Image

മുപ്പത്തിയഞ്ച് വര്‍ഷം ജയിലില്‍ കഴിയേണ്ടി വന്ന നിരപരാധിയായ സ്ത്രീക്ക് 3 മില്യണ്‍ നഷ്ടപരിഹാരം

പി പി ചെറിയാന്‍ Published on 30 August, 2019
മുപ്പത്തിയഞ്ച് വര്‍ഷം ജയിലില്‍ കഴിയേണ്ടി വന്ന നിരപരാധിയായ സ്ത്രീക്ക് 3 മില്യണ്‍ നഷ്ടപരിഹാരം
റിനൊ (നവേഡ): അമേരിക്കയുടെ ചരിത്രത്തില്‍ കൊലപാതക കുറ്റത്തിന് ഏറ്റവും കൂടുതല്‍ വര്‍ഷം (35) ശിക്ഷിക്കപ്പെട്ട നിരപരാധിയായ സ്ത്രീക്ക് 3 മില്യണ്‍ നഷ്ട പരിഹാരം നല്‍കുന്നതിന് 2019 ആഗസ്റ്റ് 28 ചൊവ്വാഴ്ച ചേര്‍ന്ന നാലംഗ വാഷൊ കൗണ്ടി കമ്മീഷന്‍ ഐക്യകണ്‌ഠേനെ തീരുമാനമെടുത്തു.

1976 ല്‍ പത്തൊമ്പത് വയസ്സ് പ്രായമുള്ള റിനൊ കോളേജ് വിദ്യാര്‍ത്ഥിനി മിഷേല്‍ മിച്ചല്‍ കൊല്ലപ്പെട്ട കേസ്സിലാണ് കാത്തി വുഡ്‌സ് എന്ന 29 വയസ്സുകാരി പിടിയിലായത്. മാനസിക നില തകരാറായ വുഡ്‌സ് സൈക്രാട്ടിക് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ അവിടെയുള്ള ജീവനക്കാരനോട് കൊലനടത്തിയത് താനാണെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ കേസ്സെടുത്തത്. യാതൊരു ചോദ്യം ചെയ്യലും കൂടാതെയാണ് ഇവര്‍ കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചത്. നവേഡ സുപ്രീം കോടതി 1980 ല്‍ ഇവരെ കുറ്റ വിമുക്തയാക്കിയെങ്കിലും 1984 ല്‍ നടന്ന രണ്ടാമത്തെ വിചാരണയില്‍ വീണ്ടും ഇവരുടെ പേരിലുള്ള കുറ്റം തെളിയിക്കപ്പെട്ടു. ഒറിഗണ്‍ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന ജിപ്‌സി ഹില്‍ഡ് കില്ലര്‍ എന്ന പ്രതിയുടെ സിഗററ്റ് കുറ്റിയില്‍ നിന്നും ലഭിച്ച ഡി എന്‍ എ ടെസ്റ്റ് ഫലത്തില്‍ നിന്നാണ് കൊലപാതകം നടത്തിയത് ഇയ്യാളാണെന്ന് തിരിച്ചറിഞ്ഞത്. നിരവധി കൊലപാതക കേസ്സില്‍ പ്രതിയായിരുന്നു ഇയ്യാള്‍.

2014 ല്‍ ഇവര്‍ നിരപരാധിയാണെന്ന് വിധിയെഴുതുകയും, 2015 ല്‍ ജയിലില്‍ നിന്നും വിട്ടയയ്ക്കുകയും ചെയ്തിരുന്നു. 2016 ല്‍ ഇവര്‍ ഫെഡറല്‍ ലൊ സ്യൂട്ട് ഫയല്‍ ചെയ്തു. വാഷൊ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണിയുമായ് ബന്ധപ്പെട്ട കേസ്സായതിനാലാണ് കൗണ്ടി നഷ്ടപരിഹാരം നല്‍കുന്നതിന് തയ്യാറായത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക