Image

സിവില്‍ സര്‍വീസിന്റെ തിളക്കവുമായി അദീല

Published on 05 May, 2012
സിവില്‍ സര്‍വീസിന്റെ തിളക്കവുമായി അദീല
ദോഹ: സിവില്‍ സര്‍വീസിന്‍െറ കടമ്പ കടന്ന്‌ അദീല മലബാറിന്‍െറ അഭിമാനമായി മാറുമ്പോള്‍ ഇങ്ങ്‌ പ്രവാസ ഭൂമിയില്‍ ആ സന്തോഷം പരസ്‌പരം പങ്കിടുകയാണ്‌ പിതാവ്‌ അബ്ദുല്ല മറ്റ്‌ രണ്ട്‌ മക്കള്‍ക്കുമൊപ്പം. ആദ്യ തവണ തന്നെ സിവില്‍ സര്‍വീസ്‌ പരീക്ഷയില്‍ 23-മത്‌ റാങ്ക്‌ നേടിയ അദീലയുടെ പിതാവ്‌ കോഴിക്കോട്‌ കുറ്റിയാടി വടയം നെല്ലിക്കണ്ടി അബ്ദുല്ല ഇന്നലെ ദോഹയിലുള്ള സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും അഭിനന്ദനപ്രവാഹങ്ങള്‍ക്ക്‌ നടുവിലായിരുന്നു. വിജയാഹ്‌ളാദം കുടുംബത്തോടൊപ്പം പങ്കുവെക്കാന്‍ അബ്ദുല്ല ഇന്ന്‌ നാട്ടിലേക്ക്‌ തിരിക്കും.

മലബാറില്‍ നിന്ന്‌ സിവില്‍ സര്‍വീസ്‌ പരീക്ഷ പാസാകുന്ന ആദ്യ മുസ്ലിം വനിത എന്ന ചരിത്ര ബഹുമതി കൂടിയാണ്‌ അദീലയെ തേടിയെത്തിയിരിക്കുന്നത്‌. സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തുതന്നെ മകള്‍ പഠനത്തിലും ലോകോത്തര കൃതികള്‍ വായിക്കുന്നതിലും മുന്നിലായിരുന്നുവെന്ന്‌ അബ്ദുല്ല പറഞ്ഞു. എം.ബി.ബി.എസ്‌ കഴിഞ്ഞ്‌ അഗളിയിലെ ഹെല്‍ത്ത്‌ സെന്‍ററില്‍ താല്‍ക്കാലിക സേവനത്തിനിടിയിലാണ്‌ സിവില്‍ സര്‍വീസ്‌ മോഹമുദിച്ചത്‌. കുടുംബത്തിന്‍െറ പിന്തുണയും പ്രോല്‍സാഹനവും എന്നും അദീലക്കുണ്ടായിരുന്നു. ദല്‍ഹി ജാമിഅ മില്ലിയ ഇസ്ലാമിയ്യ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളിലായിരുന്നു സിവില്‍ സര്‍വ്വീസ്‌ പരിശീലനം. പെരിന്തല്‍മണ്ണ സ്വദേശിയായ ഭര്‍ത്താവ്‌ റബീഹും ഡോക്ടറാണ്‌.

ദീര്‍ഘകാലമായി ഖത്തറിലുള്ള അബ്ദുല്ല പെട്രോഗോള്‍ഡ്‌ ഗ്രൂപ്പ്‌ ഓഫ്‌ കമ്പനീസിന്‍െറ ചെയര്‍മാനാണ്‌. അദീലയുടെ സഹോദരങ്ങളായ അന്‍സാറും അസ്‌ഫയും ഖത്തറിലുണ്ട്‌. അസ്‌ഫ ഹമദ്‌ മെഡിക്കല്‍ കോര്‍പറേഷനില്‍ ടെക്‌നോളജിസ്റ്റാണ്‌. അന്‍സാര്‍ ഒരു കമ്പനിയില്‍ മാനേജറായി ജോലി ചെയ്യുന്നു. അസ്‌ഫയുടെ ഭര്‍ത്താവ്‌ മുഹമ്മദ്‌ ഫൗസാന്‍ പെട്രോഗോള്‍ഡില്‍ ഓപറേഷന്‍ മാനേജരാണ്‌.
നാദാപുരം ടി.ഐ.എം ഗേള്‍സ്‌ ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക ബിയ്യാത്തുവാണ്‌ അദീലയുടെ മാതാവ്‌.
സിവില്‍ സര്‍വീസിന്റെ തിളക്കവുമായി അദീല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക