Image

ചന്ദ്രശേഖരന്റെ കൊല സി.പി.എമ്മിനെതിരായ ഗൂഢാലോചന -പിണറായി

Published on 05 May, 2012
ചന്ദ്രശേഖരന്റെ കൊല സി.പി.എമ്മിനെതിരായ ഗൂഢാലോചന -പിണറായി
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം സി.പി.എമ്മിനെതിരെ നടക്കുന്ന ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കൊലപാതകം അപലപനീയമാണ്. അതില്‍ ശക്തമായി പ്രതിഷേധിക്കുന്നു. എതിരാളികളെ ശാരീരികമായി ഇല്ലതാക്കുന്ന രീതി സി.പിഎമ്മിനില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സി.പി.എമ്മാണ് കൊലക്ക് പിന്നിലെന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമടക്കം നേതാക്കള്‍ പറയുന്നത്. എന്താണ് സംഭവിച്ചതെന്ന് അറിയുന്നതിന് മുമ്പ് നടത്തിയ ഈ പ്രതികരണങ്ങള്‍ അവര്‍ക്ക് ശരിയായ ധാരണയുണ്ടായിരുന്നുവെന്നാണ് സൂചിപ്പിക്കുന്നത്. ആ ധാരണ മറ്റൊരു തരത്തില്‍ സമൂഹത്തിന് മുന്നില്‍ കൊണ്ടുവരാനും സി.പി.എമ്മിനെ പ്രതിയാക്കാനും അന്വേഷണത്തെ സ്വാധീനിക്കാനുമാണ് ശ്രമം. പ്രഫഷനല്‍ വാടകക്കൊലയാളികളെ ഉപയോഗിച്ച് ആസൂത്രിതമായി നടത്തിയ കൊലപാതകം സി.പി.എമ്മിന്റെ തലയില്‍ വെക്കാനാണ് യു.ഡി.എഫ് നേതൃത്വം ശ്രമിക്കുന്നത്. നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സി.പി.എമ്മിനെതിരെ പ്രചാരണം അഴിച്ചുവിടാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. ശെല്‍വരാജുമാര്‍ ഇനി ഉണ്ടാകില്ലെന്ന് മനസ്സിലാക്കിയ യു.ഡി.എഫ് നേതൃത്വം ആസൂത്രണം ചെയ്തതാണിത്.
ഒഞ്ചിയത്ത് പാര്‍ട്ടിക്ക് അനുകൂലമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. തെറ്റിപ്പോയവരെല്ലാം പാര്‍ട്ടിയിലേക്ക് തിരിച്ചുവരികയാണ്. ഈ സാഹചര്യത്തില്‍ അക്രമത്തിന്റെ ആവശ്യം പാര്‍ട്ടിക്കില്ല. പാര്‍ട്ടിക്കെതിരെ രാഷ്ട്രീയ പ്രചാരണം നടത്തുന്നവരെ രാഷ്ട്രീയമായി നേരിടുമെന്നും രാഷ്ട്രീയ പ്രതിയോഗികളെ കൊലപ്പെടുത്തുന്നത് സി.പി.എമ്മിന്റെ നയമല്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയില്‍നിന്ന് പുറത്തുപോയി സി.പി.എം രാഷ്ട്രീയത്തെ വെല്ലുവിളിക്കുന്നവരെ ആശയപരമായും രാഷ്ട്രീയമായും ശക്തിയായി നേരിടാറുണ്ട്. എന്നാല്‍ ഇവരെ ശാരീരികമായി നേരിടാറില്ല. ചന്ദ്രശേഖരന് വധഭീഷണിയുണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് പൊലീസ് സംരക്ഷണം കൊടുത്തില്ലെന്ന് വ്യക്തമാക്കണം. ഇത് കുറ്റകരമായ അനാസ്ഥയാണ്. വന്‍ ഗൂഢാലോചനയാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിപ്പടയും ചന്ദ്രശേഖരന് അന്ത്യോപചാരമര്‍പ്പിക്കാന്‍ പോയപ്പോള്‍ പ്രതിപക്ഷ നേതാവെന്ന നിലക്ക് താനും പോകണമെന്ന് വി.എസിന് തോന്നിയിട്ടുണ്ടാവാമെന്ന് ചോദ്യത്തിനുത്തരമായി പിണറായി പറഞ്ഞു. ചന്ദ്രശേഖരനെക്കുറിച്ച വി.എസിന്റെ പ്രതികരണം പ്രതിപക്ഷ നേതാവ് എന്ന നിലക്കുള്ളതാണെന്നും പിണറായി പറഞ്ഞു.

(Madhyamam)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക