Image

പാലായില്‍ കാപ്പനെ തളയ്ക്കാന്‍ മാണിയുടെ സ്വന്തം "പുലി'ക്കുന്നേല്‍ (ശ്രീനി)

Published on 02 September, 2019
പാലായില്‍ കാപ്പനെ തളയ്ക്കാന്‍ മാണിയുടെ സ്വന്തം "പുലി'ക്കുന്നേല്‍ (ശ്രീനി)
"എനിക്ക് ശേഷം പ്രളയം...'' എന്ന് പറയുന്നത് വാസ്തവമാണെങ്കില്‍ കെ.എം മാണിക്ക് ശേഷം പാലായില്‍ പ്രളയമുണ്ടായി. കഴിഞ്ഞ മാസം തിമിര്‍ത്ത് പെയ്ത മഴയില്‍ മീനച്ചിലാറ് കരകവിയുകയും പാലാ പട്ടണം വെള്ളത്തിനടിയിലാവുകയും ചെയ്തു. മാണിക്ക് ശേഷം പ്രളയം എന്ന് തെളിയിക്കുന്ന രീതിയിലായിരുന്നു പാലാ ഉപതിരഞ്ഞെടുപ്പിനുള്ള കേരളാ കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനാര്‍ത്ഥിക്കായുള്ള ഓട്ടപ്പാച്ചില്‍. പി.ജെ ജോസഫും ജോസ് കെ മാണിയും തമ്മില്‍ മാനസികമായി അകന്നുകഴിഞ്ഞിരിക്കുകയാണ്. ഇപ്പോള്‍ പാര്‍ട്ടി ചിഹ്നം ജോസഫിന്റെ പക്കലും സ്ഥാനാര്‍ത്ഥി ജോസിന്റെ കോര്‍ട്ടിലുമാണ്. കെ.എം മാണിയുടെ വിശ്വസ്തനായ ജോസ് ടോമിനെയാണ് അപ്രതീക്ഷിതവും നാടകീയവുമായ നീക്കത്തിലൂടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.

പാലായിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ പ്രഖ്യാപനം സസ്‌പെന്‍സും അതിലേറെ ജോസ്-ജോസഫ് പിടിവാശിയുടെ കടുപ്പവും നിറഞ്ഞതായിരുന്നു. സെപ്റ്റംബര്‍ ഒന്നാം തീയതി ഞായറാഴ്ച രാവിലെ മുതല്‍ കേരളാ കോണ്‍ഗ്രസിന്റെ ഈറ്റില്ലമായ കോട്ടയത്തെ ഡി.സി.സി ഓഫീസിലും കേരളാ കോണ്‍ഗ്രസ് ഓഫീസിലും സ്വകാര്യ ഹോട്ടലിലുമൊക്കെയായി  നടന്ന ചര്‍ച്ചകള്‍ക്ക് വൈകുന്നേരമായിട്ടും ഫലം കണ്ടില്ല. ഇതിനിടെ പല തര്‍ക്കങ്ങളിലും കേരളാ കോണ്‍ഗ്രസിന്റെ മധ്യസ്ഥ റോളിലെത്തുന്ന പി.കെ കുഞ്ഞാലിക്കുട്ടിയും പി.ജെ ജോസഫുമായി ചര്‍ച്ച നടന്നു. അതിനുശേഷം മുറിക്ക് പുറത്തിറങ്ങിയ ജോസഫ് നിഷ ജോസ് കെ മാണിക്ക് വിജയ സാധ്യതയില്ലെന്ന് തറപ്പിച്ച് പറഞ്ഞു.

തുടര്‍ന്ന് വൈകിട്ട് അഞ്ചുമണിയോടെ കോട്ടയം ഡി.സി.സി ഓഫീസ് ശ്രദ്ധാ കേന്ദ്രമായി. യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എത്തി അടച്ചിട്ടമുറിയില്‍ ചര്‍ച്ചയാരംഭിച്ചു. അഞ്ചര കഴിഞ്ഞതോടെ നിഷ സ്ഥാനാര്‍ത്ഥിപ്പട്ടികയിലില്ലെന്ന വിവരം പുറത്ത് കൂടിയിരുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് കിട്ടി. അപ്പോഴേയ്ക്കും പി.കെ കുഞ്ഞാലിക്കുട്ടിയും പി.ജെ ജോസഫും എത്തി മുറിയിലേയ്ക്ക് കയറി. ആദ്യ റൗണ്ട് കഴിഞ്ഞപ്പോഴും തീരുമാനമായില്ല. പിന്നെ ഉമ്മന്‍ ചാണ്ടിയുടെ വരവായിരുന്നു. ഇതിനിടെ കോട്ടയം നഗരത്തില്‍ എസ്.എച്ച് മൗണ്ടിലുള്ള തോമസ് ചാഴികാടന്റെ വീട്ടിലും സമാന്തരമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു.

സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ നിയോഗിക്കപ്പെട്ട ജോസ് വിഭാഗത്തിന്റെ ഉപസമിതി ഒരു സ്ഥാനാര്‍ത്ഥിയുടെ പേര് നിര്‍ദേശിച്ചുവെന്നും അക്കാര്യം പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയെ അറിയിച്ചുവെന്നും മാധ്യമങ്ങള്‍ക്ക് അറിയിപ്പ് കിട്ടി. കുറച്ചുകഴിഞ്ഞ് ജോസ് കെ മാണി ഡി.സി.സി ഓഫീസിലെത്തി. പി.ജെ ജോസഫിന്റെയും സാന്നിധ്യത്തില്‍ ചര്‍ച്ച. പെട്ടെന്നു തന്നെ രമേശ് ചെന്നിത്തല ടോം ജോസ് പുലിക്കുന്നിലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നു. നിഷ ജോസ് കെ മാണി സ്ഥാനാര്‍ത്ഥിയാവുമെന്നായിരുന്നു ഏവരും പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ ജോസഫ് വിഭാഗത്തിനോടൊപ്പം തന്നെ ജോസ് കെ മാണി പക്ഷത്തെ ഒരു വിഭാഗം നേതാക്കളും രംഗത്ത് എത്തിയതോടെ നിഷയുടെ സാധ്യത മങ്ങുകയായിരുന്നു.

പിന്നീടാണ് കേരള കോണ്‍ഗ്രസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ടോം ജോസ് പുലിക്കുന്നിലിന് നറുക്ക് വീഴുന്നത്. അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ജോസ് കെ മാണി വിഭാഗം നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥിയെ പി.ജെ ജോസഫ് അംഗീകരിച്ചത്. എന്നാല്‍ രണ്ടില ചിഹ്നം അനുവദിക്കുന്ന കാര്യത്തില്‍ ഇതുവരെ ജോസഫ് നിലപാട് മയപ്പെടുത്തിയിട്ടില്ല. ടോം ജോസിനെ അടുത്തിടെ പി.ജെ ജോസഫ് പുറത്താക്കിയിരുന്നു. ഇക്കാരണങ്ങള്‍ കൊണ്ട് രണ്ടില ചിഹ്നം നല്‍കാന്‍ കഴിയില്ലെന്ന നിലപാട്, അനുരഞ്ജനത്തിന് എത്തിയ യു.ഡി.എഫ് നേതാക്കള്‍ക്ക് മുമ്പില്‍ പി.ജെ ജോസഫ് വ്യക്തമാക്കി. എന്നാല്‍ മാണിയാണ് തന്റെ ചിഹ്നമെന്ന് ടോം ജോസ് വൈകാരികമായി പറഞ്ഞു. പാലായില്‍ മാണിയുടെ ചിത്രം വച്ചാല്‍ യു.ഡി.എഫ് ജയിക്കുമെന്നും പുലിക്കുന്നേല്‍ പറഞ്ഞു.

പാലായിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേലിന് രണ്ടില ചിഹ്നം ലഭിക്കണമെങ്കില്‍ പി.ജെ ജോസഫിന്റെകത്ത് വേണമെന്ന്  മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ വ്യക്തമാക്കിയിട്ടുണ്ട്. ജോസഫിന്റെ അനുമതി ഇല്ലെങ്കില്‍ ജോസ് ടോം സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കേണ്ടി വരും. ഒത്തുതീര്‍പ്പിന് അവസരമൊരുക്കാന്‍  ഇരുവിഭാഗങ്ങളോടും  നിലപാട് വ്യക്തമാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ  ഇരുഭാഗത്തിന്റെയും മറുപടി ലഭിച്ചിട്ടില്ലെന്നും ടിക്കാറാം മീണ ഡല്‍ഹിയില്‍ പറഞ്ഞു. 

ചിഹ്നത്തിന്റെ കാര്യത്തില്‍ ആരുടെയും ഔദാര്യത്തിന് കാത്തുനില്‍ക്കില്ലെന്നും സ്വതന്ത്ര ചിഹ്നത്തില്‍ മല്‍സരിക്കുമെന്നുമാണ് ജോസ് കെ മാണി പ്രതികരിച്ചത്. പാലായില്‍ മത്സരിക്കുന്നത് സ്വന്തം സ്ഥാനാര്‍ത്ഥിയാണെന്ന് ജോസ് കെ മാണിക്ക് തത്കാലം ആശ്വസിക്കാമെങ്കിലും നിഷയെ സ്ഥാനാര്‍ത്ഥിയാക്കാതെയും പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിക്ക് രണ്ടില നല്‍കാനാവില്ലെന്ന നിലപാട് സ്വീകരിക്കുന്നതിലൂടേയും രാഷ്ട്രീയ വിജയം നേടാന്‍ തങ്ങള്‍ക്ക് കഴിഞ്ഞെന്നും ജോസഫ് വിഭാഗം കണക്ക് കൂട്ടുന്നു. അതേസമയം പാലായില്‍ ഇത്തവണ തനിക്ക് വിജയം ഉറപ്പാണെന്നാണ് ഇടത് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ അവകാശപ്പെടുന്നത്. ജോസ് ടോമിനേക്കാള്‍ പാലാക്കാര്‍ക്ക് സുപരിചിതനായ സ്ഥാനാര്‍ത്ഥി താനാണെന്നും ജോസ് കെ മാണിയും ജോസഫും തമ്മില്‍ മാനസികമായി അകന്നത് ഇടതുമുന്നണിയുടെ സാധ്യത കൂട്ടിയെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

അഞ്ചരപ്പതിറ്റാണ്ട് കാലം പാലാ അടക്കിവാണ കെ.എം മാണിയുടെ പിന്‍ഗാമിയാകാനാണ് ടോം ജോസ് പുലിക്കുന്നേല്‍ രംഗത്തുവന്നിരിക്കുന്നത്. 1956 മെയ് ഒന്നിന് ഇടമറ്റത്തെ പുലിക്കുന്നേല്‍ തറവാട്ടില്‍ തോമസ്-മേരി ദമ്പതികളുടെ മകനായിപ്പിറന്ന ജോസ് ടോം എന്നും കെ.എം മാണിയുടെ വിശ്വസ്തനായിരുന്നു. 1969ല്‍ ഇടമറ്റം സ്കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ കെ.എസ്.സി യൂണിറ്റ് രൂപീകരിച്ചുകൊണ്ടാണ് രാഷ്ട്രീയക്കുപ്പായമിട്ടത്. കേരളാ യൂണിവേഴ്‌സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന സമയത്ത് പാലായില്‍ നാടകമേള നടത്തി സംഘടനാ പാടവം തെളിയിച്ചു. അതോടെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു.

കെ.എം മാണിയുടെ ആശീര്‍വാദത്തോടെ ജില്ലാ കൗണ്‍സിലില്‍ പാലാ ഡിവിഷനെ പ്രതിനിധീകരിച്ചു. കഴിഞ്ഞ രണ്ട് തിരഞ്ഞുടുപ്പുകളിലും പാലാ മണ്ഡലത്തിന്റെ കടിഞ്ഞാണ്‍ പുലിക്കുന്നേലിന്റെ കൈകളിലായിരുന്നു. യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി, മലബാര്‍ സിമെന്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗം, കേരള യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം എന്നീ നിലകളില്‍ തിളങ്ങിയ ഇദ്ദേഹം 17 വര്‍ഷം മീനച്ചില്‍ പഞ്ചായത്തംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1988 മുതല്‍ മീനച്ചില്‍  സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റാണ്. മീനച്ചില്‍ റബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റിയുടെയും ഡയറക്ടര്‍ ബോര്‍ഡ് അംഗമായും പ്രവര്‍ത്തിക്കുന്നു. മീനച്ചില്‍ പഞ്ചായത്തംഗമായ ജെസ്സിയാണ് ഭാര്യ. അനില, അമല്‍ എന്നിവര്‍ മക്കള്‍.

ജോസ് ടോമിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനെ പിന്നാലെ പി.ജെ ജോസഫ് അദ്ദേഹത്തെ അംഗീകരിച്ചിരുന്നു. പാലായില്‍ യു.ഡി.എഫിനായി പ്രവര്‍ത്തിക്കുമെന്നും ജോസഫ് വ്യക്തമാക്കി. എന്നാല്‍ ചിഹ്നം അനുവദിക്കുന്ന കാര്യത്തില്‍ നിലപാട് മയപ്പെടുത്താന്‍ ജോസഫ് പക്ഷം തയ്യാറാകാത്തതിനാല്‍ ഈ നിലപാടില്‍ എത്രമാത്രം ആത്മാര്‍ത്ഥതയുണ്ടെന്ന് കണ്ടറിയണം. നിയമപ്രശ്‌നങ്ങള്‍ പരിശോധിച്ച ശേഷം ചിഹ്നം തീരുമാനിക്കുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക