Image

ശശി തരൂര്‍ ഓണേഴ്‌സ് എന്‍വി, നെയ്‌ബേഴ്‌സ് പ്രൈഡ് ! (മുരളി തുമ്മാരുകുടി)

മുരളി തുമ്മാരുകുടി Published on 29 August, 2019
ശശി തരൂര്‍  ഓണേഴ്‌സ് എന്‍വി, നെയ്‌ബേഴ്‌സ് പ്രൈഡ് ! (മുരളി തുമ്മാരുകുടി)
ശശി തരൂരിനെതിരെ നടക്കുന്ന ഫ്രണ്ട്‌ലി ഫയര്‍ (സ്വപക്ഷത്ത് നിന്നുള്ള ആക്രമണം) കാണുന്‌പോള്‍ കഷ്ടം മാത്രമാണ് തോന്നുന്നത്.

രാഷ്ട്രീയത്തിലും, അന്താരാഷ്ട്രീയത്തിലും, പ്രസംഗത്തിലും, എഴുത്തിലും ഇന്ത്യയിലെ ആദ്യത്തെ മൂന്ന് ആളുകളില്‍ എണ്ണപ്പെടുന്ന ആളാണ് അദ്ദേഹം. ഇതെല്ലം കൂടി എണ്ണിയാല്‍ ശശി തരൂരിന് തുല്യം ശശി തരൂര്‍ മാത്രമേ ഇന്ന് ഇന്ത്യയില്‍ ഉള്ളൂ. ലോകത്ത് തന്നെ ഇത്തരം പ്രതിഭകള്‍ അപൂര്‍വ്വമാണ്.

അദ്ദേഹം മൂന്നാം തവണയും ജനപിന്തുണ നേടി വിജയിച്ച് ലോകസഭയിലെത്തി രാഷ്ട്രീയമായി മുകളിലേക്ക് കുതിക്കുന്ന കാലമാണിത്. പുതിയ ലോകസഭയില്‍ അദ്ദേഹം നടത്തുന്ന പ്രസംഗങ്ങള്‍, അതിന് വേണ്ടി ചെയ്ത ഗവേഷണം കൊണ്ടും അദ്ദേഹം പ്രസംഗിക്കുന്ന രീതികൊണ്ടും എല്ലാവരും ശ്രദ്ധിക്കുന്നു. നവ മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ ഇന്ത്യയുടെ മുക്കിലും മൂലയിലും എത്തിക്കുന്നു. വാസ്തവത്തില്‍ ഇന്ത്യയിലെ നേതാക്കന്മാരുമായല്ല, അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബരാക്ക് ഒബാമയും ആയിട്ടാണ് എനിക്കദ്ദേഹത്തിന്റെ താരതമ്യം എപ്പോഴും തോന്നിയിട്ടുള്ളത്. അമേരിക്ക പോലെ ഒരു പ്രസിഡന്‍ഷ്യല്‍ സംവിധാനമായിരുന്നു ഇന്ത്യയിലെങ്കില്‍ അദ്ദേഹം എന്ന് പ്രസിഡന്റായി എന്ന് ചോദിച്ചാല്‍ മതി.

അടുത്ത അഞ്ചു വര്‍ഷം അദ്ദേഹത്തിന് ചരിത്രപരമായ നിയോഗമാണ്. എന്താണ് പുതിയ കാലത്തെ നേതാവ് എന്ന് ഇന്ത്യയെ കാണിച്ചു കൊടുക്കാന്‍ പറ്റിയ സമയമാണ്. പ്രതിപക്ഷത്താണ്, ഏതൊരു ഭരണത്തിലും പിഴവുകള്‍ ഉണ്ടാകും, അതിനെതിരെ പ്രതികരിക്കാന്‍ യാതൊരു പരിമിതിയും ഇല്ല. ഇംഗ്‌ളീഷും, ഹിന്ദിയും, മലയാളവും, ബംഗാളിയും എല്ലാം കൈകാര്യം ചെയ്യുന്ന ശ്രീ. തരൂരിന് ഇന്ത്യയില്‍ എവിടെയും ഓടിയെത്തി പ്രസംഗങ്ങളിലൂടെ സര്‍ക്കാരിനെതിരെ കത്തിക്കയറാനും ജനങ്ങളെ കയ്യിലെടുക്കാനും സാധിക്കും. കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജനങ്ങളില്‍, പ്രത്യേകിച്ച് സ്ത്രീകളിലും യുവജനങ്ങളിലും അദ്ദേഹത്തിന് സ്വീകാര്യതയുണ്ട്. പാര്‍ട്ടിയില്‍ അദ്ദേഹത്തിന് എന്ത് സ്ഥാനം ഉണ്ടെന്നത് അവര്‍ക്ക് ഒരു പ്രശ്‌നമേ അല്ല. അവരുടെ മനസ്സില്‍ ഉന്നത വിദ്യാഭ്യാസമുള്ള, അന്താരാഷ്ട്രമായ കാഴ്ചപ്പാടുള്ള, സെക്കുലര്‍ ആയ നാളെത്തെ ഇന്ത്യക്ക് വേണമെന്ന് അവര്‍ ആഗ്രഹിക്കുന്ന ഒന്നാമത്തെ നേതാവ് അദ്ദേഹം തന്നെയാകും. ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനം ഉള്‍പ്പടെ അദ്ദേഹത്തിന്റെ കഴിവിന് മുകളിലല്ല എന്ന് ബാക്കിയുള്ളവരും തിരിച്ചറിയും. നമ്മുടെ സംവിധാനങ്ങള്‍ അദ്ദേഹത്തെ, അദ്ദേഹത്തിന്റെ കഴിവുകള്‍ മുഴുവനായി ഉപയോഗിക്കാന്‍ പറ്റുന്നിടത്ത് എത്തിച്ചില്ലെങ്കില്‍ അതിന്റെ നഷ്ടം അദ്ദേഹത്തിന് മാത്രമല്ല, സമൂഹത്തിന് മൊത്തമാണ്.

അതുകൊണ്ടു തന്നെ അദ്ദേഹത്തോട് കൊന്പുകോര്‍ക്കാന്‍ ശ്രമിക്കുന്നവരെപ്പറ്റി സംസാരിച്ചു പോലും നാം സമയം കളയരുത്. 'കുങ്കുമത്തിന്റെ ഗന്ധമറിയാതെ കുങ്കുമം ചുമക്കും പോലെ ഗര്‍ദ്ദഭം' എന്ന ജ്ഞാനപ്പാന ശകലമാണ് എനിക്കോര്‍മ്മ വരുന്നത്, (ജ്ഞാനപ്പാനയില്‍ പ്രയോഗിച്ച അതേ അര്‍ത്ഥത്തില്‍ അല്ലെങ്കിലും).


ശശി തരൂര്‍  ഓണേഴ്‌സ് എന്‍വി, നെയ്‌ബേഴ്‌സ് പ്രൈഡ് ! (മുരളി തുമ്മാരുകുടി)
Join WhatsApp News
Njanaru 2019-09-21 14:06:22
ശശി തരൂർ വളരെയധികം കഴിവുകൾ ഉള്ള ആളാണ്. പക്ഷെ ദന്തഗോപുരങ്ങളിൽ നിന്നും 'കന്നാലികളു'ടെ ഇടയിലേക്ക് അദ്ദേഹം ഇറങ്ങിവന്നിരുന്നെങ്കിൽ ! ഇന്ത്യക്കു അടിയന്തിരമായി ആവശ്യമുള്ള ആശയ സമ്പത്തും  അത് ഭംഗിയായി അവതരിപ്പിക്കാനുള്ള കഴിവും അദ്ദേഹത്തിനുണ്ട്.

സ്വർണ നൂലിൽ പേരെഴുതി ചെത്തി നടക്കുന്ന , പകലിനെ രാത്രിയും രാത്രിയെ പകലുമാക്കി കാണിക്കാൻ കഴിവുള്ള ഒരു പ്രധാനമന്ത്രിയെയോ ഏഴു നക്ഷത്ര ഹോട്ടലുകളിൽ നിന്നും ദാരിദ്ര്യം മാച്ചുകളയാൻ ശ്രമിക്കുന്ന നേതാക്കളെയോ അല്ല ഇപ്പോൾ ഇന്ത്യക്കു വേണ്ടത്.

നഗ്‌നരായി നടക്കുന്ന നാട്ടുകാരെ കണ്ടു  സ്വന്തം വസ്ത്രത്തിൽ പകുതി ഉപേക്ഷിക്കാൻ തയാറുള്ള  നവഗാന്ധിമാർ വരണം. അതാണ്  നാടിനാവശ്യം. ഈ എളിമയ്ക്കൊപ്പം, മനുഷ്യസ്നേഹത്തിനൊപ്പം  മോഡേൺ ടെക്നോളജിയും സാമ്പത്തികനയവും  ഉപയോഗിച്ച് വികസനപ്രക്രിയ നടത്താനുള്ള മനസ്സും വേണം.
ജീവിതത്തിൽ ഒരുപാടു നേട്ടങ്ങൾ നേടിയിട്ടുള്ള തരൂരിന് ഇനിയും അങ്ങനെ മാറാനും നാടിനു വഴികാട്ടുവാനും കഴിയും . ജയപ്രകാശ് നാരായൺ  അടിയന്തിരവസ്ഥ യിൽ നിന്നും ഇന്ത്യയെ കര കയറ്റിയത് ഓർക്കുക 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക