Image

ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചാല്‍ ട്രംപിന് നേട്ടം

ഏബ്രഹാം തോമസ് Published on 26 August, 2019
ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചാല്‍ ട്രംപിന് നേട്ടം
ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലിന്റെ പ്രവര്‍ത്തനങ്ങളെ സമീപ ദിവസങ്ങളില്‍ വളരെ കടുത്ത ഭാഷയില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിമര്‍ശിച്ചു. താന്‍ തന്നെ നിയമിച്ച ചെയര്‍മാനെ നിശിതമായി വിമര്‍ശിക്കുകയും ചൈനീസ് പ്രസിഡന്റിനോട് ഉപമിക്കുകയും ചെയ്തപ്പോള്‍ പലരും അമ്പരന്നു. വിമര്‍ശനങ്ങള്‍ക്ക് കാരണം ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ തയാറാകാത്തതാണെന്ന് ട്രംപ് വ്യക്തമാക്കി.

ഫെഡറല്‍ റിസര്‍വ് പലിശ കുറച്ചാല്‍ അടച്ചു തീര്‍ക്കുനുള്ള കടങ്ങളുടെ പലിശ കുറച്ചു കിട്ടുമെന്നതാണ് ട്രംപിന് നേട്ടം. ട്രംപിന്റെ ഹോട്ടലുകളുടെയും റിസോര്‍ട്ടുകളുടെയും വെളിപ്പെടുത്തിയ വിവരങ്ങള്‍ അനുസരിച്ച് പലിശ നിരക്കുകള്‍ കുറച്ചു കിട്ടിയാല്‍ ട്രംപിന് മില്യന്‍ കണക്കിന് ഡോളര്‍ ലാഭം ഉണ്ടാകും.
പ്രസിഡന്റാകുന്നതിന് മുന്‍പുള്ള അഞ്ച് വര്‍ഷങ്ങളില്‍ ട്രംപ് വാഷിങ്ടന്‍ ഡിസിയിലെയും ഷിക്കാഗോയിലെയും ഹോട്ടലുകള്‍ക്കായും സൗത്ത് ഫ്‌ലോറിഡയിലെ ഗോള്‍ഫ് റിസോര്‍ട്ടിനായും ഡച്ച് ബാങ്കില്‍ നിന്ന് 360 മില്യന്‍ ഡോളറിന്റെ നാല് ലോണ്‍ എടുത്തിട്ടുണ്ട്. ട്രംപിന്റെ ഔദ്യോഗിക ഫിനാന്‍ഷ്യല്‍ വിവരങ്ങള്‍ അനുസരിച്ച് ഈ ലോണുകളുടെ പലിശ നിരക്കുകള്‍ ഫെഡ് പലിശ നിരക്ക് മാറ്റുന്നതിനനുസരിച്ച് മാറും. ഇതിനര്‍ത്ഥം ജൂലൈയില്‍ പ്രഖ്യാപിച്ച പലിശ നിരക്കിന്റെ പ്രയോജനം ഇതിനകം തന്നെ ട്രംപിന് ലഭിച്ചു എന്നാണ്. ഇത് പത്ത് വര്‍ഷത്തിനുള്ളിലെ വലിയ കുറവായിരുന്നു.
കടം വാങ്ങുന്നതിന് അദ്ദേഹത്തിനുണ്ടാകുന്ന ചെലവുകള്‍ കൂടുതല്‍ പലിശ നിരക്ക് കുറച്ചാല്‍ കുറയും. വൈറ്റ് ഹൗസോ ട്രംപ് സ്ഥാപനങ്ങളോ ഈ വിഷയത്തില്‍ പ്രതികരിക്കുവാന്‍ തയാറായിട്ടില്ല.
ട്രംപിന്റെ ആണ്‍മക്കളായ ഡോണള്‍ഡ് ട്രംപ് ജൂനിയറും എറിക് ട്രംപുമാണ് കുടുംബ വ്യവസായങ്ങള്‍ മാനേജ് ചെയ്യുന്നത്. മുന്‍ പ്രസിഡന്റുമാര്‍ ചെയ്തതുപോലെ വ്യവസായങ്ങളിലെ തന്റെ ഉടമസ്ഥാവകാശം വിട്ടൊഴിയാന്‍ ട്രംപ് തയാറാകാതിരുന്നത് വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തി.
കുറഞ്ഞ പലിശ നിരക്ക് ഉപഭോക്താക്കളെ കൂടുതല്‍ ഭവനങ്ങളും കാറുകളും വാങ്ങുവാനും വ്യവസായികള്‍ക്ക് കൂടുതല്‍ നിക്ഷേപം നടത്തുവാനും സഹായിക്കുമെന്നാണ് ട്രംപ് ഭരണകൂടം പറയുന്നത്. ഡോളറിന്റെ മൂല്യം കുറയും. അങ്ങനെ വിദേശത്ത് യുഎസ് ഉല്‍പന്നങ്ങള്‍ കൂടുതല്‍ വിറ്റഴിയും ഇതാണ് പ്രസിഡന്റിന്റെ ഉദ്ദേശമെന്നും പറയുന്നു.
ഭരണത്തില്‍ എത്തിയതിനുശേഷം പലിശ നിരക്ക് കുറയ്ക്കുവാന്‍ ട്രംപ് പലതവണ ആവശ്യപ്പെട്ടു. ഫെഡ് ചെയര്‍മാനെ തുടരെ പഴിക്കുകയും ചെയ്തു.
ഷോര്‍ട്ട് ടേം ലോണുകളില്‍ ട്രംപിന് പലിശ നിരക്കു കുറച്ചാല്‍ എത്രലാഭം ഉണ്ടാകുമെന്ന് പറയുവാന്‍ സാമ്പത്തിക വിദഗ്ദ്ധര്‍ വിസമ്മതിച്ചു. എന്നാല്‍ ഗണ്യമായ നേട്ടം ഉണ്ടാക്കുമെന്ന് ഇവര്‍ സമ്മതിച്ചു.
ബ്ലൂം ബെര്‍ഗ് ന്യൂസിന്റെ ഒരു വിശകലനത്തില്‍ ഫെഡറല്‍ പലിശ നിരക്കില്‍ സംഭവിക്കുന്ന ഓരോ കാല്‍ ശതമാനം കുറവിനും ട്രംപിന് അടയ്‌ക്കേണ്ടി വരുന്ന വാര്‍ഷിക പലിശയില്‍ 8,50,000 ഡോളര്‍ ലാഭിക്കുവാന്‍ കഴിയുമെന്ന് കണ്ടെത്തിയിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക