Image

വീട്ടുകാരി(കവിത: അനില്‍ കുമാര്‍ എസ്. ഡി)

അനില്‍ കുമാര്‍ എസ്. ഡി Published on 31 August, 2019
 വീട്ടുകാരി(കവിത: അനില്‍ കുമാര്‍  എസ്. ഡി)
സൂര്യനുമുമ്പേ ഉണരുന്നവള്‍
ഉപ്പും മുളകും പാകമാക്കി
ഭാര്യയായതിന്റെ ക്ഷീണം
പെട്ടെന്നൊരു കുളിയില്‍
കഴുകിക്കളയുന്നവള്‍.

തേപ്പുഞ്ഞെ സാരിയില്‍
സ്ത്രീത്വം പൊതിഞ്ഞ്
കത്തുന്ന നിരത്തില്‍
കുത്തി നിര്‍ത്തുമ്പോള്‍
മൂടാത്ത മേനിയിലും
മറന്നു പോയ പിന്നിലും
സൂചി നോട്ടങ്ങളില്‍
മുറിവേല്‍ക്കുന്നവള്‍.

ടാറിലുരഞ്ഞു നില്‍ക്കുന്ന
ചുവന്ന ബസ്സില്‍
ഔചിത്യമില്ലാത്തവര്‍
ആവശ്യത്തിനായി
തോണ്ടിയെടുക്കപ്പെടുന്നവള്‍.

ഓഫീസിലെ ഫയലുകളില്‍
കറിക്കൂട്ടുകളും കളിപ്പാട്ടങ്ങളും
കണ്ടുമുട്ടുന്നവള്‍.
അഞ്ചു മണിക്ക് ആകുലതകള്‍
ഒക്കത്തിട്ട് തിടുക്കത്തില്‍
വീട്ടിലേക്കോടുന്നവള്‍.

അത്താഴത്തിന്റെ കറിക്കൂട്ടുകളില്‍
അമ്മയായും ഭാര്യയായും
വെപ്പുകാരിയായും വെപ്പാട്ടിയായും
മാറുചുരത്തുന്ന നഗ്‌നയായ സ്ത്രീ.

കണ്ണുകളെഴുതാന്‍ മറന്നു പോയ
കണ്ണുകളടയ്ക്കാന്‍ മറക്കുന്ന
പാവം വീട്ടുകാരി !

 വീട്ടുകാരി(കവിത: അനില്‍ കുമാര്‍  എസ്. ഡി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക