Image

ലണ്ടന്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഫിലിപ്പ്‌ ഏബ്രഹാമിന്‌ ജയം

ജോസ്‌ കുമ്പിളുവേലില്‍ Published on 05 May, 2012
ലണ്ടന്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഫിലിപ്പ്‌ ഏബ്രഹാമിന്‌ ജയം
ലണ്ടന്‍: ല്യൂട്ടന്‍ ടൗണ്‍ കൗണ്‍സിലിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ മലയാളിയായ ഫിലിപ്പ്‌ എബ്രഹാമിനു ജയം. ആല്‍ഡര്‍ട്ടണ്‍ വാര്‍ഡില്‍നിന്ന്‌ ല്യൂട്ടന്‍ റെസിഡന്റ്‌സ്‌ അസോസിയേഷനു വേണ്‌ടിയാണ്‌ കേരള ലിങ്ക്‌ എന്ന ഇംഗ്‌ളീഷ്‌ എഡിറ്റര്‍ കൂടിയായ ഫിലിപ്പ്‌ മത്സരിച്ചത്‌. കോഴഞ്ചേരി സ്വദേശിയാണ്‌ ഫിലിപ്പ്‌.

30 വര്‍ഷമായി ലണ്‌ടനിലെ മലയാളികള്‍ക്കിടയില്‍ മാത്രമല്ല ഇന്ത്യന്‍ സമൂഹത്തില്‍ ചിരപരിചിതനായ ഫിലിപ്പ്‌ ചേട്ടന്‍ എന്നു വിളിക്കുന്ന ഫിലിപ്പ്‌ ഏബ്രഹാം, ലണ്‌ടനിലെ ആദ്യത്തെ മലയാളി പത്രപ്രവര്‍ത്തകന്‍, കേരള ബിസിനസ്‌ ഫോറം തുടങ്ങിയ സംരംഭങ്ങളിലൂടെ ഏറെ പ്രശസ്‌തനാണ്‌. പത്രപ്രവര്‍ത്തന രംഗത്ത്‌ കഴിഞ്ഞ കുറെക്കാലമായി നിര്‍ലോഭമായ സേവനം ചെയ്‌തതിന്റെ അംഗീകാരംകൂടിയാണ്‌ ഫിലിപ്പ്‌ചേട്ടന്റെ വിജയമെന്ന്‌ ലണ്‌ടനിലെ മലയാളി സമൂഹം വിലയിരുത്തുന്നു.

രാഷ്‌ട്രീയേതരമായി പ്രാദേശിക ആവശ്യങ്ങള്‍ക്കു വേണ്‌ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ്‌ എല്‍ആര്‍എ ല്യൂട്ടന്‍ കൗണ്‍സിലിലേക്ക്‌ എല്‍ആര്‍എയുടെ ലേബലില്‍ മത്സരിച്ച 18 പേരും വിജയിച്ചു. അല്‍ഡര്‍ടന്‍ വാര്‍ഡില്‍ നിന്നാണ്‌ ഫിലിപ്പ്‌ എബ്രഹാം വിജയിച്ചത്‌. ആകെ പോള്‍ ചെയ്‌ത 902 വോട്ടില്‍ 606 വോട്ടുകള്‍ നേടിയാണ്‌ ഫിലിപ്പ്‌ ചേട്ടന്‍ വിജയിച്ചത്‌. ഇതോടെ 22-അംഗ കൗണ്‍സിലിന്റെ നിയന്ത്രണവും എല്‍ആര്‍എയ്‌ക്കായി. ലേബര്‍ പാര്‍ട്ടിയില്‍നിന്നു രണ്‌ടു പേരും കണ്‍സര്‍വേറ്റിവ്‌ പാര്‍ട്ടിയില്‍നിന്ന്‌ ഒരാളും ഒരു സ്വതന്ത്രനും മാത്രം അടങ്ങുന്നതാണ്‌ പ്രതിപക്ഷം.

കുടിയേറ്റ വിരുദ്ധരായ ബ്രിട്ടീഷ്‌ നാഷണല്‍ പാര്‍ട്ടിയുടെ (ബിഎന്‍പി) ശക്തി കേന്ദ്രത്തിലാണ്‌ എല്‍ആര്‍എ വിജയം കൈവരിച്ചതെന്നതും ശ്രദ്ധേയം. ല്യൂട്ടന്‍ ടൗണ്‍ കൗണ്‍സിലിലേക്കു തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഏഷ്യക്കാരനാണ്‌ ഫിലിപ്പ്‌.

യുകെയുടെ വിവിധ ഭാഗങ്ങളിലായി അര ഡസനോളം കൗണ്‍സിലര്‍മാര്‍ ഭരണത്തിലുണ്‌ട്‌. ടോം ആദിത്യ (ബ്രിസ്റ്റോള്‍, ബ്രട്‌ലി സ്റ്റോക്ക്‌) ഡോ. ഓമന ഗംഗാധരന്‍ (ന്യുഹാം,) റോയ്‌ എബ്രഹാം (ചെഷാം), രാജ്‌ രാജേന്ദ്രന്‍ (ക്രൊയ്‌ഡോണ്‍), മഞ്‌ജു ഷാഹുല്‍ ഹമീദ്‌ (ക്രൊയ്‌ഡോണ്‍), ടോം ആദിത്യ(ബ്രട്‌ലി സ്റ്റോക്ക്‌) എന്നിവരാണ്‌ ഈ കൗണ്‍സിലര്‍മാര്‍.
ലണ്ടന്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഫിലിപ്പ്‌ ഏബ്രഹാമിന്‌ ജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക