Image

സാംസ്‌കാരിക മേഖലയിലെ പൊതു ഇടങ്ങള്‍ തിരിച്ചു പിടിക്കുക: പി രാജീവ്

Published on 01 September, 2019
സാംസ്‌കാരിക മേഖലയിലെ പൊതു ഇടങ്ങള്‍ തിരിച്ചു പിടിക്കുക: പി രാജീവ്

റിയാദ് : മാറിവരുന്ന കാലത്തിനനുസരിച്ച് പൊതു ഇടങ്ങള്‍ തിരിച്ചു പിടിക്കാന്‍ കേളിയെ പോലുള്ള സാംസ്‌കാരിക സംഘടനകള്‍ വ്യത്യസ്തമായ രൂപകങ്ങള്‍ ആവിഷ്‌കരിക്കാന്‍ ശ്രമിക്കണമെന്ന് കേളിയുടെ പത്താം കേന്ദ്ര സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി രാജീവ് പറഞ്ഞു. സൈമണ്‍ ബ്രിട്ടോ നഗറില്‍ നടന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കാന്‍ കേളി പ്രവര്‍ത്തകരോടൊപ്പം റിയാദ് മലയാളി സമൂഹത്തിലെ നിരവധി പേരും എത്തിയിരുന്നു.

പ്രളയാനന്തര കേരളത്തില്‍ പാരിസ്ഥിതിക വിഷയങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന ഒട്ടനവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പിണറായി സര്‍ക്കാര്‍ തുടക്കം കുറിച്ചതായും എന്നാല്‍ അത്തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ തമസ്‌ക്കരിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചരിത്ര വസ്തുതകള്‍ കൃത്യമായി മനസിലാക്കാതെ കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ അനുകൂലിക്കുന്ന സംഘപരിവാര്‍ സംഘടനകള്‍, റദ്ദാക്കിയതിനെ അനുകൂലിക്കാത്തവരെയെല്ലാം ഇന്ത്യാവിരുദ്ധരെന്ന് മുദ്രകുത്താനുള്ള ശ്രമമാണ് നടത്തുന്നതെന്നും അതുപോലെ കാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും ഈ വകുപ്പ് റദ്ദാക്കലിലൂടെ പാകിസ്ഥാന് നേട്ടങ്ങള്‍ കൊയ്യാന്‍ അവസരമൊരുക്കി കൊടുത്തിരിക്കുകയാണ് മോഡി സര്‍ക്കാര്‍ ചെയ്തതെന്നും പി. രാജീവ് പറഞ്ഞു.

ആഗോളവല്‍ക്കരണത്തെ പിന്തുണച്ച സാമ്രാജ്യത്വ ശക്തികള്‍ സാമ്പത്തിക പ്രതിസന്ധിമൂലം തങ്ങളുടെ രാജ്യങ്ങള്‍ മതില്‍ കെട്ടി വേര്‍തിരിച്ചും തങ്ങളുടെ മാര്‍ക്കറ്റ് മറ്റുള്ളവരുടെ മുന്നില്‍ കൊട്ടിയടച്ചും അപആഗോളവല്‍ക്കരണത്തെ പിന്തുണക്കുന്ന അവസ്ഥയാണ് ഇന്നുള്ളതെന്നും അദ്ദേഹം ആരോപിച്ചു.

കേളി പ്രസിഡന്റ് ദയാനന്ദന്‍ ഹരിപ്പാടിന്റെ താത്ക്കാലിക അദ്ധ്യക്ഷതയില്‍ നടന്ന പൊതുസമ്മേളനത്തില്‍, സമ്മേളന സംഘാടക സമിതി കണ്‍വീനര്‍ ഗോപിനാഥന്‍ വേങ്ങര സ്വാഗതവും, കേളി ജോയിന്റ് സെക്രട്ടറി ഷമീര്‍ കുന്നുമ്മല്‍ ആമുഖ പ്രഭാഷണവും നടത്തി. കേന്ദ്രകമ്മിറ്റി അംഗം വാസുദേവന്‍ രക്തസാക്ഷി പ്രമേയവും സെബിന്‍ ഇഖ്ബാല്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

സൗദിയിലെ വിവിധ പ്രവിശ്യകളിലുള്ള സഹോദര സംഘടനാ പ്രതിനിധികളായ എം എം നയീം (ദമാം നവോദയ), ഷിബു തിരുവനന്തപുരം (ജിദ്ദ നവോദയ), ഡോ.മുബാറക് സാഹ്നി (ജല ജിസാന്‍), ബാബു (അസീര്‍ പ്രവാസി സംഘം), പ്രദീപ് (മാസ് തബൂക്), ഷാജി വയനാട് (ഖസിം പ്രവാസി സംഘം), സമീര്‍ (ഹയില്‍ നവോദയ), സജ്ജാദ് (ഐഎംസിസി), ചില്ല സര്‍ഗ്ഗവേദി കോര്‍ഡിനേറ്റര്‍ നൌഷാദ് കോര്‍മത്ത്, കേളി കുടുംബവേദി സെക്രട്ടറി സീബ അനിരുദ്ദന്‍ എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

കേളി രക്ഷാധികാരി സമിതി ആക്ടിംഗ് കണ്‍വീനര്‍ കെപിഎം സാദിഖ്, കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പുര്‍, രക്ഷാധികാരി സമിതി അംഗങ്ങളായ സജീവന്‍ ചൊവ്വ, സതീഷ് കുമാര്‍, സുധാകരന്‍ കല്ല്യാശേരി, കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക