിയിലും പുന പരിശോധിക്കാനുള്ള വ്യവസ്ഥയുമില്ല. മറിയയുടെ കാര്യത്തില്‍ ഇക്കാര്യത്തിലും ഭയപ്പെടേണ്ടതില്ലായിരുന്നു പത്തുപതിനഞ്ചു വര്‍ഷമായി അവളിവിടെ സ്ഥിരതാമസമാണ്.

ജനങ്ങളെ സ്വാധീനിക്കാന്‍ പറ്റിയ വിവേകമോ  ആശയമോ പദ്ധതികളോ  ഇല്ലാതെ വരുമ്പോള്‍ ലോകത്തെവിടെയുമുള്ള നേതൃത്വം അഴിച്ചുവിടാറുള്ള തരത്തിലുള്ള  വംശീയതയുടെ കാറ്റുകള്‍ എങ്ങും വീശിത്തുടങ്ങി. അതിദേശീയത എന്ന ആകര്‍ഷകമായ മുദ്രാവാക്യത്തിന്റെ മറനീക്കി വംശീയത എന്ന തനിരൂപം പുറത്തിറങ്ങി തെരുവുകളില്‍ ആളുകളെ കൂട്ടാന്‍ തുടങ്ങി.രാജ്യത്തെ  വീണ്ടും  മഹത്തരമാക്കും  എന്ന മുദ്രാവാക്യം എങ്ങും മുഴങ്ങിക്കേട്ടു.മഹത്തരമായ രാജ്യം  എന്നാല്‍ വെളുത്ത വര്‍ഗക്കാരന്റെ മേധാവിത്വം എന്നതാണെന്നു പറയാതെതന്നെ അവര്‍ ഉറക്കെ പറഞ്ഞു.കുടിയേറ്റക്കാര്‍ തങ്ങളുടെ തൊഴില്‍ തട്ടിയെടുക്കുന്നുവെന്നു പറയത്തക്ക വിദ്യാഭ്യാസമൊ സാങ്കേതിക ജ്ഞാനമോ ഇല്ലാത്ത ചെറുപ്പക്കാര്‍ കരുതാന്‍ തുടങ്ങി.കുടിയേറ്റക്കാര്‍  കൊണ്ടു വരുന്നത്  മയക്കുമരുന്നും കുറ്റകൃത്യങ്ങളും ആണെന്നുള്ള പ്രചാരണം ഉത്തരവാദിത്വമുള്ള കണ്ഠങ്ങളില്‍ നിന്നുയര്‍ന്നത്തോടെ വെറുപ്പിന്റെ തോക്കിന്‍ കുഴലുകള്‍ നിര്‍ത്താതെ  തീ തുപ്പാന്‍ തുടങ്ങി.

കുടിയേറ്റ നിയന്ത്രണം കൂടുതല്‍ വോട്ടുകള്‍ കിട്ടാനുള്ള സൂത്രവാക്യമെന്നെ തിരിച്ചറിവ്  കൂടുതല്‍ നടപടികള്‍ക്ക് തുടക്കമായി മാറി.താല്‍ക്കാലികമായി മദ്ധ്യഅമേരിക്കന്‍ അഭയാര്‍ഥികള്‍ക്ക് നല്‍കപെട്ട നിയമപരിരക്ഷ   അവസാനിക്കുന്നതായി  പ്രഖ്യാപനം വന്നു.  താല്‍ക്കാലിക നിയമപരിരക്ഷ ഉണ്ടായിരുന്ന പത്തൊന്‍പതു ലക്ഷത്തി അന്‍പതിനായിരത്തോളം വരുന്ന  മറിയയുടെ നാട്ടുകാര്‍  നാടുകടത്തല്‍ ഭീഷണിയിലായി.  യാതൊരു നിയമ പരിരക്ഷയും ഇല്ലാത്ത മറിയപ്പോലുള്ള അനേകലക്ഷം വേറെയുമുണ്ട്.   പരിക്ഷീണിതരായി   ജീവനുകൊണ്ട് അതിര്‍ത്തി കടന്നപ്പോള്‍ എന്തൊക്കെ ചെയ്യണമെന്നു അവര്‍ക്കറിയില്ലായിരുന്നു  അല്ലെങ്കില്‍ അവരെ സഹായിക്കാന്‍ അറിവുള്ള ആരും അവരുടെ കൂട്ടത്തില്‍  അപ്പോള്‍ ഇല്ലായിരുന്നു.

  അതിര്‍ത്തി കടന്നു വരുന്നവരെ പിടിച്ചു പാര്‍പ്പിക്കാന്‍ അനേകം താല്‍ക്കാലിക ജയിലുകള്‍ തുറന്നു. കുഞ്ഞുങ്ങളെ മാതാപിതാക്കളില്‍ നിന്ന് വേര്‍തിരിച്ചു പ്രത്യേക തടങ്കല്‍ പാളയത്തിലാക്കി.  ഇനിയും അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള ഒരു മുന്നറിപ്പ് സന്ദേശമാണിതെന്ന ഔദ്യോഗിക ഭാക്ഷ്യം കോടതിയും ശരിവച്ചു.

രണ്ടാഴ്ച കാലത്തേക്ക്  ഞാന്‍ നാട്ടില്‍ പോയിരുന്നു. നാട്ടില്‍ പോകുന്ന കാര്യം പറഞ്ഞപ്പോള്‍ മറിയ എന്നോട്  എന്തെങ്കിലും     സമ്മാനം ഇന്ത്യയില്‍ നിന്നും വാങ്ങി വരാമോന്നു ചോദിച്ചു. വലിയ വിലയുടെ ഒന്നും വേണ്ട ഒരു അഞ്ചു ഡോളറില്‍ താഴെയുള്ള എന്തെങ്കിലും മതിയെന്ന് പ്രത്യേകം പറഞ്ഞിരുന്നു.  നാട്ടില്‍ നിന്നും ഞാന്‍ അവള്‍ക്ക്  വിശേഷമായ  ഒരു ഷാള്‍ വാങ്ങിച്ചു  വളരെ വര്‍ണ്ണശബളമായ ഒന്ന്. കടുക് മണികള്‍ നിറയെ  ചേര്‍ത്ത് വച്ച് തുന്നി ചുളിവുകള്‍ നിര്‍മ്മിച്ചെടുത്ത പ്രത്യേക തരം കോട്ടന്‍ ഷാള്‍. കൂടാതെ അവള്‍ക്ക് വളരെ പ്രിയമുള്ള  രാജസ്ഥാനി കല്ലുമാലയും  കമ്മലുകളും.ഒരു പുകവലിക്കാരിയായ അവള്‍ക്ക് നല്‍ക്കാന്‍ കുറച്ചു ഇന്ത്യന്‍ സിഗരറ്റുകളും വാങ്ങി.

നാട്ടില്‍ നിന്നും  തിരികെ എത്തിയപ്പോഴേക്കും എന്‍റെ മുടിയും വല്ലാതെ  നീണ്ടിരുന്നു. ഞാന്‍  തെരുവിന്‍റെ  ഒരറ്റത്തു കാര്‍ പാര്‍ക്കുചെയ്തു. മറിയക്കുള്ള  സമ്മാനം അടങ്ങിയ പ്ലാസ്റ്റിക് സഞ്ചി കയ്യിലെടുത്തുകൊണ്ട്   ഞാന്‍   അവളുടെ മുടിവെട്ട് കടയുടെ അടുത്തേക്ക് നടന്നു.  തെരുവിന്‍റെ എതിര്‍ വശത്തുള്ള കിഴവന്‍ സ്റ്റീവിന്‍റെ മുടിവെട്ടു കട  തുറന്നു കിടപ്പുണ്ട്.   സ്റ്റീവ്  കടയുടെ മുന്‍പില്‍  സിഗരറ്റും പുകച്ചു നില്‍ക്കുന്നുണ്ട്. എന്നെ കണ്ട സ്റ്റീവ്  നടന്നു വന്നു  വലിയ ചിരിയോടെ ചോദിച്ചു

“നിന്‍റെ  സുഹൃത്തിനെ   കാണാന്‍ പോകുവായിരിക്കും അല്ലെ ?”ഞാന്‍ ഒന്നും പറഞ്ഞില്ല    സ്റ്റീവ്  തന്നെ പറഞ്ഞു .

“അവളെ  ഹോം ലാന്‍ഡ് സെക്യൂരിറ്റിക്കാര്‍ പാര്‍ക്കിംഗ് ലോട്ടീന്നു  പിടിച്ചോണ്ട് പോയി.  കഴിഞ്ഞ ദിവസം അവളുടെ നാട്ടിലേക്കു നാടും കടത്തി ” സ്റ്റീവ്  തന്‍റെ  സന്തോഷം മറച്ചുവയ്ക്കാതെ  പറഞ്ഞു.അയാള്‍  നിര്‍ത്താതെ  പറഞ്ഞുകൊണ്ടിരുന്നു.

“നിനക്കറിയാമോ അവള്‍ വലിയ പുള്ളിയായിരുന്നു. അവള്‍ ങട13 ഗ്യാങ്ങ് അംഗമായിരുന്നുവെന്നാണ്  ഓഫീസര്‍  പറഞ്ഞത്”

“ഓ ജീസസ്  ഒന്നിനെയും വിശ്വസിക്കാന്‍ കൊള്ളില്ല.  ആള്‍  ആസ് ഹോള്‍ മസ്റ്റ് ഗോ  ”അതുംപറഞ്ഞുകൊണ്ട് കിഴവന്‍സ്റ്റീവ്അയാളുടെ കടയിലേക്ക്  നടന്നു.

അയാള്‍ അതു പറഞ്ഞപ്പോള്‍  തന്‍റെ തൊഴിലിലെ ഒരു എതിരാളി ഇല്ലാതായതിനെക്കാള്‍  അയാളുടെ മനസ്സില്‍  മറ്റെന്തോ വികാരമായിരുന്നു.  ഞാന്‍  ഒന്നും മിണ്ടാതെ നടന്നു  രണ്ടാം നിലയിലുള്ള അവളുടെ മുടിവെട്ടു കടയുടെ  പടികള്‍ കയറി.  അന്ന് വളരെ ആശങ്കയോടെയാണ് ഞാന്‍ ആ പടിക്കെട്ടുകള്‍ കയറിയത് . സ്റ്റീവ് പറഞ്ഞതു ശരിയാണെന്ന്  അടഞ്ഞുകിടക്കുന്ന ചില്ല് വാതില്‍ കണ്ടപ്പോള്‍ മനസ്സിലായി.  ഞാന്‍ തിരികെ  താഴെയിറങ്ങി ഒരു കാപ്പിയും വാങ്ങി   കഫെ ഷോപ്പിന്റെ വരാന്തയിലെ ബെഞ്ചില്‍ പോയിരുന്നു. മറിയക്കു നല്‍കാനായി കൊണ്ടുവന്ന സമ്മാന സഞ്ചിയില്‍ നിന്നും  ഇന്ത്യന്‍ സിഗരറ്റിന്റെ പായ്ക്കറ്റ്  തുറന്നു  ഒന്നിനു തിരി കൊളുത്തി. സഞ്ചിയില്‍ ഉണ്ടായിരുന്ന ഷാളും കല്ല് മാലയും കാണുമ്പോള്‍ അവളുടെ കണ്ണുകളില്‍ കാണുമായിരുന്ന സന്തോഷം ഓര്‍ത്തപ്പോള്‍  എന്‍റെ കണ്ണുകള്‍ നിറഞ്ഞു. സമ്മാന സഞ്ചിയിലെ ഷാളും മാലയും  കമ്മലും സഞ്ചിയോടെ ചുരുട്ടി ഞാന്‍ ചവറ്റുകുട്ടയില്‍ നിക്ഷേപിച്ചു.

എനിക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല  മറിയയെ നാടുകടത്തിയെന്ന  സംഗതി.  വര്‍ഷങ്ങളായി ഇവിടെ താമസിക്കുന്നത്  തെളിയിക്കാന്‍  അവള്‍ക്ക് രേഖകള്‍ ഉണ്ടായിരുന്നു   പിന്നെങ്ങിനെ കോടതിയില്‍  ഹാജരാക്കാതെ അവള്‍ നാടുകടത്തപ്പെട്ടു .

ഞാന്‍ റോഡിനപ്പുറമുള്ള കിഴവന്‍ സ്റ്റീവിന്‍റെ കടയിലേക്ക് നോക്കി.അയാളുടെ  കടയില്‍  തിരക്കാണിപ്പോള്‍. മുടിവെട്ട് അറിയാവുന്ന ഒരാളെ ജോലിക്ക് ആവശ്യമുണ്ടെന്നു കാണിച്ചുള്ള ഒരു നോട്ടീസ് അയാളുടെ കടയുടെ മുന്‍പില്‍ പതിച്ചിട്ടുണ്ട്.

മറിയയുടെ കാര്യത്തില്‍ നടന്നിരിക്കാന്‍  ഇടയുള്ള കാര്യം എന്‍റെ മനസ്സില്‍ തെളിഞ്ഞു വന്നു. രാവിലെ കട തുറക്കാനായി പാര്‍ക്കിംഗ് ലോട്ടില്‍ കാര്‍ പാര്‍ക്ക് ചെയ്തു  പുറത്തിറങ്ങിയ മറിയയെ  സ്റ്റീവ് നല്‍കിയ വിവരം പ്രകാരം  കാത്തിരുന്ന  ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ വളഞ്ഞുപിടിച്ചു   അറസ്റ്റുചെയ്തു കാണും.  അറസ്റ്റുചെയ്തു  കൊണ്ടുപോയ മറിയയുടെ ദേഹ പരിശോധന  നടത്തിയപ്പോള്‍  അവളുടെ  മാറിലും പുറത്തും  പച്ച കുത്തിയ ‘ങട 13’ എന്ന അടയാളം അവര്‍ കണ്ടിട്ടുണ്ടാകും. അതോടെ  ഒരു അപകടകാരിയായ  ക്രിമിനല്‍ ഗ്യാങ്ങില്‍  പെട്ടവളായി  മുദ്ര കുത്തപ്പെട്ട  അവളെ നാട് കടത്താനുള്ള തീരുമാനം  ഉദ്യോഗസ്ഥര്‍ എടുത്തു കാണണം.

മറിയ വീണ്ടും അവള്‍ ഭയപ്പെട്ട നരകത്തിലേക്ക്  എറിയപ്പെട്ടു.  അവള്‍ക്കവിടെ   പിടിച്ചു നില്‍ക്കാന്‍ ആകുമോ ?  അവള്‍ വീണ്ടും തിരിച്ചു വരുമോ  എന്നറിയില്ല. ഒരു പക്ഷെ മറിയയുടെ മക്കള്‍ക്ക്  നിയമപോരാട്ടത്തിലൂടെ അവരുടെ അമ്മയെ തിരികെ കൊണ്ടുവരാന്‍ കഴിയുമായിരിക്കും. എന്നെങ്കിലും ഞാന്‍ ഇനിയും മറിയയെ കണ്ടുമുട്ടുമായിരിക്കും.ഞാനോര്‍ത്തുഹ്രസ്വമെങ്കിലുംഅവള്‍ എനിക്കു നല്‍കിയ സ്‌നേഹത്തിനും ഞാന്‍ എന്തു പകരം നല്‍കും.  എനിക്കറിയില്ല. മറിയമേ  ഞാന്‍ നിനക്കു വേണ്ടി  നിത്യവും പ്രാര്‍ത്ഥിക്കും. നന്മ നിറഞ്ഞവളെ മറിയമേ നീ മനുഷ്യസ്ത്രീകളില്‍  ഏറ്റവും പീഡനം ഏറ്റവളാണ്.നിന്‍റെ നാമം  സര്‍വേശ്വരന്‍ മഹത്വപ്പെടുത്തട്ടെ അവന്‍ നിനറെമേല്‍ കരുണകാണിക്കട്ടെ.

മറിയമേ നീ ഒരാളല്ല.  വീടുംനാടും ഇല്ലാതാകുന്നവരുടെ ഒരു പ്രതീകമാണ്.അഭയാര്‍ത്ഥിയായി അലയുന്നവളുടെ പേരാണ് മറിയം. മക്കളെ നഷ്ട്ടപ്പെട്ടവളുടെ പേരാണ് മറിയം. യവ്വനത്തിലെതന്നെ ഭര്‍ത്താവ്  നഷ്ടപ്പെട്ടവളുടെ  പേരാണ് മറിയം.

നീ അറിഞ്ഞോ ഇപ്പോള്‍എന്‍റെ നാട്ടില്‍ നിന്നും അനേകം  മറിയമാര്‍ പുറത്താകുന്നു. മണ്ണിനു അവകാശികളായി അവര്‍ പിറന്നു വീണെങ്കിലും പിറന്നമണ്ണില്‍ അവര്‍ അഭയാര്‍ഥികളാകുന്നു, കുടിയിറക്കപ്പെടുന്നു. അവരില്‍ മണ്ണിന്റെ യദാര്‍ത്ഥ അവകാശികളായി പിറന്നവരുണ്ട്  അഭയംതേടി വന്നവരുടെ ഇളമുറക്കാരുണ്ട്    അവര്‍ക്കു പോകാന്‍ പോലും ഒരിടമില്ല.അവര്‍ക്കു വസിക്കാനായി  ആജീവനാന്ത ജയിലറകള്‍ പണിയുന്ന തിരക്കിലാണവര്‍. രാജ്യമൊരു വലിയ ‘കാസാലോക്കാസാ’യി മാറ്റുന്ന തിരക്കിലാണെല്ലാവരും. നീ പിടിക്കപ്പെട്ടപ്പോള്‍  പോയത്  നിന്‍റെ ജന്മനാട്ടിലെ നരകത്തിലേക്കെങ്കില്‍   എന്‍റെ നാട്ടിലെ  മറിയമാര്‍ക്ക്  പോകാന്‍ മറ്റൊരു  നരകം പോലുമില്ല. അതിരുകള്‍ ഇല്ലാത്ത ലോകവും ഭൂമിയുടെ അവകാശവും സ്വപ്നങ്ങളില്‍ പോലും അവശേഷിക്കാതിരിക്കെ  ഈ ലോകം തന്നെ അവര്‍ക്കൊരു  വലിയൊരു  ‘ഉന്മാദ ഗേഹ’മായി മാറുന്നു.


Join WhatsApp News
Sabu 2019-09-03 07:08:53
Casa locos. A true story about current world order. A political reality in many countries including India
Marindan Mannunni 2019-09-06 06:38:08
ആധുനിക കഥപറച്ചിൽകാരുടെ നിഗൂഢതകൾ ഒന്നുമില്ലാതെ വായനക്കാരനോട് നേരിട്ട് വർത്താനം പറയുന്ന രീതി ഒരു അനുഭവം പങ്കുവെയ്ക്കുന്ന പോലുള്ള സംഭാഷണം അതിൽ പറയുന്ന സാമൂഹിക വിഷയം അതിലെ രാഷ്ട്രീയം ഇന്ത്യയും അമേരിക്കയും ലാറ്റിൻ അമേരിക്കയിലും ഒക്കെയായി പരന്നുകിടക്കുന്ന കഥ. ദുരിതവും അഭയാർത്തികളും മനസ്സിനെ പൊള്ളിക്കുന്നു. അമേരിക്കയിലെ മരിയയും ആസാമിലെ മരിയയും ദുരിതത്തിൽ ഒന്നായി മാറുന്ന ചിത്രം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക