Image

ജലദര്‍പ്പണം (കവിത: രമ പ്രസന്ന പിഷാരടി)

Published on 25 August, 2019
ജലദര്‍പ്പണം (കവിത: രമ പ്രസന്ന പിഷാരടി)
പുഴയൊഴുകിയ വഴിയിലാണന്നൊരു
പഴയ പുസ്തകം സ്വപ്നത്തിലാഴ്ന്നത്
മഴവരുന്നൊരു മേഘലോകങ്ങളില്‍
മിഴികള്‍ പൂട്ടിയിരുന്നുപോയ് ഭൂമിയും
വഴിയിലിന്നില്ല ചോന്ന ഗുല്‍മോഹറിന്‍
പരവതാനികള്‍  പൂവാലുണര്‍ന്നത്
തളിരിലകള്‍, കിളിക്കൂടുകള്‍, വൃക്ഷ
ശിഖരമൊന്നിലിരുന്നോരു മൈനകള്‍
മിഴിയടച്ച് തുറക്കുന്നതിന്‍ മുന്‍പേ
മഴയിലൂടെ മറഞ്ഞു പോയീടവെ
ഇടവഴികള്‍ സ്വതന്ത്രമെന്നോതിയ
നിഴല്‍ കടന്നോരു കാറ്റിന്റെ കൈകളില്‍
നിറമതറ്റു  തണുത്തോരു ജീവന്റെ
പകുതി താഴ്ന്ന പതാകതന്‍ മുദ്രകള്‍
അഴികളില്‍ നിന്നുയര്‍ന്നു കേള്‍ക്കും ഘന
ഗനനനീലിമാവര്‍ണ്ണനാഗാനങ്ങള്‍
ജനനിയാം ഭൂമിയാകെ തളരവെ
ജനനകൃഷ്ണപക്ഷത്തിന്റെ സാന്ത്വനം
വഴിപകുത്തിട്ട് നില്‍ക്കും യമുനതന്‍
സുകൃതസ്പര്‍ശം നിശാകാശ ശാന്തത.
അരികിലുണ്ടൊരു ശ്രാവണം സൂര്യന്റെ
തിരിതെളിയ്ക്കുവാനോണവും പൂക്കളും
മഴ, പ്രളയം, മരണഗര്‍ത്തങ്ങളും
ചരിവിലോടിക്കുതിക്കും മലകളും
പതിയെ ശാന്തമാകുന്നു വെയില്‍ നെയ്ത
പുടവ ചുറ്റിവരുന്നോണനാളുകള്‍.
ജലമുയര്‍ത്തിയ ദര്‍പ്പണച്ചില്ലിലായ്
പ്രതിഫലിക്കുന്നു സൂര്യതേജോമുഖം….

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക